ജനമനസ്സിലേക്കൊരു ‘റോഡ്’; ദേവഭൂമിയിൽ വാഴാൻ ബിജെപി, വീഴ്ത്താന്‍ കോൺഗ്രസ്

uttarakhand-election-kedarnath
ഉത്തരാഖണ്ഡിലെ കേദാർനാഥ് ക്ഷേത്രം (ഫയൽ ചിത്രം)
SHARE

ഇന്ത്യയുടെ ദേവഭൂമിയാണ് ഉത്തരാഖണ്ഡ്. പർവത താഴ്‌വരയിൽ ക്ഷേത്രങ്ങളാൽ സമ്പന്നമായ പുണ്യഭൂമി. ഹിമാലയന്‍ മലനിരകളോടു ചേർന്നു കിടന്നിരുന്ന ഉത്തർപ്രദേശിന്റെ ഭാഗങ്ങൾ ചേർത്ത് 2000ത്തിലാണ് ഇന്ത്യയുടെ 27–ാമത്തെ സംസ്ഥാനമായി ഉത്തരാഖണ്ഡ് നിലവിൽ വന്നത്. അന്ന് ഉത്തരാഞ്ചൽ എന്നായിരുന്നു പേര്. 2007ൽ ഉത്തരാഖണ്ഡ് എന്നു പേരു മാറ്റി. ഭൂമിശാസ്ത്രപരമായി നിരവധി സവിശേഷതകളുള്ള ഉത്തരാഖണ്ഡ് ഏപ്രിൽ 11ന് പോളിങ് ബൂത്തിലെത്തുമ്പോൾ കോൺഗ്രസും ബിജെപിയും പ്രതീക്ഷയിലാണ്.

നഷ്ട പ്രതാപം വീണ്ടെടുക്കാന്‍ കോൺഗ്രസ് ശ്രമിക്കുമ്പോൾ ദേവഭൂമിയിൽ കോട്ട കെട്ടുകയാണ് ബിജെപി ലക്ഷ്യം. എന്നാല്‍ മാറിയും മറിഞ്ഞും തിരഞ്ഞും വോട്ടു ചെയ്യുന്ന ഉത്തരാഖണ്ഡിനെ മനസ്സിലാക്കുക രാഷ്ട്രീയ പാർട്ടികൾക്കും എളുപ്പമല്ല. കുതിരക്കച്ചവടവും കൂറുമാറ്റവുമൊക്കെ ചേർന്നു സംഭവ ബഹുലമായ ഉത്തരാഖണ്ഡ് രാഷ്ട്രീയം ചിലപ്പോൾ ജനങ്ങള്‍ക്കും മനസ്സിലാകാറില്ല. മലനിരകളും വനപ്രദേശങ്ങളും നിറഞ്ഞ സംസ്ഥാനം കനത്ത മഞ്ഞു വീഴ്ചയും പ്രളയവും നേരിടേണ്ടി വരുന്നിട്ടുണ്ട്. ജനസാന്ദ്രത കുറവുള്ള ഉത്തരാഖണ്ഡിൽ‌ 5 ലോക്സഭാ മണ്ഡലങ്ങളാണുള്ളത്. 2014 ലെ തിരഞ്ഞെടുപ്പിൽ 5 മണ്ഡലങ്ങളും ബിജെപി തൂത്തുവാരി. 

Uttarakhandh-Mal-lok-sabha-election-2014-results-info-graphic-map

ബിജെപി v/s കോൺഗ്രസ്

കോൺഗ്രസ്, ബിജെപി നേർക്കുനേർ പോരാട്ടത്തിനാണ് ഉത്തരാഖണ്ഡ് സാക്ഷ്യം വഹിക്കുന്നത്. കേന്ദ്രത്തിൽ തൂക്കു മന്ത്രിസഭയുടെ സാധ്യതകൾ വരെ പ്രവചിക്കപ്പെട്ടതോടെ ഉത്തരാഖണ്ഡിലെ മണ്ഡലങ്ങൾക്കു കൂടുതൽ പ്രാധാന്യം കൈവന്നു. മാത്രമല്ല സംസ്ഥാന ഭരണം കയ്യാളുന്ന ബിജെപി സർക്കാരിന്റെ വിലയിരുത്തലായി തിരഞ്ഞെടുപ്പു വ്യാഖ്യാനിക്കാനും സാധ്യതയുണ്ട്. ഇതും മുന്നിൽ കണ്ടാണ് ബിജെപിയുടെ പോരാട്ടം.

