ADVERTISEMENT

കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷം നേടിയാണു നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ അധികാരത്തിലെത്തിയത്. അതിനു ബിജെപിയെ സഹായിച്ചതാകട്ടെ, ഹിന്ദി ഹൃദയഭൂമിയിലെ പ്രധാന സംസ്ഥാനങ്ങളിലെ മികച്ച പ്രകടനവും. എന്നാൽ ഇത്തവണ യുപിയിലെ എസ്പി–ബിഎസ്പി സഖ്യവും കോൺഗ്രസിന്റെ നേതൃത്വത്തിൽ അണിയറയിൽ ഒരുങ്ങിയ പ്രതിപക്ഷ കക്ഷികളുടെ വിശാല സഖ്യവും ഈ മാറ്റു കുറയ്ക്കുമെന്ന ഭീതി പാർട്ടിക്കുള്ളിലുമുണ്ട്. അതിനാൽ ഇത്തവണ ബംഗാൾ ഉൾപ്പെടുന്ന ‘കിഴക്കുനോക്കി നയ’ത്തിന് ശക്തമായ പിന്തുണ ഉറപ്പാക്കാനാണു പാർട്ടിയുടെ നീക്കം. ഇതിൽ 42 സീറ്റുകളുള്ള ബംഗാൾ എത്രത്തോളം ബിജെപിക്ക് പ്രധാനപ്പെട്ടതാണെന്നു പറയേണ്ടതില്ലല്ലോ!

ആകെ 42, ലക്ഷ്യം 23

ആകെയുള്ള 42 സീറ്റിൽ കുറഞ്ഞത് 23 സീറ്റുകളെങ്കിലും നേടുക എന്നത് ബിജെപിക്ക് ഇത്തവണ കേന്ദ്ര ഭരണം പിടിക്കുന്നതിൽ അത്യന്താപേക്ഷിതമാണ്. 2014ലെ തിരഞ്ഞെടുപ്പിൽ ആകെ രണ്ടു ബിജെപി എംപിമാരെ മാത്രമാണ് ബംഗാൾ പാർലമെന്റിലേക്ക് അയച്ചത്. രാജ്യമെങ്ങും വീശിയടിച്ച മോദി തരംഗത്തിൽ പൂജ്യത്തിൽനിന്ന് രണ്ട് സീറ്റെങ്കിലും നേടാനായതിൽ അവർ സംതൃപ്തരുമായിരുന്നു. എന്നാൽ ഈ രണ്ടിൽനിന്ന് 2019 എത്തുമ്പോൾ 23 എന്ന ‘മാന്ത്രിക’ സംഖ്യയിലേക്കെത്താനാണ് ബിജെപിയുടെ പരിശ്രമം. 

Bengal-lok-sabha-election-2014-results-infographic-map-MAL

താഴെത്തട്ടിലിറങ്ങിയുള്ള പ്രചാരണവും തൃണമൂൽ കോൺഗ്രസിന്റെ മുസ്‌ലിം പ്രീണനവും ഹിന്ദുത്വ ധ്രുവീകരണവും മുൻനിർത്തിയാണ് ഈ 5 കൊല്ലവും ബിജെപി പ്രവർത്തിച്ചത്. ബംഗാളിലെ പ്രസിദ്ധമായ ദുർഗ പൂജ ഉൾപ്പെടെയുള്ള മത ചടങ്ങുകൾ സംഘടിപ്പിക്കുകയും നേതൃത്വം നൽകുകയും ചെയ്തു തങ്ങളുടെ സ്വാധീനശക്തി വർധിപ്പിക്കാൻ ബിജെപി – സംഘപരിവാർ ശക്തികൾ ശ്രമിച്ചിരുന്നു. ബംഗാളിലെ ലോക്സഭാ തിരഞ്ഞെടുപ്പിനെ സെമിഫൈനൽ ആയിട്ടാണു ബിജെപി കാണുന്നത്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് അധികാരം പിടിച്ചെടുക്കുന്നതിൽ കുറഞ്ഞ് ഒരു വിട്ടുവീഴ്ചയ്ക്കും പാർട്ടി തയാറല്ല. 30 കൊല്ലത്തെ ഭരണം കൊണ്ടു ബംഗാൾ ജനതയിൽ വെറുപ്പു സൃഷ്ടിച്ച ഇടതുപക്ഷവും സ്വതവേ തന്നെ അപ്രസക്തമായ കോൺഗ്രസും ഈ നേട്ടത്തിലെത്താൻ ബിജെപിക്ക് ഒരു വെല്ലുവിളിയല്ല. മമതയെ തൂത്തെറിഞ്ഞു ഭരണം പിടിക്കാനുള്ള ശ്രമങ്ങൾക്ക് ഈ തിരഞ്ഞെടുപ്പിലെ പ്രകടനത്തിലൂടെ ആക്കം കൂട്ടാനാണു ബിജെപി ശ്രമിക്കുന്നത്. 

കൂറുമാറ്റക്കാർക്കു പരിഗണന; പ്രവർത്തകരെ തഴഞ്ഞു

തൃണമൂൽ കോൺഗ്രസ്, ഇടതുപക്ഷം, കോൺഗ്രസ് തുടങ്ങിയ പാർട്ടികളിൽനിന്നു കൂറുമാറിയെത്തിയവർക്കു സ്ഥാനാർഥിത്വ പട്ടികയിൽ മുൻഗണന നൽകിയെന്ന പരാതിയാണ് ഇപ്പോൾ ബിജെപി നേതൃത്വം വിവിധ കോണുകളിൽനിന്നു കേൾക്കുന്ന പരാതി. 42ൽ 40 സീറ്റുകളിലെ സ്ഥാനാർഥികളെ ബിജെപി പ്രഖ്യാപിച്ചപ്പോൾ ഇതിൽ 10 പേർ പാർട്ടിമാറിയെത്തിയവരാണ്. ഇരുപതോളം പേർ രാഷ്ട്രീയത്തിൽ മുൻപരിചയം ഇല്ലാത്തവരുമാണ്.

ഇതേത്തുടർന്ന് ഒട്ടേറെ നേതാക്കളാണ് പാർട്ടി പദവികൾ രാജിവച്ചത്. പ്രചാരണത്തിനിറങ്ങാതെയും തങ്ങളുടെ പ്രതിഷേധം നേതൃത്വത്തെ അറിയിച്ചവരുണ്ട്. വിവിധയിടങ്ങളിൽ പ്രവർത്തകർ തന്നെ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരുന്നു. കുച്ച് ബിഹാർ, നോർത്ത് 24 പർഗാനാസ്, ജംഗിൾമഹൽ, ബഹാരംപുർ, ഡയമണ്ട് ഹാർബർ, മാൽഡ സൗത്ത്, മാൽഡ നോർത്ത് തുടങ്ങിയ സ്ഥലങ്ങളിൽ പ്രവർത്തകർ തെരുവിലിറങ്ങി. പലയിടങ്ങളിലും ‘കെട്ടിയിറക്കിയ’ സ്ഥാനാർഥിക്ക് വോട്ട് ചെയ്യരുതെന്നു കാട്ടിയ പോസ്റ്ററുകളുമായിട്ടായിരുന്നു പ്രവർത്തകരുടെ പ്രതിഷേധം.

Bengal Lok sabha elections 2019 graph

പാർട്ടിയുടെ അടിത്തറ കെട്ടിപ്പടുക്കാനിറങ്ങിയ പ്രവർത്തകരെ മറന്നെന്ന വികാരമാണ് ഇവർക്കു പങ്കുവയ്ക്കാനുള്ളത്. സ്ഥാനാർഥി പ്രഖ്യാപനത്തിൽ ചില പ്രതിഷേധങ്ങൾ ഉണ്ടെന്നും എന്നാൽ പാർട്ടി തീരുമാനം എല്ലാവരും അംഗീകരിക്കണമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷ് പറഞ്ഞിരുന്നു. എന്നാൽ സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് കളത്തിൽ ഈ അതൃപ്തി പ്രതിഫലിക്കുമെന്നു മുതിർന്ന നേതാക്കൾ സൂചിപ്പിക്കുന്നുണ്ട്. ഒരിക്കൽ മമതയുടെ വിശ്വസ്തനും പിന്നീടു ബിജെപി പാളയത്തിലെത്തിയ മുകുൾ റോയി കൂറുമാറ്റ സ്ഥാനാർഥികളെ ന്യായീകരിച്ചു രംഗത്തെത്തിയിരുന്നു. ബംഗാളിലെ തൃണമൂലിന്റെ ദുർഭരണത്തിനെതിരെ പോരാടുന്ന ആർക്കുവേണമെങ്കിലും ബിജെപിയിലേക്കു സ്വാഗതം എന്നാണു റോയിയുടെ നിലപാട്. 

സ്ഥാനാർഥി നിർണയം തിരിച്ചടിയായേക്കും?

തൃണമൂലിന്റേതുപോലെ താഴേത്തട്ടിൽ ശക്തമായ അടിത്തറ പാർട്ടി കെട്ടിപ്പൊക്കി വരുന്നതേയുള്ളൂ. ആ സാഹചര്യത്തിൽ അതിനായി മുന്നിട്ടിറങ്ങിയ നേതാക്കളെയും പരിചിതരായ മുഖങ്ങളെയുമാണു നിർത്തേണ്ടിയിരുന്നത്. അപരിചിതരെ നിർത്തുമ്പോൾ അതിനനുസരിച്ചുള്ള പ്രത്യാഘാതങ്ങൾ പാർട്ടി നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പും നേതാക്കൾ അനൗദ്യോഗികമായി സമ്മതിക്കുന്നു. മാൽഡയിലെ രണ്ടു മണ്ഡലങ്ങളിലും നിർത്തിയിരിക്കുന്നത് കൂറുമാറിയെത്തിയവരെയാണ്. പാർട്ടി കേഡറുകളിൽ വൻ പ്രതിഷേധമാണ് ഈ സ്ഥാനാർഥിത്വം വരുത്തിവച്ചിരിക്കുന്നത്. പാർട്ടിയെ മേഖലയിൽ വളർത്തിക്കൊണ്ടുവന്ന പലരെയും തഴഞ്ഞാണു നേതൃത്വം ഈ നിലപാട് സ്വീകരിച്ചത്. 

