ADVERTISEMENT

പനജി∙ പാതിരാത്രിയിലെ നാടകീയ നീക്കങ്ങളിലൂടെ 40 അംഗ ഗോവ നിയമസഭയിലെ ബിജെപി എംഎൽഎമാരുടെ എണ്ണം 12 ൽ നിന്ന് 14 ആയി ഉയർന്നു. 2012 മുതൽ ബിജെപിയുടെ സഖ്യകക്ഷിയായ മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടി(എംജെപി)യുടെ രണ്ട് എംഎൽഎമാർ ബിജെപിയിൽ ലയിച്ചതോടെയാണു നിയമസഭയിലെ ബിജെപിയുടെ അംഗബലം ഉയർന്നത്.

ഇന്നു പുല‍ർച്ചെ 1.45 നാണ് എംഎൽഎമാർ സ്പീക്കറെ സന്ദർശിച്ച് തങ്ങളുടെ പാർട്ടി ബിജെപിയിൽ ലയിക്കുകയാണെന്നുള്ള കത്തു നൽകിയത്. ഇവരുടെ നടപടി സ്പീക്കര്‍ അംഗീകരിച്ചു. ഈ നീക്കത്തിലൂടെ നിയമസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായ കോൺഗ്രസിന്റെ അംഗബലത്തിന് ഒപ്പത്തോടോപ്പമെത്തി ബിജെപി. 

എംജെപിയിലെ ഉൾപാർട്ടി പ്രശ്നങ്ങളാണു പിളർപ്പിലേക്കും ലയനത്തിലേക്കും വഴിവച്ചത്. എംഎൽഎമാരായ മനോഹർ അജ്ഗോൻകർ, ദീപക് പവസ്‌കർ എന്നിവരാണു ബിജെപിയിൽ ചേർന്നത്. മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടിയുടെ മുതിർന്ന നേതാവും മൂന്നാമത്തെ എംഎൽഎയുമായ സുധീൻ ദാവലീക്കർ കത്തിൽ ഒപ്പുവച്ചില്ല. ബിജെപി നേതൃത്വം നൽകുന്ന മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയായിരുന്ന ധാവലീക്കർ ഗതാഗതവും പൊതുമരാമത്തുമായിരുന്ന കൈകാര്യം ചെയ്‌തിരുന്നത്. പാർട്ടിയിലെ പിളർപ്പിനു ശേഷം ധവാലീക്കറിനെ കാബിനറ്റിൽ നിന്ന് ഒഴിവാക്കി. ടൂറിസം മന്ത്രിയും എംജെപി എംഎൽഎയുമായ  മനോഹർ അജ്ഗോൻകറിന് ധവാലീക്കറിനു പകരം ചുമതല നൽകിയേക്കും. 

മൂന്നില്‍ രണ്ട് എംഎല്‍എമാരും പാര്‍ട്ടി വിട്ടതിനാല്‍ ഇവര്‍ കൂറുമാറ്റ നിരോധന നിയമത്തിന്റെ പരിധിയില്‍ വരില്ല. എംജെപിയിൽനിന്ന് വേർപ്പെട്ട് മറ്റൊരു ഘടകം രൂപീകരിച്ചതിനു ശേഷമായിരുന്നു എംഎൽഎമാർ ബിജെപിയിൽ ലയിച്ചത്. തന്റെ മണ്ഡലത്തിലെ ജനങ്ങൾ താൻ ബിജെപിയോടൊപ്പം നിൽക്കുന്നതാണ് ഇഷ്ടപ്പെടുന്നതെന്നായിരുന്നു ലയനത്തിനുശേഷം ദീപക് പവസ്‌കറിന്റെ പ്രതികരണം.

കഴിഞ്ഞ ആഴ്ച സുധീൻ ധാവലീക്കറിനെ മറികടന്ന് പാർട്ടിയുടെ മുതിർന്ന നേതാവ് ലാലു മംമ്‍ലതാർ എംജെപിയുടെ പാർലമെന്ററി കാര്യങ്ങളിൽ തീരുമാനമെടുക്കാനുളള അവകാശം തനിക്കാണെന്നു കാട്ടി സ്പീക്കർക്കും മുഖ്യമന്ത്രിക്കും കത്തയച്ചിരുന്നു. പാർട്ടിയിൽ പിളർപ്പ് ഉണ്ടാകുമെന്ന ഘട്ടത്തിൽ ലാലു മംമ്‍ലതാറിന് ധാവലീക്കറിന്റെ നേതൃത്വത്തിലുളള പാർട്ടിയുടെ ഉന്നതകാര്യ സമിതി പുറത്താക്കിയിരുന്നു. പുറത്താക്കിയതിന് ഒരാഴ്ച തികയ്ക്കുന്നതിനു മുൻപാണു നിർണായക നീക്കം. പാർട്ടി പിളർത്താൻ ചിലർ ശ്രമിക്കുന്നുണ്ടെന്നും ഈ സാഹചര്യത്തിൽ സഖ്യത്തിൽനിന്നു പിൻമാറി കോൺഗ്രസുമായി ചേർന്നു സർക്കാരുണ്ടാക്കാൻ ശ്രമിക്കുമെന്നും ധാവലീക്കർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മണിക്കൂറുകൾക്കു ശേഷം പാർട്ടി പിളർത്തി ബിജെപി ധാവലീക്കറിന്റെ ശ്രമങ്ങൾക്കു മറുപടി നൽകുകയും ചെയ്തു.

