ADVERTISEMENT

തൊടുപുഴ∙ അമ്മയുടെ സുഹൃത്ത് വടികൊണ്ടു തലയ്ക്ക് അടിച്ചശേഷം കാലിൽ തൂക്കി നിലത്തടിച്ച രണ്ടാം ക്ലാസ് വിദ്യാർഥി അതീവ ഗുരുതരാവസ്ഥയിൽ. വെന്റിലേറ്ററിന്റെ സഹായത്തോടെയാണു കുട്ടിയുടെ ജീവൻ നിലനിർത്തുന്നത്. കുട്ടിയുടെ പരുക്കുകൾ മാരകമാണ്. തലച്ചോറിനും ശ്വാസകോശത്തിനും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ആന്തരിക രക്തസ്രാവം തുടരുകയാണ്. കണ്ണുകൾ പുറത്തേക്ക് തള്ളിയ നിലയിലാണെന്നും അടുത്ത 48 മണിക്കൂർ നിർണായകമാണെന്നും ഡോക്ടർ പറഞ്ഞു. കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലാണു കുട്ടി ഇപ്പോൾ. 

കട്ടിലിൽനിന്നു വീണു തലയ്ക്കു പരുക്കേറ്റെന്നായിരുന്നു അമ്മയും യുവാവും ആശുപത്രി അധികൃതരോടു പറഞ്ഞത്. എന്നാൽ കുട്ടിയുടെ പരുക്കുകളും അമ്മയുടെയും സുഹൃത്തിന്റെയും മൊഴികളിലും സംശയം തോന്നിയ ആശുപത്രി അധികൃതർ ചൈൽഡ് ലൈൻ പ്രവർത്തകരെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. അമ്മയുടെ സുഹൃത്ത് കസ്റ്റഡിയിലുള്ള തിരുവനന്തപുരം സ്വദേശി അരുൺ ആനന്ദിന്റെ അറസ്റ്റ് ഇന്നു രേഖപ്പെടുത്തും. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും വധശ്രമവും ഉൾപ്പെടെ 5 വകുപ്പുകളാണു ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ബാലാവകാശ കമ്മിഷനും കേസെടുത്തിട്ടുണ്ട്. പൊലീസിന്റെ നടപടികൾ നിരീക്ഷിച്ചു വരികയാണെന്നും കമ്മിഷൻ അറിയിച്ചു.

മാത്രമല്ല, ഗുരുതരനിലയിലായ കുട്ടിയെ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോകാനുള്ള ആംബുലൻസിൽ കയറാൻ യുവാവു വിസമ്മതിച്ചതും സംശയത്തിനിട നൽകി. പരിശോധനയിൽ കുട്ടിയുടെ തലയ്ക്കു മാത്രമല്ല, ശരീരത്തിന്റെ മറ്റു സ്ഥലങ്ങളിലും പരുക്കേറ്റതായി കണ്ടെത്തിയിരുന്നു. ഇടുക്കി ശിശു ക്ഷേമ സമിതി സംഭവം വിശദമായി അന്വേഷിച്ചപ്പോഴാണ് മർദ്ദനം നടന്നതായി വ്യക്തമായത്. കുട്ടിയുടെ ദേഹമാസകലം കാലങ്ങളായി മർദനമേറ്റതിന്റെ പാടുകളുണ്ടെന്നും എഇഒ അറിയിച്ചു.

