ADVERTISEMENT

വലുപ്പത്തിന്റെയും ജനസംഖ്യയുടെയും കാര്യത്തിൽ പിന്നിലാണെങ്കിലും വൈവിധ്യത്തിൽ രാജ്യത്തെ ഏതു സംസ്ഥാനത്തേക്കാളും മുന്നിലാണു സിക്കിം. മൂന്നു രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനം അയൽക്കാരുടെയെല്ലാം സംസ്കാരികവൈവിധ്യം ഇരുകൈനീട്ടി സ്വീകരിച്ചിരിക്കുന്നു; തങ്ങളുടേതാക്കി ചേർത്തുപിടിക്കുന്നു. ഈ വൈവിധ്യത്തിൽനിന്നു പിറവിെയടുത്ത ഒരു നിയമസഭാ മണ്ഡലമുണ്ട് സിക്കിമിൽ. ഭൂപടത്തിലില്ലാത്ത മണ്ഡലം! ആകെയുള്ള 31 നിയമസഭാ മണ്ഡലങ്ങൾക്കു പുറമേ സംസ്ഥാനത്താകെ വ്യാപിച്ചുകിടക്കുന്ന ‘സംഗ’ എന്ന സാങ്കൽപിക മണ്ഡലത്തിൽ മൽസരിക്കാനും വോട്ടുചെയ്യാനും അവകാശം ബുദ്ധസന്യാസികൾക്കു മാത്രമാണ്. സംഗ എന്നുതന്നെ അറിയപ്പെടുന്ന മൊണാസ്റ്റിക് കമ്യൂണിറ്റിക്കുവേണ്ടി മാറ്റിവച്ചിരിക്കുന്ന രാജ്യത്തെ ഏക മണ്ഡലംകൂടിയാണിത്. 

Sikkim

സിക്കിമിലെ ബുദ്ധമത പാരമ്പര്യത്തിനു നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ടിബറ്റിനോടു ചേർന്നുകിടക്കുന്ന സംസ്ഥാനത്തേക്കു ബുദ്ധമതമെത്തിയത് ഒൻപതാം നൂറ്റാണ്ടിൽ. 13-ാം നൂറ്റാണ്ടുമുതൽ നാടുഭരിച്ച ചൊഗ്യാൽ രാജവംശത്തിലെ മന്ത്രിസഭകളിലെല്ലാം സാധാരണ ജനങ്ങളിൽനിന്നും ബുദ്ധസന്യാസികളായ ലാമമാരിൽനിന്നും പ്രതിനിധികളുണ്ടായിരുന്നു. രാജഭരണം അവസാനിപ്പിച്ച് സിക്കിം സ്വതന്ത്ര ഇന്ത്യയുടെ ഭാഗമായത് 1975ലാണ്. ജനാധിപത്യ പ്രക്രിയയിലും മുൻപത്തേതുപോലെ ലാമമാരുടെ പ്രാതിനിധ്യം തുടരാൻ തീരുമാനിക്കുകയായിരുന്നു.

sikkim lok sabha elections map

ലാമമാർ ഒരു ബുദ്ധവിഹാരത്തിൽ സ്ഥിരമായി താമസിക്കാറില്ല. ചെറിയ ഇടവേളകളിൽ താമസസ്ഥലം മാറിക്കൊണ്ടിരിക്കുന്നതിനാൽ ഓരോ തവണയും പുതിയ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ റജിസ്റ്റർ ചെയ്യേണ്ടിവരും. ഇതിലെ പ്രായോഗിക ബുദ്ധിമുട്ട് ഒഴിവാക്കുകയാണ് ഇത്തരമൊരു സാങ്കൽപിക മണ്ഡലത്തിന്റെ പ്രധാന ലക്ഷ്യം. സംസ്ഥാനത്തെ എല്ലാ ബുദ്ധസന്യാസികളും സംഗ മണ്ഡലത്തിലെ വോട്ടറാണ്.