എന്നാൽ കോൺഗ്രസിന് ഇത് അഭിമാനപോരാട്ടമാണ്. ദേശീയ രാഷ്ട്രീയത്തേക്കാളുപരി ദേവഭൂമിയിലെ നിലനിൽപിനു മികച്ച പ്രകടനം നടത്തേണ്ടതുണ്ട്. 2014 ലോക്സഭാ തിരഞ്ഞെടുപ്പിനുശേഷം കോൺഗ്രസിന്റെ അസ്ഥിത്വം ചോദ്യം ചെയ്യപ്പെടുന്ന സംഭവങ്ങളാണു സംസ്ഥാനത്ത് അരങ്ങേറിയത്. 2016ൽ കോൺഗ്രസിലുണ്ടായ വിമതനീക്കങ്ങളും കൂറുമാറ്റവുമെല്ലാം ദേശീയ തലത്തിൽ വാർത്തയായിരുന്നു. ബിജെപിക്കൊപ്പം ചേർന്നു കോൺഗ്രസ് വിമതർ അധികാരത്തിലിരുന്ന ഹരീഷ് റാവത്തിനെ പുറത്താക്കണമെന്ന ആവശ്യവുമായി ഗവർണറെ കണ്ടു. പിന്നീട് നടന്ന നാടകീയ സംഭവങ്ങൾ രാഷ്ട്രപതി ഭരണത്തിലും സുപ്രീം കോടതിയിലും കാര്യങ്ങൾ എത്തിച്ചു. 

ബിജെപി പണം കൊടുത്ത് എംഎൽഎമാരെ വിലയ്ക്കെടുക്കുന്നു എന്നായിരുന്നു കോൺഗ്രസിന്റെ ആരോപണം. എന്നാൽ ഭരണവിരുദ്ധ വികാരമാണു പ്രതിഫലിക്കുന്നതെന്നും, പണം കണ്ടാൽ കൂറുമാറുന്നവരാണോ കോൺഗ്രസ് എംഎൽഎമാർ എന്ന ചോദ്യവുമായി ബിജെപി തിരിച്ചടിച്ചു. നാടകീയ നീക്കങ്ങൾക്കും ചരടു വലികൾക്കും ഒടുവിൽ അധികാരം നിലനിർത്തുന്നതിൽ ഹരീഷ് റാവത്ത് വിജയിച്ചെങ്കിലും വലിയൊരു ദുരന്തമായിരുന്നു കോൺഗ്രസിനെ കാത്തിരുന്നത്. 2017 നിയമസഭാ തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് തകർന്നടിഞ്ഞു. ഹരീഷ് റാവത്ത് മത്സരിച്ച രണ്ടു മണ്ഡലങ്ങളിലും പരാജയപ്പെട്ടതോടെ കോൺഗ്രസിന്റെ തകര്‍ച്ച പൂർണമായി.

മണ്ഡലങ്ങൾ തീ പാറും

സിറ്റിങ് എംപിമാരായ അജയ് ടാംട്ട, മാലാ രാജ്യലക്ഷ്മി ഷാ, രമേശ് നിഷാങ്ക് എന്നിവരാണു ബിജെപിക്കു വേണ്ടി യഥാക്രമം അൽമോറ, തെഹ്‌രി ഗര്‍വാൾ, ഹരിദ്വാർ എന്നീ മണ്ഡലങ്ങളിൽ നിന്നു ജനവിധി തേടുന്നത്. സംസ്ഥാന അധ്യക്ഷന്‍ അജയ് ഭട്ട് നൈനിറ്റാൽ– ഉദ്ദം സിങ് നഗറിലും മുൻ സംസ്ഥാന അധ്യക്ഷൻ ധിരത് സിങ് റാവത്ത് ഗർവാളിലും മത്സരിക്കുന്നു. തെഹ്‌രി മണ്ഡലത്തിലാണ് ഏറ്റവും ശക്തമായ മത്സരം പ്രതീക്ഷിക്കുന്നത്. കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷന്‍ പ്രീതം സിങ്ങാണ് മാലാ രാജ്യലക്ഷ്മിയുടെ എതിരാളി. സംവരണ മണ്ഡലമയായ അൽമോറയില്‍ രാജ്യസഭാ എംപി പ്രദീപ് ടാംട്ടയാണ് സ്ഥാനാർഥി. 

