ADVERTISEMENT

ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഉൾപ്പെട്ട ബോർഡിങ് പാസുകൾ പിൻവലിക്കാൻ എയർ ഇന്ത്യ ‌ തീരുമാനിച്ചു. പ്രധാനമന്ത്രിയുടെയും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുടെയും ചിത്രമടങ്ങിയ ‘വൈബ്രന്റ് ഗുജറാത്ത്’ ഉച്ചകോടിയുടെ പരസ്യം ആലേഖനം ചെയ്ത ബോർഡിങ് പാസുകളാണ് തൃണമൂൽ കോൺഗ്രസിന്റെ പരാതിയെ തുടർന്നു എയർ ഇന്ത്യ പിൻവലിക്കുന്നത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളപ്പോൾ രാഷ്ട്രീയ നേതാക്കളുടെ ചിത്രമടങ്ങിയ ബോർഡിങ് പാസ് വിതരണം ചെയ്തതിനെതിരെ പഞ്ചാബ് പൊലീസിലെ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ ശശികാന്ത് ട്വീറ്റ് ചെയ്തതിനു പിന്നാലെയാണ് തൃണമൂൽ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷനിൽ പരാതി നൽകിയത്. തിങ്കളാഴ്ച രാവിലെ ന്യൂഡൽഹി വിമാനത്താവളത്തിൽ വിതരണം ചെയ്ത് ബോർഡിങ് പാസിനെതിരെയാണ് ശശികാന്ത് രംഗത്തുവന്നത്.

മൂന്നാം കക്ഷി പരസ്യങ്ങളാണ് പാസുകളിൽ നൽകുന്നതെന്നും ജനുവരിയിൽ വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടി നടന്ന സമയത്ത് അച്ചടിച്ചവയാണ് ഇപ്പോഴും വിതരണം ചെയ്യുന്നതെന്നും എയർ ഇന്ത്യ വക്താവ് ധനഞ്ജയ് കുമാർ പറഞ്ഞു. ഇത്തരം പരസ്യങ്ങൾ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ കീഴിൽ വരുമോയെന്ന് പരിശോധിച്ചുവരുകയാണെന്നും പെരുമാറ്റച്ചട്ട ലംഘനമാകുന്ന എന്തെങ്കിലും ഉണ്ടെങ്കിൽ അവ ഉടൻ തന്നെ നീക്കം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

നരേന്ദ്ര മോദി സർക്കാരിന്റെ നേട്ടങ്ങളുടെയും പ്രവർത്തനങ്ങളുടെയും പട്ടികയടങ്ങിയ കുറിപ്പ് ആഭ്യന്തര സർവീസ് നടത്തുന്ന വിമാനങ്ങളിലെ എല്ലാ യാത്രക്കാർക്കും വിതരണം ചെയ്യാൻ വ്യോമയാന മന്ത്രാലയം ഫെബ്രുവരിയിൽ ഉത്തരവിട്ടിരുന്നു. കഴിഞ്ഞ ആഴ്ച, പ്രധാനമന്ത്രിയുടെ ചിത്രമടങ്ങിയ ടിക്കറ്റുകൾ തൃണമൂൽ കോൺഗ്രസിന്റെ പരാതിയെ തുടർന്നു റെയിൽവെ പിൻവലിച്ചിരുന്നു. നേരത്തെ അച്ചടിച്ച ടിക്കറ്റുകളാണ് വിതരണം ചെയ്തതെന്നാണ് റെയിൽവേയും തിരഞ്ഞെടുപ്പ് കമ്മിഷനിൽ നൽകിയ വിശദീകരണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com