ADVERTISEMENT

ന്യൂഡൽഹി ∙ പാർട്ടി വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതിനു പിന്നാലെ ബിജെപിക്കു പുതിയ തലവേദന. വെബ്സൈറ്റ് തിരിച്ചെടുത്തപ്പോൾ ബിജെപി തങ്ങളുടെ ടെംപ്ലേറ്റ് തട്ടിയെടുത്തെന്ന പരാതിയുമായി ഇന്ത്യൻ വെബ് ഡിസൈൻ കമ്പനി രംഗത്തെത്തി. ടെംപ്ലേറ്റ് നിർമാതാക്കളുടെ പേരു മാറ്റി തങ്ങളുടെ ഉത്പന്നം അതേപടി പകര്‍ത്തിയെന്നാണ് ആരോപണം.

ഹാക്ക് ചെയ്യപ്പെട്ട ബിജെപിയുടെ വെബ്സൈറ്റ് ഈ ആഴ്ചയാണ് തിരിച്ചു വീണ്ടും പ്രവർത്തനക്ഷമമാക്കിയത്. ആന്ധ്രപ്രദേശിൽനിന്നുള്ള ഡബ്ല്യു3 ലേഔട്ട്സ് എന്ന സ്ഥാപനമാണു പരാതി ഉന്നയിച്ചത്. ഡിസൈൻ ചെയ്ത കമ്പനിയുടെ പേരു പാർട്ടി മറച്ചുവച്ചെന്നാണു പരാതി.

ബിജെപി ഐടി സെൽ ഞങ്ങളുടെ ടെംപ്ലേറ്റ് ഉപയോഗിച്ചതില്‍ ആദ്യം സന്തോഷമായിരുന്നു. എന്നാൽ പ്രതിഫലം നൽകാതെ ബാക്ക്‌‍ലിങ്ക് ഒഴിവാക്കിയശേഷമാണു ഞങ്ങളുടെ ടെംപ്ലേറ്റ് അവർ ഉപയോഗിച്ചിരിക്കുന്നത്. നിർമാതാക്കളുടെ പേരും അതിൽ നൽകിയിട്ടില്ല– കമ്പനി പറയുന്നു.

തിരിച്ചറിയാനുള്ള സംവിധാനങ്ങളെല്ലാം നീക്കം ചെയ്തിട്ടുണ്ട്. പക്ഷേ സ്ഥാപനത്തിന്റെ കോഡ് തന്നെയാണ് ബിജെപി ഇപ്പോഴും ഉപയോഗിക്കുന്നത്. പേജിന്റെ സോഴ്സ്കോഡിൽ ഇതു വ്യക്തമാണെന്നും സ്ഥാപനം അവകാശപ്പെടുന്നു. നിർമാതാക്കളുടെ പേര് കൂടി ഉൾപ്പെടുത്താൻ തയാറാകണമെന്നു സ്ഥാപനം ബിജെപിയോടു ട്വിറ്ററിൽ ആവശ്യപ്പെട്ടു.

രാജ്യത്തിന്റെ കാവൽക്കാരനെന്നു സ്വയം വിശേഷിപ്പിക്കുന്ന ഒരു നേതാവിന്റെ പാർട്ടി എങ്ങനെയാണ് ഇത്തരമൊരു കാര്യം ചെയ്യുന്നതെന്നത് അദ്ഭുതമാണ്. ഒരു ചെറിയ സ്ഥാപനത്തിന്റെ ചോരയും വിയര്‍പ്പുമാണു മോഷ്ടിച്ചത്. അതു കണ്ടെത്തിയപ്പോള്‍ അവഗണിച്ചു– സ്ഥാപനം ആരോപിച്ചു.

ഇതിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ ബിജെപിക്കെതിരെ വൻ വിമര്‍ശനമാണ് ഉയരുന്നത്. കോൺഗ്രസ് നേതാവ് ദിവ്യ സ്പന്ദന ഉൾപ്പെടെയുള്ളവർ ട്വിറ്ററിൽ‌ ബിജെപിക്കെതിരെ രംഗത്തെത്തി. വിഷയത്തില്‍ ബിജെപി ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഹാക്കിങ്ങിനെ തുടർന്നു രണ്ടാഴ്ചയോളം ബിജെപി സൈറ്റ് നിശ്ചലമായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളുടെ പേരുവിവരങ്ങൾ മാത്രമാണ് സൈറ്റില്‍‍ ഇപ്പോഴുള്ളത്.

ഹാക്കിങ് നടന്നതിനു പിന്നാലെ വെബ്സൈറ്റിൽ കയറാൻ ശ്രമിക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കളിയാക്കുന്ന മീമിലേക്കായിരുന്നു എത്തിയിരുന്നത്.

English Summary: "Party led by chowkidar stole our work": website firm's allegation against BJP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com