ഇളയ മകനെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റണമെന്ന നിർദേശത്തെത്തുടർന്ന് അധികൃതർ ഇവർ വാടകയ്ക്കു താമസിച്ചിരുന്ന തൊടുപുഴയ്ക്കു സമീപം കുമാരമംഗലത്തെ വീടിനുള്ളിൽ കമ്പുകൾ ഒടിഞ്ഞു കിടക്കുന്നതു കണ്ടെത്തി. ഭിത്തിയിൽ ഉൾപ്പെടെ രക്തക്കറകൾ പറ്റിപ്പിടിച്ചിരിപ്പുണ്ട്. വീട്ടിൽ മർദ്ദനം നടന്നതിന്റെ സൂചനകൾ കണ്ടെടുത്തതായും പൊലീസുകാർ അറിയിച്ചു. അതേസമയം, മൂന്നു വയസ്സുകാരനായ ഇളയ കുട്ടിയുടെ ശരീരത്തും മർദ്ദനത്തിന്റെ പാടുകൾ കണ്ടെത്തി. കുട്ടിയെ തൊടുപുഴ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചശേഷം സുരക്ഷിത സ്ഥാനത്തേക്കു മാറ്റി.

ചികിത്സാ ചെലവും സംരക്ഷണവും സർക്കാർ ഏറ്റെടുക്കും

തൊടുപുഴയിൽ യുവാവിന്റെ മർദനമേറ്റു ഗുരുതരാവസ്ഥയിൽ കഴിയുന്ന 7 വയസ്സുകാരന്റെ ചികിത്സാചെലവും ഇളയകുട്ടി ഉൾപ്പെടെ രണ്ടു കുട്ടികളുടെ സംരക്ഷണവും സർക്കാർ ഏറ്റെടുക്കും. ആരോഗ്യ വകുപ്പ്, സാമൂഹ്യനീതി വകുപ്പ്, വനിത ശിശു വികസന വകുപ്പ് എന്നിവ യോജിച്ചാണു ചികിത്സാച്ചെലവു സംരക്ഷണവും ഏറ്റെടുക്കുന്നത്. കുട്ടിക്കു വിദഗ്ധചികിത്സ ഉറപ്പാക്കാൻ നിർദേശം നൽകിയെന്നു മന്ത്രി കെ.കെ. ശൈലജ പറഞ്ഞു.

മുഖ്യമന്ത്രി റിപ്പോർട്ട് തേടി

സംഭവത്തില്‍ അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇടുക്കി ജില്ലാ അധികാരികളോടു മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. ഗുരുതരമായി പരുക്കേറ്റ് കോലഞ്ചേരി ആശുപത്രിയില്‍ കഴിയുന്ന കുട്ടിക്കു വിദഗ്ധ ചികിത്സയടക്കമുള്ള എല്ലാ സഹായവും നല്‍കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. 

നടന്നത് കുമളി മോഡൽ മർദനം

കുമളിയിൽ 5 വയസ്സുകാരനുനേരെ നടന്നതിനു സമാനമായ ആക്രമണമാണു കുമാരമംഗലത്തെ ഈ 7 വയസ്സുകാരനുനേരെയും നടന്നതെന്നാണു സൂചന. 2013 ജൂലൈ 15ന് ആണു ശരീരമാസകലം മർദനമേറ്റതിന്റെയും പൊള്ളലേറ്റതിന്റെയും പാടുകളുമായി അതീവ ഗുരുതരാവസ്ഥയിൽ 5 വയസ്സുകാരനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. പിതാവും രണ്ടാനമ്മയുമായിരുന്നു കേസിൽ പ്രതികൾ. ഈ കേസിൽ കുറ്റപത്രം സമർപ്പിച്ചതേയുള്ളൂ.

കുട്ടിയുടെ ശരീരത്തിൽ 151 മുറിവുകളാണ് ഉണ്ടായിരുന്നത്. ഇരുമ്പു കുഴൽകൊണ്ടുള്ള അടിയേറ്റ് ഇടതുകാൽ ഒടിഞ്ഞ നിലയിലായിരുന്നു. നെറ്റിയുടെ ഇടതുഭാഗത്തു കൂർത്ത കമ്പികൊണ്ടു കുത്തിയതിന്റെ ആഴത്തിലുള്ള മുറിവുമുണ്ടായിരുന്നു. ദീർഘനാൾ ചികിത്സയ്ക്കുവിധേയനായ കുട്ടി ഇപ്പോൾ തൊടുപുഴ മേഖലയിലെ സ്കൂളിൽ പഠിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com