ADVERTISEMENT

തിരുവനന്തപുരം ∙ തൊടുപുഴയിൽ ഏഴുവയസ്സുകാരനെ മർദിച്ചു മൃതപ്രായനാക്കിയ തിരുവനന്തപുരം നന്തൻകോട് സ്വദേശി അരുൺ ആനന്ദിന് ഗുണ്ടാസംഘങ്ങളുമായി അടുത്ത ബന്ധമുണ്ടായിരുന്നതായി പൊലീസ്. കൊലക്കേസ് ഉൾപ്പെടെ ഏഴു കേസുകളിൽ പ്രതിയായ ഇയാൾ തലസ്ഥാനത്ത് ​ഉണ്ടായിരുന്ന സമയത്ത് നഗരത്തിലെ പല കുപ്രസിദ്ധ ഗൂണ്ടകളുമായി അടുത്ത ബന്ധമുണ്ടായിരുന്നതായി പൊലീസ് വൃത്തങ്ങൾ പറയുന്നു. നഗരത്തിലെ വിവിധ കേസുകളിൽ പ്രതിയായ ഇയാൾ ഗൂണ്ടാ സംഘങ്ങൾക്കിടയിൽ ‘കോബ്ര’യെന്ന അപരനാമത്തിലാണ് അറിയപ്പെട്ടിരുന്നത്. ഇയാൾ മറ്റു ജില്ലകളിൽ കേസുകളിൽ പ്രതിയാണോയെന്ന കാര്യം പൊലീസ് അന്വേഷിക്കുകയാണ്.

അരുണിന്റെ മാതാപിതാക്കൾ ബാങ്ക് ജീവനക്കാരായിരുന്നു. ഇയാളുടെ സഹോദരൻ സൈനികനും. സർവീസിൽ ഇരിക്കവേ അച്ഛൻ മരണപ്പെട്ടു. തുടർന്ന് ആശ്രിതനിയമനത്തിൽ ഒരു വർഷം ജോലി ചെയ്തു. ഇത് ഉപേക്ഷിച്ചു തിരികെ നാട്ടിൽ എത്തി. ഇവിടെയുള്ള കുപ്രസിദ്ധ ഗൂണ്ടയുമായി ചേർന്നു മണൽ കടത്ത് ആരംഭിച്ചു.

സുഖലോലുപതയിൽ ശ്രദ്ധ കേന്ദ്രീകരിച്ച ഇയാൾ തിരുവനന്തപുരത്തെ ഗൂണ്ടാസംഘങ്ങളുമായി ബന്ധം സ്ഥാപിച്ചതായി പൊലീസ് പറയുന്നു. ഇതിനു പിന്നാലെ പണത്തിനായി ലഹരി കടത്തിലും ഇയാൾ പങ്കാളിയായി. നഗരത്തിലെ നാലു പൊലീസ് സ്റ്റേഷനുകളിലായി ഏഴു കേസുകളാണ് ഇയാൾക്കെതിരെയുള്ളത്.

മദ്യത്തിന്റെയും ലഹരിയുടെയും ബലത്തിൽ എന്തും കാണിക്കുന്ന ആളായിരുന്നു അരുണെന്നും പൊലീസ് സാക്ഷ്യപ്പെടുത്തുന്നു. സ്ത്രീകളോടും കുട്ടികളോടും മൃഗീയമായി പെരുമാറുന്ന, വാഹനങ്ങളിൽ മദ്യവും കഞ്ചാവുമായി നടക്കുന്ന ആളായിരുന്നു അരുൺ. മ്യൂസിയം സ്റ്റേഷനിൽ മൂന്നു ക്രിമിനൽ കേസുകളും ഫോർട്ടിൽ രണ്ടും വലിയതുറയിൽ ഒന്നും വിഴിഞ്ഞം സ്റ്റേഷനിലും കേസുകൾ ഉണ്ട്.

വധശ്രമം, അടിപിടി, പണം തട്ടൽ, ഭീഷണി തുടങ്ങിയവ ‘ഹോബി’ ആക്കി മാറ്റിയ അരുൺ ശത്രുത തോന്നിയാൽ ക്രൂരമായി ആക്രമിക്കുന്നതും പതിവാക്കിയിരുന്നതായി പൊലീസ് വൃത്തങ്ങൾ പറയുന്നു. ഏഴുവയസ്സുകാരനെ മർദിച്ച കേസിൽ ബാലാവകാശകമ്മിഷനും ഇയാൾക്കെതിരെ കേസെടുത്തു. ഭർത്താവിന്റെ മരണവുമായി ബന്ധപ്പെട്ട ചടങ്ങുകൾക്കു തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് അരുണിനെ യുവതി പരിചയപ്പെടുന്നത്. യുവതിയുടെ ഭർത്താവിന്റെ അച്ഛന്റെ സഹോദരിയുടെ മകനാണ് അരുൺ.

കുട്ടികളോട് വലിയ അടുപ്പം കാണിച്ചാണ് ഇയാൾ യുവതിയുമായി ബന്ധമുണ്ടാക്കിയെടുത്തത്. ഭർത്താവിന്റെ ആത്മാവ് തന്നോടൊപ്പം ഉള്ളതായി ഇയാൾ യുവതിയെ പറഞ്ഞു തെറ്റിദ്ധരിപ്പിച്ചിരുന്നു. കുട്ടികളെ കാണാതെ ഇരിക്കാൻ വയ്യെന്ന പേരിൽ അടുത്തു കൂടി വിശ്വാസം നേടിയെടുത്തതോടെ യുവതി ബന്ധുക്കളുടെ എതിർപ്പ് മറികടന്ന് ഇയാളുമായി അടുപ്പം സ്ഥാപിക്കുകയായിരുന്നു.

ഭർത്താവ് മരിച്ച് ആറു മാസം കഴിയുന്നതിന് മുൻപായി ഒളിച്ചോടിയ യുവതിയും അരുണും പേരൂർക്കടയിൽ വാടകയ്ക്കു താമസിച്ചിരുന്നു. പേരൂർക്കട സ്കൂളിൽ പഠിച്ചിരുന്ന ഇപ്പോൾ ആക്രമണത്തിന് വിധേയനായ കുട്ടി ഒറ്റയ്ക്കാണു സ്കൂളിൽ എത്തിയിരുന്നത്. ബന്ധം സ്കൂളിൽ ചർച്ചയായതോടെ കുട്ടിയുടെ അമ്മ നേരിട്ട് എത്തി സ്കൂളില്‍ നിന്ന് ടിസി വാങ്ങിക്കുകയും ചെയ്തു.

English Summary: Thodupuzha Assault Accused Arun Anand, The Cobra Among Goondas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com