ADVERTISEMENT

ന്യൂഡൽഡഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുമായുള്ള സഖ്യസാധ്യതകൾക്ക് പുതുജീവൻ നൽകി കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഡൽഹിയിൽ എഎപിയും കോൺഗ്രസും ഒന്നിക്കുകയെന്നാൽ ബിജെപിയുടെ തോൽവിയാണെന്നു രാഹുൽ ഗന്ധി ട്വിറ്ററിൽ കുറിച്ചു. എഎപിക്ക് നാല് സീറ്റുകൾ നൽകാൻ കോൺഗ്രസ് തയാറാണ്. കോൺഗ്രസ് വാതിൽ തുറന്നിട്ടിരിക്കുകയാണ്. സഖ്യസാധ്യതകൾ വൈകിപ്പിക്കുന്നത് അരവിന്ദ് കേജ്‌രിവാളാണെന്നും രാഹുൽ പറഞ്ഞു.

എഎപിയുമായുള്ള സഖ്യത്തെക്കുറിച്ച് ആദ്യമായാണ് കോൺഗ്രസ് അധ്യക്ഷൻ പരസ്യമായി പ്രതികരിക്കുന്നത്. നേതാക്കൾ വീണ്ടും പ്രസ്താവനകളുമായി രംഗത്തെത്തിയതോടെ അടഞ്ഞ സഖ്യവാതിലുകൾ വീണ്ടും തുറക്കുമെന്നാണ് പ്രതീക്ഷ. ബിജെപിയെ പരാജയപ്പെടുത്തുന്നതിന് എന്തിനും തയാറാണെന്ന് അരവിന്ദ് കേ‌ജ്‌രിവാളും കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. 7 ലോക്സഭാ സീറ്റുകളിൽ മുഴുവൻ സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ എഎപിയും 4 ഇടത്തേയ്ക്കുള്ള സ്ഥാനാർഥികളെ കോൺഗ്രസും പ്രഖ്യാപിച്ചിരുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പിൽ സഖ്യം വേണമെന്ന ആവശ്യവുമായി എഎപി അധ്യക്ഷ‌നും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാളാണ് കോൺഗ്രസിനെ നേതൃത്വത്തെ സമീപിച്ചത്. പ്രതിപക്ഷ കക്ഷികൾ ഒന്നിക്കുകയെന്ന പൊതുനയത്തിലുറച്ചു സഖ്യമുണ്ടാക്കാൻ ദേശീയ നേതൃത്വവും താൽപര്യമറിയിച്ചിരുന്നു. എൻസിപി നേതാവ് ശരദ് പവാർ, തൃണമൂൽ നേതാവ് മമത ബാനർജി, ഡൽഹിയുടെ ചുമതലയുള്ള കോൺഗ്രസ് നേതാവ് പി.സി.ചാക്കോ എന്നിവർ എഎപി നേതാക്കളുമായി നിരന്തരം ചർച്ച നടത്തുകയും ചെയ്തു.

എന്നാൽ മുൻ മുഖ്യമന്ത്രി ഷീല് ദീക്ഷിത് അധ്യക്ഷയായുള്ള സംസ്ഥാന നേതൃത്വത്തിന്റെ എതിർപ്പാണ് സഖ്യസാധ്യതകൾക്ക് തിരിച്ചടിയായത്. അടുത്ത വർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സഖ്യം വിനയാകുമെന്ന കണക്കൂകൂട്ടലിലാണ് ഡിപിസിസി നേതൃത്വം. ഡൽഹിക്കു പുറമെ ഹരിയാനയിലും പ‍ഞ്ചാബിലും സഖ്യം വേണമെന്ന അരവിന്ദ് കേ‌ജ്‌രിവാളിന്റെ ആവശ്യത്തിനെതിരെയും വിമർശനമുയർന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com