ADVERTISEMENT

ഡമാസ്‌കസ്∙ സിറിയയിൽനിന്ന് ഇസ്‌ലാമിക് സ്റ്റേറ്റിനെ (ഐഎസ്) പൂർണമായും നശിപ്പിച്ചുവെന്ന് അവകാശപ്പെട്ട് അമേരിക്ക. ലക്ഷ്യം നേടിയതിനെ തുടർന്ന് സ്വന്തം സൈന്യത്തെ സിറിയയിൽനിന്നു പിൻവലിച്ചെന്നും യുഎസ് പറയുന്നു. സിറിയൻ ഡെമോക്രാറ്റിക് ഫോഴ്‌സസ് (എസ്‌ഡിഎഫ്) ഇതു സ്ഥിരീകരിച്ചിട്ടുണ്ട്. ഐഎസിന്റെ അവസാന താവളവും വീണെങ്കിലും അവരുടെ ഭീഷണി ഒഴിഞ്ഞിട്ടില്ലെന്നും പോരാട്ടം തുടരുമെന്നും വിമതസേനാസഖ്യം പ്രഖ്യാപനം നടത്തുകയും ചെയ്തു.

ടണലുകളില്‍ കഴിഞ്ഞിരുന്ന നിരവധി ഐഎസ് ഭീകരരാണു പുറത്തെത്തി അമേരിക്കന്‍ നേതൃത്വത്തിലുള്ള സേനയ്ക്കു മുന്നില്‍ കീഴടങ്ങുന്നത്. കീഴടങ്ങുന്ന വിദേശ ഭീകരര്‍ ഭാവിയില്‍ ഭീഷണിയാകുമെന്നും അത് ഒഴിവാക്കണമെന്നും സിറിയയിലെ കുര്‍ദ് സേന മുന്നറിയിപ്പു നല്‍കുന്നു. ഇനിയും കുടുതല്‍ ഭീകരര്‍ ടണലുകളില്‍ ഒളിഞ്ഞിരിക്കാന്‍ സാധ്യതയുണ്ടെന്നും ഇവര്‍ വിലയിരുത്തുന്നു.

ഐഎസ് ഭീകരർക്കെതിരെ എസ്ഡിഎഫ് – യുഎസ് സൈന്യം നടത്തിയ ആക്രമണത്തിന്റെ ശേഷിപ്പുകൾ.
ഐഎസ് ഭീകരർക്കെതിരെ എസ്ഡിഎഫും യുഎസ് സേനയും നടത്തിയ ആക്രമണത്തിന്റെ ബാക്കിപത്രം.

കിഴക്കൻ സിറിയയിലെ ബഗൗസിൽനിന്നാണ് അവസാനത്തെ ഭീകരനെയും പിടികൂടിയതെന്നാണു സൂചന. പക്ഷേ സിറിയയുടെ വിദൂര മരുഭൂമിയിലും ഇറാഖിലെ നഗരങ്ങളിലും ഐഎസ് ഭീകരർ ഒളിവിലുണ്ടെന്നാണു നിഗമനം. അതേസമയം, ഐഎസ് തലവൻ അബൂബക്കർ അൽ ബഗ്ദാദി എവിടെയാണെന്ന് ഇനിയും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ജീവനോടെയോ അല്ലാതെയോ ബഗ്ദാദിയെ പിടിക്കാൻ‌ കഴിഞ്ഞിട്ടില്ലെന്നതാണു വിവരം. ബഗ്ദാദി ഇറാഖിൽ ഉണ്ടെന്നാണ് യുഎസിന്റെ കണക്കുകൂട്ടൽ.


2014 ജൂലൈയില്‍ മൊസൂളിലെ ഗ്രേറ്റ് മോസ്‌കില്‍ വെള്ളിയാഴ്ച പ്രാർഥനയ്ക്കിടെയാണ് ഐഎസ് തലവനായ അബൂബക്കര്‍ അല്‍ ബഗ്ദാദി ലോകത്തെ മുസ്‌ലിംകളുടെ 'ഖലീഫ’യായി സ്വയം പ്രഖ്യാപിച്ചത്. ടൈഗ്രിസ് നദിയൊഴുകുന്ന മൊസൂള്‍ ചരിത്രശേഷിപ്പുകളുടെയും വ്യവസായങ്ങളുടെയും നഗരമായിരുന്നു. സമ്പന്നമായ എണ്ണപ്പാടങ്ങളുള്ള മൊസൂളിനെ തലസ്ഥാനമാക്കിയായിരുന്നു ഐഎസിന്റെ പിന്നീടുളള വളർച്ച.

ഐഎസ്ഐഎസിനെ ഇല്ലായ്മ ചെയ്തെന്നു കാട്ടുന്ന ഭൂപടവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
ഐഎസ്ഐഎസിനെ ഇല്ലായ്മ ചെയ്തെന്നു കാട്ടുന്ന ഭൂപടവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.

