ADVERTISEMENT

ന്യൂഡല്‍ഹി∙ കോണ്‍ഗ്രസ് വക്താവ് പ്രിയങ്കാ ചതുര്‍വേദി കഴിഞ്ഞ രാത്രി പാര്‍ട്ടി വിട്ടു. ഉത്തര്‍പ്രദേശില്‍ തന്നെ അപമാനിച്ച പാര്‍ട്ടി പ്രവര്‍ത്തകരെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ചാണ് പ്രിയങ്ക രാജിവച്ചത്. ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസം പ്രിയങ്ക അതിശക്തമായി ട്വിറ്ററില്‍ പ്രതികരിച്ചിരുന്നു. പ്രിയങ്ക ശിവസേനയില്‍ ചേര്‍ന്നു.  

പാര്‍ട്ടി നടപടിയില്‍ അതൃപ്തി രേഖപ്പെടുത്തി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് പ്രിയങ്ക കത്തയച്ചു. തന്റെ സേവനം കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വിലമതിക്കുന്നില്ലെന്നു കഴിഞ്ഞ കുറച്ചു ദിവസം കൊണ്ടു മനസിലായെന്നും യാത്രയുടെ അവസാനമെത്തിയെന്നും പ്രിയങ്ക കത്തില്‍ കുറിച്ചിട്ടുണ്ട്. കൂടുതല്‍ കാലം ഇനി പാര്‍ട്ടിയില്‍ തുടര്‍ന്നാല്‍ ആത്മാഭിമാനത്തിനും അന്തസിനും ക്ഷതമേല്‍ക്കുമെന്നും അവര്‍ വ്യക്തമാക്കി.

കോണ്‍ഗ്രസിനു വേണ്ടി വിയര്‍പ്പും ചോരയും ഒഴുക്കിയവരെക്കാള്‍ 'വൃത്തികെട്ട ഗുണ്ടകള്‍'ക്ക് ഇപ്പോള്‍ പാര്‍ട്ടിയില്‍ പ്രാമുഖ്യം ലഭിക്കുന്നതില്‍ അതിയായ സങ്കടമുണ്ട്. പാര്‍ട്ടിക്കു വേണ്ടി നിരവധി പ്രശ്‌നങ്ങളാണ് നേരിടേണ്ടിവന്നത്. എന്നാല്‍ പാര്‍ട്ടിക്കുള്ളില്‍ എന്നെ അപമാനിച്ചവര്‍ യാതൊരു നടപടിയും കൂടാതെ തടിതപ്പുന്നത് ദൗര്‍ഭാഗ്യകരമാണ്.'' - എന്ന പ്രിയങ്കയുടെ ട്വീറ്റ് ഏറെ വിവാദമായിരുന്നു. 

ഉത്തര്‍പ്രദേശില്‍ മഥുരയില്‍ വച്ച് പ്രിയങ്കയോട് അപമര്യാദയായി പെരുമാറിയ ചില നേതാക്കളെ കഴിഞ്ഞ ദിവസം സംസ്ഥാന നേതൃത്വം സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ യാതൊരു നടപടിയും കൂടാതെ ഇവരെ തിരിച്ചെടുത്തു. ഇതില്‍ മനംനൊന്താണ് പാര്‍ട്ടി വിടാന്‍ പ്രിയങ്ക തീരുമാനിച്ചത്.

മഥുരയില്‍ റഫാല്‍ സംബന്ധിച്ച് വാര്‍ത്താ സമ്മേളനം നടത്തുന്നതിനിടെയാണ് പ്രാദേശിക നേതാക്കള്‍ പ്രിയങ്കയോട് അപമര്യാദയായി പെരുമാറിയത്. ഇതില്‍ ഒരാള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാണെന്നും റിപ്പോര്‍ട്ടുണ്ട്. ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ജോതിരാദിത്യ സിന്ധ്യയുടെ പിന്തുണയോടെയാണ് നേതാക്കളെ തിരിച്ചെടുത്തതെന്നാണ് ആരോപണം. ഈ നടപടിയിലുളള അതൃപ്തി പ്രിയങ്ക മുതിര്‍ന്ന നേതാക്കളെ അറിയിച്ചിരുന്നു. 

സമൂഹമാധ്യമങ്ങളിലും മറ്റും കോണ്‍ഗ്രസിന്റെ മുഖമായിരുന്ന പ്രിയങ്ക ചതുര്‍വേദി അടുത്തിടെ സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് നടത്തിയ പരാമര്‍ശം ഏറെ ചര്‍ച്ചയായിരുന്നു.

English Summary: Congress's Priyanka Chaturvedi Quits Party

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com