ADVERTISEMENT

17–ാം ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് രാജ്യം നീങ്ങുമ്പോൾ ഏറ്റവും ചെറിയ സംസ്ഥാനമായ ഗോവയും കച്ചമുറുക്കുന്നു. മൂന്നാം ഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്ന ഇവിടെ രണ്ടു ലോക്സഭാ മണ്ഡലങ്ങളാണുള്ളത്. വടക്കൻ ഗോവയും ദക്ഷിണ ഗോവയും. രണ്ടിടത്തും സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപിയും കോൺഗ്രസും പ്രചാരണത്തിരക്കിലാണ്. ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം തന്നെ മൂന്നു നിയമസഭാ മണ്ഡലങ്ങളിലേക്കും ഗോവയിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.

വളരെ ചെറിയ മാർജിനിലുള്ള ബിജെപി സർക്കാരാണ് നിലവിൽ ഗോവ ഭരിക്കുന്നത്. മൂന്നു സീറ്റുകൾ കൂടി നേടി ശക്തി വർധിപ്പിക്കാൻ ബിജെപി ശ്രമിക്കുമ്പോൾ ഇവ തിരിച്ചുപിടിച്ച് ഭരണം തന്നെ നേടാനാകും കോൺഗ്രസിന്റെ ശ്രമം. അന്തരിച്ച മുൻമുഖ്യമന്ത്രി മനോഹർ പരീക്കറിന്റെ മണ്ഡലമായ പനജിയുടെ കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. ഷിരോദ, മാൻഡ്രെം, മാപുസ എന്നിവിടങ്ങളിലാണ് ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം ഏപ്രിൽ 23ന് ഉപതിരഞ്ഞെടുപ്പ്.

സിറ്റിങ് എംപിമാരെ നിലനിർത്താൻ ബിജെപി

narendra-keshav-shripad-yesso
നരേന്ദ്ര കേശവ് സ്വവേയ്ക്കർ, ഷിർപാദ് യെസോസോ നായിക്.

ഗോവയിലെ തിരഞ്ഞെടുപ്പ് അങ്കത്തിൽ ആദ്യം സ്ഥാനാർഥികളെ പ്രഖ്യാപിച്ചത് ബിജെപിയാണ്. അഞ്ചാമത്തെ പട്ടികയിൽ ഗോവയിലെ രണ്ടു സ്ഥാനാർഥികളെയും ബിജെപി ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചു. നിലവിൽ മണ്ഡലങ്ങളെ പ്രതിനീധികരിക്കുന്നവർ തന്നെയാണ് ഇത്തവണയും. വടക്കൻ ഗോവയിൽ ഷിർപാദ് യെസോസോ നായിക്കും ദക്ഷിണ ഗോവയിൽ നരേന്ദ്ര കേശവ് സ്വവേയ്ക്കറും.

2014ലെ തിരഞ്ഞെടുപ്പിൽ വടക്കൻ ഗോവയിൽ ഒരു ലക്ഷത്തിലധികം വോട്ടിനും ദക്ഷിണ ഗോവയിൽ മുപ്പത്തിരണ്ടായിരത്തിൽ അധികം വോട്ടിനുമാണ് ബിജെപി സ്ഥാനാർഥികൾ ജയിച്ചത്. വിജയം ആവർത്തിക്കാമെന്ന പ്രതീക്ഷയിൽ തന്നെയാണ് ബിജെപി. നേരത്തെ സ്ഥാനാർഥികളെ നിർണയിച്ച് പ്രചാരണ പരിപാടികളിലൂടെ മുന്നോട്ടു പോവുകയാണ് ബിജെപി.

പുതുമുഖവും അനുഭവ സമ്പത്തും ഇടകലർത്തി കോൺഗ്രസ്

goa-lok-sabha-election-2014

ബിജെപിയുടെ സ്ഥാനാർഥി പട്ടിക വന്ന് കുറച്ചു ദിവസങ്ങൾക്കു ശേഷമാണ് ഗോവയിലെ സ്ഥാനാർഥികളെ കോൺഗ്രസ് പ്രഖ്യാപിച്ചത്. പുതുമുഖത്തിനും പരിചയസമ്പത്തിനും ഒരു പോലെ പ്രാധാന്യം നൽകിയാണ് രണ്ടു മണ്ഡലങ്ങളിലെയും സ്ഥാനാർഥികളെ നിശ്ചയിച്ചത്. വടക്കൻ ഗോവയിൽ സംസ്ഥാന പ്രസിഡന്റ് ഗിരീഷ് ചോദൻക്കറും ദക്ഷിണ ഗോവയിൽ മുൻമുഖ്യമന്ത്രി ഫ്രാൻസികോ സർദിൻഹയുമാണ് മൽസരിക്കുന്നത്. ഇവരിലൂടെ രണ്ടു സീറ്റുകളും തിരികെ പിടിക്കാമെന്നാണ് കോൺഗ്രസ് കണക്കുകൂട്ടുന്നത്.

