ADVERTISEMENT

തൊടുപുഴയ്ക്കു സമീപം കുമാരമംഗലത്ത് ഏഴു വയസ്സുള്ള കുട്ടിയെ അമ്മയുടെ ആൺസുഹൃത്ത് അതിക്രൂരമായി മർദിച്ച സംഭവത്തിന്റെ ഓരോ വാർത്തകൾ വരുമ്പോഴും കേരളം ഞെട്ടുകയാണ്. തലയ്ക്കടിച്ചു വീഴ്ത്തിയ ശേഷം കുഞ്ഞിനെ കാലിൽതൂക്കി നിലത്തടിച്ചുവെന്ന ക്രൂരത കണ്ണീരണിയാതെ എഴുതാനോ വായിക്കാനോ ആവില്ല. ഈ സംഭവം 2013ലെ മറ്റൊരു നീചകൃത്യത്തെയാണ് ഓർമിപ്പിച്ചത്. പിതാവിന്റെയും രണ്ടാനമ്മയുടെയും ക്രൂരപീഡനങ്ങൾക്കിരയായ കുമളിയിലെ അഞ്ചു വയസ്സുകാരന്റെ കഥയിലേക്ക്.

ഇരുമ്പുകുഴൽ കൊണ്ടുള്ള അടിയേറ്റ് ഇടതുകാൽ ഒടിഞ്ഞ നിലയിലായിരുന്നു അഞ്ചു വയസ്സുകാരനെ അന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നെറ്റിയിൽ കൂർത്ത കമ്പികൊണ്ടു കുത്തിയതിന്റേത് ഉൾപ്പെടെയുള്ള മുറിവുകളാണ് ആ പിഞ്ചുശരീരത്തിലുണ്ടായിരുന്നത്. 2013 ജൂലൈ 15ന് ആണു ശരീരമാസകലം മർദനമേറ്റതിന്റെയും പൊള്ളലേറ്റതിന്റെയും പാടുകളുമായി അതീവ ഗുരുതരാവസ്ഥയിൽ 5 വയസ്സുകാരനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.

പിതാവും രണ്ടാനമ്മയുമായിരുന്നു കേസിൽ പ്രതികൾ. കേസിൽ കുറ്റപത്രം സമർപ്പിച്ചതേയുള്ളൂ. കുട്ടിയുടെ ശരീരത്തിൽ 151 മുറിവുകളാണ് ഉണ്ടായിരുന്നത്. ദീർഘനാൾ ചികിത്സയ്ക്കുവിധേയനായ കുട്ടി ഇപ്പോൾ തൊടുപുഴ മേഖലയിലെ സ്കൂളിൽ പഠിക്കുകയാണ്. പൂർണ ആരോഗ്യം വീണ്ടെടുത്തുവെന്ന് ഇനിയും പറയാറായിട്ടില്ല.

ഹൃദയനൊമ്പരത്തിന് 6 വയസ്സ്

ആ കുഞ്ഞിന്റെ ശരീരത്തിൽ 151 മുറിവുകളാണുണ്ടായിരുന്നത്. ഇരുമ്പു കുഴൽകൊണ്ടുള്ള അടിയേറ്റ് ഇടതുകാൽ ഒടിഞ്ഞ നിലയിലായിരുന്നു. നെറ്റിയുടെ ഇടതുഭാഗത്തു കൂർത്ത കമ്പികൊണ്ടു കുത്തിയതിന്റെ ആഴത്തിലുള്ള മുറിവ്. വെല്ലൂർ ക്രിസ്‌ത്യൻ മെഡിക്കൽ കോളജിലായിരുന്നു വിദഗ്ധ ചികിൽസ. താൽക്കാലിക സംരക്ഷണ ചുമതല തൊടുപുഴ ഏഴല്ലൂർ അൽ അസ്‌ഹർ മെഡിക്കൽ കോളജ് ആൻഡ് സൂപ്പർ സ്‌പെഷ്യൽറ്റി ഹോസ്‌പിറ്റലിനായിരുന്നു. ആയ എ.എച്ച്.രാഗിണിയുടെ മേൽനോട്ടത്തിലായിരുന്നു സ്നേഹ പരിചരണം. 18 വയസ്സു വരെ കുട്ടിയുടെ വിദ്യാഭ്യാസം ചികിൽസ തുടങ്ങിയവ സർക്കാരാണു വഹിക്കുക.