എംജെപിയിൽനിന്ന് വേർപെട്ടു പുതിയ പാർട്ടി രൂപീകരിക്കാൻ ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടു കൂടിയാണു തീരുമാനിച്ചതെന്നു വിമത എംഎൽഎമാർ പറഞ്ഞു. ബിജെപി സർക്കാരിനുളള പിന്തുണ പിൻവലിക്കുമെന്നു ധാവലീക്കർ ഭീഷണിപ്പെടുത്തിയതിനു പിന്നാലെയാണു ധാവലീക്കറിനു ബിജെപി ഉപമുഖ്യന്ത്രി പദം നൽകിയത്.  മനോഹർ പരീക്കറുടെ മരണത്തോടെ എംഎൽഎമാരെ ഭരണപക്ഷത്തുനിന്ന് അടർത്തിമാറ്റി സർക്കാർ രൂപീകരിക്കാൻ കോൺഗ്രസ് ശ്രമം നടത്തിയിരുന്നു. എംജെപിയെ കൂടാതെ ഗോവ ഫോർവേഡ് പാർട്ടിയുടെയും സ്വതന്ത്രരുടെ പിന്തുണയോടു കൂടിയാണു ബിജെപി ഗോവ ഭരിക്കുന്നത്. 

ഇടഞ്ഞുനിന്ന ഘടകകക്ഷി- സ്വതന്ത്ര എംഎൽഎമാർക്കു മന്ത്രിസ്ഥാനം നൽകിയാണു ബിജെപി ഗോവയിൽ ഭരണം നിലനിർത്തിയത്. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ നേതൃത്വത്തിൽ നടത്തിയ കരുനീക്കങ്ങൾക്കൊടുവിലായിരുന്നു, ഗോവയിൽ ബിജെപിക്കു തുടർഭരണം ലഭിച്ചത്. സുധീൻ ധാവലീക്കറിനു പുറമേ ഗോവ ഫോർവേഡ് പാർട്ടി എംഎൽഎ വിജയ് സർദേശായി തുടങ്ങി പതിനൊന്നു പേരാണു മന്ത്രിസഭയുടെ ഭാഗമായത്. ഇതിൽ സ്വതന്ത്ര എംഎൽഎമാരും ഉൾപെടും. ഇടഞ്ഞുനിന്നവർക്കെല്ലാം മന്ത്രിപദം നൽകി കൂടെനിർത്തുകയെന്ന നയമാണു ബിജെപി സ്വീകരിച്ചത്.

ഘടകകക്ഷികളുടെ പിന്തുണ അറിയിച്ചുള്ള കത്തു കൈമാറാൻ വൈകിയതു ബിജെപിയെ ഇടയ്ക്ക് ആശങ്കയിലാഴ്ത്തിയിരുന്നു. നേരത്തെ സഭയിലെ ഏറ്റവും വലിയ കക്ഷി തങ്ങളാണെന്നും സർക്കാരുണ്ടാക്കാൻ അവസരം നൽകണമെന്നും കോണ്‍ഗ്രസ് ഗവർണറോട് ആവശ്യപ്പെട്ടിരുന്നു. ഈഘട്ടത്തിലായിരുന്നു ഭരണം നിലനിർത്താൻ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ നേതൃത്വത്തിലുള്ള ബിജെപിയുടെ ചടുലമായ രാഷ്ട്രീയനീക്കങ്ങൾ. എന്നാൽ, ഗവർണർ ബിജെപിയെ സഹായിക്കുന്ന നിലപാടാണു കൈക്കൊണ്ടതെന്നു കോൺഗ്രസ് ആരോപിച്ചിരുന്നു.

English Summary: 2 am Drama In Goa Again As BJP Gains Two Lawmakers From Ally

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com