30 വർഷമായി ബിജെപിക്കൊപ്പമുണ്ടായിരുന്ന, നിലവിൽ സംസ്ഥാന ഘടകത്തിന്റെ ഉപാധ്യക്ഷനുമായ രാജ് കമൽ പഥക്ക്, സീറ്റു നൽകാത്തതിൽ പ്രതിഷേധിച്ച് രാജിവച്ചിരുന്നു. സംസ്ഥാന സെക്രട്ടറി റിതേഷ് തിവാരി, ജനറൽ സെക്രട്ടറിമാരായ രാജു ബാനർജി, ബിശ്വപ്രിയ റോയ് ചൗധരി, ന്യൂനപക്ഷ മോർച്ച അധ്യക്ഷൻ അലി ഹുസൈൻ തുടങ്ങിയവരെയും പുതുമുഖങ്ങൾക്കും കൂറുമാറിയെത്തിയവർക്കും വേണ്ടി തഴഞ്ഞിരുന്നു. 

കൂറുമാറിയ പ്രമുഖർ

∙ ഒരിക്കൽ മമത ബാനർജിയോട് അടുത്ത ബന്ധം പുലർത്തിയിരുന്ന മുൻ ഐപിഎസ് ഓഫിസർ ഭാരതി ഘോഷ് ഇപ്പോൾ ഘട്ടൽ സീറ്റിൽനിന്നു തൃണമൂൽ നേതാവും നടനുമായ ദീപക് അധികാരിക്കെതിരെ ബിജെപി സ്ഥാനാർഥിയാണ്.

∙ അടുത്തിടെ തൃണമൂൽ വിട്ടു ബിജെപിയിലെത്തിയ എംഎൽഎ അർജുൻ സിങ്ങാണ് ബാരക്പുരിൽ തൃണമൂലിന്റെ ദിനേശ് ത്രിവേദിക്കെതിരെ മൽസരിക്കുന്നത്. 

∙ കുച്ച് ബിഹാർ സീറ്റിൽ തൃണമൂൽ യൂത്ത് മുന്‍ നേതാവ് നിഷിത് പ്രമാണിക്കും ജാദവ്പുരിൽ തൃണമൂൽ പുറത്താക്കിയ എംപി അനുപം ഹസ്രയും ബിജെപിക്കായി മൽസരിക്കുന്നു. 

∙ ജനുവരിയിൽ ബിജെപിയിൽ ചേർന്ന തൃണമൂൽ മുൻ എംപി സൗമിത്ര ഖാൻ ബിഷ്ണുപുരിൽനിന്നും ജനവിധി തേടുന്നുണ്ട്.

∙ മാൽഡ നോർത്തിൽനിന്ന് സിപിഎം എംഎൽഎയായിരുന്ന ഖാഗെൻ മുർമുവും മാൽഡ സൗത്തിൽനിന്ന് തൃണമൂൽ മുൻ നേതാവ് ശ്രീരുപ മിത്ര ചൗധരിയും മൽസരിക്കുന്നു. 2014ൽ തൃണമൂൽ ടിക്കറ്റിൽ ന്യൂഡൽഹിയിൽനിന്നു മൽസരിച്ചയാളാണ് ചൗധരി. 

∙ ജാൻകിപുരിൽ സിപിഎം നേതാവായിരുന്ന മഫൂസ ഖതുനും ഡയമണ്ട് ഹാർബറിൽനിന്ന് മുൻ കോൺഗ്രസ് നേതാവ് നിലാഞ്‍ജൻ റോയിയും ജനവിധി തേടുന്നു. 

സ്ഥാനാർഥി നിർണയം സർവേയിലൂടെ

‍രാജ്യമെങ്ങും ബിജെപി സ്ഥാനാർഥികളെ നിർത്തിയത് പാർട്ടിക്കകത്തും പുറത്തും നടത്തിയ സർവേകളിലൂടെയാണ്. ഇതിനായി പുറത്തുനിന്നുള്ള ഏജൻസികളെയാണ് പാർട്ടി നിയോഗിച്ചത്. ഏതു മണ്ഡലത്തിൽ ആർക്കൊക്കെയാണു സ്വാധീനം, വിജയസാധ്യത, തുടങ്ങിയവ മാനദണ്ഡമാക്കിയാണ് ഈ സർവേ നടത്തിയത്. ബീർഭുമിൽനിന്നു സീറ്റ് പ്രതീക്ഷിച്ചിരുന്ന ബിജെപി മഹിള മോർച്ച പ്രസിഡന്റ് ലോക്കറ്റ് ചാറ്റർജിയെ പാർട്ടി നിർത്തിയത് ഹൂഗ്ലിയിലാണ്. സർവേയിൽ ബീർഭുമിലേക്കാൾ ഹൂഗ്ലിയിലാണ് അവർ കൂടുതൽ വോട്ട് നേടാൻ സാധ്യതയെന്നു കണ്ടെത്തിയിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com