ADVERTISEMENT

തിരുവനന്തപുരം∙ ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിനെതിരായ എൽഡിഎഫ് കൺവീനർ എ.വിജയരാഘവന്റെ പരാമര്‍ശം ശരിയായില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിമര്‍ശനം. തിരഞ്ഞെടുപ്പുകാലത്ത് വാക്കുകള്‍ ജാഗ്രതയോടെ ഉപയോഗിക്കണമെന്നും യോഗം നേതാക്കള്‍ക്കു പൊതുനിര്‍ദേശം നല്‍കി.

എ. വിജയരാഘവന്‍ പ്രസംഗത്തില്‍ ജാഗ്രത പുലര്‍ത്തേണ്ടിയിരുന്നുവെന്നാണു സെക്രട്ടേറിയറ്റിലുയര്‍ന്ന വിമര്‍ശനം. അനാവശ്യവിവാദങ്ങളിലേക്കു പാര്‍ട്ടിയെയും മുന്നണിയെയും വലിച്ചിഴച്ചു. മേലില്‍ നേതാക്കള്‍ വാക്കുകള്‍ സൂക്ഷിച്ചുപയോഗിക്കണമെന്ന പൊതു നിര്‍ദേശവും സെക്രട്ടേറിയറ്റ് നല്‍കി. അതേസമയം, വിജയരാഘവന്‍ ഖേദം പ്രകടിപ്പിക്കേണ്ട ആവശ്യമില്ലെന്നാണു യോഗത്തിന്റെ വിലയിരുത്തല്‍. പ്രശ്നത്തില്‍ കേന്ദ്രനേതൃത്വം ഇടപെടേണ്ട സാഹചര്യമില്ലെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി കൊച്ചിയില്‍ പറഞ്ഞിരുന്നു.

രാഹുല്‍ ഗാന്ധി മല്‍സരിക്കുന്ന വയനാട്ടില്‍ ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയെ പ്രചാരണത്തിനിറക്കാനും സെക്രട്ടേറിയറ്റ് തീരുമാനിച്ചു. വയനാട്ടിലേക്കു പ്രചാരണത്തിനെത്തുന്ന േനതാക്കളുടെ ആദ്യപട്ടികയില്‍ സീതാറാം യച്ചൂരി ഇടംപിടിച്ചിരുന്നില്ല. രാഹുല്‍ ഗാന്ധിയോടുള്ള സമീപനത്തിന്റെ ഭാഗമായാണു യച്ചൂരിയുടെ വിട്ടുനില്‍ക്കലെന്ന് ആക്ഷേപവും ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണു യച്ചൂരിയെ വയനാട്ടിലേക്കു നിയോഗിക്കാന്‍ സെക്രട്ടേറിയറ്റ് തീരുമാനിച്ചത്.

വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ വരവു മറ്റു മണ്ഡലങ്ങളില്‍ യാതൊരു ചലനവുമുണ്ടാക്കില്ലെന്നാണു സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍. ഫലം വരുമ്പോള്‍ കൃത്യമായ മേല്‍ക്കൈ ഇടതുമുന്നണിക്കുണ്ടാവുമെന്നും യോഗം കണക്കുകൂട്ടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com