ADVERTISEMENT

ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും കടന്നാക്രമിച്ച് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഉത്തർപ്രദേശിൽ കരിമ്പ് കർഷകർക്കുള്ള കുടിശിക നൽകുന്നതിൽ വീഴ്ചവരുത്തിയെന്ന് ആരോപിച്ചാണ് മോദിയെയും യോഗിയെയും പ്രിയങ്ക ട്വിറ്ററിൽ വിമർശിച്ചത്. കരിമ്പ് കർഷകർക്ക് നൽകാനുള്ള 10,000 കോടിയിലേറേ രൂപ സർക്കാർ ഇതുവരെ നൽകിയിട്ടില്ലെന്നും ഇതുമൂലം കർഷകരുടെ മക്കളുടെ വിദ്യാഭ്യാസം, ഭക്ഷണം, ആരോഗ്യം എന്നിവ പ്രതിസന്ധിയിലാണെന്നും പ്രിയങ്ക പറഞ്ഞു. മോദി പണക്കാരുടെ മാത്രം ചൗക്കിദാർ (കാവൽക്കാരൻ) ആണെന്നും പാവപ്പട്ടവരെ കുറിച്ച് അദ്ദേഹം ചിന്തിക്കാറില്ലെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.

സർക്കാർ രേഖകൾ പ്രകാരം 2018–2019 കാലയളവിൽ 24,888 കോടി രൂപയുടെ കരിമ്പാണ് പഞ്ചസാര ഫാക്ടറികൾ കർഷകരിൽനിന്നു വാങ്ങിയത്. ക്വിന്റലിന് 315 രൂപയ്ക്കാണു കരിമ്പ് വാങ്ങിച്ചത്. ചില പ്രത്യേക ഇനം കരിമ്പുകൾ 325 രൂപയ്ക്കും വാങ്ങിയിട്ടുണ്ട്. ഇതുപ്രകാരം 22,175 കോടി രൂപയാണു സർക്കാർ കർഷകർക്കു നൽകേണ്ടത്. കരിമ്പ് വാങ്ങിച്ച് 14 ദിവസത്തിനുള്ളിൽ ഇതു നൽകണമെന്നാണു വ്യവസ്ഥ. എന്നാൽ 12,339 കോടി രൂപ മാത്രമാണു സർക്കാർ ഇതുവരെ നൽകിയത്. 2017–18 കാലയളവിലെ കുടിശിക കൂടി കൂട്ടൂമ്പോൾ പതിനായിരം കോടിയിലധികം രൂപയാണു സർക്കാർ കർഷകർക്കു നൽകാനുള്ളത്. ഇതു ചൂണ്ടിക്കാണിച്ചാണു കിഴക്കൻ യുപിയുടെ ചുമതല കൂടിയുള്ള പ്രിയങ്ക ഗാന്ധി പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കുമെതിരെ വിമർശനവുമായി എത്തിയത്.

ലോക്സഭാ തിരഞ്ഞെടുപ്പിൽ കരിമ്പ് കർഷകർക്കു നിർണായക സ്വാധീനമുള്ള സംസ്ഥാനമാണ് ഉത്തർപ്രദേശ്. കരിമ്പ് വാങ്ങിച്ച് 14 ദിവസത്തിനുള്ളിൽ കർഷകർക്ക് മുഴുവൻ പണവും ലഭിക്കുമെന്ന് ഉറപ്പുവരുത്തുമെന്ന് 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രകടനപത്രികയിൽ ബിജെപി അവകാശപ്പെട്ടിരുന്നു. ബുലന്ദ്ശഹർ, അമരോഹ, മൊറാദാബാദ്, സംബാൽ, രാംപുർ, ബറേലി, ഖുശിനഗർ തുടങ്ങിയയിടങ്ങളിലാണ് കരിമ്പ് കർഷകർ ഏറെയുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com