ബിജെപി സംസ്ഥാന അധ്യക്ഷൻ അജയ് ഭട്ട് മത്സരിക്കുന്ന നൈനിറ്റാളിൽ എതിരാളി മുൻമുഖ്യമന്ത്രി ഹരീഷ് റാവത്താണ്. മുഖ്യമന്ത്രി സ്ഥാനത്തു നിന്നു പരാജയത്തിന്റെ പടുകുഴിയിലേക്കു വീണ റാവത്തിന്റെ രാഷ്ട്രീയ ജീവിതത്തിന് അവസാനമായി എന്നായിരുന്നു നിരീക്ഷകരുടെ വിലയിരുത്തല്‍. എന്നാൽ, വീണ്ടു ശക്തമായി തിരിച്ചു വരവിനുള്ള സാധ്യതയായാണ് അദ്ദേഹം ലോക്സഭാ തിര‍ഞ്ഞെടുപ്പിനെ കാണുന്നത്. 

ഗർവാൾ മണ്ഡലത്തില്‍ മുൻ ബിജെപി മുഖ്യമന്ത്രി ബിസി ഖണ്ഡൂരിയുടെ മകൻ മനീഷ് ഖണ്ഡൂരിയാണ് കോൺഗ്രസിന്റെ തുരുപ്പ് ചീട്ട്. നിലവിൽ ബിജെപിയുടെ സിറ്റിങ് എംപിയാണ് ബിസി ഖണ്ഡൂരി. പാർലമെന്റിന്റെ പ്രതിരോധ സമതിയുടെ തലപ്പത്തു നിന്നു മുൻ സൈനിക ഉദ്യോഗസ്ഥൻ കൂടിയായ ബിസി ഖണ്ഡൂരിയെ മോദി സർക്കാര്‍ ഒഴിവാക്കിയതാണ് മകൻ മനീഷ് കോൺഗ്രസിൽ ചേക്കേറാനുള്ള കാരണം. കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തിലാണു മനീഷ് അംഗത്വം സ്വീകരിച്ചത്. ഇടഞ്ഞു നിൽക്കുന്ന ബിസി ഖണ്ഡൂരി ചരടു വലിക്കുകയും വോട്ടുകൾ ചോരാതിരിക്കുകയും െചയ്താൽ മനീഷ് വിജയിക്കുമെന്നാണ് കോൺഗ്രസിന്റെ കണക്കു കൂട്ടൽ.

കരുത്ത് കണ്ടറിയാം

സംഘടനാപരമായി കരുത്തരാണ് ബിജെപി. ശക്തമായ പാർട്ടിയുടെ കേഡർ സംവിധാനം ഉപയോഗിച്ചു കോൺഗ്രസിനേക്കാൾ മികച്ച രീതിയിൽ പ്രചാരണം നടത്താനായിട്ടുണ്ട്. മോദി പ്രഭാവം മങ്ങിയിട്ടില്ലെന്നും പുൽവാമ ഭീകരാക്രമണത്തിനു സർക്കാർ നൽകിയ തിരിച്ചടി തിരഞ്ഞെടുപ്പിൽ വോട്ടാകുമെന്നും ബിജെപി കരുതുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ തകർന്ന കോൺഗ്രസ്, നഗര ഭരണ പ്രദേശങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ തിരിച്ചു വരവു നടത്തി. കോൺഗ്രസ് നേതാക്കളെ പോലും അമ്പരപ്പിക്കുന്ന പ്രകനമായിരുന്നു ഇത്. സമാനമായ മുന്നേറ്റമാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്. മോദി തരംഗം അവസാനിച്ചെന്നും നേതാക്കൾ വിലയിരുത്തുന്നു.  

റോഡില്ലെങ്കിൽ വോട്ടില്ല

ബിജെപിയും കോണ്‍ഗ്രസും നേരിടുന്ന പ്രധാന തലവേദന ഉത്തരാഖണ്ഡിലെ ഗ്രാമങ്ങളിൽ നിന്നുയരുന്ന മുറവിളിയാണ്. റോഡില്ലെങ്കിൽ തിരഞ്ഞെടുപ്പു ബഹിഷ്കരിക്കുമെന്ന ഭീഷണി ഇവർ ഉയർത്തു. മോശം റോഡുകൾ കാരണം പല മേഖലകളിലും സഞ്ചാരം ദുസ്സഹമാണ്. റോഡുകളില്ലാത്തതിനാൽ ചില ഗ്രാമങ്ങൾ ഒറ്റപ്പെട്ട അവസ്ഥയിലാണ്.. പ്രായമായവരേയും അസുഖ ബാധിതരേയും ചുമന്നും ഉന്തുവണ്ടിയിലുമായി ആശുപത്രിയിലേക്കു കൊണ്ടു പോകുന്ന അവസ്ഥ നിലനിൽക്കുന്നു. 

ഇക്കാരണങ്ങളാൽ നാടുവിട്ടു പോകേണ്ടി വരുന്നതും മോശം ജീവിത സാഹചര്യങ്ങളിൽ തുടരേണ്ടി വരുന്നതും ഗ്രാമവാസികളെ വലയ്ക്കുന്നു. രാഷ്ട്രീയ പാർട്ടികളുെട അവഗണന മൂലമാണ് ഈ അവസ്ഥ ഉണ്ടായതെന്നാണ് ഇവരുടെ നിലപാട്. ഉത്തരകാശിയിലെ പുരോല ബ്ലോക്കിലെ എട്ടു ഗ്രാമങ്ങളിലുള്ളവർ സബ് ഡിവിഷനൽ മജിസ്ട്രേറ്റിനെ കാണുകയും തിരഞ്ഞെടുപ്പു ബഹിഷ്കരിക്കുമെന്ന രേഖാമൂലം അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഗംഗാ ശുദ്ധീകരണവും തൊഴിലില്ലായ്മയും ഇതിനൊപ്പം വോട്ടുകളെ സ്വാധീനിക്കുമെന്നാണു വിലയിരുത്തുന്നത്.

ഉത്തരാഖണ്ഡ് : ആകെ ലോക്സഭാ മണ്ഡലം 5
വോട്ടെടുപ്പ് നടക്കുന്നത് 5

almora lok sabha uttarakhand

പ്രധാന സ്ഥാനാർഥികൾ: അജയ് ടാംട്ട (ബിജെപി), പ്രദീപ് ടാംട്ട (കോൺഗ്രസ്)

garhwal map uttarakhand

പ്രധാന സ്ഥാനാർഥികൾ: തിറാത്ത് സിങ് റാവത്ത്(ബിജെപി), മനീഷ് ഖാണ്ഡൂരി (കോൺഗ്രസ്)

haridwar map uttarakhand

പ്രധാന സ്ഥാനാർഥികൾ: രമേശ് നിഷാങ്ക്(ബിജെപി), അംബരീഷ് കുമാർ (കോൺഗ്രസ്)

naninital map uttarakhand

പ്രധാന സ്ഥാനാർഥികൾ: അജയ് ഭട്ട് (ബിജെപി), ഹരീഷ് റാവത്ത് (കോൺഗ്രസ്)

tehri garhwal map uttarakhand

പ്രധാന സ്ഥാനാർഥികൾ: മാല രാജ്യലക്ഷ്മി ഷാ (ബിജെപി), പ്രീതം സിങ് (കോൺഗ്രസ്)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA