ADVERTISEMENT

ബെംഗളൂരു∙ കർണാടകയിലെ ചിത്രദുർഗയിൽ ബിജെപി റാലിയിൽ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹെലികോപ്റ്ററിൽ നിന്നു ദുരൂഹമായ പെട്ടി സ്വകാര്യ വാഹനത്തിൽ കയറ്റി കൊണ്ടുപോയ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് രംഗത്ത്. ഈ പെട്ടിയിൽ എന്തായിരുന്നുവെന്ന കാര്യത്തിൽ പ്രധാനമന്ത്രി വിശദീകരണം നൽകണമെന്ന് കോൺഗ്രസ് വക്താവ് ആനന്ദ് ശർമ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ തിരഞ്ഞെടുപ്പു കമ്മിഷനും അന്വേഷണം നടത്തണം. കോൺഗ്രസ് കർണാടക ഘടകം ഇക്കാര്യം ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പു കമ്മിഷനു പരാതിയും നൽകി.

ഈ മാസം 9നു ചിത്രദുർഗയിൽ ഇറങ്ങിയ പ്രധാനമന്ത്രിയുടെ ഹെലികോപ്റ്ററിൽ നിന്നിറക്കിയ പെട്ടി കാറിൽ കയറ്റി അതിവേഗത്തിൽ ഓടിച്ചുപോകുന്ന ദൃശ്യങ്ങൾ കോൺഗ്രസ്, ജനതാദൾ എസ് നേതാക്കൾ ട്വീറ്റ് ചെയ്തതോടെയാണ് സംഭവം വിവാദമായത്. സെക്യൂരിറ്റി പ്രോട്ടോക്കോൾ മറികടന്നെത്തിയ വാഹനം ഏതാണെന്നും എന്താണ് പെട്ടിയിലെന്നും ചോദ്യമുന്നയിച്ച ഇവർ, തിരഞ്ഞെടുപ്പ് കമ്മിഷൻ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

അതേസമയം, പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കു വേണ്ട ഉപകരണങ്ങളായിരുന്നു പെട്ടിയിലെന്നാണ് ചിത്രദുർഗ എസ്പി കെ. അരുണിന്റെ പ്രതികരണം. എന്നാൽ, പെട്ടി എസ്പിജി സംഘത്തിന്റേതായിരുന്നില്ലെന്ന് ആനന്ദ് ശർമ ആരോപിച്ചു. ഈ പെട്ടിയിൽ പണമായിരുന്നുവെന്നാണ് സംശയം. പണമല്ലെന്ന് ഉറപ്പുണ്ടെങ്കിൽ ഇക്കാര്യത്തിൽ അന്വേഷണം നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com