ADVERTISEMENT

കൊച്ചി∙ ആലുവയില്‍ മരിച്ച കുഞ്ഞിന്റെ അമ്മയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തും. സിറ്റി പൊലിസ് കമ്മിഷണര്‍ എസ്.സുരേന്ദ്രനാണ് മനോരമന്യൂസിനോട് സ്ഥിരീകരിച്ചത്. അനുസരണക്കേടുകാട്ടിയതിന് മര്‍ദിച്ചെന്നാണ് അമ്മയുടെ മൊഴി. ജാര്‍ഖണ്ഡുകാരിയായ യുവതി റിമാന്‍ഡിലാണ്. അച്ഛന്‍ നിരീക്ഷണത്തിലുള്ളതായും പൊലീസ് പറഞ്ഞു.

കുട്ടികള്‍ക്കെതിരായ പീഡനത്തില്‍ കര്‍ശനനിയമങ്ങള്‍ പരിഗണനയിലെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞു. കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നവരെ നേരിടാന്‍ കര്‍ശനനിയമങ്ങളുണ്ടാക്കും. സമ്പത്തുള്ളവരാണെങ്കില്‍ അത് കണ്ടുകെട്ടി ചികില്‍സയ്ക്ക് ഉപയോഗിക്കുമെന്നും മന്ത്രി പറഞ്ഞു. 

ആലുവയില്‍ ക്രൂരമര്‍ദനത്തിനിരയായ മൂന്നുവയസുകാരന്‍ പത്തുമണിയോടെയാണ് മരിച്ചത്. തലച്ചോറിനേറ്റ ഗുരുതരപരുക്കാണ് മരണകാരണം.  മൃതദേഹം പൊലീസിന് കൈമാറി, ഇന്‍ക്വസ്റ്റ് നടപടികള്‍ തുടങ്ങി. കുഞ്ഞിന്റെ അച്ഛനെ ഐസിയുവില്‍ എത്തിച്ചു. കൊടിയവേദനയ്ക്ക് വിടനല്‍കിയാണ് കൊച്ചിയിലെ കുരുന്നും മരണത്തിന് കീഴടങ്ങിയത്. കുട്ടിയെ മര്‍ദിച്ച ജാര്‍ഖണ്ഡുകാരിയായ അമ്മയെ കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ അവര്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. 

അമ്മയുടെ പങ്കാളി മര്‍ദിച്ച് കൊന്ന തൊടുപുഴ സ്വദേശി ഏഴുവയസുകാരന്‍ വിങ്ങുന്ന ഓര്‍മയായി നില്‍ക്കുമ്പോള്‍ തന്നെയാണ് രക്ഷിതാവിന്റെ തന്നെ മര്‍ദനത്തില്‍ ആലുവയിലും കുരുന്ന് മരണത്തിന് കീഴടങ്ങിയത് അടിമുടി മര്‍ദനമേറ്റ ഈ കുരുന്നിന് തലയ്‌ക്കേറ്റ ആഘാതമാണ് മരണകാരണമായത്. കൊച്ചി രാജഗിരി ആശുപത്രിയിലെ ഡോക്ടര്‍മാരുടെ അശ്രാന്തപരിശ്രമം ഫലം കണ്ടില്ല. ശസ്ത്രക്രിയ നടത്തിയിട്ടും തലച്ചോറിലെ രക്തസ്രാവം നിയന്ത്രിക്കാനായില്ല . ഇന്നലെ വൈകിട്ട് കുട്ടിയെ സന്ദര്‍ശിച്ച മെഡിക്കല്‍ ബോര്‍ഡും പ്രതീക്ഷയൊന്നും നല്‍കിയില്ല. 

ബുധനാഴ്ച രാത്രിയോടെയാണ് തലയ്ക്ക് മാരകമായ പരുക്കുകളോടെ കുട്ടിയെ ആശുപത്രിയിലെത്തിച്ചത് . വീണുപരുക്കേറ്റു എന്നായിരുന്നു മാതാപിതാക്കള്‍ പറഞ്ഞത്. സംശയം തോന്നിയ ഡോക്ടര്‍മാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസിന്റെ വിശദമായ ചോദ്യം ചെയ്യലിനൊടുവിലാണ്  കുട്ടിയെ മര്‍ദിച്ചെന്ന് അമ്മ സമ്മതിച്ചത്. 

അമ്മക്കൊപ്പം താമസിക്കുന്ന ആള്‍ കുട്ടിയുടെ അച്ഛന്‍ ആണോയെന്ന് പൊലീസിന് ഉറപ്പില്ല. കുട്ടിയും അമ്മയും ജാര്‍ഖണ്ഡില്‍ നിന്ന് കേരളത്തില്‍ എത്തിയത് രണ്ടാഴ്ച മുന്‍പ് മാത്രമാണ്. ഒപ്പം താമസിക്കുന്ന പശ്ചിമ ബംഗാള്‍കാരന്‍ സ്വകാര്യ കമ്പനിയില്‍ ക്രയിന്‍ ഓപ്പറേറ്ററായി ഒരു വര്‍ഷമായി ഇവിടെയുണ്ട്. കുട്ടിയെ മര്‍ദിച്ചതില്‍ പങ്കില്ല എന്നാണ് ഇയാളുടെ മൊഴി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com