ADVERTISEMENT

ഹൈദരാബാദ് ∙ വിശാല പ്രതിപക്ഷ സഖ്യം, തൂക്കുനിയമസഭ വന്നാൽ ഭരണമുറപ്പിക്കാൻ വോട്ടെണ്ണലിന്റെ തലേന്ന് പ്രതിപക്ഷ നേതാക്കളുടെ ഗവർണറെ കാണൽ, മന്ത്രിപദം ഉറപ്പിക്കാൻ മുൻകൂട്ടി ചരടുവലികൾ, ഒടുവിൽ ഫലം വന്നപ്പോഴോ? ദാ കിടക്കുന്നു... തകർന്നു തരിപ്പണമായി. മൂന്നു മാസങ്ങൾക്കു മുൻപ് നടന്ന തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി ഏറ്റുവാങ്ങിയതിന്റെ ആഘാതത്തിൽ നിന്ന് പ്രതിപക്ഷ പാർട്ടികൾക്ക് ഇനിയും കരകയറാനായിട്ടില്ല. നിർണായക ലോക്സഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ പോലും മടിച്ച് പ്രതിപക്ഷ പാർട്ടികൾ മാറിനിൽക്കുന്നു എന്നതാണ് ടിആർഎസ് സർക്കാരിന്റെ പ്രതീക്ഷകൾ വാനോളമുയർത്തുന്നത്.

വൻവിജയം ഉറപ്പിച്ച് ടിആർഎസ്

മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവിന്റെ (കെസിആർ) നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിനെ തൂത്തെറിയാമെന്ന പ്രതീക്ഷയിലാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ വിശാലപ്രതിപക്ഷ സഖ്യം രൂപപ്പെട്ടത്. കോൺ‌ഗ്രസിനെ കൂടാതെ ടിഡിപി, സിപിഐ, ടിജെഎസ്, മുസ്ലിംലീഗ് തുടങ്ങിയ പാർട്ടികളാണ് സഖ്യത്തിലുണ്ടായിരുന്നത്.

എന്നാൽ തെലങ്കാന സംസ്ഥാന രൂപീകരണത്തെ എതിർത്ത പാർട്ടിയെന്ന ടിഡിപിക്കെതിരായ ടിആർഎസിന്റെ വ്യാപക പ്രചാരണം കുറച്ചൊന്നുമല്ല ആ സഖ്യത്തിന്റെ സാധ്യതകളെ പിന്നോട്ടടിച്ചത്. എംഎൽഎമാരുടെ എണ്ണം 63–ൽ നിന്ന് 88–ആയി ഉയർത്തിയാണ് ടിആർഎസ് കരുത്തുകാട്ടിയത്. നിയമസഭാ തിരഞ്ഞെടുപ്പിൽ നിന്ന് ഒട്ടും വ്യത്യസ്തമല്ല നിലവിൽ സംസ്ഥാനത്തെ സാഹചര്യം.

Telangana-Constituency-seats-2014-map

കിങ്മേക്കറാകാൻ ചന്ദ്രശേഖർ റാവു

സംസ്ഥാനഭരണം നിലനിർത്തിയ ശേഷം ഡൽഹിയിലേക്കു ശ്രദ്ധ കേന്ദ്രീകരിക്കുക; കാലാവധി അവസാനിക്കാൻ ഒൻപതു മാസത്തോളം ഉണ്ടായിരിക്കെ നിയമസഭ പിരിച്ചുവിട്ട കെസിആറിന്റെ തന്ത്രം ഫലംകണ്ടു. മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികളെ ഒപ്പംകൂട്ടി ദേശീയതലത്തിൽ ഒരു ഫെഡറൽ മുന്നണി രൂപീകരിക്കുകയെന്ന ലക്ഷ്യത്തിനായുള്ള പരിശ്രമത്തിലാണ് ഇപ്പോൾ കെസിആർ. അതിനായുള്ള നീക്കങ്ങൾ വിജയിച്ചിട്ടില്ലെങ്കിലും ഇനിയും സമയമുണ്ടെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

ഒരു മുന്നണിയ്ക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിലെ സാധ്യതകളിലേക്കാണ് അദ്ദേഹത്തിന്റെ പ്രതീക്ഷകളത്രയും; ഫെഡറൽ മുന്നണിയുടെ നേതൃത്വത്തിൽ ബിജെപി, കോൺഗ്രസ് ഇതര സർക്കാർ, അല്ലെങ്കിൽ കേന്ദ്രഭരണത്തെ നിയന്ത്രിക്കുന്ന നിർണായക ശക്തിയാകുക. സംസ്ഥാനത്ത് മിന്നുംവിജയം നേടി ആ സ്വപ്നത്തിലേക്ക് ചുവടുവയ്ക്കാനുള്ള പ്രയത്നത്തിലാണ് കെസിആർ.

മൽസരിക്കാതെ ടിഡിപി; മൂന്നിടത്ത് ടിജെഎസ്

നിയമസഭാ തിരഞ്ഞെടുപ്പിൽ രൂപപ്പെട്ട വിശാല പ്രതിപക്ഷസഖ്യം ഔദ്യോഗികമായി നിലവിലില്ലെങ്കിലും ഇത്തവണ മറ്റൊരു രൂപത്തിലാണ് പ്രതിപക്ഷത്തിന്റെ പരീക്ഷണം. ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് മൽ‌സരിക്കേണ്ടതില്ലെന്നാണ് ടിഡിപി തീരുമാനം. 17 മണ്ഡലങ്ങളിലും കോൺഗ്രസിന്റെ സ്ഥാനാർഥികളെ പാർട്ടി പിന്തുണയ്ക്കും.

