ADVERTISEMENT

ന്യൂഡൽഹി∙ തമിഴ്നാട്ടിലെ വെല്ലൂർ മണ്ഡലത്തിൽ വോട്ടെടുപ്പ് റദ്ദാക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം. ഡിഎംകെ സ്ഥാനാർഥിയുടെ ഓഫിസിൽ നിന്നു കണക്കിൽപെടാത്ത പണം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ലോക്സഭാ തിരഞ്ഞെടുപ്പ് റദ്ദാക്കാനുളള ശുപാർശ രാഷ്ട്രപതിക്ക് സമർപ്പിച്ചെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അധികൃതർ‌ അറിയിച്ചു.

ബുധനാഴ്ചയാണ് വെല്ലൂരിലെ ഡിഎംകെ സ്ഥാനാർഥി കതിർ ആനന്ദിന്റെ ഓഫിസിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിൽ പണം കണ്ടെത്തിയത്. സംഭവത്തിൽ കതിർനെതിരെയും ശ്രീനിവാസൻ, ദാമോദരൻ എന്നീ രണ്ടു പാർട്ടി ഭാരവാഹികൾക്കെതിരെയും ജില്ലാ പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരുന്നു.

തിരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രികയോടൊപ്പം നൽകിയ സത്യവാങ്മൂലത്തിൽ തെറ്റായ വിവരങ്ങള്‍ രേഖപ്പെടുത്തിയതിനാണ് കതിര്‍ ആനന്ദിനെതിരെ കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. കോഴ വാങ്ങിയതിനാണ് ശ്രീനിവാസനും ദാമോദരനുമെതിരെ കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. മുതിർന്ന ഡിഎംകെ നേതാവ് ദുരൈ മുരുകന്റെ മകനാണ് കതിർ ആനന്ദ്.

മാര്‍ച്ച് 30–ന് ദുരൈ മുരുകന്റെ വീട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. കണക്കില്‍പെടാത്ത 10.5 ലക്ഷം രൂപ കണ്ടുകെട്ടിയ ആദായ നികുതി വകുപ്പ് രണ്ടു ദിവസത്തിനു ശേഷം ദുരൈ മുരുകന്റെ സഹായിയുടെ സിമന്റ് ഗോഡൗണില്‍ നിന്ന് 11.53 കോടിയോളം രൂപ പിടികൂടി. എന്നാൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ് തിരഞ്ഞെടുപ്പിൽ നേരിടാൻ ധൈര്യമില്ലാത്ത രാഷ്ട്രീയ നേതാക്കളുടെ ഗൂഢാലോചനയാണെന്നാണ് ദുരൈ മുരുകന്റെ പ്രതികരണം.

English Summary: Polls May Be Cancelled For Tamil Nadu Seat After Cash Haul At DMK Office

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com