ADVERTISEMENT

ന്യൂഡൽഹി∙ ദേശീയ പ്രതിരോധ ഗവേഷണ വികസന കേന്ദ്രത്തിന്റെ (ഡിആർഡിഒ) എമിസാറ്റ് ഉൾപ്പെടെ 29 ഉപഗ്രഹങ്ങളുമായി ഐഎസ്ആർഒ പിഎസ്എൽവി– സി 45 കുതിച്ചുയർന്നു. രാവിലെ 9.27നു ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽനിന്നായിരുന്നു വിക്ഷേപണം. 3 മണിക്കൂർ ദൈർഘ്യമുള്ളതായിരിക്കും വിക്ഷേപണം. പിഎസ്എൽവിയുടെ 47–ാം ദൗത്യമാണ് ഇത്.

3 ഭ്രമണപഥങ്ങളിൽ പ്രവർത്തനം കാഴ്ചവയ്ക്കുന്ന ഇന്ത്യൻ ദൗത്യമാണ് സി45. 436 കിലോ ഭാരമുള്ള എമിസാറ്റ് ഉപഗ്രഹത്തെ ഭൂമിയിൽനിന്നു 749 കിലോമീറ്റർ ഉയരമുള്ള ഭ്രമണപഥത്തിൽ എത്തിക്കുന്നതാണ് ആദ്യദൗത്യം. ഇതിനു ശേഷം താഴ്ന്ന് 504 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലെത്തും. ഇവിടെ 220 കിലോ ഭാരം വരുന്ന ബാക്കി ഉപഗ്രഹങ്ങളെ പുറന്തള്ളും. ഇതിനു ശേഷം വീണ്ടും താഴ്ന്ന് 485 കിലോമീറ്റർ ഉയരത്തിൽ പിഎസ്എൽവിയുടെ നാലാംഘട്ടം (അവേശഷിക്കുന്ന ഭാഗം) നിൽപുറപ്പിക്കും. ഭാവി ബഹിരാകാശ പരീക്ഷണങ്ങൾക്കു വേണ്ടിയാണിത്.

മൂന്നു പ്രധാന പരീക്ഷണ സംവിധാനങ്ങളാണു ഇതിലുള്ളത്. കപ്പലുകളിൽനിന്നു സന്ദേശം പിടിച്ചെടുക്കാനുള്ള ഓട്ടമാറ്റിക് ഐഡന്റിഫിക്കേഷൻ സിസ്റ്റം, റേഡ‍ിയോയുമായി ബന്ധപ്പെട്ട ഓട്ടമാറ്റിക് പാക്കറ്റ് റിപ്പീറ്റിങ് സിസ്റ്റം, അന്തരീക്ഷത്തിലെ അയണോസ്ഫിയറിനെ പഠിക്കാനുള്ള എആർഐഎസ് എന്നിവയാണിവ.

എമിസാറ്റ് ആണു താരം

പ്രതിരോധ ഗവേഷണത്തിനും നിരീക്ഷണത്തിനും സഹായകമാകുന്ന എമിസാറ്റാണു വിക്ഷേപണത്തിലെ താരം. ഇലക്ട്രോണിക് ഇന്റലിജൻസ് സാറ്റലൈറ്റ് വിഭാഗത്തിൽപെടുന്ന ഇത് ഇസ്രയേലിന്റെ ചാര ഉപഗ്രഹം സരലിനെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. രാജ്യം പൂർണമായും എമിസാറ്റിന്റെ റേഞ്ചിനുള്ളിലാണ്. അതിർത്തി നിരീക്ഷണത്തിലും റഡാറുകളിൽനിന്നുള്ള സന്ദേശങ്ങൾ പിടിച്ചെടുക്കുന്നതിലും ഉപഗ്രഹം സഹായകരമാകും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com