ADVERTISEMENT

ടെഹ്റാന്‍/വാഷിങ്ടന്‍∙ ഇറാനിലെ സേനാ വിഭാഗമായ വിപ്ലവ ഗാര്‍ഡിനെ ഭീകരസംഘമായി പ്രഖ്യാപിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തെ ഏറെ ആശങ്കയോടെയാണു ലോകരാജ്യങ്ങള്‍ നോക്കിക്കാണുന്നത്. ഇറാന്റെ ആകെ ജിഡിപിയുടെ 20 ശതമാനത്തോളം നിയന്ത്രിക്കുന്ന തരത്തില്‍ വ്യവസായ രംഗത്ത് ഉള്‍പ്പെടെ അതിശക്തമായ സ്വാധീനമായി മാറിക്കഴിഞ്ഞ ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡിനെ(ഐആര്‍ജിസി) അത്രയെളുപ്പം വരുതിയിലാക്കാന്‍ കഴിയില്ലെന്നു തന്നെയാണ് ഈ രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുന്നത്. പെന്റഗണ്‍ റിപ്പോര്‍ട്ടുകളെ മറികടന്നാണ് ട്രംപിന്റെ നടപടിയെന്നതും ശ്രദ്ധേയമാണ്.

ബെനാമി ഇടപാടുകളിലൂടെ വിവിധ രാജ്യങ്ങളില്‍ വേരുകളുള്ള വിപ്ലവ ഗാര്‍ഡുമായി കൂട്ടിച്ചേര്‍ത്ത് വര്‍ഷങ്ങള്‍ക്കു മുമ്പു ഡോണള്‍ഡ് ട്രംപിനെതിരെ വരെ ആരോപണം ഉയര്‍ന്നു വന്നിരുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ അഴിമതി നിലനില്‍ക്കുന്ന അസര്‍ബെയ്ജാനിലെ ഐആര്‍ജിസി ബന്ധമുള്ള കോടീശ്വരനു വേണ്ടി ഒരു വമ്പന്‍ ഹോട്ടല്‍ സമുച്ചയത്തിന്റെ നിര്‍മാണക്കരാര്‍ ഏറ്റെടുത്തത് ട്രംപിന്റെ കമ്പനിയാണെന്നായിരുന്നു ആരോപണം.

1979ല്‍ രാജ്യത്തുണ്ടായ ഇസ്‌ലാമിക വിപ്ലവത്തിനു പിന്നാലെ, രാജ്യത്തെ ആത്മീയ നേതൃത്വത്തിനു പ്രതിരോധമൊരുക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് ഇറാനിലെ ഏറ്റവും ശക്തരായ സേനാ വിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് രൂപം കൊണ്ടത്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയാണ് ഐആര്‍ജിസിക്കു രൂപം നല്‍കിയത്. വിപ്ലവത്തില്‍ ഏര്‍പ്പെട്ട ആയുധധാരികളായ നാലു ലക്ഷത്തോളം പേര്‍ക്ക് ഒറ്റയടിക്ക് ജോലി ഇല്ലാതാകുന്നത് അബദ്ധമാകുമെന്ന് അദ്ദേഹത്തിനു കൃത്യമായി അറിയാമായിരുന്നു. കര, നാവിക, വ്യോമ വിഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയാണു പുതിയ സേനയ്ക്കു രൂപം നല്‍കിയത്. 31 പ്രവിശ്യാ ഡിവിഷനുകളും സ്വതന്ത്ര മിസൈല്‍ കമാന്‍ഡും സേനയ്ക്കുണ്ട്.

