ADVERTISEMENT

വടകര∙ അക്രമരാഷ്ട്രീയത്തിനെതിരെ സംസാരിക്കുമ്പോഴെല്ലാം പി. ജയരാജൻ കയ്യുയർത്തിക്കാണിക്കുകയാണെന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരന്റെ പരാമർശത്തിനു മറുപടിയുമായി ജയരാജൻ. കൈ ഉയർത്തിക്കാണിക്കുന്നതിൽ ഏറ്റവും കൂടുതൽ പ്രയാസപ്പെടുത്തേണ്ടത് ആര്‍എസ്എസ്സുകാരാണെന്നും അക്കാര്യത്തിൽ എന്തിനാണ് കോൺഗ്രസ് സ്ഥാനാർഥി കെ. മുരളീധരന് ഇത്രയേറെ വിഷമമെന്നും ജയരാജൻ ചോദിച്ചു.

ഞങ്ങൾ നേരത്തേ ഉന്നയിച്ച കാര്യം കോൺഗ്രസ് സ്ഥാനാർഥി കൂടി പരോക്ഷമായി സമ്മതിക്കുകയാണ്. എന്നെ വെട്ടിക്കൊല്ലാൻ ശ്രമിച്ച ആർഎസ്എസുകാരും പിന്നീടു ഞാന്‍ വീണ്ടും സജീവമായി പ്രവർത്തനരംഗത്തു വന്നപ്പോൾ കള്ളക്കേസുകളുണ്ടാക്കി എന്നെ വേട്ടയാടിയ ആർഎസ്എസുകാരുമുണ്ട്. അവർക്കുവേണ്ടിയുള്ള വക്കാലത്തുമായിട്ടാണ് ഇപ്പോൾ കോൺഗ്രസുകാർ വരുന്നത്– ജയരാജൻ മനോരമ ഓണ്‍ലൈനോടു പറഞ്ഞു.

നേരത്തേ തനിക്കെതിരെ ആർഎസ്എസ് നടത്തിയ പ്രചരണമാണ് ഇപ്പോൾ കോൺഗ്രസ് നടത്തുന്നത്. നാടിന്റെ ശത്രുക്കളായ എല്ലാവരും യോജിച്ചാണ് എൽഡിഎഫിനെതിരെ വന്നത്. കോൺഗ്രസ് സ്ഥാനാർഥിക്ക് അനുകൂലമായി എല്ലാ അവിശുദ്ധ ശക്തികളും രംഗത്തുണ്ട്. ജമാഅത്തെ ഇസ്‍ലാമി കോൺഗ്രസിനു വേണ്ടി രംഗത്തുവന്നു. ഇത്തരക്കാർ നേരത്തേ എല്ലാ വികസന പ്രവർത്തനങ്ങൾക്കും എതിർനിലപാടു സ്വീകരിച്ചവരും മാവോയിസ്റ്റുകളുമായിട്ടുപോലും സഹകരിക്കുന്നവരുമാണ്. അവരാണ് ചില മേഖലകളില്‍ വീടുകയറി കോൺഗ്രസിന് വേണ്ടി പ്രചാരണവേല നടത്തുന്നത്.

രാജ്യത്തുടനീളം ആർഎസ്എസും ബിജെപിയും ചേർന്ന് അഞ്ച് വർഷമായി നടപ്പാക്കുന്ന അക്രമത്തിന്റെ വാഴ്ചയുണ്ട്. അതൊന്നും പരാമർശിക്കാൻ ആരും തയാറാകുന്നില്ല. എല്ലാ അക്രമത്തിന്റെയും വക്താവാണ് വടകരയിലെ എല്‍ഡിഎഫ് സ്ഥാനാർഥിയെന്നു വ്യക്തിഹത്യ നടത്തുകയാണ് ചെയ്യുന്നത്. പക്ഷേ അതൊന്നും വിജയിക്കാൻ പോകുന്നില്ല. നിലപാടില്ലാത്ത പ്രസ്ഥാനമാണ് കോൺഗ്രസ്. അവരുടെ അപവാദപ്രചാരണങ്ങളൊന്നും ഇവിടെ വിജയിക്കാൻ പോകുന്നില്ല. ഇടതുപക്ഷ ജനാധിപത്യ മുന്നണി മികച്ച ഭൂരിപക്ഷത്തില്‍തന്നെ വടകരയിൽ വിജയിക്കും. പത്ത് വർഷത്തിലധികമായി വടകരയുടെ വികസനത്തിന് എംപി യാതൊന്നും ചെയ്തിട്ടില്ല. ജനങ്ങള്‍ക്കായി വികസനത്തിനു മുന്‍കൈയെടുക്കുമെന്നാണു ജനങ്ങളോടു പറയുന്നത്– ജയരാജന്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം വടകര ലോക്സഭാ മണ്ഡലത്തിൽ വോട്ടർമാരെ കാണുന്നതിനിടെയായിരുന്നു എൽഡിഎഫ് സ്ഥാനാർഥി പി.ജയരാജനെതിരെ യുഡിഎഫ് സ്ഥാനാർഥി കെ.മുരളീധരന്റെ വിമര്‍ശനം. അക്രമരാഷ്ട്രീയത്തെക്കുറിച്ചു പറയുമ്പോഴെല്ലാം ജയരാജൻ തുന്നിച്ചേർത്ത തന്റെ കൈ ഉയർത്തിക്കാണിക്കുന്നെന്നായിരുന്നു മുരളീധരന്റെ വിമര്‍ശനം. ബോംബ് എറിഞ്ഞവരും ഏറുകൊണ്ടവരും ഇപ്പോൾ ഒരേ പാർട്ടിയിലാണ്. എന്നിട്ട് ഇവർ രണ്ടുപേരും ചേർന്നിട്ടാണ് മറ്റുള്ളവരെ ശരി‍യാക്കാൻ ഇറങ്ങുന്നതെന്നും ‍മുരളീധരൻ പിന്നീട് മനോരമ ഓണ്‍ലൈനോടു പറഞ്ഞു. സിപിഎമ്മിന് സ്വാധീനമുള്ള പ്രദേശങ്ങളിൽനിന്നടക്കം മികച്ച പ്രതികരണമാണു തനിക്കു ലഭിക്കുന്നതെന്നും മുരളീധരന്‍ വ്യക്തമാക്കി.

English Summary: P Jayarajan reply to K Muraleedharan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com