ADVERTISEMENT

ദദ്ര നഗർ ഹവേലി ഇന്ത്യയുടെ ഭാഗമാകുന്നത് 1961ലാണ്. 1967ലെ ആദ്യതിരഞ്ഞെടുപ്പിൽ കോൺഗ്രസ് മണ്ഡലം പിടിച്ചു. തുടർന്ന് 71 ലും 77ലും  സീറ്റ് നിലനിർത്തുകയും കോൺഗ്രസിന്റെ സുപ്രധാന മണ്ഡലമായിമാറുകയും ചെയ്തു. എന്നാൽ കോൺഗ്രസിനെ കൈവിട്ട മണ്ഡലം കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും ബിജെപിക്ക് ഒപ്പമായിരുന്നു. നഗർ ഹവേലി സ്ഥിതി ചെയ്യുന്നത് ഗുജറാത്തിനും മഹാരാഷ്ട്രയ്ക്കും ഇടയിലാണ്. നഗർ ഹവേലിയിൽ നിന്ന് ഏതാനും കിലോമീറ്റർ വടക്ക് മാറി ഗുജറാത്തിലാണ് ദദ്ര സ്ഥിതി ചെയ്യുന്നത്. ആദിവാസി വിഭാഗമാണ് ജനസംഖ്യയിൽ ഭൂരിഭാഗവും.

ഒരു ലോക്സഭ മണ്ഡലമാണ് ദദ്ര നാഗർ ഹവേലിയിലുള്ളത്. പട്ടിക വർഗ്ഗ സംവരണ മണ്ഡലമായ ദദ്ര നാഗർ ഹവേലിയിലെ സിറ്റിങ് എംപി ബിജെപിയുടെ നാഥുഭായി പട്ടേൽ. ഇന്ത്യൻ നാഷനൽ കോണ്‍ഗ്രസിന്റെ കരുത്തനായ നേതാവ് മോഹൻഭായി ദേല്‍ക്കറെ പരാജയപ്പെടുത്തിയാണ് ബിജെപി കഴിഞ്ഞ തവണ മണ്ഡലം നിലനിർത്തിയത്. 1989 മുതൽ 2004 വരെ ആറു തവണ ദദ്ര നാഗർ ഹവേലിയിൽ നിന്നു ലോക്സഭയിൽ എത്തിയ നേതാവാണ് മോഹൻഭായി ദേല്‍ക്കർ. എന്നാൽ 2009 ൽ 618 വോട്ടിന് നാഥുഭായി പട്ടേലിനോട് ദേല്‍ക്കർ പരാജയം ഏറ്റുവാങ്ങി. 2014ൽ  80,790 വോട്ട് നേടി 6214 വോട്ടിന്റെ ഭൂരിപക്ഷത്തിൽ നാഥുഭായി പട്ടേൽ വിജയം ആവർത്തിച്ചു.

Dadra-Nagar-Haveli-ok-sabha-election-2014-results-info-graphic-map

തിരിച്ചടി നേരിട്ട് കോൺഗ്രസ് 

ബിജെപിക്ക് ശക്തമായ വെല്ലുവിളി സൃഷ്ടിച്ച് കോൺഗ്രസ് രംഗത്തുണ്ട്. എന്നാൽ ആറു തവണ എംപിയും ദദ്ര നാഗർ ഹവേലി കോൺഗ്രസ് അധ്യക്ഷനുമായിരുന്ന മോഹൻഭായി ദേൽക്കർ പാർട്ടി വിട്ടത് കോൺഗ്രസിന്റെ കരുത്ത് ചോർത്തി. മോഹൻഭായി ദേൽക്കർ സ്വതന്ത്ര സ്ഥാനാർഥിയായി മൽസരരംഗത്തുണ്ട്. മണ്ഡലത്തിലുണ്ടായ അപ്രതീക്ഷിത നീക്കം കോൺഗ്രസിനു മാത്രമല്ല ബിജെപിക്കും തിരിച്ചടിയാണ്. ദേൽക്കർ സ്വതന്ത്ര സ്ഥാനാർഥിയായതോടെ ശക്തമായ ത്രികോണ മൽസരമാണു പ്രതീക്ഷിക്കുന്നത്. 1989ലും 1999 ലും സ്വതന്ത്രനായി മൽസരിച്ചാണ് മോഹൻഭായി ദേൽക്കർ ലോക്സഭയിൽ എത്തിയത്. 1998ൽ ബിജെപി ടിക്കറ്റിലും ദേൽക്കർ വിജയിച്ചിരുന്നു. പ്രഭു രത്നാഭായി ടോക്കിയ ആണ് കോൺഗ്രസ് സ്ഥാനാർഥി.

ബിജെപിക്കുള്ളില്‍ പൊട്ടിത്തെറി

സിറ്റിങ് എംപിയെ വീണ്ടും നോമിനേറ്റ് ചെയ്തത് ബിജെപിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി. നാഥുഭായി പട്ടേലിന് സീറ്റ് നൽകിയതിൽ പ്രതിഷേധിച്ച് കിസാൻ മോർച്ചയുടെ മഹിളാ സമിതി ദേശീയ സെക്രട്ടറി അങ്കിത പട്ടേൽ അമിത് ഷായ്ക്ക് രാജി സമർപ്പിച്ചിരുന്നു. നാഥുഭായി പട്ടേലിനെതിരെ ഇവർ രൂക്ഷവിമർശനം നടത്തുകയും ചെയ്തു. രണ്ടു തവണ അധികാരത്തിലെത്തിയിട്ടും മണ്ഡലത്തിൽ വികസനപ്രവർത്തനങ്ങളൊന്നും നടത്തിയിട്ടില്ലെന്ന് അങ്കിത ആരോപിച്ചു. സിറ്റിങ് എംപിയുടെ പ്രവർത്തനത്തിനെതിരെ പാർട്ടിക്ക് ഉള്ളിൽ നിന്നു തന്നെ വിമർശനം ഉയർന്നതു ബിജെപിയെ പ്രതിരോധത്തിലാക്കുന്നു. വിദ്യാഭ്യാസരംഗത്തും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും മണ്ഡലം ഏറെ പിന്നിലാണെന്നാണ് ആരോപണം.

ഗുജറാത്തിലെ രാഷ്ട്രീയം മണ്ഡലത്തിൽ ശക്തമായ സ്വാധീനം സൃഷ്ടിക്കും. നരേന്ദ്ര മോദി 2014ൽ പ്രധാനമന്ത്രി സ്ഥാനാർഥിയായി വഡോദരയിൽ നിന്നു ജനവിധി തേടിയപ്പോൾ സംസ്ഥാനത്തെ 26 മണ്ഡലങ്ങളും ബിജെപിക്ക് ഒപ്പം നിന്നു. ഗുജറാത്തിൽ ആഞ്ഞടിച്ച ഈ തരംഗം സംസ്ഥാനത്തോടു ചേർന്ന ദമൻ ‍ദിയു, ദദ്ര നാഗർ ഹവേലി എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലും ബിജെപിയെ പിന്തുണച്ചു.

എന്നാൽ നിലവിലെ പ്രതികൂല കാലാവസ്ഥയിൽ ഈ നേട്ടം ആവർത്തിക്കാൻ ബിജെപി കനത്ത പോരാട്ടം കാഴ്ചവയ്ക്കണം. മോദി ഗുജറാത്തിൽ നിന്നു ജനവിധി തേടുന്നില്ലെങ്കിലും ഗാന്ധി നഗറിൽ അമിത് ഷാ മൽസരിക്കുന്നത് പാർട്ടിക്ക് ഗുണം ചെയ്യുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി. ഏപ്രിൽ 23 ന് മൂന്നാം ഘട്ടത്തിലാണ് മണ്ഡലത്തിലെ വിധിയെഴുത്ത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com