വിധേയത്വം സർക്കാരിനോട്

സേനയുടെ ദൗത്യവും വ്യത്യസ്തമായിരുന്നു. സേനയുടെ വിധേയത്വം ഒരിക്കലും ഇറാനിലെ ജനങ്ങളോട് അല്ല. മറിച്ച് ഇസ‌്‌ലാമിക സര്‍ക്കാരിനോടാണ്. യഥാര്‍ഥ സൈന്യം രാജ്യത്തിന്റെ അതിര്‍ത്തി കാക്കുമ്പോള്‍ വിപ്ലവ ഗാര്‍ഡ് ഇസ്‌ലാമിക ഭരണകൂടത്തിനു കവചമൊരുക്കും. ഇസ്‌ലാമിക സംവിധാനം തകര്‍ക്കുന്ന തരത്തിലുള്ള വൈദേശിക ഇടപെടലുകള്‍ തടയുക, സൈനിക അട്ടിമറി പോലുള്ള ഭീഷണി ചെറുക്കുക തുടങ്ങിയ ദൗത്യങ്ങളാണ് ഇവര്‍ക്കുള്ളത്.

സൗദി, ബഹ്‌റൈന്‍ പോലുള്ള രാജ്യങ്ങള്‍ മുമ്പ് തന്നെ ഇവരെ ഭീകരസംഘടനയായാണു പരിഗണിക്കുന്നത്. സേനയില്‍ ഒന്നേകാല്‍ ലക്ഷം അംഗങ്ങളാണുള്ളത്. ഇതിനു പുറമേ ഒരുലക്ഷത്തോളം പേരുള്ള മറ്റൊരു വിഭാഗവും ഇവരുടെ നിയന്ത്രണത്തിലുണ്ട്. ഇറാന്റെ സാമൂഹിക, സാമ്പത്തിക, സൈനിക മേഖലകളിലെല്ലാം കൃത്യമായ സ്വാധീനമാണു സേന നേടിയെടുത്തിട്ടുള്ളത്.

നിര്‍മാണ കമ്പനികള്‍, ഷിപ്പിങ് സ്ഥാപനങ്ങള്‍, മാളുകള്‍, ചന്തകള്‍ തുടങ്ങി മിക്ക മേഖലകളിലും ഐആര്‍ജിസി ചുവടുറപ്പിച്ചു. ഇറാന്റെ ജിഡിപിയുടെ ഏതാണ്ട് 20 ശതമാനത്തോളം നിയന്ത്രിക്കുന്നത് ഐആര്‍ജിസി ആണെന്നാണ് അമേരിക്കയുടെ റിപ്പോര്‍ട്ട്. ഇറാനിലാകട്ടെ ഐആര്‍ജിസിയെ ഒഴിവാക്കിക്കൊണ്ടു ബിസിനസ് നടത്തുകയെന്നത് ഏറെ ദുഷ്‌കരമായി മാറിക്കഴിഞ്ഞു. ഇറാനിലെത്തുന്ന വിനോദസഞ്ചാരികള്‍ പോലും അറിഞ്ഞോ, അറിയാതെയോ ഐആര്‍ജിസിയുടെ ഇടപാടുകാരായി മാറും.

നീക്കം തിരിച്ചടിക്കുമോ?

ഐആര്‍ജിസിയെ ഭീകരസംഘമാക്കി പ്രഖ്യാപിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തിനെതിരെ അമേരിക്കന്‍ വിദേശകാര്യമന്ത്രാലയത്തിലും പ്രതിരോധ മന്ത്രാലയത്തിലും കടുത്ത അതൃപ്തിയാണു നിലനില്‍ക്കുന്നത്. ഇറാഖ് പോലെ ഇറാന് സ്വാധീനമുള്ള മേഖലകളിൽ പ്രവർത്തിക്കുന്ന അമേരിക്കന്‍ നയതന്ത്രപ്രതിനിധികള്‍ക്കും സൈന്യത്തിനും നീക്കം തിരിച്ചടിയാകുമെന്നാണ് ഇവരുടെ വിലയിരുത്തല്‍. ഐആര്‍ജിസിയുടെ പിന്തണയും പരിശീലനവും നേടിയ ഷിയാ പോരാളികള്‍ക്ക് ഇറാഖില്‍ ശക്തമായ സ്വാധീനമാണ് ഇപ്പോഴുള്ളത്.

മധ്യേഷ്യയില്‍ തങ്ങളുടെ നീക്കങ്ങള്‍ക്ക് ഇറാന്‍ സര്‍ക്കാര്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് ഐആര്‍ജിസിയെയാണ്. ലെബനനില്‍ ഹിസ്ബുള്ളയെ സഹായിക്കുന്ന ഐആര്‍ജിസി, ഹമാസിനും പലസ്തീന്‍ ഇസ്‌ലാമിക് ജിഹാദിനും പിന്തുണ നല്‍കുന്നുണ്ട്. സിറിയയില്‍ ബഷാര്‍ അല്‍ അസദിനു വേണ്ടി പോരടിക്കുന്നതും യെമനില്‍ ഹൂതികളെ സഹായിക്കുന്നതും ഐആര്‍ജിസിയാണ്.

യുദ്ധത്തിൽ പിടിച്ചടക്കിയ പ്രദേശങ്ങൾ  സ്വന്തമാക്കുന്നതു രാജ്യാന്തര നിയമങ്ങൾക്കു വിരുദ്ധമാണ്.  അമേരിക്കയും പിന്തുടർന്നുവന്നത് ഇൗ നയമാണ്. എന്നാൽ, 
ഇസ്രയേൽ പിടിച്ചടക്കിയ സിറിയൻ പ്രദേശമായ ഗോലാൻ കുന്നുകളുടെ  കാര്യത്തിൽ  പ്രസിഡന്റ് ട്രംപ് ആ നയംമാറ്റിയെഴുതി
യുദ്ധത്തിൽ പിടിച്ചടക്കിയ പ്രദേശങ്ങൾ സ്വന്തമാക്കുന്നതു രാജ്യാന്തര നിയമങ്ങൾക്കു വിരുദ്ധമാണ്. അമേരിക്കയും പിന്തുടർന്നുവന്നത് ഇൗ നയമാണ്. എന്നാൽ, ഇസ്രയേൽ പിടിച്ചടക്കിയ സിറിയൻ പ്രദേശമായ ഗോലാൻ കുന്നുകളുടെ കാര്യത്തിൽ പ്രസിഡന്റ് ട്രംപ് ആ നയംമാറ്റിയെഴുതി

ട്രംപിന്റെ താക്കീത്

2018 മേയില്‍ ഇറാനുമായുളള ആണവ കരാറില്‍നിന്നു യുകെ, ജര്‍മനി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെ എതിര്‍പ്പു വകവയ്ക്കാതെ ഏകപക്ഷീയമായി പിന്‍മാറിയതിനു തൊട്ടുപിന്നാലെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇറാനു മേല്‍ ആക്രോശം ചൊരിഞ്ഞു. 'ഇന്നേവരയില്ലാത്ത പ്രശ്‌നങ്ങള്‍ നേരിടാന്‍ ഒരുങ്ങിക്കൊള്ളൂ...’ ശക്തമായ താക്കീതായിരുന്നു അത്. സാമ്പത്തികമായും രാഷ്ട്രീയമായും ഇറാന്‍ അതിനു വില കൊടുത്തു കൊണ്ടിരുന്നു. രണ്ടു ഘട്ടമായി യുഎസ് ഇറാനു മേല്‍ ഉപരോധം ഏര്‍പ്പെടുത്തി. ഓഗസ്റ്റില്‍ ആദ്യ ഘട്ടവും നവംബറില്‍ രണ്ടാം ഘട്ടവും നടപ്പാക്കി. ഡോണള്‍ഡ് ട്രംപിന്റെ ആക്രോശത്തിന്റെ തുടര്‍ച്ചയായാണ് ഇറാനിലെ വിപ്ലവ ഗാര്‍ഡിനെ ഭീകരസംഘമായി പ്രഖ്യാപിച്ചു കൊണ്ടുളള യുഎസ് ഭരണകൂടത്തിന്റെ നീക്കത്തെ ലോകം വിലയിരുത്തുന്നതും.

ഒരു വിദേശരാജ്യത്തെ സൈനികവിഭാഗത്തെ ഭീകരസംഘടനയായി പ്രഖ്യാപിക്കുന്നത് ഇത് ആദ്യമായാണ്. ഭീകരതയെ നട്ടു നനച്ചു വളര്‍ത്താനും ഭീകരതയ്ക്കു സാമ്പത്തിക സഹായം ചെയ്യാനും പ്രോത്സാഹനം നല്‍കാനും രാജ്യാന്തര തലത്തില്‍ ഇറാന്‍, ഐആര്‍ജിസി ഉപയോഗിക്കുന്നുണ്ടെന്നാണു ട്രംപിന്റെ കണ്ടുപിടിത്തം. തിരഞ്ഞെടുപ്പു പ്രചാരണത്തില്‍ ബുദ്ധിമുട്ടുന്ന ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനുള്ള യുഎസ് സമ്മാനമാണ് ഈ പ്രഖ്യാപനമെന്നായിരുന്നു ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജാവദ് ഷരീഫിന്റെ പ്രതികരണം.

ഐആര്‍ജിസിയുമായി ബന്ധപ്പെട്ട നിരവധി സ്ഥാപനങ്ങളെ കരിമ്പട്ടികയില്‍പ്പെടുത്തിയാണു യുഎസ് ഇറാനു മേല്‍ കുരുക്കുകള്‍ മുറുക്കുന്നത്. യുഎന്നിന്റെ ആശീര്‍വാദത്തോടെ നടപ്പായ ഉപരോധത്തെ തുടര്‍ന്നു സാമ്പത്തിക സമ്മര്‍ദ്ദത്തിലാണ് ഇറാന്‍. ഇറാഖില്‍ ഷിയാ ഭൂരിപക്ഷമുള്ള സര്‍ക്കാരിനു നിയന്ത്രണം വന്നതോടെ ഇറാഖും ഇറാനും തമ്മില്‍ ബന്ധം ശക്തമായി എന്നതാണു യുഎസിനെ അലട്ടുന്ന പ്രധാന പ്രശ്‌നം.

ഇറാന്‍ ഇറാഖില്‍ യുഎസ് സൈന്യത്തെ കൂട്ടക്കുരുതി നടത്തുന്നുവെന്നു പെന്റഗണ്‍ ആരോപിച്ചിരുന്നു, ഇറാഖില്‍ കൊല്ലപ്പെട്ട അമേരിക്കന്‍ സൈനികരില്‍ 603 പേരെ വധിച്ചത് ഇറാനാണെന്ന് പെന്റഗണ്‍ വക്താവ് നേവി കമാന്റര്‍ സീന്‍ റോബര്‍ട്സണിന്റെ വെളിപ്പെടുത്തല്‍ വന്‍ രാഷ്ട്രീയ വിവാദത്തിനു വഴിവച്ചിരുന്നു.

ഐഎസിനെ നേരിടാന്‍ അമേരിക്കയും ഇറാനും ഇറാഖ് സൈന്യത്തെ സഹായിച്ചിരുന്നു. ഐഎസിനെ പൂര്‍ണമായും ഇറാഖില്‍നിന്നു ഇല്ലാതാക്കിയന്ന് ഇറാഖ് അടുത്തിടെ പ്രഖ്യാപിച്ചു. ഈ സാഹചര്യത്തില്‍ അമേരിക്കന്‍ സൈനികരെ പുറത്താക്കണമെന്നും ഇറാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇറാനെ നിരീക്ഷിക്കാന്‍ ഇറാഖില്‍ യുഎസ് സൈന്യത്തെ ഭാഗികമായി നിലനിര്‍ത്തുമെന്ന ട്രംപിന്റെ പ്രസ്താവന രാജ്യാന്തര തലത്തില്‍ ചോദ്യം ചെയ്യപ്പെടുകയും ചെയ്തു. അയല്‍രാജ്യങ്ങള്‍ക്കെതിരെ ഇറാഖിന്റെ മണ്ണ് ഉപയോഗിക്കരുതെന്നു ഭരണഘടന തന്നെ അനുശാസിക്കുന്നുണ്ടെന്നായിരുന്നു ഇറാഖ് പ്രസിഡന്റ് ബര്‍ഹാം സലേഹ് ഇതിനോടു മറുപടി പറഞ്ഞത്.

വിപ്ലവ സംഘത്തെ നിരോധിച്ചു കൊണ്ടുളള യുഎസ് പ്രസ്താവനയ്ക്കു പിന്നാലെ റവല്യൂഷണറി ഗാര്‍ഡ്‌സുമായി ഇടപാടു നടത്തുന്ന ബാങ്കുകളും സാമ്പത്തിക സ്ഥാപനങ്ങളും തിരിച്ചടി നേരിടുമെന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപെയോ മുന്നറിയിപ്പു നല്‍കി. ഇതിനോടകം റവല്യൂഷണി ഗാര്‍ഡ്‌സുമായി ബന്ധമുള്ള നിരവധി പേരെയും സ്ഥാപനങ്ങളെയും കരിമ്പട്ടികയില്‍പ്പെടുത്തിയിട്ടുണ്ട്. തങ്ങളുടെ ഏറ്റവും ശക്തമായ സൈനികവിഭാഗത്തിനെതിരായ നീക്കത്തെ ഇറാന്‍ ശക്തമായി പ്രതിരോധിക്കുകയും അപലപിക്കുകയും ചെയ്തു. നടപടിക്കെതിരെ രംഗത്തു വന്ന ഇറാന്റെ ഔദ്യോഗിക ടിവി ചാനല്‍ യുഎസ് രാജ്യാന്തര നിയമങ്ങള്‍ ലംഘിച്ചതായി ചൂണ്ടിക്കാട്ടി. എന്നാല്‍ ഇറാന്‍ ഭീകരതയില്‍നിന്നു ലോകത്തെ രക്ഷിക്കാനുള്ള നീക്കമാണു യുഎസ് നടത്തിയതെന്ന് നെതന്യാഹു പ്രതികരിച്ചു.

ഒബാമയുടെ കരാർ ‘നിയന്ത്രിച്ചില്ല’

2015ല്‍ ഒബാമ മുന്‍കയ്യെടുത്ത് ഒപ്പിട്ട ആണവകരാര്‍, ബാലിസ്റ്റിക് മിസൈല്‍ നിര്‍മാണത്തിനുള്‍പ്പെടെ ഇറാനുമേല്‍ പൂര്‍ണ 'നിയന്ത്രണം' കൊണ്ടുവരുന്നില്ലെന്നായിരുന്നു ട്രംപിന്റെ പ്രധാന പരാതി. സിറിയയിലെയും യെമനിലെയും ഇടപെടലില്‍നിന്ന് ഇറാനെ തടയുന്ന യാതൊന്നും കരാറില്‍ ഇല്ലെന്നും ട്രംപ് പരാതിപ്പെട്ടിരുന്നു. സിറിയയില്‍ ഇറാന്‍ സൈന്യം എത്രയും കാലം തുടരുവോ അത്രയും കാലം യുഎസ് സൈന്യം അവിടെ കാണുമെന്നായിരുന്നു യുഎസിന്റെ പ്രഖ്യാപനം.

കരാറില്‍ ഭേദഗതി വരുത്തി, ആണവായുധങ്ങളുടെ നിര്‍മാണത്തില്‍ ഇറാന് ആജീവനാന്ത വിലക്കേര്‍പ്പെടുത്തണമെന്നും ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഹമാസ്, അല്‍ഖായിദ, ഹിസബുള്ള ഉള്‍പ്പെടെയുള്ള ഭീകരശക്തികളെ ഇപ്പോഴും ഇറാന്‍ സഹായിക്കുന്നുണ്ട്. ആണവായുധ നിര്‍മാണത്തിനുള്ള യൂറേനിയം സമ്പുഷ്ടീകരണവും ഇറാന്‍ തുടരുന്നു. എന്നിട്ടും ഇതൊന്നുമില്ലെന്നു നുണ പറയുകയാണ് ഇറാന്‍ ചെയ്യുന്നതെന്നും ട്രംപ് ആരോപിക്കുന്നു.

നൂറുകണക്കിന് അമേരിക്കക്കാരെയാണ് ഇറാന്റെ നേതൃത്വത്തില്‍ കൊന്നൊടുക്കുകയും തട്ടിക്കൊണ്ടുപോകുകയും തടവിലാക്കുകയും ചെയ്തതെന്നും ട്രംപ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ആണവകരാറില്‍നിന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പിന്മാറിയതിനു പിന്നാലെ, യുദ്ധം സംബന്ധിച്ചു പരോക്ഷ മുന്നറിയിപ്പു നല്‍കി ഇറാന്‍ രംഗത്തെത്തിയിരുന്നു. രാജ്യത്തിന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇറാനിയന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി

യുദ്ധസാധ്യത?

യുദ്ധത്തിനു നിലവില്‍ സാധ്യതയില്ല, എന്നാല്‍ എല്ലാത്തരത്തിലും ഒരുങ്ങിയിരിക്കാന്‍ രാജ്യത്തെ വിവിധ സായുധ വിഭാഗങ്ങളോട് ആയത്തുല്ല ആഹ്വാനം ചെയ്തിരുന്നു. ഇറാന്റെ സൈനിക ശക്തിയാണ് രാജ്യത്തെ ആക്രമിക്കുന്നതില്‍നിന്ന് യുഎസിനെ പിന്തിരിപ്പിക്കുന്നതെന്നു കഴിഞ്ഞ മാസം ഇറാനിയന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി വ്യക്തമാക്കിയിരുന്നു. യുഎസിന്റെ നടപടിക്കു മറുപടിയെന്നോണം യുഎസ് സെന്‍ട്രൽ കമാൻഡ് (സെന്റ്കോം) ഭീകരസംഘടനായണെന്ന് ഇറാൻ വിദേശകാര്യമന്ത്രി ജാവദ് ഷരീഫ് പ്രസിഡന്റ് ഹസൻ റൂഹാനിക്ക് എഴുതി. അഫ്ഗാനിസ്ഥാൻ, ഇറാഖ്, ഇറാൻ, പാക്കിസ്ഥാൻ, സിറിയ തുടങ്ങി ലോകത്തിന്റെ മധ്യഭാഗത്തെ യുഎസിന്റെ സുരക്ഷാ താൽപര്യങ്ങൾ സംരക്ഷിക്കുന്ന പെന്റഗൺ വിഭാഗമാണ് സെന്റ്കോം.

യുഎസ് ഉപരോധമുണ്ടായിട്ടും യൂറോപ്യന്‍ രാജ്യങ്ങളുടെ ഭാഗത്തുനിന്നു സഹായകരമായ നടപടികളൊന്നുമുണ്ടായില്ലെങ്കില്‍ ഗുരുതര ഭവിഷ്യത്ത് നേരിടേണ്ടി വരുമെന്ന് ഇറാന്റെ മുന്‍ വിദേശകാര്യമന്ത്രി കമാല്‍ ഖരാസിയും മുന്നറിയിപ്പു നല്‍കിയിരുന്നു. ആണവകരാറിൽനിന്നു യുഎസ് പിന്മാറിയതിനുപിന്നാലെയും, യുദ്ധം സംബന്ധിച്ച പരോക്ഷ മുന്നറിയിപ്പ് ഇറാൻ നൽകിയിരുന്നു. ഇപ്പോൾ യുദ്ധസാധ്യതയില്ലെങ്കിലും എല്ലാ വിധത്തിലും ഒരുങ്ങിയിരിക്കാൻ രാജ്യത്തെ വിവിധ സായുധ വിഭാഗങ്ങളോട് പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി ആഹ്വാനം ചെയ്തിരുന്നു. യുഎസ് ഉപരോധം മറികടക്കാൻ സഹായിക്കുന്നതരം സാമ്പത്തിക പാക്കേജ് യൂറോപ്പ് പ്രഖ്യാപിച്ചാൽ 2015ലെ ആണവ കരാറിൽ തുടരാമെന്ന നിലപാടിലാണ് ഇറാൻ.

English Summary: What is Iran's Revolutionary Guard Corps? Why US labels Iran force as terrorists?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com