എന്റെ കുഞ്ഞാലൻ വാവ 

പീരുമേട് കോലാഹലമേട് സ്വദേശിയായ ആയ എ.എച്ച്.രാഗിണി ആ കുഞ്ഞിനെ ഓർക്കുന്നു. ‘കുഞ്ഞാലൻ എന്നാണ് ഞാനവനെ വിളിക്കുക. ഓരോ ദിവസത്തെക്കുറിച്ചും ഓരോ ഓർമകളാണെനിക്ക്. വാവ ആദ്യമായി സംസാരിച്ച ദിവസം ഇപ്പോഴും ഓർമയുണ്ട്. വിറയ്‌ക്കുന്ന ചുണ്ടുകൾ കൊണ്ട് എനിക്കു പാലു വേണമെന്ന് എങ്ങനെയൊക്കെയോ അവൻ പറഞ്ഞൊപ്പിച്ചു. 

കുഞ്ഞാലൻ, വാവ, തക്കുടു... ഇങ്ങനെ ഞാൻ ഓരോ പേരു വിളിക്കുമ്പോഴും അവൻ ഇളംപല്ലുകാട്ടി ചിരിക്കുമായിരുന്നു. ടിവിയിൽ കാർട്ടൂൺ കണ്ടുകൊണ്ടിരിക്കുമ്പോൾ കുഞ്ഞാലനു പെട്ടെന്ന് ആന കളിക്കാൻ തോന്നും. തല വലതുവശത്തേക്കൊന്നു ചരിച്ച് പുറകിലേക്കു നോക്കി അവൻ വിളിക്കും: രാഗിയമ്മേ...ഇബ്‌ടെ ബായോ.

ഇരിക്കുന്ന സ്‌ഥലത്തുനിന്ന് അവന്റെ അടുത്തുവരെ ആനയെപ്പോലെ ഞാൻ മുട്ടിൽ നടന്നുവരും. പിന്നെ അവനെ മുകളിൽ കയറ്റി പതിയെ തിരിച്ചുനടക്കും. കുഞ്ഞാലൻ ആദ്യമായി കൈകൾ ചലിപ്പിച്ചതും നടന്നുതുടങ്ങിയതും മറ്റു കുട്ടികളെപ്പോലെ ചിരിച്ചു സംസാരിക്കാൻ തുടങ്ങിയതുമെല്ലാം ഇന്നും മനസ്സിലുണ്ട്.

വണ്ടി ഓടിക്കാൻ ഭയങ്കര ഇഷ്‌ടമാണു വാവയ്‌ക്ക്. കൈകൊണ്ട് വട്ടംകറക്കി ബ്രൂം...എന്ന ശബ്‌ദമുണ്ടാക്കും. ചൂടുവെള്ളത്തിലേ കുളിക്കൂ. ഇളംചൂടുവെള്ളം ദേഹത്തു വീഴുമ്പോൾ ‘നല്ല നല്ല ശുഖം’ എന്നു കൊഞ്ചും. ഡോക്‌ടറെത്തുമ്പോൾ ‘അങ്കിളേ...സുഖമാണോ’ എന്നൊക്കെ ചോദിക്കും. 

ഉണങ്ങാത്ത മുറിവുകൾ 

കുമളി ഒന്നാം മൈലിലെ വീടിന്റെ ചുമരുകൾക്കു നാവുണ്ടായിരുന്നുവെങ്കിൽ ഈ കുരുന്ന് അനുഭവിച്ച പീഡനങ്ങൾ അക്കമിട്ടു നിരത്തുമായിരുന്നു. കഷ്‌ടിച്ച് മൂന്നടിയോളം നീളമുള്ള കുഞ്ഞിന്റെ ശരീരത്തിലാണു 151 മുറിവുകൾ കണ്ടെത്തിയത്. അടുക്കളയിലെ അടുപ്പിനരികിൽ തീച്ചൂടേറ്റു കിടക്കുന്ന രണ്ടരയടി നീളമുള്ള ഇരുമ്പു കുഴലുപയോഗിച്ചായിരുന്നു രണ്ടാനമ്മ മർദിച്ചിരുന്നത്.

2013 ജൂലൈ 15ന് വൈകിട്ടായിരുന്നു ശരീരത്തിൽ പാടുകളുമായി കുഞ്ഞിനെയും കൂട്ടി പിതാവും ഭാര്യയും കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുന്നത്. കുട്ടിയുടെ പരുക്കുകൾ കണ്ട് ന്യൂറോ സർജൻ ഡോ: നിശാന്ത് പോളും ആശുപത്രി അധികൃതരും സംശയം പ്രകടിപ്പിച്ചപ്പോൾ പൊലീസ് സ്‌ഥലത്തെത്തി. പിതാവിനെയും രണ്ടാനമ്മയെയും ചോദ്യം ചെയ്‌തപ്പോൾ ചുരുളഴിഞ്ഞത് മനുഷ്യ മനഃസാക്ഷിയെ നടുക്കുന്ന പീഡന വിവരങ്ങൾ.

