ADVERTISEMENT

തൃശൂർ ∙ ബാഗിൽ 2 കുപ്പി പെട്രോളും ഒരു കുപ്പി വിഷവുമായാണ് നിധീഷ് ചിയ്യാരത്തെത്തിയത്. പെട്രോൾ കൊണ്ടുവന്നത് നീതുവിന്റെ ജീവനെടുക്കാനും വിഷം കരുതിയത് സ്വയം ജീവനൊടുക്കാനും. നീതുവിന്റെ ജീവനെടുക്കുന്നതു വരെയുള്ള കാര്യങ്ങളിൽ ആസൂത്രണം കൃത്യമായിരുന്നെങ്കിലും പിന്നീടങ്ങോട്ടു നിധീഷ് വിചാരിച്ചതു പോലെയല്ല നടന്നത്. നീതുവിന്റെ ബന്ധുക്കൾ പിടിച്ച‍ുകെട്ടിയതോടെ വിഷം കഴിച്ചു മരിക്കാനുള്ള നിധീഷിന്റെ ആലോചന പൊളിഞ്ഞു.

കൃത്യമായ ആസൂത്രണത്തിനൊടുവിലാണ് നിധീഷ് ചിയ്യാരത്തു നീതുവിന്റെ വീട്ടിൽ എത്തിയതെന്നു പൊലീസിനു ബോധ്യപ്പെട്ടു. രാവിലെ നാലരയോടെ തന്നെ ഇയാൾ വീടിന്റെ പരിസരത്തെത്തിയിരുന്നെങ്കിലും അടുക്കള വാതിൽ തുറക്കുന്നതുംകാത്ത് 2 മണിക്കൂറോളം പുറത്തു ചെലവഴിച്ചു. ബൈക്ക് വീടിനു മുൻഭാഗത്തു പാർക്ക് ചെയ്യുന്നതിനു പകരം സമീപത്തെ ഇടറോഡിലാണു വച്ചത്. ചെരിപ്പ് ബൈക്കിനു താഴെ ഊരിയിട്ടിരുന്നു. ബാഗിൽ 2 കുപ്പിയിൽ പെട്രോൾ നിറച്ചു സൂക്ഷിച്ചിരുന്നു.

ഉപയോഗിച്ചു പഴകാത്ത വിലയേറിയ കത്തിയും ബാഗിനുള്ളിലുണ്ടായിരുന്നു. ഒരു ജോടി കയ്യുറയും കരുതി. വീട്ടിലേക്കു നേരിട്ടു കടക്കുന്നതിനു പകരം സമീപത്ത‍ു താമസിക്കുന്ന നീതുവിന്റെ അമ്മാവൻ വാസുദേവന്റെ വളപ്പിലൂടെ കടന്ന് നീതുവിന്റെ വീടിന്റെ പിന്നിലെത്തുകയായിരുന്നു. ആറരയോടെ അടുക്കളവാതിൽ കടന്ന് ഉള്ളിലെത്തി. കത്തികൊണ്ടു പല വട്ടം കുത്തിയെങ്കിലും അഞ്ചിടത്താണ് സാമാന്യം ആഴത്തിലുള്ള മുറിവുകളുണ്ടായത്. കഴുത്തിലേറ്റ മുറിവിനു സാമാന്യം ആഴമുണ്ടെങ്കിലും മരണകാരണമായേക്കാവുന്ന തരത്തിലുള്ള മുറിവുകളൊന്നുമില്ല. കുത്തേറ്റു വീണപ്പോഴാണ് നീതുവ‍ിനു മേൽ പെട്രോൾ ഒഴിച്ചു തീ കൊളുത്തിയത്.

സമീപത്തെ വീടുകളിൽ നിന്നു ബന്ധുക്കളും നാട്ടുകാരുമെത്തി യുവാവിന്റെ കൈകൾകെട്ടിയ ശേഷം പൊലീസിനെ വിളിച്ചു വരുത്തുകയായിരുന്നു. നീതുവിനെ ആശുപത്രിയിലേക്കു കൊണ്ടുപോകാൻ കാറിൽ കയറ്റുന്നതു വരെ ജീവനുണ്ടായിരുന്നതായി സമീപവാസികൾ പറയുന്നു. കമ്മിഷണർ ജി.എച്ച്. യതീഷ് ചന്ദ്രയുടെയും എസിപി എസ്. ഷംസുദീന്റെയും നേതൃത്വത്തിലുള്ള പൊലീസ് സംഘം മേൽനടപടികൾ സ്വീകരിച്ചു.

പെട്രോൾ ബൈക്കിൽ നിന്ന് ഊറ്റിയതോ?

2 കുപ്പി നിറയെ പെട്രോൾ നിധ‍ീഷ് എങ്ങനെ സംഘടിപ്പിച്ചുവെന്നു പൊലീസ് പരിശോധിക്കുന്നു. പെട്രോളൊഴിച്ചു തീകൊളുത്തിയുള്ള കൊലപാതകങ്ങൾ വർധിച്ച സാഹചര്യത്തിൽ കുപ്പികളിൽ പെട്രോൾ വിൽക്കുന്നതു പെട്രോൾ പമ്പുകൾ അവസാനിപ്പിച്ചിരുന്നു. ഒരു‍കാരണവശാലും പെട്രോൾ കുപ്പിയിൽ നൽകാൻ പാടില്ലെന്നു പൊലീസിന്റെ കർശന നിർദേശവുമുണ്ട്. ഈ സാഹചര്യത്തിൽ നിധീഷ് കര‍ുതിയത് ബൈക്കിൽ നിന്ന് ഊറ്റിയെടുത്ത പെട്രോൾ ആണെന്നു കരുതുന്നു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com