തെലങ്കാന ജനസമിതി (ടിജെഎസ്) മൂന്നു മണ്ഡലങ്ങളിൽ (മഹ്ബൂബാബാദ്, ഖമ്മം, ഹൈദരാബാദ്) മൽസരിക്കും; മറ്റു മണ്ഡലങ്ങളിൽ കോൺഗ്രസ് സ്ഥാനാർഥികളെ പിന്തുണയ്ക്കും. സിപിഐയും സിപിഎമ്മും നാലു മണ്ഡലങ്ങളിൽ സീറ്റുധാരണയുണ്ട്. സിപിഐ മഹ്ബൂബാബാദ്, ബോംൺഗീർ മണ്ഡലങ്ങളിലും സിപിഎം ഖമ്മം, നൽഗോണ്ട മണ്ഡലങ്ങളിലും ജനവിധി തേടും. മറ്റു മണ്ഡലങ്ങളിൽ പിന്തുണ കോൺഗ്രസ് സ്ഥാനാർഥികൾക്ക്.

തിരിച്ചുവരവിന് കോൺഗ്രസ്

ആകെയുള്ള 17 മണ്ഡലങ്ങളിലും സ്ഥാനാർ‌ഥികളെ രംഗത്തിറക്കി നേർക്കുനേർ പോരാട്ടത്തിനാണ് കോൺഗ്രസിന്റെ ശ്രമം. തെലങ്കാന സംസ്ഥാന രൂപീകരണത്തെ എതിർത്ത ടിഡിപിയുമായി സഖ്യമുണ്ടാക്കിയതാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടിയായതെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സഖ്യം തുടരേണ്ടതില്ലെന്ന് കോൺഗ്രസ് തീരുമാനിച്ചത്.

പ്രതിപക്ഷസഖ്യം ഔദ്യോഗികമായി നിലവിലില്ലാത്തതിനാൽ സഖ്യത്തിനെതിരെ നിയമസഭാ തിരഞ്ഞെടുപ്പിൽ ടിആർഎസ് ഉയർത്തിയ വ്യാപകപ്രചാരണങ്ങൾ ഇത്തവണ വിലപ്പോകില്ലെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. ദേശീയതലത്തിൽ ബിജെപിയെ നേരിടുന്ന പാർട്ടിയെന്നതും വോട്ടായി മാറുമെന്നു പാർട്ടി വിലയിരുത്തുന്നു.

ബിജെപി, ടിആർഎസ് വിരുദ്ധ പാർട്ടികളുടെ പിന്തുണ തേടി കോൺഗ്രസ് നടത്തിയ അഭ്യർഥനയ്ക്ക് അനുകൂല പ്രതികരണവുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയതും കോൺഗ്രസിനു പ്രതീക്ഷ പകരുന്നു.

നിലനിൽപ്പിനായി പോരാടാൻ ബിജെപി

സംസ്ഥാനത്ത് കാര്യമായി നേട്ടങ്ങളുണ്ടാക്കാൻ സാധിച്ചിട്ടില്ലാത്ത ബിജെപി മോദി മാജിക്കിൽ പ്രതീക്ഷവച്ചാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ബിജെപി അനൂകൂല തരംഗമുണ്ടായ 2014ൽ പോലും സംസ്ഥാനത്ത് ഒരു സീറ്റിലേ ജയിക്കാനായുള്ളൂവെന്നതാണ് പാർട്ടി സംസ്ഥാന ഘടകത്തെ ആശങ്കയിലാഴ്ത്തുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ കനത്ത പരാജയത്തിന്റെ കൂടി അടിസ്ഥാനത്തിൽ നിലവിലുള്ള ഒരു ലോക്സഭാ സീറ്റ് നിലനിർത്തുകയെന്ന വെല്ലുവിളിയും സംസ്ഥാന നേതൃത്വത്തിനു മുന്നിലുണ്ട്.

കഴിഞ്ഞ തവണ ബിജെപി 33.62% വോട്ടു നേടി വിജയിച്ച സെക്കന്ദരാബാദ് മണ്ഡലത്തിൽ ഇത്തവണ ശക്തമായ പോരാട്ടമാണ്. മണ്ഡലം നിലനിർത്തുകയെന്ന ലക്ഷ്യത്തോടെ മുൻ കേന്ദ്രമന്ത്രിയും മണ്ഡലത്തിലെ സിറ്റിങ് എംപിയുമായ ബന്ദാരു ദത്താത്രേയയെ ഒഴിവാക്കി മുൻ സംസംഥാന അധ്യക്ഷനും മൂന്നു തവണ എംഎൽഎയുമായ ജി.കിഷൻ റെഡ്ഡിയെയാണ് പാർട്ടി രംഗത്തിറക്കിയിരിക്കുന്നത്.

സംസ്ഥാനത്ത് ആകെയുള്ള 17 ലോക്സഭാ സീറ്റുകളിൽ 11 –ലും 2014ൽ ടിആർഎസ് ആണ് ജയിച്ചത്. കോൺഗ്രസ് രണ്ടും ബിജെപി, ടിഡിപി, വൈഎസ്ആർ കോൺഗ്രസ്, എഐഎംഐഎം എന്നീ പാർട്ടികൾ ഓരോ സീറ്റ് വീതമാണ് ജയിച്ചത്.

English Summary: Telangana Election- TRS, TDP expectations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com