ADVERTISEMENT

ന്യൂഡല്‍ഹി∙ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനു പിന്തുണ പ്രഖ്യാപിച്ചതിനെ ചൊല്ലി ആം ആദ്മി പാര്‍ട്ടിയില്‍ പൊട്ടിത്തെറി. ദേശീയ നേതൃത്വവുമായി ആലോചിക്കാതെ യുഡിഎഫിനു പിന്തുണ അറിയിച്ച പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ സി.ആര്‍. നീലകണ്ഠനെ സസ്‌പെന്‍ഡ് ചെയ്തു. പി.ടി. തുഫൈലിനെ കേരളത്തിലെ കൺവീനറായി നിയമിച്ചു. ശനിയാഴ്ച ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചയില്‍ കേരളത്തില്‍ എല്‍ഡിഎഫിനു പിന്തുണ നല്‍കാനും എഎപി ദേശീയ നേതൃത്വം തീരുമാനിച്ചു. ഡല്‍ഹിയില്‍ എഎപി നേതൃത്വവുമായി സിപിഎം നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ് ധാരണയിലെത്തിയത്. ഡൽഹിയിൽ എഎപിക്ക് സിപിഎമ്മും പിന്തുണ നൽകും.

13 മണ്ഡലങ്ങളില്‍ യുഡിഎഫിനും മലപ്പുറത്ത് എല്‍ഡിഎഫിനും പിന്തുണ നല്‍കുമെന്നു കഴിഞ്ഞ ദിവസം സി.ആര്‍. നീലകണ്ഠന്‍ അറിയിച്ചിരുന്നു. തങ്ങളോട് ആലോചിക്കാതെ തീരുമാനമെടുത്തത് ദേശീയ നേതൃത്വത്തിന്റെ കടുത്ത അതൃപ്തിക്ക് ഇടയാക്കി. കേരളഘടകത്തിനു ദേശീയ നേതൃത്വം കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നു. തുടര്‍ന്നു ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചയിലാണ് എല്‍ഡിഎഫിനെ പിന്തുണയ്ക്കാന്‍ ധാരണയായത്. ഇക്കുറി തിരഞ്ഞെടുപ്പില്‍ ഒരു മണ്ഡലത്തിലും മത്സരിക്കേണ്ടെന്നു പാര്‍ട്ടി നേരത്തെ തീരുമാനിച്ചിരുന്നു.

കോഴിക്കോട് ആര് നേടും? വോട്ട് ഓൺ വീൽസ് വി‍ഡിയോ കാണാം...

രാഷ്ട്രീയകാര്യ സമിതിയുടെ അംഗീകാരം ഇല്ലാതെയാണ് യുഡിഎഫിനു പിന്തുണ പ്രഖ്യാപിച്ചതെന്ന് ദേശീയ നേതൃത്വം വ്യക്തമാക്കി. ഡല്‍ഹി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസുമായി സഖ്യത്തിലെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ കേരളത്തില്‍ യുഡിഎഫിനു പിന്തുണ പ്രഖ്യാപിച്ചത് കേന്ദ്രനേതൃത്വത്തെ ഞെട്ടിച്ചിരുന്നു. കേരളത്തിന്റെ ചുമതലയുള്ള പാര്‍ട്ടി നേതാവ് സോംനാഥ് ഭാരതിയാണ് സംസ്ഥാന ഘടകത്തിനു കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയത്.

മുഖ്യമന്ത്രി പിണറായി വിജയനുമായി അടുത്ത സൗഹൃദം പുലര്‍ത്തുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ പാര്‍ട്ടി കേരളത്തില്‍ യുഡിഎഫിനു പിന്തുണ പ്രഖ്യാപിച്ചത് ഡല്‍ഹി നേതാക്കളെ അങ്കലാപ്പിലാക്കിയിരുന്നു. ബിജെപിയെ തോല്‍പ്പിക്കാനും വോട്ട് ഭിന്നിക്കാതിരിക്കാനും എല്‍ഡിഎഫിനു പിന്തുണ നല്‍കണമെന്നു കേജ്‌രിവാള്‍ ആഗ്രഹിച്ചിരുന്നു.

2014 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പല മണ്ഡലങ്ങളിലും നിര്‍ണായക ശക്തിയായി മാറിയ എഎപി പിന്നീട് പാര്‍ട്ടിക്കുള്ളിലെ പടലപ്പിണക്കങ്ങള്‍ മൂലം പ്രതിസന്ധിയിലായി. പ്രശസ്ത സാഹിത്യകാരി സാറാ ജോസഫ്, മാധ്യമപ്രവര്‍ത്തക അനിതാ പ്രതാപ് തുടങ്ങിയവര്‍ പാര്‍ട്ടിയില്‍നിന്ന് അകന്നു. 2014-ല്‍ തൃശൂരില്‍ മത്സരിച്ച സാറാ ജോസഫ് 44,638 വോട്ടും എറണാകുളത്ത് അനിതാ പ്രതാപ് 51517 വോട്ടും നേടിയിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ആർക്കൊപ്പം, വോട്ടർമാർ സംസാരിക്കുന്നു

അതേസമയം,  കേന്ദ്ര നേതൃത്വത്തിന്റെ നടപടിയിൽ ഞെട്ടലില്ലെന്ന് സി.ആർ. നീലകണ്ഠന്‍ മനോരമ ഓണ്‍ലൈനോടു പറഞ്ഞു. എൻഡിഎയെ തോൽപിക്കുന്നതിന് ആരെയും പിന്തുണയ്ക്കണമെന്നാണു കേന്ദ്ര നേതൃത്വത്തിൽനിന്ന് അറിയിപ്പ് ലഭിച്ചത്. കോൺഗ്രസിനെ പിന്തുണയ്ക്കുന്നതു തെറ്റാണെന്നു പറഞ്ഞിട്ടില്ല.

ഏതെങ്കിലും ഒരു മുന്നണിയെ പിന്തുണയ്ക്കണമെന്നായിരുന്നു കേന്ദ്ര തീരുമാനമെങ്കിൽ അതായിരുന്നു സൗകര്യം. പിന്നെ സ്ഥാനാർഥികളെ നോക്കി പിന്താങ്ങേണ്ട സാഹചര്യം ഉയരുന്നില്ലല്ലോ. ഇനിയിപ്പോൾ എൽഡിഎഫിനെ പിന്തുണയ്ക്കാനാണു തീരുമാനമെന്നും സി.ആർ. നീലകണ്ഠൻ വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com