goa-sardhina-chodankar
ഫ്രാൻസികോ സർദിൻഹ, ഗിരീഷ് ചോദൻക്കർ

അഞ്ചു തവണ എംഎൽഎ ആയിരുന്ന വ്യക്തിയാണ് ഫ്രാൻസികോ സർദിൻഹ. 1998 ൽ ആദ്യമായി ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. പിന്നീട്, 14–ാം ലോക്സഭയിൽ ഉപതിരഞ്ഞെടുപ്പിലൂടെ പാർലമെന്റിൽ എത്തി. 2009ലും എംപി ആയി. മുൻപ് സംസ്ഥാന യൂത്ത് കോൺഗ്രസ് പ്രസിഡന്റായിരുന്ന ഗിരീഷ് ചോദൻക്കർ ആദ്യമായാണ് ലോക്സഭയിലേക്ക് മൽസരിക്കുന്നത്. കോൺഗ്രസിലും യൂത്ത് കോൺഗ്രസിലും എൻഎസ്‍യുവിലും വിവിധ സ്ഥാനങ്ങൾ വഹിച്ചിരുന്നു. 2017 ൽ മുൻമുഖ്യമന്ത്രിയും ബിജെപി നേതാവുമായിരുന്ന മനോഹർ പരീക്കറിനെതിരെ പനജി ഉപതിരഞ്ഞെടുപ്പിൽ മൽസരിച്ചെങ്കിലും പരാജയപ്പെട്ടു.

ഉപതിരഞ്ഞെടുപ്പ് നിർണായകം

കോൺഗ്രസിനും ബിജെപിക്കും ഏറെ നിർണായകമായ മൂന്ന് ഉപതിരഞ്ഞെടുപ്പുകളാണ് ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം ഗോവയിൽ നടക്കുന്നത്. ഷിരോദ, മാൻഡ്രെം, മാപുസ എന്നീ നിയമസഭാ മണ്ഡലങ്ങളിൽ ജനങ്ങൾ വിധിയെഴുതും. നിലവിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള ഭരണസഖ്യത്തിന് 21 അംഗങ്ങളുടെ പിന്തുണയാണുള്ളത്. ബിജെപി – 12, ഗോവ ഫോർവേഡ് പാർട്ടി (ജിഎഫ്പി) – 3, മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടി (എംജിപി) – 3, സ്വതന്ത്രർ – 3. പ്രതിപക്ഷമായ കോൺഗ്രസിന് 14 അംഗങ്ങളും. എൻസിപിക്ക് ഒരു സീറ്റും.

40 അംഗ സഭയാണെങ്കിലും 2 പേരുടെ രാജിയും മനോഹർ പരീക്കർ ഉൾപ്പെടെ 2 പേരുടെ മരണവും മൂലം നിലവിലെ അംഗബലം 36 ആണ്. പുതിയ മുഖ്യമന്ത്രി പ്രമോദ് സാവന്ത് കഴിഞ്ഞ ദിവസം വിശ്വാസവോട്ടെടുപ്പ് നേടിയെങ്കിലും ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലങ്ങളിൽ വിജയിച്ച് സുരക്ഷിത സ്ഥാനത്ത് ഇരിക്കാനാണ് ബിജെപി ശ്രമിക്കുക. എന്നാൽ, ബിജെപിയെ വീഴ്ത്തി കരുത്ത് കാണിക്കുകയും പറ്റിയാൽ സംസ്ഥാന ഭരണം തന്നെ തിരികെ പിടിക്കലുമാണ് കോൺഗ്രസ് ലക്ഷ്യം.

ഉപതിരഞ്ഞെടുപ്പ് ഗുണം ചെയ്യും

മൂന്ന് നിയമസഭാ മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ലോക്സഭാ പോളിങ് ശതമാനം വർധിക്കുമെന്നാണ് ഈ രംഗത്തെ വിദഗ്ധർ പറയുന്നത്. ഗോവയിൽ സ്ഥിരതയുള്ള സർക്കാർ ആവശ്യമാണ് എന്നത് ജനങ്ങൾക്ക് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അതിനാൽ തന്നെ കൂടുതൽ പേർ വോട്ടു ചെയ്യാനെത്തുമെന്നാണ് കരുതുന്നത്. മുഖ്യമന്ത്രിയായിരുന്ന മനോഹർ പരീക്കറിന്റെ മരണത്തെ തുടർന്ന് പനജിയിലും ഒഴിവു വരുന്നുണ്ടെങ്കിലും ഇവിടുത്തെ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിട്ടില്ല.

കോൺഗ്രസ് എംഎൽഎമാർ ബിജെപിയിലേക്ക് പോയതൊടെയാണ് ഷിരോദ, മാൻഡ്രെം എന്നിവിടങ്ങളിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. മാപുസയിൽ ബിജെപി എംഎൽഎ ഫ്രാൻസിസ് ഡിസൂസയുടെ നിര്യാണത്തോടെയും. ഈ വർഷം ഫെബ്രുവരിയിലാണ് ഡിസൂസ അന്തരിച്ചത്. മാൻഡ്രെവും മാപുസയും ലോക്സഭാ തിരഞ്ഞെടുപ്പിൽ വടക്കൻ ഗോവ മണ്ഡലത്തിൽ ഉൾപ്പെടുന്നതാണ്. ഷിരോദ ദക്ഷിണ ഗോവയിലും. 2014–ൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ ഗോവയിൽ റെക്കോർഡ് പോളിങ്ങായിരുന്നു രേഖപ്പെടുത്തിയത്. 76.82 ശതമാനം. ഇത്തവണ 11.31 ലക്ഷം വോട്ടർമാരാണ് വിധിയെഴുതുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT