വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ അവസരം കഴിഞ്ഞു; പുതിയതായി 9 ലക്ഷം അപേക്ഷകൾ

election-commission-voter-list
SHARE

‌തിരുവനന്തപുരം ∙ ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യുന്നതിന് വോട്ടർ പട്ടികയിൽ പേരു ചേർക്കാനുള്ള അവസാന തീയതിയും കഴിഞ്ഞു. ജനുവരി 30ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ച ശേഷം മാർച്ച് 25 വരെ ഓൺലൈനായി മാത്രം പട്ടികയിൽ പേര് ചേർക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ അവസരം നൽകിയിരുന്നു. 25 വൈകിട്ട് വരെ ഏകദേശം 9 ലക്ഷം അപേക്ഷകൾ കൂടി ലഭിച്ചതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചു. ഇതിൽ മണ്ഡലം മാറുന്നതിനുള്ള വോട്ടർമാരുടെ അപേക്ഷകളുമുണ്ട്. ഇവ പരിശോധിച്ച് ഏപ്രിൽ നാലിനകം തീരുമാനമെടുക്കാൻ ജില്ലാ കലക്ടർമാർക്കും തഹസിൽദാർമാർക്കും നിർദേശം നൽകിയിട്ടുണ്ട്.

കോഴിക്കോട് ജില്ലയിൽ നിന്നാണ് കൂടുതൽ അപേക്ഷകൾ–1.11 ലക്ഷം പേർ. മലപ്പുറത്തു നിന്ന് ഏകദേശം 1.10 ലക്ഷം അപേക്ഷകൾ പുതുതായി ലഭിച്ചു. വയനാട് ജില്ലയിലാണ് കുറവ്–15,000 പേർ. ഇപ്പോൾ അപേക്ഷ നൽകിയതിൽ 23,472 പേർ പ്രവാസികളാണ്. ജനുവരി 30ന് പ്രസിദ്ധീകരിച്ച വോട്ടർ പട്ടികയിൽ 2,54,08,711 പേരാണുണ്ടായിരുന്നത്. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനു വിപുലമായ പ്രചാരണ പ്രവർത്തനങ്ങളാണ് ഇത്തവണ തിരഞ്ഞെടുപ്പു വിഭാഗം നടത്തിയത്.

2019 ജനുവരി ഒന്നിനോ അതിനു മുൻപോ 18 വയസ്സ് പൂർത്തിയായവർക്കും ഇതുവരെ പേരു ചേർത്തിട്ടില്ലാത്തവർക്കുമായിരുന്നു മാർച്ച് 25നു മുൻപ് പേരു ചേർക്കാൻ അവസരമുണ്ടായിരുന്നത്. http://www.ceo.kerala.gov.in/onlineregistration.html ലും www.nvsp.inലും ഇതിനുള്ള സൗകര്യമൊരുക്കിയിരുന്നു. അപേക്ഷകളുടെ തത്‌സ്ഥിതി അറിയുന്നതിന് ഈ വെബ്സൈറ്റുകള്‍ ഉപയോഗപ്പെടുത്താം. സംശയനിവാരണത്തിന് ടോൾ ഫ്രീ നമ്പർ 1950.

പഞ്ചായത്ത് ഓഫിസുകൾ, വില്ലേജ് ഓഫിസുകൾ, താലൂക്ക് ഓഫിസുകൾ എന്നിവിടങ്ങളിൽ വോട്ടർ പട്ടിക ലഭ്യമാണ്. ജനങ്ങൾക്ക് ഈ കേന്ദ്രങ്ങളിൽ എത്തി പട്ടികയിൽ പേര് ഉണ്ടോ എന്ന് പരിശോധിക്കാം. ഒപ്പം തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റിലും (ceo.kerala.gov.in) പട്ടിക ലഭ്യമാണ്. വോട്ടർമാരുടെ ചിത്രം ഇല്ലാത്ത പട്ടികയാണ് പ്രസിദ്ധീകരിക്കുന്നത്. 1950 എന്ന ടോൾഫ്രീ നമ്പറിലും വിളിച്ചാൽ വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമാകും. വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട പരാതികളും ഈ നമ്പറിൽ അറിയിക്കാം.

കലക്ടറേറ്റിലും താലൂക്ക് ഓഫിസുകളിലും സ്ഥാപിച്ചിട്ടുള്ള തിരഞ്ഞെടുപ്പു കമ്മിഷന്റെ കിയോസ്കുകളിൽ വോട്ടർ പട്ടികയിൽ പേരുണ്ടോയെന്നു പരിശോധിക്കാം. ഇവിടെ വോട്ടർമാരുടെ ഫോട്ടോ ഉൾപ്പെടെ കാണാനാകും.

ചെയ്യേണ്ടത് ഇങ്ങനെ

∙ കിയോസ്കിലെ ടച്ച് സ്ക്രീനിൽ വിരലമർത്തുക

∙ നിയോജക മണ്ഡലം, പഞ്ചായത്ത്, വാർഡ് എന്നിവ തിരഞ്ഞെടുക്കുക

∙ പോളിങ് സ്റ്റേഷൻ നമ്പർ അറിയുമെങ്കിൽ അതു ടൈപ്പ് ചെയ്യണം ഇല്ലെങ്കിൽ വീട്ടു നമ്പർ നൽകിയാലും മതി

∙ വോട്ടർ പട്ടികയും പോളിങ് ബൂത്തും സ്ക്രീനിൽ തെളിയും

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA