കാര്‍ഷിക പ്രശ്‌നങ്ങളില്‍ വെന്തുനീറി വിദര്‍ഭ; പത്തിൽ ഏഴ് ഇന്നു വിധിയെഴുതും

Nagpur-Maharashtra
ചിത്രം: വിഷ്ണു വി.നായർ
SHARE

മുംബൈ ∙ കാർഷിക പ്രശ്നങ്ങളിൽ വെന്തുനീറുന്ന വിദർഭ മേഖലയിലെ പത്തിൽ ഏഴു മണ്ഡലങ്ങൾ ഏപ്രിൽ 11ന് പോളിങ് ബൂത്തിലേക്ക്. കേന്ദ്ര-സംസ്ഥാന സർക്കാരുകളിലെ ഭരണത്തിന്റെ ബലത്തിലും മികച്ച സംഘടനാ സംവിധാനം കൊണ്ടും പണക്കൊഴുപ്പും കൊണ്ടും ബിജെപി-സേനാ സഖ്യം കഴിവിന്റെ പരമാവധി പ്രചാരണക്കളത്തിൽ നിറഞ്ഞപ്പോൾ കോൺഗ്രസ്-എന്‍സിപി സഖ്യത്തിന് നഷ്ടപ്പെട്ട കോട്ടകൾ തിരിച്ചുപിടിക്കാനുള്ള പോരാട്ടമാണ്. 

ramtek map maharashtra
പ്രധാന സ്ഥാനാർഥികൾ: കൃപാൽ തുമാനെ (ശിവസേന), കിഷോർ ഗജ്ബിയെ (കോൺഗ്രസ്)

സുഗമ വിജയം പ്രതീക്ഷിച്ചിരിക്കുന്ന കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്കെതിരെ ‘ജയന്റ് കില്ലർ’ കോൺഗ്രസിന്റെ നാനാ പഠോളെ ‘പല്ലും നഖവും’ എടുത്തു പോരാട്ടം നടത്തുന്ന നാഗ്പുരാണ് ഒന്നാംഘട്ടത്തിലെ ശ്രദ്ധേയ മണ്ഡലം. പ്രധാനമന്ത്രി പദത്തിലേക്കുള്ള സാധ്യതാ പട്ടികയിൽ കടന്നുകൂടിയ ഗഡ്കരി അതു നിഷേധിക്കുമ്പോഴും ‘ഭാവി പ്രധാനമന്ത്രിക്ക് വോട്ട്’ എന്ന മട്ടിൽ ബിജെപി അണികളിൽ പലരും വോട്ടു ചോദിക്കുന്നുണ്ട്. 

bhandara gondiya map
പ്രധാന സ്ഥാനാർഥികൾ: സുനിൽ മേൻധെ (ബിജെപി), നാനാ പച്ചബുധെ (എൻസിപി)

ആർഎസ്എസ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന നാഗ്പുർ  നിതിൻ ഗഡ്കരിയുടെയും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാസിന്റെയും നാടാണെന്നതിനാൽ ഇരുവർക്കും അഭിമാന പോരാട്ടമാണ്. കഴിഞ്ഞ തവണ വിദർഭയിൽ പത്തു മണ്ഡലങ്ങളും വിജയിച്ചത് മോദി തരംഗത്തിലാണെങ്കിൽ ഇത്തവണ ഗഡ്കരിയുടെയും ഫഡ്നാവിസിന്റെയും പ്രവർത്തനങ്ങളുടെ വിലയിരുത്തലാവും ജനങ്ങൾ നടത്തുക. 

nagpur map
പ്രധാന സ്ഥാനാർഥികൾ: നിതിൻ ഗഡ്കരി (ബിജെപി), നാനാ പഠോളെ (കോൺഗ്രസ്)

ഗഡ്കരിക്കു പുറമെ  കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹൻസ്‌രാജ് ആഹിർ (ചന്ദ്രാപുർ) ഒന്നാംഘട്ടത്തിൽ ജനവിധി തേടുന്ന പ്രമുഖനാണ്.  പ്രഖ്യാപിച്ച സ്ഥാനാർഥിയെ കോൺഗ്രസ് മാറ്റി പ്രതിഷ്ഠിച്ച മണ്ഡലമാണ് ചന്ദ്രാപുർ.

chandrapur map
പ്രധാന സ്ഥാനാർഥികൾ: ഹൻസ്‍‌രാജ് ആഹിർ (ബിജെപി), സുരേഷ് ധനോർക്കർ (കോൺഗ്രസ്), സുശീൽ വാസ്നിക് (ബിഎസ്പി)

സ്ഥാനാർഥി തർക്കത്തിൽ മനംമടുത്ത് താൻ രാജി ആലോചിക്കുകയാണെന്ന് പറയുന്ന കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ അശോക് ചവാന്റെ സംഭാഷണം ചോർന്നതിനു പിന്നാലെയാണിത്. മറുകണ്ടം ചാടിയ ശിവസേന എംഎൽഎ സുരേഷ് ധനോർക്കറാണ് ഇവിടെ പുതിയ കോൺഗ്രസ് സ്ഥാനാർഥി. ശക്തമായ മൽസരമാണ് ബിജെപി നേതാവ് ഹൻസ്‌രാജ് ആഹിർ നേരിടുന്നത്.

gadchiroli chimur
പ്രധാന സ്ഥാനാർഥികൾ: അശോക് നേതെ (ബിജെപി), നാംദേവ് ഉസെൻഡി (കോൺഗ്രസ്)

തന്റെ നാടായ രാംടെക്കിൽ മുതിർന്ന കോൺഗ്രസ് നേതാവ് മുകുൾ വാസ്നിക്കിന്റെ അസാന്നിധ്യവും ശ്രദ്ധേയം. ഇത്തവണ മൽസരിക്കുന്നില്ലെന്നു മാത്രമല്ല, ദേശീയ തലത്തിൽ തിരക്കുകളെത്തുടർന്ന്  വിദർഭ മേഖലയിലെ പ്രചാരണ പ്രവർത്തനങ്ങളിലും വാസ്നിക്കിന്റെ കാര്യമായ സാന്നിധ്യമില്ല.

wardha maharashtra map
പ്രധാന സ്ഥാനാർഥികൾ: രാംദാസ് ടഡാസ് (ബിജെപി), ചാരുലത ടോക്കസ് (കോൺഗ്രസ്), ശൈലേഷ് കുമാർ പ്രേംകിഷോർജി അഗർവാൾ(ബിഎസ്പി)

പതിവു മണ്ഡലമായ ഭണ്ഡാര-ഗോണ്ടിയയിൽ പ്രഫുൽ പട്ടേൽ മൽസരിക്കുന്നില്ല. രാജ്യസഭയിലെ കാലാവധി ശേഷിക്കുന്നതിനാലാണ് ലോക്സഭയിലേക്കു മൽസരിക്കാത്തത്. ഗാന്ധിജിയുടെ സേവാഗ്രാം ആശ്രമം ഉൾപെടുന്ന വാർധ, നക്‌സൽ ബാധിത മേഖലയായ ഗഡ്ചിറോളി-ചിമൂർ, യവത്‌മാൾ-വാഷിം, ചന്ദ്രാപുർ എന്നിവയാണ് ഒന്നാംഘട്ട വോട്ടെടുപ്പു നടക്കുന്ന വിദർഭയിലെ മറ്റു മണ്ഡലങ്ങൾ. 

yavathmal washim map
പ്രധാന സ്ഥാനാർഥികൾ: ഭാവന ഗാവ്ളി (ശിവസേന), മണിക്‌റാവു തക്കറെ (കോൺഗ്രസ്)

ഗഡ്ചിറോളിയിലും ചന്ദ്രാപുരിലും കഴിഞ്ഞ ദിവസം നടത്താനിരുന്ന റാലിയിൽ നിന്ന് ബിജെപി അധ്യക്ഷൻ അമിത് ഷാ പിൻമാറിയത് വലിയ വാർത്തയായിരുന്നു. കർഷക ആത്‌മഹത്യ ഏറെയുള്ള യവത്‌മാൾ-വാഷിം മണ്ഡലത്തിൽ കോൺഗ്രസ് മഹാരാഷ്ട്ര ഘടകം മുന്‍ അധ്യക്ഷൻ മണിക് റാവു തക്കറെയാണ് ശ്രദ്ധേയ സ്ഥാനാർഥി. എതിർസ്ഥാനാർഥി ശിവസേനയുടെ സിറ്റിങ് എംപിയായ ഭാവന ഗാവ്ളിക്ക് ഭരണവിരുദ്ധ വികാരം വെല്ലുവിളിയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA