ADVERTISEMENT

ന്യൂഡൽഹി∙ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച തർക്കങ്ങൾ മുറുകുന്നതിനിടെ ബിരുദാനന്തര ബിരുദമില്ലാതെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് എംഫിൽ കിട്ടിയതിനെ പരിഹസിച്ച് ധനമന്ത്രി അരുൺ ജയ്റ്റ്ലി. ‘ബിജെപി സ്ഥാനാർഥിയുടെ വിദ്യാഭ്യാസയോഗ്യതയെ ചൊല്ലിയായിരുന്നു കോൺഗ്രസിന്റെ പ്രചാരണം. രാഹുല്‍ ഗാന്ധി വിദ്യാഭ്യാസ യോഗ്യതകളെക്കുറിച്ച് ഉത്തരങ്ങൾ കിട്ടാൻ ബാക്കിനിൽക്കേയാണിത്. എന്തായാലും, ബിരുദാനന്തര ബിരുദമില്ലാതെ എംഫിൽ നേടിയ ആളല്ലേ അദ്ദേഹം’ – ജയ്റ്റ്ലി ചോദിക്കുന്നു.

രാഹുല്‍ ഗാന്ധിയുടെ വിദേശബിരുദത്തെ ചൊല്ലി 2009ൽ വിവാദമുയർന്നിരുന്നു. എന്നാൽ ട്രിനിറ്റി കോളജിലെ വിദ്യാർഥിയായിരുന്നു രാഹുലെന്നും 1995ൽ ഡവലപ്മെന്റ് സറ്റഡീസിൽ എംഫിൽ നേടിയിരുന്നുവെന്നും കേംബ്രിജ് യൂണിവേഴ്സിറ്റി അറിയിച്ചിരുന്നു.

‘പ്രചാരണത്തിനായി ഇന്ത്യയുടെ പ്രതിപക്ഷം കാരണങ്ങൾ വാടകയ്ക്കെടുക്കുന്നു’വെന്ന തലക്കെട്ടിൽ ഫെയ്സ്ബുക്കിൽ എഴുതിയ ലേഖനത്തിലാണ് ജയ്റ്റ്ലിയുടെ പരാമർശം. പ്രതിപക്ഷത്തിന്റെ പ്രചാരണം ഒന്നടങ്കം നൂലുപൊട്ടിയ പട്ടം പോലെയാണു തുടരുന്നത്. അവർക്കൊരു നേതാവില്ല, മഹാസഖ്യമില്ല, പൊതുമിനിമം പരിപാടിയില്ല, കൃത്യമായി ചൂണ്ടിക്കാട്ടാൻ ഒരു പ്രശ്നം പോലുമില്ല. പരാജയപ്പെട്ട പ്രചാരണത്തിന് ഒട്ടേറെപ്പേരുണ്ടെന്നതിൽ അത്ഭുതപ്പെടാനില്ല. പ്രചാരണത്തിനായി കാരണങ്ങൾ വാടകയ്ക്കെടുക്കുകയാണ്’ – ജയ്റ്റ്ലി പറയുന്നു.

ഒരു ദിവസം കോൺഗ്രസ് പറ‍ഞ്ഞു പുൽവാമ ഭീകരാക്രമണം സ്വയം നിർമിതമാണെന്ന്, ബാലാക്കോട്ടിൽ ഇന്ത്യ നടത്തിയെന്ന പറഞ്ഞ ആക്രമണം നടന്നിട്ടേയില്ലെന്ന്. യുദ്ധസമാനമായ സാഹചര്യം ബിജെപി സൃഷ്ടിച്ചെന്നു പറഞ്ഞതിനു പിന്നാലെ തന്നെ ബിജെപി പാക്കിസ്ഥാനു സമാനമാണെന്നും അവർ ആരോപിച്ചു. റഫാൽ കരാറിനെക്കുറിച്ചുള്ള കള്ളപ്രചാരണം പ്രതീക്ഷിച്ചത്ര ഗുണം ചെയ്തില്ല. വ്യവസായികളുടെ വായ്പ എഴുതിതള്ളിയെന്ന പ്രചാരണം കളവായിരുന്നു. ഇപ്പോൾ തിരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ബാക്കിനിൽക്കുമ്പോൾ എന്തു പ്രശ്നമാണ് പ്രതിപക്ഷത്തിന് മുന്നോട്ടു വയ്ക്കാനുള്ളത്. മഹാ റാലികളിലൂടെയും മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമത്തിലൂടെയും ബിജെപിയും ഞങ്ങളുടെ സഖ്യകക്ഷികളും ജനങ്ങളോട് നേരിട്ടാണ് സംവദിക്കുന്നതെന്നും ജയ്റ്റ്ലി പറഞ്ഞു.

English Summary: Defending Smriti Irani, Arun Jaitley Says Rahul Gandhi’s Degree Under Question Too

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com