ADVERTISEMENT

ബെംഗളൂരു∙ നാമനിർദേശ പത്രിക സമർപ്പിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ കർണാടകയിൽ അപ്രതീക്ഷിത രാഷ്ട്രീയ നീക്കം. അവസാന നിമിഷവും അനുയോജ്യനായ സ്ഥാനാർഥിയെ കണ്ടുപിടിക്കാൻ സാധിക്കാത്തതിനെ തുടർന്നു തർക്കം നിലനിന്നിരുന്ന ബെംഗളൂരു നോർത്ത് ലോക്സഭ സീറ്റ് ജെഡിഎസ് കോൺഗ്രസിന് തിരിച്ചു നൽകി. പാർട്ടി സ്ഥാനാർഥി തന്നെ മണ്ഡലത്തിൽ ജനവിധി തേടുമെന്നു കോൺഗ്രസ് പ്രഖ്യാപിക്കുകയും ചെയ്തു. ഏപ്രിൽ 18–ന് രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന ബെംഗളൂരു നോർത്തിൽ ചൊവ്വാഴ്ചയാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുളള അവസാന തീയതി.

ഞായറാഴ്ച അർദ്ധരാത്രിയോടെയാണ് ജെഡിഎസ് നേതൃത്വം നിർണായക തീരുമാനത്തിലെത്തിയതെന്നാണ് സൂചന. ബെംഗളൂരു നോർത്ത് സീറ്റ് മടക്കി നൽകുന്നതിൽ എച്ച്.ഡി ദേവെഗൗഡയോടും ജെഡിഎസിനോടും അകമഴിഞ്ഞ നന്ദിയുണ്ടെന്നു സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ട്വീറ്റ് ചെയ്തു. ജെഡിഎസ‌് അധ്യക്ഷനായ ദേവെഗൗഡ‌ തുമകൂരുവിൽ മത്സരിക്കാൻ തീരുമാനിച്ചതോടെയാണ് ബെംഗളൂരു നോർത്തിൽ കരുത്തനായ സ്ഥാനാർഥിയെ കളത്തിലിറക്കാൻ ജെഡിഎസിനെ സാധിക്കാതിരുന്നത്.

ബെംഗളൂരു നോർത്തിൽ നിന്ന ജനവിധി തേടാൻ ദേവെഗൗഡയ്ക്കു മേൽ പാർട്ടി നേതാക്കൾ സമ്മർദം ചെലുത്തിയിരുന്നു. തുടക്കത്തിൽ 12 സീറ്റ‌് ആവശ്യപ്പെട്ട ജെഡിഎസിനോട് അഞ്ച‌് സീറ്റേ നൽകൂ എന്ന നിലപാട‌് കോൺഗ്രസ് സ്വീകരിച്ചതോടെ സഖ്യം പിരിയുമെന്ന ഘട്ടത്തിലെത്തിയിരുന്നു. എന്നാൽ ഡൽഹി ചർച്ചയിൽ എട്ട‌ു സീറ്റെന്ന ധാരണയായി. ഈ ധാരണയ‌്ക്കെതിരെ കോൺഗ്രസ‌് സംസ്ഥാന നേതൃത്വത്തിൽ ഭിന്നതയുണ്ടായി. ഉറച്ച മണ്ഡലങ്ങൾ പലതും ജെഎഡിഎസിന് വിട്ടുകൊടുക്കുന്നത് അംഗീകരിക്കാനാകില്ലെന്നു പ്രാദേശിക കോൺഗ്രസ് നേതാക്കളുടെ നിലപാട് വൻപ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്തു.

ദേവെഗൗഡ തുമകൂരുവിലേയ്ക്ക് മാറിയതും ബെംഗളൂരു നോർത്തിൽ സ്ഥാനാർഥിയെ കണ്ടുപിടിക്കാൻ ജെഡിഎസിന് കഴിയാതിരുന്നതും നിർണായകമായി. പത്രിക സമർപ്പിക്കുന്നതിനുളള സമയം അവസാനിക്കുന്നതിനു തൊട്ടുമുൻപുണ്ടായ പ്രതിസന്ധി കോൺഗ്രസിനെ അമ്പരപ്പിച്ചെങ്കിലും സീറ്റ് ഏറ്റെടുക്കലിലൂടെ പാർട്ടിയിൽ ഉടലെടുത്ത പ്രതിസന്ധി പരിഹരിക്കാൻ സാധിച്ചത് ആശ്വാസമാകുകയും ചെയ്തു. ബെംഗളൂരു നോർത്തിൽ മുൻ എംപി ബി.എൽ.ശങ്കറിനെ മത്സരിപ്പിക്കാൻ കോൺഗ്രസിൽ ‍ധാരണയായതായി മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com