ADVERTISEMENT

പത്തനംതിട്ട∙ രാജ്യത്തിന്റെ കാർഷിക മേഖലയെ തളിരണിയിക്കുന്ന മൺസൂൺ ഈ വർഷം കുറയില്ലെന്ന ഉറപ്പുമായി കാലാവസ്ഥാ വകുപ്പിന്റെ ആദ്യ പ്രവചനം പുറത്ത്. ദീർഘകാല ശരാശരിയുടെ 96% മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രം പറയുന്നത്. ഇത് 5% കൂടുകയോ കുറയുകയോ ചെയ്യാം. ശരാശരിയിൽ കൂടുതലോ അധിക മഴയോ ലഭിക്കാനുള്ള സാധ്യത തീരെയില്ലെന്നും പ്രവചനം അടിവരയിട്ടു പറയുന്നു. കൃഷിക്ക് ആവശ്യത്തിനു മഴ ലഭിക്കുമെന്നു തന്നെ പ്രവചനം ഉറപ്പു തരുന്നു. രാജ്യത്തിന്റെ എല്ലാ ഭാഗത്തും ഒരു പോലെ മഴ കിട്ടാനാണു സാധ്യതയെന്നും പ്രവചനം വ്യക്തമാക്കി.

തിങ്കൾ ഉച്ചകഴിഞ്ഞ് 3ന് ന്യൂഡൽഹി ലോധി റോഡിലെ കാലാവസ്ഥാ കേന്ദ്രത്തിന്റെ ആസ്ഥാന മന്ദിരത്തിൽ നടത്തിയ വാർത്താസസമ്മേളനത്തിൽ ഇന്ത്യ മെറ്റീരിയോളജിക്കൽ സെന്റർ (ഐഎംഡി) ഡയറക്ടർ ജനറൽ ഡോ.കെ. ജെ. രമേശാണ് ഈ പ്രഖ്യാപനം നടത്തിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കാലാവസ്ഥാ കാര്യ ലേഖകർക്കും പ്രവചനം സംബന്ധിച്ച വിവരങ്ങൾ ഐഎംഡി തത്സമയംകൈമാറി. ദീർഘകാല ശരാശരിക്ക് അടുത്ത മഴ ലഭിക്കുമെന്നാണു നിഗമനം. കഴിഞ്ഞ 50 വർഷമായി രാജ്യത്തു ലഭിക്കുന്ന കാലവർഷത്തിന്റെ ദീർഘകാല ശരാശരി ഏകദേശം 89 സെന്റീമീറ്ററാണ്. ജൂൺ ഒന്നിന് കേരളത്തിലെത്തുന്ന കാലവർഷം സെപ്റ്റംബർ 30 വരെയുള്ള 4 മാസമാണ് പെയ്യുന്നത്. തമിഴ്നാട് ഒഴികെ എല്ലാ സംസ്ഥാനങ്ങളെയും കാലവർഷം അതിന്റെ കുടക്കീഴിലാക്കും.

മൺസൂണിനെ എൽ നിനോ ബാധിക്കാൻ സാധ്യതയില്ലെന്നു തന്നെ ഐഎംഡി വ്യക്തമാക്കി. എന്നാൽ അവസാന ഘട്ടമായ ഓഗസ്റ്റ് മാസത്തിൽ നേരിയ തോതിൽ എൽ നിനോയുടെ പ്രഭാവം അനുഭവപ്പെടും. ഇതു മഴയുടെ തോതു കുറയ്ക്കുമെങ്കിലും കാർഷിക മേഖലയെ ബാധിക്കില്ല. ഇന്ത്യൻ സമുദ്രങ്ങളിലെ താപനിലയുമായി ബന്ധപ്പെട്ട ഐഒഡി ഇന്ത്യൻ സമുദ്രതാപനില ദ്വന്ദം (ഡൈപോൾ) മൺസൂണിന് അനുകൂലമാണെന്നും ഐഎംഡി പ്രവചനത്തിൽ വ്യക്തമാക്കി.

പസഫിക് സമുദ്ര താപനില അസാധാരണമായി ഉയരുന്ന വർഷങ്ങളിൽ രൂപമെടക്കുന്ന എൽ നിനോ എന്ന ഉഷ്ണജല പ്രതിഭാസം ഈ വർഷം ശക്തമാകാൻ സാധ്യതയുള്ളതിനാൽ ഈ വർഷത്തെ മഴയിൽ കുറവുണ്ടാകുമെന്ന് സ്കൈമെറ്റ് എന്ന സ്വകാര്യ കാലാവസ്ഥാ ഏജൻസി ഏതാനും ആഴ്ചകൾക്കു മുമ്പ് പ്രവചിച്ചിരുന്നു. എന്നാൽ ഇന്ത്യയിലെ കാലാവസ്ഥയെപ്പറ്റി പ്രവചിക്കാനും മറ്റും ഔദ്യോഗികമായി ചുമതലയുള്ളത് ഐഎംഡിക്ക് മാത്രമാണ്. എൽ നിനോയ്ക്ക് സാധ്യതയുള്ളതായി ഓസ്ട്രേലിയൻ കാലാവസ്ഥാ കേന്ദ്രം ഉൾപ്പെടെയുള്ള ഏജൻസികൾ പറയുന്നു. ഓഗസ്റ്റിലേക്ക് എൽ നിനോ കൂടുതൽ ശക്തമാകുമെന്നും ചില ഏജൻസികൾ പറയുന്നു.

രാജ്യത്തെ വിവിധ കാലാവസ്ഥാ മേഖല തിരിച്ചുള്ള മഴയുടെ ഏറ്റക്കുറച്ചിലുകൾ സംബന്ധിച്ച് ജൂൺ ആദ്യം ഐഎംഡി പ്രവചനം നടത്തും. മഴ തുടങ്ങുന്ന തീയതി സംബന്ധിച്ച പ്രഖ്യാപനം മേയ് മൂന്നാം വാരമാണു പുറത്തിറക്കുക. തിരഞ്ഞെടുപ്പുകാലമായതിനാൽ രാജ്യത്തു വരാൻ പോകുന്ന അടുത്ത സർക്കാരിനെ സംബന്ധിച്ചും ഈ പ്രവചനങ്ങൾ നിർണായകമാണ്. മഴ കുറഞ്ഞാൽ കൃഷിയെയും സമ്പദ്‌വ്യവസ്ഥയെയും അതു ബാധിക്കും. സർക്കാരിന്റെ വരുമാനത്തെയും ആകെ ആഭ്യന്തര ഉത്പാപദനത്തെയും തളർത്തും. എന്നാൽ നല്ല മഴ സംബന്ധിച്ച പ്രവചനം കർഷകർക്കു മാത്രമല്ല, സർക്കാരുകൾക്കും സാമ്പത്തിക മേഖലയ്ക്കും ബാങ്കുകൾക്കും ശുഭവാർത്തയാണ്.

English Summary: IMD expects monsoons to be near-normal this year

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com