sections
MORE

ജയപ്രദയ്ക്കു നേരെ അസം ഖാന്റെ ‘കാക്കി ഉൾവസ്ത്ര’ പരാമർശം; തെറ്റാണെങ്കിൽ മൽസരിക്കില്ലെന്ന് മറുപടി

azam-khan-jaya-prada
അസം ഖാൻ, ജയപ്രദ. ചിത്രങ്ങൾ: എഎൻഐ, ട്വിറ്റർ.
SHARE

ലക്നൗ∙ തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയക്കാർ ഉപയോഗിക്കുന്ന മോശം പദങ്ങളുടെ പട്ടികയിലേക്ക് സമാജ്‌വാദി പാർട്ടി (എസ്പി) നേതാവ് അസം ഖാന്റെ പരാമർശവും. റാംപുരിൽ തനിക്കെതിരെ മൽസരിക്കുന്ന ബിജെപി സ്ഥാനാർഥിയും ബോളിവുഡ് നടിയുമായ ജയപ്രദയ്ക്കുനേരെ അവരുടെ പേരെടുത്തു പറയാതെയായിരുന്നു അസം ഖാന്റെ പരാമർശം. എന്നാൽ തന്റെ പരാമർശം ജയപ്രദയ്ക്കുനേരെയാണെന്നു തെളിയിക്കുകയാണെങ്കിൽ തിരഞ്ഞെടുപ്പിൽ മൽസരിക്കില്ലെന്ന് അസം ഖാൻ തിങ്കളാഴ്ച വ്യക്തമാക്കി.

ഖാനെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്തിട്ടുണ്ട്. അസം ഖാന്റെ ആരോപണത്തിൽ പുതുമയൊന്നും ഇല്ലെന്നു ജയപ്രദ പ്രതികരിച്ചു. ‘2009ൽ ഖാന്റെ പാർട്ടിയുടെ സ്ഥാനാർഥിയായി താൻ മൽസരിച്ചിട്ടുണ്ട്. പരാമർശത്തിനെതിരെ ഒരാളും തന്നെ പിന്തുണയ്ക്കാനെത്തിയില്ല. ഇത്തരം കാര്യങ്ങൾ പറയാൻ അയാളോടു താൻ ചെയ്തതെന്നാണെന്ന് അറിയില്ലെന്നും ജയപ്രദ പ്രതികരിച്ചു. ഇങ്ങനെയുള്ളവർ തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ അനുവദിക്കരുത്. ഇയാൾ വിജയിച്ചാൽ ജനാധിപത്യത്തിനു സംഭവിക്കുന്നത് എന്താണ്?. സ്ത്രീകളുടെ സുരക്ഷയ്ക്ക് സമൂഹത്തിൽ ഒരു സ്ഥാനവുമില്ല. ഞങ്ങൾ എങ്ങോട്ടാണു പോകേണ്ടത്. ഞാൻ മരിച്ചാൽ നിങ്ങൾ തൃപ്തനാകുമോ? പേടിച്ച് ഞാൻ റാംപുർ വിടുമെന്നാണോ നിങ്ങള്‍ കരുതുന്നത്?. പക്ഷേ, ഞാൻ പോകില്ല’ – അവർ കൂട്ടിച്ചേർത്തു. 

അസം ഖാന്റെ പരാമർശം ഇങ്ങനെ:

‘റാംപുരിലെയും യുപിയിലെയും ഇന്ത്യയിലെയും ജനങ്ങളെ, 17 വർഷമെടുത്തു നിങ്ങൾക്ക് അവരുടെ യഥാർഥ സ്വഭാവം മനസ്സിലാക്കാൻ. എന്നാൽ 17 ദിവസത്തിനുള്ളിൽ എനിക്കു മനസ്സിലായി അവർ ധരിച്ചിരുന്നത് കാക്കി ഉൾവസ്ത്രമാണെന്ന്.’

അതേസമയം, ഖാന്റെ വിവാദ പ്രസംഗത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.

ഖാന്റെ പരാമർശം അത്യന്തം നിന്ദ്യമായതാണെന്ന് ബിജെപി സംസ്ഥാന വക്താവ് ചന്ദ്രമോഹൻ വ്യക്തമാക്കി. രാഷ്ട്രീയത്തിന്റെ നിലവാരം ഇതിലും താഴാനാകില്ല. എസ്പിയുടെ യഥാർഥ മുഖമാണ് ഈ പ്രസ്താവനയിലൂടെ പുറത്തുവരുന്നത്. സ്ത്രീകളെക്കുറിച്ചുള്ള അവരുടെ യഥാർഥ ചിന്തകളാണ് പുറത്തുവരുന്നതെന്നും ചന്ദ്രമോഹൻ പറഞ്ഞു.

വിഷയത്തിൽ ഖാന് നോട്ടിസ് അയയ്ക്കുമെന്ന് വനിതാ കമ്മിഷൻ ചെയർപഴ്സൻ രേഖ ശർമ പറഞ്ഞു.

അതേസമയം, താൻ ആരെയും അധിക്ഷേപിച്ചിട്ടില്ലെന്ന് അസം ഖാൻ പ്രതികരിച്ചു. ‘തെറ്റാണെന്നു തെളിഞ്ഞാൽ മൽസരിക്കില്ല. 9 തവണ റാംപുരിനെ പ്രതിനിധീകരിച്ച എംഎൽഎയാണ് താൻ. മന്ത്രിയുമായിരുന്നിട്ടുണ്ട്. എന്തുപറയണമെന്നു തനിക്കറിയാം’ – ഖാൻ കൂട്ടിച്ചേർത്തു.

English Summary: Azam Khan stokes controversy with makes "underwear" jibe, Jaya Prada, UP Elections 2019

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA