ADVERTISEMENT

തിരുവനന്തപുരം ∙ പോസ്റ്റല്‍വോട്ട് ചെയ്യുന്ന പൊലീസുകാരുടെ മുഴുവന്‍ വിവരങ്ങളും ശേഖരിക്കാനുള്ള ഡിജിപിയുടെ നിര്‍ദേശം വിവാദമാകുന്നു. ഓരോ യൂണിറ്റിലെയും പൊലീസുകാരുടെ വിവരങ്ങള്‍ ശേഖരിക്കാനാണ് നിര്‍ദേശം. ആദ്യമായാണ് ഇത്തരത്തില്‍ നിര്‍ദേശം പുറത്തിറങ്ങുന്നതെന്നും ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്ന പൊലീസ് അസോസിയേഷനെ ഉപയോഗിച്ച് വോട്ടര്‍മാരെ സ്വാധീനിക്കാനാണ് ശ്രമമെന്നും പൊലീസിലെ ഒരു വിഭാഗം ആരോപിക്കുന്നു. 

ഈ മാസം ഒമ്പതിനാണ് ഡിജിപിയുടെ നിര്‍ദേശം പുറത്തിറങ്ങിയത്. ജില്ലാ പൊലീസ് മേധാവികള്‍, അഡീ. എസ്പി, അസി. കമ്മിഷണര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥരെ നോഡല്‍ ഓഫിസറായി നിയമിച്ച് പോസ്റ്റല്‍ വോട്ടു ചെയ്യുന്നവരുടെ കണക്കെടുക്കണമെന്നാണ് നിര്‍ദേശം. ഇതിനുശേഷം ഈ പട്ടിക റിട്ടേണിങ് ഓഫിസര്‍ക്ക് കൈമാറണം. പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ ആവശ്യമായ ഫോം റിട്ടേണിങ് ഓഫിസറില്‍നിന്ന് വാങ്ങിയശേഷം നോഡല്‍ ഓഫിസര്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വിതരണം ചെയ്യണം. ഫോം പൂരിപ്പിച്ച് വാങ്ങി ഇലക്‌ഷന്‍ ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റിനൊപ്പം ഉദ്യോഗസ്ഥനു വോട്ടുള്ള സ്ഥലത്തെ റിട്ടേണിങ് ഓഫിസര്‍ക്ക് കൈമാറണം.

റിട്ടേണിങ് ഓഫിസര്‍ അപേക്ഷയിലെ മേല്‍വിലാസത്തില്‍ പോസ്റ്റല്‍ ബാലറ്റ് അയയ്ക്കും. വോട്ടു രേഖപ്പെടുത്തിയശേഷം റജിസ്ട്രേഡ് പോസ്റ്റില്‍ ബാലറ്റ് പേപ്പര്‍ ഉള്‍പ്പെടുന്ന കവര്‍ അയയ്ക്കുകയോ റിട്ടേണിങ് ഓഫിസറുടെ ഓഫിസിലെ ബാലറ്റ് ബോക്സില്‍ നിക്ഷേപിക്കുകയോ ചെയ്യാം. 56,895 ജീവനക്കാരാണ് പൊലീസിലുള്ളത്. ഹോം ഗാര്‍ഡുകള്‍ക്കുള്‍പ്പെടെ പൊലീസിലെ എല്ലാ വിഭാഗങ്ങള്‍ക്കും പോസ്റ്റല്‍വോട്ടു ചെയ്യാം. പൊലീസിലെ ഭൂരിപക്ഷവും പോസ്റ്റല്‍ ബാലറ്റിലൂടെയാണ് വോട്ട് രേഖപ്പെടുത്തുന്നത്. വോട്ടെടുപ്പ് ദിവസമായ മേയ് 23ന് രാവിലെ 8ന് മുന്‍പുവരെ പോസ്റ്റല്‍ ബാലറ്റ് സമര്‍പ്പിക്കാം. 

നോഡല്‍ ഓഫിസറുടെ ഇടപെടലില്ലാതെ നേരിട്ട് അപേക്ഷിക്കുന്ന രീതിയാണ് ഇപ്പോഴുള്ളത്. സ്റ്റേഷന്‍ ഹൗസ് ഓഫിസറുടെ അനുമതിയോടെ അതതു സ്ഥലത്തെ റിട്ടേണിങ് ഓഫിസര്‍ക്ക് അപേക്ഷ നല്‍കാം. നോഡല്‍ ഓഫിസര്‍ വരുന്നതോടെ ഈ സംവിധാനം അട്ടിമറിക്കപ്പെടുകയാണെന്നാണ് ആക്ഷേപം. നോഡല്‍ ഓഫിസര്‍മാരായി നിയമിക്കുന്നവരെല്ലാം ഇടതുപക്ഷ ചായ്‍വുള്ള ഓഫിസര്‍മാരായിരിക്കുമെന്നും പൊലീസുകാരുടെ വിവരങ്ങള്‍ കണ്ടെത്തി സ്വാധീനിക്കാനാണ് നീക്കമെന്നും ആരോപണമുണ്ട്.

അസോസിയേഷനെ പോസ്റ്റല്‍ ബാലറ്റ് ഏല്‍പ്പിക്കാത്തവരെ സ്ഥലംമാറ്റുമെന്ന ഭീഷണിയും ചിലയിടങ്ങളില്‍ ഉണ്ട്. പൊലീസിലെ നല്ലൊരു വിഭാഗത്തിനും സ്വതന്ത്രമായി വോട്ടു ചെയ്യാന്‍ കഴിയാത്ത സ്ഥിതിയാണെന്നും ഡിജിപിയുടെ സര്‍ക്കുലറിനെ എതിര്‍ക്കുന്ന പൊലീസുകാര്‍ പറയുന്നു. എന്നാല്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഈ ആരോപണങ്ങള്‍ നിഷേധിക്കുന്നു. നടപടിക്രമങ്ങള്‍ ലഘൂകരിക്കാനാണ് നോഡല്‍ ഓഫിസറെ നിയമിച്ചതെന്ന് അവര്‍ വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com