ADVERTISEMENT

പാപനാശിനി ആയ ഗംഗ തന്റെ പേരിൽ നേതാക്കൾ നടത്തുന്ന രാഷ്ട്രീയപാപങ്ങൾ ക്ഷമിക്കുമോ? ആത്മശുദ്ധീകരണത്തിനും പാപനശീകരണത്തിനും ശക്തിയുണ്ടെന്ന് ഇന്ത്യക്കാർ പൊതുവെ വിശ്വസിക്കുന്ന ഗംഗാനദി പൊതുതിരഞ്ഞെടുപ്പിലെ പ്രധാന വിഷയങ്ങളിലൊന്നാണ്. ഹിമാലയത്തിൽ ഉദ്ഭവിച്ച് ഉത്തരേന്ത്യൻ സമതലങ്ങളിലൂടെ ഒഴുകി ബംഗാൾ ഉൾക്കടലി‍ൽ പതിക്കുന്ന ഗംഗ, ഒരുപാടു ജീവിതങ്ങളെ നട്ടുനനയ്ക്കുന്നുണ്ട്. തിരഞ്ഞെടുപ്പിലെ ജയപരാജയങ്ങളെ സ്വാധീനിക്കാൻ ശേഷിയുള്ള ഗംഗയുടെ ‘വലുപ്പത്തെ’ രാഷ്ട്രീയക്കാരും ഉൾക്കൊള്ളുന്നു. പക്ഷേ ഗംഗയുടെ മഹത്വം എത്രമാത്രം ഉൾക്കൊണ്ടു എന്നത് ആശങ്കയുളവാക്കുന്നതാണ്.

5 സംസ്ഥാനങ്ങളിലും 2 രാജ്യങ്ങളിലുമായി 2525 കിലോമീറ്റർ നീളമുള്ള ഗംഗയുടെ തീരങ്ങളിൽ 40 കോടി ജനങ്ങൾ വസിക്കുന്നതായാണു കണക്ക്. നേരിട്ടും അല്ലാതെയും 80 കോടി ആളുകളുടെ ജീവിതം ഗംഗയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഗംഗ, യമുന, പുരാണപ്രസിദ്ധമായ സരസ്വതി നദികളുടെ സംഗമസ്ഥാനത്ത് ഇക്കഴിഞ്ഞ കുംഭമേളയിൽ പുണ്യസ്നാനത്തിന് എത്തിയവരുടെ എണ്ണം ഗിന്നസ് റെക്കോർ‍ഡാണ്. 49 ദിവസത്തിനിടെ സ്വദേശികളും വിദേശികളുമായി 22 കോടി പേർ ! ഇത്രയധികം ജനങ്ങൾക്ക് സൗകര്യമൊരുക്കി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കുംഭമേളയുടെ ക്രെഡിറ്റ് തന്റെ അക്കൗണ്ടിലാക്കി. അപ്പോഴും ഒരു ചോദ്യം ബാക്കിയായി. 2014ൽ ഗംഗയുടെ നാമത്തിൽ കേന്ദ്രത്തിൽ അധികാരത്തിലേറിയ നരേന്ദ്ര മോദി സർക്കാർ, രാജ്യത്തിന്റെ ഹൃദയനദിക്കായി എന്തെല്ലാം ചെയ്തു?

കലങ്ങാത്ത കോടികൾ‌

ഉത്തർപ്രദേശിൽ കോൺഗ്രസിന്റെ തിരിച്ചുവരവു ലക്ഷ്യമിട്ട് കോൺഗ്രസ് തൊടുത്ത ബ്രഹ്മാസ്ത്രമാണ് പ്രിയങ്ക ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയിൽ, ഗംഗാപ്രയാണത്തിലൂടെയാണു പ്രിയങ്ക അങ്കം കുറിച്ചതും. ഗംഗ വെറുമൊരു നദിയല്ലെന്നു കോൺഗ്രസിനും പ്രിയങ്കയ്ക്കും അറിയാം. 