വക്കു പൊട്ടിയ സ്‌റ്റീൽ കപ്പിൽ തിളച്ച വെള്ളം നിറച്ച് കുഞ്ഞിന്റെ ശരീരത്തിലേക്ക് എറിയുമായിരുന്നു രണ്ടാനമ്മ. ഇരുമ്പുകുഴൽ കൊണ്ട് കാലിലും ശരീരത്തിലും ശക്‌തിയോടെ അടിക്കുകയായിരുന്നു ഇരുവരുടെയും പതിവെന്ന് അയൽവാസികൾ പറയുന്നു. അടി കൊണ്ടു കാൽ നുറുങ്ങുമ്പോൾ രണ്ടാനമ്മ കുട്ടിയുടെ വായ് പൊത്തിപ്പിടിക്കും. മിണ്ടരുതെന്ന് ആംഗ്യം കാട്ടി ഇരുമ്പുകുഴൽ പിന്നെയും ഓങ്ങും. ഈ കുഴൽ കൊണ്ടാണ് കുഞ്ഞിന്റെ ഇടതുകാൽ തല്ലിയൊടിച്ചത്.

അടിക്കു ശേഷമാണു കുട്ടിയുടെ ശരീരത്തിൽ പൊള്ളലേൽപ്പിക്കുന്നത്. തിളച്ച വെള്ളം കൊണ്ടു ശരീരത്തിൽ അമർത്തിപ്പിടിക്കും. മതിയായില്ലെങ്കിൽ കാലിലും വയറിലും മുതുകത്തും തിളച്ചവെള്ളം ഒഴിക്കും. നെറ്റിയുടെ ഇടതു ഭാഗത്തു കൂർത്ത കമ്പി കൊണ്ടു കുത്തിപ്പരുക്കേൽപ്പിക്കും. ഇരുമ്പു പൈപ്പുകൊണ്ടു കാൽ തല്ലിയൊടിക്കുമ്പോൾ കുഞ്ഞ് വേദനകൊണ്ടു പുളയും. പിതാവ് അപ്പോൾ കുട്ടിയുടെ നെഞ്ചിൽ തൊഴിക്കും. ഈ കുരുന്നിന്റെ സഹോദരനെയും ഇയാൾ ക്രൂരമായി മർദിച്ചിരുന്നു. 

ജീവിതത്തിലേക്ക് പിച്ചവയ്ക്കുന്നു

കുഞ്ഞിന്റെ ശരീരത്തിലെ മുറിവേറ്റ പാടുകൾക്ക് ഇപ്പോൾ പഴയതിന്റെ തീവ്രതയില്ല. പലതും കരിഞ്ഞുണങ്ങി. കിടക്കയിൽ എപ്പോഴും തളർന്നു കിടന്നിരുന്ന കുട്ടിയിപ്പോൾ ഉഷാറാണ്. വാക്കുകൾക്ക് കൂടുതൽ വ്യക്‌തത വന്നു. പഠിത്തത്തിലും മോശമല്ല. കുഞ്ഞിന്റെ ആരോഗ്യത്തിനായി പള്ളികളിലും ക്ഷേത്രങ്ങളിലും സ്‌കൂളുകളിലും ജനങ്ങളുടെ പ്രത്യേക പ്രാർഥനകൾ നടന്നു. ആശുപത്രിയിലേക്ക് ജനം ഒഴുകി. ചികിൽസയ്‌ക്കായി കൊണ്ടു പോകുമ്പോഴും തിരികെയെത്തിക്കുമ്പോഴും വൻ ജനാവലി സാക്ഷ്യം വഹിക്കാനെത്തി. 

അന്ന് ആശുപത്രിയിലെത്തിച്ചപ്പോൾ ശരീരത്തിന്റെ ചലനശേഷി ഭാഗികമായിരുന്നു. കാഴ്ചശക്തി 70 ശതമാനത്തോളം നഷ്ടമായിരുന്നു. ആളെ തിരിച്ചറിഞ്ഞാലും സംസാരിക്കാനാവുമായിരുന്നില്ല. ഭക്ഷണം കുഴലിലൂടെ... ഇപ്പോൾ കുഞ്ഞിന്റെ തൂക്കം കൂടി, ഉയരവും വർധിച്ചു. കേൾവിശക്‌തിയും കാഴ്‌ചശക്‌തിയും സജീവമായി. വാക്കറിന്റെ സഹായത്തോടെ നടക്കാം. ചികിൽസ തുടരുന്നു. കേരളത്തിലെ ഒാരോ അമ്മ മനസ്സിലേക്കും കണ്ണീർത്തുള്ളിയായി പെയ്തിറങ്ങിയ ആ കുഞ്ഞു പതിയെ ജീവിതത്തിലേക്കു തിരിച്ചു നടക്കുകയാണ്. 

English Summary: Thodupuzha horror against 7 year old boy remembers Kumily brutal attack

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com