ഇറാഖിലെ യുഎസ് അധിനിവേശത്തോടുള്ള ചെറുത്തുനിൽപിന്റെ ഭാഗമായി അൽ ഖായിദയിലെ ഒരു വിഭാഗമാണ് ഐഎസ് ആയി രൂപമെടുത്തത്. പരസ്യമായി തലയറുത്തും സ്വവര്‍ഗാനുരാഗികളെ കെട്ടിടങ്ങളില്‍നിന്ന് എറിഞ്ഞു കൊന്നും താടി വളര്‍ത്താത്ത പുരുഷന്‍മാരെയും പര്‍ദ്ദയും ശിരോവസ്ത്രവും ധരിക്കാത്ത സ്ത്രീകളെയും തടവുകാരാക്കിയും പിടികൂടുന്ന സ്ത്രീകളെ ലൈംഗിക അടിമകളാക്കിയും ജനങ്ങള്‍ക്കിടയിൽ പരിഭ്രാന്തി പടർത്തിയാണ് ഐഎസ് പിടിമുറുക്കിയത്. യസീദി വിഭാഗത്തില്‍പ്പെട്ടവരെ നിരത്തിനിര്‍ത്തി വെടിവച്ചു കൊല്ലുന്ന ചിത്രങ്ങള്‍ ലോകമനഃസാക്ഷിയെ ഞെട്ടിച്ചിരുന്നു. മൊസൂൾ പിടിച്ചെടുത്ത ഭീകരർ, ആഭ്യന്തര യുദ്ധം നടക്കുന്ന സിറിയയിലും കടന്നുകയറി ആധിപത്യം നേടുകയായിരുന്നു.

അഫ്ഗാനിസ്ഥാൻ, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിലും ഐഎസ് അനുകൂല ഭീകരസംഘടനകൾ ശക്തമാണ്. സിറിയയിൽ ഐഎസിനെ പൂർണമായും ഇല്ലായ്മ ചെയ്യാനായിട്ടില്ലെന്നാണു സിറിയയുടെ യുഎൻ അംബാസഡർ ബഷാർ ജഫാറിയുടെ വാദം. റഷ്യയുടെയും ഇറാന്റെയും പിന്തുണയോടെ സിറിയ സൈന്യമാണു യഥാർഥ ഐഎസ് വിരുദ്ധ യുദ്ധം നടത്തുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.

47 വയസുള്ള ബഗ്ദാദിക്ക്, മുൻപു നടന്ന ആക്രമണങ്ങളിൽ പലതവണ പരുക്കു പറ്റിയിട്ടുണ്ട്. ജീവനോടെ പിടിക്കാനുള്ള ശ്രമങ്ങൾ പക്ഷേ വിജയിച്ചില്ല. 25 മില്യൻ ഡോളറാണ് ബഗ്ദാദിയെ പിടികൂടുന്നവർക്കു യുഎസ് പ്രഖ്യാപിച്ച പാരിതോഷികം. ബഗ്ദാദിയുടെ ശക്തി എന്നു വിശേഷിപ്പിക്കപ്പെടുന്ന മൂന്നു പേരെ - സഹോദരൻ ജുമ, ഡ്രൈവറും ബോഡിഗാർഡുമായ അബ്ദുൽലത്തീഫ് അൽ-ജുബുറി, കൂട്ടുകാരൻ സൗദ്-അൽ-ഖുർദി - പിടികൂടാനായതും നേട്ടമായി.

ഐഎസിന്റെ ഒളിത്താവളമായ ബാദിയ മരുഭൂമി ഇറാഖുമായി കിഴക്ക് അതിർത്തി പങ്കിടുന്നുണ്ട്. ഹോംസിലേക്കുള്ള വാതിൽ കൂടിയാണ് ഈ അതിർത്തി. ഇവിടെവച്ചാണ് ബഗ്ദാദിയുടെ മകനെ 2014ൽ റഷ്യ വധിച്ചത്. ബഗ്ദാദി അവിടേക്കു കടന്നതായി അമേരിക്ക സംശയിക്കുന്നു. നിരവധി ലൈംഗിക അടിമകളെയും ബഗ്ദാദിയുടെ താവളത്തിൽനിന്നു മോചിപ്പിച്ചു. ഐഎസിന്റെ വിനാശം ചരിത്രത്തിലെ നാഴികക്കല്ലെന്നാണു ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസാ മേ വാഴ്ത്തിയത്. ബഗ്ദാദിയെക്കൂടി പിടിക്കാനുള്ള ശ്രമങ്ങൾ അമേരിക്ക തുടങ്ങിക്കഴിഞ്ഞു. 2017ൽ ഐഎസ് പിടിച്ചെടുത്ത പ്രധാന പ്രദേശങ്ങളെല്ലാം തിരിച്ചുപിടിക്കാൻ കഴിഞ്ഞിരുന്നു.

അതേസമയം, ഇറാഖിലും സിറിയയിലും ഐഎസ് അനുഭാവികൾക്ക് അനുകൂല സാഹചര്യമുണ്ടായാൽ ഒരു വർഷത്തിനകം അവർക്കു പുനഃസംഘടിക്കാനാകുമെന്നാണു വിദഗ്ധരുടെ വിലയിരുത്തൽ. മൊസൂൾ നഷ്ടമായതോടെ വൻ സാമ്പത്തിക സ്രോതസാണ് ഐഎസിനു നഷ്ടമായത്. ആയുധങ്ങളുടെ അപര്യാപ്തതയും അംഗബലത്തിലുണ്ടായ കുറവുമാണ് തിരിച്ചടിയായത്. തലവനായ അബൂബക്കര്‍ അല്‍ ബഗ്ദാദി പിടിക്കപ്പെട്ടാല്‍ ബിന്‍ ലാദനില്ലാത്ത അല്‍ ഖായിദ പോലെ, മുല്ലാ ഉമറില്ലാത്ത താലിബാന്‍ പോലെ ഐഎസും ചിതറിപ്പോകുമെന്നാണു നീരീക്ഷകർ പറയുന്നത്.

English Summary: ISIS Terrorists Emerge From Tunnels, Surrender After Fall Of "Caliphate"

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com