ഗംഗയിൽ ഒഴുകുന്ന ഓരോ തുള്ളിക്കും രാഷ്ട്രീയത്തിന്റെ മണവും രുചിയുമുണ്ട്. ഗംഗാതടത്തിലെ മണ്ണ് കൃഷിക്കു മാത്രമല്ല, രാഷ്ട്രീയത്തിനും ഫലഭൂയിഷ്ഠമാണെന്ന് അവർ തിരിച്ചറിയുന്നു. അധികൃതരുടെ ഉദാസീനതയാൽ ഗംഗ മാലിന്യവാഹിനിയായിട്ടു കാലങ്ങളായി. ഗംഗയെ ശുചീകരിച്ചു പുനരുദ്ധരിക്കുന്നതു കടമയാണെന്നു നദീതടത്തിലെ ജനങ്ങൾക്കു വാക്കു നൽകുന്നതു രാഷ്ട്രീയക്കാർ പതിവുമാക്കി. ഈ അവസ്ഥയിലാണു ഗംഗയെ സമൂലമായി പരിവർത്തനം ചെയ്യിക്കുമെന്ന വൻ പ്രഖ്യാപനവുമായി മോദി പ്രചാരണം നടത്തിയത്.

ഗംഗയെ മിനുക്കിയെടുക്കാൻ 254 വിവിധ പദ്ധതികളാണു പ്രഖ്യാപിച്ചത്. ഇതിൽ 75 പദ്ധതികൾ പൂർത്തിയായിട്ടില്ല. ആകെ 24,672 കോടി രൂപ നീക്കിവച്ചിട്ടുണ്ടെന്നു പറയുമ്പോഴും പാസായത് 6,131 കോടി മാത്രം. ഇതിൽ ചെലവഴിച്ചത് 4994 കോടി മാത്രം– കണക്കുകൾ വ്യക്തമാക്കുന്നു. ഗംഗയുടെ തീരത്തുള്ള ചെറുഗ്രാമങ്ങളിൽ ഒബിസി, ദലിത് വിഭാഗങ്ങളിലെ അനേകായിരങ്ങളാണു തിങ്ങിപ്പാർക്കുന്നത്.

പ്രിയങ്കയുടെ ‘ഗംഗാജി’

‘ഗംഗ സത്യത്തിന്റെയും തുല്യതയുടെയും പ്രതീകമാണ്. ഈ നദി ഒന്നിനെയും വിവേചനത്തോടെ കാണുന്നില്ല. ജലം, ബസ്, ട്രെയിൻ, കാൽനട മാർഗങ്ങളിലൂടെ ഗംഗാജിയിലൂടെ ഞാൻ നിങ്ങളിലെത്തും’– ഗംഗാപ്രയാണത്തിനു മുന്നോടിയായി പ്രിയങ്ക യുപി ജനതയ്ക്കായി ഹിന്ദിയിലെഴുതിയ തുറന്ന കത്തിൽ പറഞ്ഞു. ഗംഗയിലേക്കു പ്രിയങ്കയെ സ്വാഗതം ചെയ്താണു യോഗി ആദിത്യനാഥ് രാഷ്ട്രീയ പ്രതിരോധം തീർത്തത്. ഗംഗ ഇപ്പോൾ പൂർണമായും ശുദ്ധമാണ്. മോദി എന്തു ചെയ്തു എന്ന് ചോദിക്കുന്നവര്‍ക്കുള്ള മറുപടി ആ ഗംഗായാത്ര തന്നെയാണ്– യോഗി പ്രതികരിച്ചു.

മോദിയുടെ മ‌ണ്ഡലത്തിൽ ആദ്യമായാണു പ്രിയങ്കയെത്തിയത്. ത്രിവേണി സംഗമത്തിലെ പ്രാർഥനയോടെ വലിയൊരു പോരാട്ടത്തിലേക്ക് പ്രവാഹമായൊഴുകി. മിർസാപുരിലെ കൈത്തറി തൊഴിലാളികൾ, മസാർ, ചാന്ദിഗർ ഘട്ട്, സിന്ധൗര, ആനന്ദ് ഭവൻ, പ്രയാഗ്‌രാജിലെ മനിയ ഘട്ട്, ധുംധുമ, സിർസ, ലക്ചാഗ്ര് ഘട്ട്, മാണ്ട, സീതാമന്ധി, അസി ഘട്ട്, ദശാശ്വമേധ് ഘട്ട്.. ഗംഗാതടത്തിലെ ഓരോ ഗ്രാമങ്ങളിലെയും ജനങ്ങളുമായി പ്രിയങ്ക സംവദിച്ചു. ബോട്ടിൽ വിദ്യാർഥികളുമായി ‘ബോ‌ട്ട് പേ’ ചർച്ചയ്ക്കു സമയം കണ്ടെത്തി.

