ADVERTISEMENT

സൗത്ത് കാരലൈന∙ ഊബർ ടാക്സിയെന്നു തെറ്റിദ്ധരിച്ചു കൊലയാളിയുടെ കാറിൽ കയറിയ കോളേജ് വിദ്യാർഥിനി അതിദാരുണമായി കൊല്ലപ്പെട്ടു. 21-കാരിയായ സാമന്ത ജോസഫ്സണാണ് യുഎസിലെ സൗത്ത് കാരലൈനയിൽ ക്രൂരമായി കൊല ചെയ്യപ്പെട്ടത്. സംഭവത്തില്‍  നതാനിയേല്‍ റൗലൻഡിയെന്ന 24 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.

samantha-josephson2
സാമന്ത ജോസഫ്‌സൺ

'ആ കൊലയാളിയുടെ മുഖമായിരിക്കും എന്റെ മകൾ അവസാനമായി കണ്ടിരിക്കുക. അതെന്നെ വല്ലാതെ അസ്വസ്ഥതയും ഭയചകിതയുമാക്കുന്നു. അവളുടെ പേരുപോലും അയാൾക്കു അറിയില്ലായിരുന്നു. ഇനിയൊരു കുഞ്ഞും ഉപദ്രവിക്കപ്പെട്ടു കൂടാ.. കോടതിമുറിയിൽ പൊട്ടിക്കരഞ്ഞു കൊണ്ടു സാമന്തയുടെ അമ്മ മാർസി ജോസഫ്‌സൺ പറയുന്നു. 

rowland
നതാനിയേല്‍ റൗലൻഡി, സാമന്ത ജോസഫ്‌സൺ

യുഎസിലെ തെക്കന്‍ കാരലൈനയിൽ വെള്ളിയാഴ്ചയാണ് സംഭവം ഉണ്ടായത്. രാത്രി ഏറെ വൈകിയിട്ടും സമന്തയെ കാണാത്തതിനാൽ സുഹൃത്തുക്കൾ നടത്തിയ അന്വേഷണത്തിലാണ് അതിദാരുണമായ സംഭവം പുറത്തായത്. അന്വേഷണത്തില്‍ സാമന്തയെ അവസാനമായി കണ്ടതു കൊളംബിയയിലെ ഒരു ബാറിലായിരുന്നുവെന്നു വിവരം ലഭിച്ചു. തുടർന്നു നടത്തിയ അന്വേഷണത്തില്‍ യുവതിയുടെ മൃതദേഹം അകലെയുള്ള വിജനമായ പ്രദേശത്തു വയലില്‍ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ വെളളിയാഴ്ച കൊളംബിയയിലെ ഫൈവ് പോയിന്റസ് ബാറിൽ സുഹൃത്തുക്കൾക്കൊപ്പം ചെലവഴിച്ചതിനു ശേഷം പുലർച്ചെ രണ്ടുമണിയോടെയാണു സാമന്ത ഊബർ ടാക്സി ബുക്ക് ചെയ്തത്.

samantha-josephson3

കൊലയാളിയുടെ കറുത്ത കാർ കണ്ട സാമന്ത ഊബറെന്ന് കരുതി കൈ കാണിച്ചു. കാർ സാമന്തയുടെ മുൻപിൽ പെട്ടെന്നു നിർത്തുകയും സാമന്ത കാറിന്റെ ഡോർ തുറന്നു ബാക്ക് സീറ്റിൽ കയറിയിരിക്കുകയും ചെയ്തു. 14 മണിക്കൂർ നേരത്തെ ക്രൂര പീഡനങ്ങള്‍ക്കു ശേഷമായിരുന്നു മരണം. ഞായറാഴ്ച രാവിലെയോടെയാണ്  കൊലയാളിയുടേതെന്നു സംശയിക്കുന്ന വാഹനം പൊലീസ് കണ്ടെത്തിയത്. കാറിന്‍റെ ഡിക്കിയില്‍ രക്തം പുരണ്ടിരുന്നു. ഇതു സാമന്തയുടേതാണെന്നാണ് പൊലീസ് നിഗമനം.

കൊലയാളിയായ നതാനിയലിനെ പിന്‍തുടര്‍ന്ന അന്വേഷണ സംഘം ഇയാളെ വിദഗ്ധമായി കീഴ്പ്പെടുത്തുകയായിരുന്നു. ബിരുദപഠനം പൂർത്തിയാക്കി നിയമപഠനത്തിനായി കാത്തിരിക്കുമ്പോഴായിരുന്നു സാമന്ത അതിക്രൂരമായി കൊലചെയ്യപ്പെട്ടത്.  തലയിലും കഴുത്തിലും മുഖത്തും കാലിലും ആഴത്തിൽ മുറിവേറ്റിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണു സമന്ത സഞ്ചരിച്ചിരുന്ന കാറിനെപ്പറ്റി പൊലീസിനു വിവരം ലഭിച്ചത്. കാറിൽ ഉണ്ടായിരുന്ന നതാനിയേലിന്റെ പെൺസുഹൃത്തിനെയും പൊലീസ് ചോദ്യം ചെയ്തു. ഇയാളുടെ കയ്യിൽ നിന്നു കഞ്ചാവ് കണ്ടെത്തിയതായി കൊളംബിയ പൊലീസ് വക്താവ് ജെന്നിഫർ തോംസൺ പറഞ്ഞു,

സാമന്തയുടെ പിതാവിന്റെ  സമൂഹമാധ്യമങ്ങളിലെ കുറിപ്പും കണ്ണീർ നനവായി. എനിക്ക് എന്റെ മകളെ നഷ്ടപ്പെട്ടു. അതിയായ ഹൃദയവേദനയോടു കൂടിയാണ് ഞാൻ ഇതു കുറിക്കുന്നത്. എന്റെ അവസാനശ്വാസം വരെ അവളെ ഞാൻ സ്നേഹിക്കും. സാമന്തയുടെ കൊലപാതകത്തിൽ യുഎസിൽ വൻ പ്രതിഷേധമാണ് അരങ്ങേറുന്നത്. തെരുവുകളിൽ പ്രതിഷേധങ്ങളും സാമന്തയ്ക്കു വേണ്ടിയുളള പ്രാർത്ഥനകളും നടന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com