ADVERTISEMENT

ന്യൂഡൽഹി ∙  പാക്ക് സൈന്യത്തിന്റെ പിടിയിൽനിന്നു മോചിതനായി ഇന്ത്യയിൽ മടങ്ങിയെത്തിയ വിങ് കമാൻഡർ അഭിനന്ദൻ വർധമാനു സ്ഥലംമാറ്റം. കശ്മീരിലെ സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടി പടിഞ്ഞാറന്‍ മേഖലയിലെ എയര്‍ ബേസിലേക്കാണ് അഭിനന്ദനെ സ്ഥലം മാറ്റിയതെന്നു വാർത്താഏജൻ‌സി റിപ്പോർട്ട് ചെയ്തു. നിലവിൽ ശ്രീനഗറിലാണ് അഭിനന്ദനുള്ളത്. മിഗ് 21 വിമാനം ഉപയോഗിച്ച് എഫ്–16 വിമാനം തകർത്ത ഏക പൈലറ്റാണ് അഭിനന്ദൻ.

അഭിനന്ദൻ വർധമാൻ അധികം വൈകാതെ യുദ്ധവിമാനങ്ങൾ പറത്തിയേക്കുമെന്ന റിപ്പോർട്ടിനു പിന്നാലെയാണു സ്ഥലംമാറ്റം. ബെംഗളൂരു ആസ്ഥാനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എയറോ സ്പേസ് (ഐഎഎം) അഭിനന്ദന്റെ പരിശോധനാ റിപ്പോർട്ട് നൽകി. പാക്കിസ്ഥാനിൽനിന്നു മടങ്ങിയെത്തിയ അഭിനന്ദൻ ഒട്ടേറെ പരിശോധനകൾക്കു വിധേയനായിരുന്നു.

പാക്ക് കസ്റ്റഡിയിൽ 60 മണിക്കൂർ കഴിഞ്ഞതിനുശേഷമാണ് അഭിനന്ദൻ ഇന്ത്യയിൽ തിരിച്ചെത്തിയത്. ഇതിനു പിന്നാലെ അത്യാധുനിക പരിശോധനകൾക്കാണ് അഭിനന്ദൻ വിധേയനായത്. അഭിനന്ദന്റെ വാരിയെല്ലിനും നട്ടെല്ലിനും പരുക്കുള്ളതായി കണ്ടെത്തിയിരുന്നു. വിമാനങ്ങൾ പറത്താൻ അനുവദിക്കുന്നതിന് 12 ആഴ്ചകൾ മുൻപു തന്നെ പരിശോധനകൾ പൂർത്തിയാക്കാറാണു പതിവ്.

വിമാനത്തിൽനിന്ന് താഴേക്ക് ചാടുന്നതു മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകളിൽനിന്ന് പൂർണമായും മോചിതനാകുന്നതുവരെ വിശ്രമം അനുവദിക്കാറുണ്ട്. ആവശ്യമെങ്കില്‍ യുഎസ് വ്യോമസേനയില്‍നിന്നു വിദഗ്‌ധോപദേശം തേടും. ഫെബ്രുവരി 27ന് ഇന്ത്യന്‍ അതിർത്തി കടന്നെത്തിയ പാക്കിസ്ഥാന്റെ എഫ്–16 വിമാനം മിഗ് 21 വിമാനം ഉപയോഗിച്ച് അഭിനന്ദന്‍ തകർത്തിരുന്നു.

English Summary: IAF Pilot Abhinandan Varthaman To Move Out Of Srinagar In New Posting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com