പ്രിയങ്ക ഗാന്ധി ഗംഗാ നദിയിൽനിന്ന് വെള്ളം കുടിക്കുന്നു. ചിത്രങ്ങൾ: ട്വിറ്റർ.
വാരാണസിയിലെ പ്രചാരണത്തിനിടെ പ്രിയങ്കാ ഗാന്ധി ഗംഗാജലം കുടിക്കുന്നു.

മ‌ൽസ്യത്തൊഴിലാളി‌കൾക്കായി പേരിനുമാത്രം ഒരു വകുപ്പല്ല, സമ്പൂർണ മ‌ന്ത്രാലയം തന്നെ തരാമെന്ന് ഉറപ്പ്. കർഷകരുടെ കാര്യത്തിൽ ലക്ഷ്യം നേടാത്ത ഉറപ്പുകളൊന്നും പറയ‌ില്ലെന്നു മോദി സർക്കാരിന് കുത്ത്. വോട്ട് ബുദ്ധിപൂർവം വിനിയോഗിക്കണമെന്ന് ആവശ്യം. വാക്കുപാലിക്കുന്നയാളാണ് രാഹുൽ ഗാന്ധിയെന്ന് ഓർമപ്പെടുത്തൽ. ശംഖനാദത്തിനും മണിമുഴക്കങ്ങൾക്കുമിടയിൽ ആരതി ഉഴിഞ്ഞ്, ഗംഗാതീർഥം കൈ‌ക്കുമ്പിളിൽ നിറച്ച് പ്രിയങ്ക പുഞ്ചിരിയോടെ മുന്നേറി. ഗംഗയിലൂടെ 130 കിലോമീറ്ററിലേറെ ദൂരം ബോട്ട് യാത്ര നടത്തിയ പ്രിയങ്ക മടങ്ങിയതു വെറും കയ്യോടെ ആയിരുന്നില്ല.

പ്രിയങ്ക രാഷ്ട്രീയ മൂലധനം സമാഹരിച്ചെന്ന തിരിച്ചറിവിൽ ബിജെപി മറുപടികൾക്കു മുന കൂർപ്പിച്ചു. ‘അലഹാബാദ്– വാരാണസി ജലപാത ഞാൻ നടപ്പാക്കിയില്ലെങ്കിൽ പ്രിയങ്ക ഏതു വഴിയാണു പോവുക? അവർ ഗംഗാജലം കുടിച്ചു. യുപിഎ സർക്കാരിന്റെ സമയത്ത് ഗംഗയിലെ വെള്ളം കുടിക്കാൻ സാധിക്കുമായിരുന്നോ? 2020 മാർച്ചോടെ ഗംഗ 100 ശതമാനം വൃത്തിയാകും. യമുനയും ഞങ്ങൾ ശുചീകരിക്കും. ഒരു വർഷത്തിനകം വൻ മാറ്റം കാണാം.’– ഗംഗാ ശുചീകരണ വകുപ്പിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി തിരിച്ചടിച്ചു.

എന്താണ് നമാമി ഗംഗ ?

പാപം മാറാൻ മുങ്ങിയാൽ രോഗിയായി പൊങ്ങാം എന്ന ദുരവസ്ഥയിലാണു ഗംഗയുടെ ചില ഭാഗങ്ങൾ. യുപിയിലെ 14 നഗരങ്ങളിൽനിന്നു മാത്രം ഗംഗ ഉൾപ്പെടെ നദികളിലേക്കു പ്രതിദിനം ഒഴുകിയടിയുന്നത് 28.5 കോടി ലീറ്റർ മാലിന്യം. 2014 മേയില്‍ വാരണാസിയില്‍നിന്ന് പാര്‍ലമെന്റിലേക്കു തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ‘ഗംഗാ മാതാവിനെ സേവിക്കുന്നത്’ തന്റെ കർത്തവ്യമാണെന്നു മോദി പറഞ്ഞു.