തങ്ങളുടെ പ്രദേശത്തെ ബൂത്തിൽ ഇവർക്കു വോട്ടുചെയ്യാം. ലോക്സഭയ്ക്കൊപ്പം നിയമസഭയിലേക്കും ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് പൂർത്തിയായ സിക്കിമിൽ, എല്ലാ പോളിങ് സ്റ്റേഷനിലും മൂന്ന് വോട്ടിങ് യന്ത്രങ്ങൾ സജ്ജീകരിച്ചിരുന്നു. ഏക ലോക്സഭാ മണ്ഡലത്തിലേക്കും അതത് നിയമസഭാ മണ്ഡലത്തിലെ പ്രതിനിധിക്കും വോട്ടുചെയ്യാൻ ഓരോന്ന്. മൂന്നാമത്തേത്, അതതു പ്രദേശത്തെ ബുദ്ധ സന്യാസിമാർക്കു സംഗ സീറ്റിലേക്കു വോട്ട് ചെയ്യാനും.

sikkim lok sabha elections monastery
സിക്കിമിലെ ബുദ്ധമത ആശ്രമങ്ങളിലൊന്ന് (ഫയൽ ചിത്രം)

സംസ്ഥാനത്തെ ജനസംഖ്യയുടെ 25 ശതമാനം വരുന്ന ബൂട്ടിയ, ലെപ്ച വിഭാഗക്കാരിലാണു ബുദ്ധമത വിശ്വാസികൾ കൂടുതൽ. ഭൂരിപക്ഷ സമൂഹമായ നേപ്പാളികള്‍ ഹൈന്ദവരാണ്. സംസ്ഥാനത്തു റജിസ്റ്റർ ചെയ്തിട്ടുള്ള 51 ബുദ്ധവിഹാരങ്ങളിൽനിന്നായി ഇത്തവണ 69 സന്യാസിനിമാരുൾപ്പെടെ 3293 വോട്ടർമാരാണുണ്ടായിരുന്നത്. സംസ്ഥാനത്ത് ഏറ്റവും കുറവ് വോട്ടർമാരുള്ള മണ്ഡലം കൂടിയാണു സംഗ.

മൂന്നു സ്ഥാനാർഥികളാണ് ഇത്തവണ മൽസരിക്കുന്നത്. എസ്കെഎമ്മിന്റെ സിറ്റിങ് എംഎൽഎ സോനം ലാമയ്ക്കു പുറമേ, ഭരണകക്ഷിയായ എസ്ഡിഎഫിന്റെ ഷെറിങ് ലാമയും കോൺഗ്രസിന്റെ കർമ തഷി ബൂട്ടിയയും മൽസരക്കളത്തിലുണ്ട്. വോട്ടെടുപ്പ് ദിനമായ ഏപ്രിൽ 11ന് എല്ലാ ബുദ്ധവിഹാരങ്ങളിലും പ്രതിദിന ആരാധനകളും ചടങ്ങുകളും ഒഴിവാക്കിയിരുന്നു.

sikkim lok sabha constituency history

സ്ഥിരമായി ഒരു രാഷ്ട്രീയ പാർട്ടിക്കും ഒപ്പം നിൽക്കാത്ത മണ്ഡലമാണു സംഗ. 2014ൽ സിക്കിം ക്രാന്തികാരി മോർച്ചയുടെ സോനം ലാമയാണ് ഇവിടെ വിജയിച്ചത്. അദ്ദേഹം 1096 വോട്ട് നേടിയപ്പോൾ എസ്ഡിഎഫിന്റെ പാൽഡെൻ ലചുങ്പ 971 വോട്ടുമായി രണ്ടാമതെത്തി. 2009ൽ എസ്ഡിഎഫും 2004ൽ കോൺഗ്രസും 1999ൽ സ്വതന്ത്ര സ്ഥാനാർഥിയും ജയിച്ചു.

വയനാട്ടിലെ വോട്ടർമാർ ആര്‍ക്കൊപ്പം? എന്റോട്ട് എങ്ങോട്ട് വിഡിയോ കാണാം
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com