2014ല്‍ ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്‌ക്വയറില്‍ ഇന്ത്യന്‍ ജനതയെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി പറഞ്ഞു: ‘ഗംഗാനദി ശുചിയാക്കാന്‍ സാധിച്ചാല്‍ രാജ്യത്തെ 40 ശതമാനം ജനങ്ങള്‍ക്കു വലിയ സഹായമാകും’. തുടർന്നാണ് ‘നമാമി ഗംഗ’ എന്ന പേരില്‍ ഗംഗാ സംരക്ഷണപദ്ധതി തുടങ്ങിയത്. ഗംഗ മലിനമാകുന്നതു തടയുക, നദിയെ പുനരുജ്ജീവിപ്പിക്കുക എന്നിവയായിരുന്നു ലക്ഷ്യം.

ഗംഗ ശുചിയാക്കാൻ 20,000 കോടി രൂപയുടെ കര്‍മപദ്ധതിക്കു കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. ഒഴുകിനടക്കുന്ന ഖരമാലിന്യം ഒഴിവാക്കൽ, ഓടകള്‍ വഴി മാലിന്യമെത്തുന്നതു തടയൽ, ഗ്രാമീണമേഖലയില്‍ ശുചിത്വം ഉറപ്പാക്കൽ, കൂടുതൽ ശുചിമുറികൾ നിര്‍മിക്കല്‍, മൃതദേഹങ്ങള്‍ നദിയിലെറിയുന്നതു നിർത്തൽ, ശ്മശാനങ്ങള്‍ നിര്‍മിക്കൽ, കുളിക്കടവുകള്‍ നന്നാക്കല്‍ തുടങ്ങിയവ നടപ്പാക്കുമെന്നു പ്രഖ്യാപിച്ചു.

ജൈവവൈവിധ്യ സംരക്ഷണം, വനവല്‍ക്കരണം, ജലമേന്മാ നിരീക്ഷണം എന്നിവയും ഉള്‍പ്പെടുത്തി. അപൂർവ ജലജീവികളായ ഗോള്‍ഡണ്‍ മഹസീര്‍, ഡോള്‍ഫിന്‍, ഘരിയല്‍, കടലാമ, നീര്‍നായ് തുടങ്ങിയവയെ സംരക്ഷിക്കുമെന്നും പറഞ്ഞു. ലോകത്തില്‍ ഇത്രത്തോളം സങ്കീര്‍ണമായ മറ്റൊരു പദ്ധതി കാണില്ലെന്നും മോദി അവകാശപ്പെട്ടു.

എന്തായി നമാമി ഗംഗ ?

ഗംഗയ്ക്കായി പല പദ്ധതികളും നടപ്പാക്കിയെന്നു കേന്ദ്ര സർക്കാർ പറയുമ്പോഴും കാര്യമായ പുരോഗതിയില്ലെന്നാണു പഠനങ്ങൾ കാണിക്കുന്നത്. മാരകമായ കോളിഫോം ബാക്ടീരിയകളുടെയും ബയോ കെമിക്കൽ ഓക്സിജൻ ഡിമാൻഡിന്റെയും (ബിഒഡി) സാന്നിധ്യം ഗംഗയിലെ ചില ഭാഗങ്ങളിൽ വളരെ കൂടുതലാണെന്നു പറയുന്നു, വാരാണസി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സങ്കട് മോചൻ ഫൗണ്ടേഷൻ (എസ്എംഎഫ്).

മനുഷ്യരുടെയും മൃഗങ്ങളുടെയും വിസർജ്യങ്ങളിൽ നിന്നുള്ള ബാക്ടീരിയകളാണു ഗംഗാജലത്തിലെ ചില ഭാഗങ്ങളിലുള്ളത്. ഇവ ശരീരത്തിനുള്ളിൽ എത്തിയാൽ ഏറെ അപകടകരം. 1986ൽ രാജിവ് ഗാന്ധിയുടെ നേതൃത്വത്തിൽ ഗംഗ ആക്‌ഷൻ പ്ലാൻ നടപ്പാക്കിയപ്പോൾ മുതൽ എസ്എംഎഫ് ഗംഗാജലത്തിന്റെ ഗുണമേന്മ പരിശോധിക്കുന്നു. 2019ൽ പൂർത്തിയാക്കുമെന്നു മോദി പറയുകയും, പിന്നീട് 2020 വരെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി കാലാവധി നീട്ടുകയും ചെയ്ത പദ്ധതിയാണു നമാമി ഗംഗ.

Sadhus at Kumbh Mela
കുംഭമേളയിൽ പങ്കെടുക്കാനെത്തിയ സന്യാസിമാർ

തുൾസി ഘാട്ടിൽനിന്ന് ശേഖരിച്ച ഗംഗാജലത്തിന്റെ ആരോഗ്യ–പഠനറിപ്പോർട്ട് ഞെട്ടിക്കുന്നതാണ്. കുടിവെള്ളത്തിൽ 100 മില്ലിലീറ്ററിൽ 50 എംപിഎൻ (മോസ്റ്റ് പ്രോബബിൾ നമ്പർ– പരമാവധി എണ്ണം) വരെയും കുളിവെള്ളത്തിൽ 500 എംപിഎൻ വരെയും കോളിഫോം ബാക്ടീരിയ ആകാമെന്നാണു കണക്ക്. നാഗ്‌വ ഭാഗത്തെ ഉപരിജലത്തിൽ ഫീക്കൽ കോളിഫോം 4.5 ലക്ഷം, വരുണ ഭാഗത്തെ വെള്ളത്തിൽ 5.2 കോടി എന്നിങ്ങനെയായിരുന്നു 2016 ജനുവരിയിലെ കണക്ക്. ഇതിപ്പോൾ യഥാക്രമം 3.8 കോടി, 14.4 കോടി എന്നിങ്ങനെയായി കുതിച്ചുയർന്നു.

ഒരു ലീറ്ററിൽ 3 മില്ലിഗ്രാം വരെയേ ബിഒഡി ഉണ്ടാകാവൂ. ഗംഗയിൽ ഇത് 2016 ജനുവരിയിൽ 46.8– 54 മില്ലിഗ്രാം ആയിരുന്നു. 2019 ഫെബ്രുവരിയിൽ 66– 78 മില്ലിഗ്രാം ആയി ഉയർന്നു. ജലത്തിലെ ഓക്സിജന്റെ (ഡിസോൾവ്‍ഡ് ഓക്സിജൻ– ഡിഒ) അളവിൽ ഗണ്യമായ കുറവാണുണ്ടായത്. ലീറ്ററിൽ 6 മില്ലിഗ്രാമോ അതിലധികമോ വേണ്ടിടത്തു ഗംഗയിലെ അളവ് 2.4– 1.4 മില്ലിഗ്രാം.

മനുഷ്യരുടെയും മറ്റു ജീവികളുടെയും ആരോഗ്യത്തിനു ഹാനികരമായ അവസ്ഥയാണ് ഗംഗയിൽ ചില ഭാഗങ്ങളിലുള്ളത്– പഠനത്തിനു നേതൃത്വം നൽകിയ എസ്എംഎഫ് പ്രസിഡന്റും ഐഐടി–ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി പ്രഫസറുമായ വി.എൻ.മിശ്ര ചൂണ്ടിക്കാട്ടി. ഗംഗയിലെ ജലത്തില്‍ കോളിഫോം ബാക്ടീരിയയുടെ അളവ് അനുവദനീയമായ തോതിനേക്കാള്‍ 13 മടങ്ങ് അധികമാണെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് (സിപിസിബി) പുറത്തുവിട്ട 2017ലെ റിപ്പോർട്ടിലും വ്യക്തമാക്കിയിരുന്നു. 

ലക്ഷ്യം ‘ഗംഗാ വോട്ട്’

ഗംഗയെ ശുദ്ധീകരിക്കാനായി ആരംഭിച്ചതാണ് നാഷനൽ ഗംഗ കൗൺസിൽ (എൻജിസി). ‌പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അധ്യക്ഷൻ. വർഷത്തിൽ ചുരുങ്ങിയത് ഒരു തവണയെങ്കിലും കൗണ്‍സില്‍ ചേരണമെന്നാണു ചട്ടം. പക്ഷേ, തന്റെ ഭരണകാലത്തിനിടെ ഒരു തവണ പോലും കൗൺസിൽ യോഗം വിളിക്കാൻ മോദി തയാറായില്ല.

 2016 ഒക്ടോബറിലാണ് കേന്ദ്ര ജലവിഭവ വകുപ്പിന്റെ കീഴിൽ എൻജിസി രൂപീകരിച്ചത്. യുപിഎ 2009ൽ രൂപീകരിച്ച നാഷനൽ ഗംഗ റിവർ ബേസിൻ അതോറിറ്റിയെ (എൻജിആർബിഎ) അവഗണിച്ചാണ് എൻജിസി ഉണ്ടാക്കിയത്. ഇതിന്റെയും ചെയർമാൻ പ്രധാനമന്ത്രിയാണ്. 2009 മുതൽ 2012 വരെ അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിൽ 3 യോഗങ്ങൾ എൻജിആർബിഎയിൽ നടന്നു. 2014 മുതൽ‌ 2016 വരെ എൻജിആർബിഎയുടെ രണ്ടു യോഗത്തിൽ കേന്ദ്രമന്ത്രി ഉമ ഭാരതിയും ഒന്നിൽ മോദിയും ആധ്യക്ഷ്യം വഹിച്ചു.

ഗംഗയ്ക്കു വേണ്ടിയുള്ള ഉന്നതാധികാര കൗൺസിൽ യോഗം ഒരു വട്ടം പോലും ചേരാതെ എങ്ങനെയാണ് അതിനായുള്ള പദ്ധതികൾ മുന്നോട്ടു കൊണ്ടുപോവുക? ഇങ്ങനെ ചോദ്യം ചോദിച്ച്, ഗംഗയെ പുനരുജ്ജീവിപ്പിക്കാനുള്ള വാഗ്ദാനങ്ങൾ സർക്കാർ നടപ്പാക്കണം എന്നാവശ്യപ്പെട്ട് നൂറിലേറെ ദിവസം നിരാഹാരം കിടന്നു മരണം വരിച്ച ഒരാളുണ്ട്– ജി.ഡി.അഗർവാൾ. പരിസ്ഥിതി പ്രവർത്തകനും മുൻ ഐഐടി പ്രഫസറുമായ അഗർവാൾ 2018 ഒക്ടോബർ 11നാണ് മരിച്ചത്.

മോദിക്കയച്ച തന്റെ അവസാനത്തെ കത്തിൽ അദ്ദേഹം പറഞ്ഞു: ‘ഗംഗാജിയെ രക്ഷിക്കാൻ താങ്കൾ രണ്ടടി കൂടുതൽ മുന്നോട്ടു പോകുമെന്നും പ്രത്യേക ശ്രമങ്ങൾ നടത്തുമെന്നുമായിരുന്നു പ്രതീക്ഷിച്ചത്. പക്ഷേ ഒരു നടപടിയും ഗംഗാജിക്കു ഗുണകരമായില്ല. എന്റെ ജീവൻ അവസാനിപ്പിക്കുന്നതിൽ എനിക്കൊരു മടിയുമില്ല. കാരണം ഗംഗാജിയുടെ പ്രശ്നമാണ് എനിക്കേറ്റവും പ്രധാനം’– സ്വാമി ഗ്യാൻ സ്വരൂപ് സാനന്ദ് എന്ന അഗർവാളിന്റെ ശബ്ദം അലയടിക്കുമ്പോൾ സ്വസ്ഥമായി എങ്ങനെയാണു ഗംഗയെ നേട്ടമായി അവതരിപ്പിക്കാനാവുക?

GD Agarwal
ജി.ഡി.അഗർവാൾ

English Summary: Ganga politics: How the holy river turned into the epicentre of campaigning in Uttar Pradesh ahead of Lok Sabha polls 2019

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com