188 സീറ്റിൽ ഭൂരിപക്ഷം ലക്ഷത്തിൽ താഴെ; അദ്ഭുതം കാത്തുവച്ച് സോഷ്യൽമീഡിയ

HIGHLIGHTS
  • പീപ്പിൾസ് പൾസ് സർവേയിൽ പങ്കെടുത്തത് 502 മണ്ഡലങ്ങളിലെ ആറര ലക്ഷത്തിലേറെ പേർ
  • 18–22 പ്രായക്കാരിൽ കോൺഗ്രസിനേക്കാൾ ഇരട്ടി വോട്ട് സ്വന്തമാക്കി ബിജെപിയുടെ കുതിപ്പ്
india-social-media
SHARE

ലോകത്തിൽത്തന്നെ ഒരു രാഷ്ട്രീയ പാർട്ടിക്കും നേതാവിനും ഇത്രയധികം ജനപ്രീതിയുള്ള ആപ് ഉണ്ടോയെന്നതു സംശയമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിലുള്ള നമോ ആപ്പ് ഒരു കോടിയിലേറെ പേരാണ് ഇൻസ്റ്റാൾ ചെയ്തിട്ടുള്ളത്. മോദിയുടെ പ്രസംഗങ്ങളും ലേഖനങ്ങളും കൂടാതെ ബിജെപിയുടെ പ്രചാരണവും ഈ ആപ്പിൽ കാണാം. പ്രധാനമന്ത്രിയുമായി നേരിട്ടു സംവദിക്കാം എന്നാണു നമോ ആപ്പിന്റെ പരസ്യവാചകം.

സമൂഹമാധ്യമങ്ങൾ നയങ്ങൾ മാറ്റിയാലും വീണു പോകാതിരിക്കാനുള്ള ബിജെപി സൈബർസേനയുടെ ആസൂത്രണ മികവാണ് ഈ ആപ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനു മറ്റു സംവിധാനങ്ങൾക്കൊപ്പം നമോ ആപ്പിനെയും ബിജെപി നന്നായി ആശ്രയിക്കുന്നു. പാർട്ടി എംപിമാരുടെ പ്രവർത്തനമികവ് അളക്കാൻ, അണികൾക്കുള്ള നിർദേശങ്ങളും ഉത്തരവുകളും ആശയങ്ങളും കൈമാറാൻ ആപ്പിനെയാണ് ഉപയോഗിക്കുന്നത്. ‘പീപ്പിൾസ് പൾസ്’ സർവേ നോക്കിയാണ് അൻപതിലേറെ സിറ്റിങ് എംപിമാർക്കു സ്ഥാനാർഥിത്വം നൽകാതിരുന്നതും.

നമോ ആപ്പിലൂടെ പ്രവർത്തകരുമായി വിഡിയോ കോൺഫറൻസ് വഴി സംവദിക്കാൻ മോദി സമയം കണ്ടെത്തുന്നു. അഞ്ചു രൂപ മുതൽ മുകളിലേക്കുള്ള തുക സംഭാവന നൽകാനും ‘മോദി ബ്രാൻഡ്’ സാധനങ്ങൾ വിൽക്കാനും ആപ്പിൽ സൗകര്യമുണ്ട്. 2015 ജൂണിൽ ആരംഭിച്ച ആപ്, ഉർദു അടക്കം 13 ഭാഷകളിൽ ലഭ്യം. പീപ്പിൾസ് പൾസ് സർവേയിൽ 502 മണ്ഡലങ്ങളിലെ ആറര ലക്ഷത്തിലേറെ പേരാണു പങ്കെടുത്തത്– ബിജെപി ചൂണ്ടിക്കാട്ടുന്നു.

വിഷയങ്ങൾ പിന്നിൽ, വ്യക്തികൾ മുന്നിൽ

പൊതുപ്രശ്നങ്ങൾ സജീവമാക്കാൻ പാർട്ടികൾ ശ്രമിക്കാറുണ്ടെങ്കിലും തിരഞ്ഞെടുപ്പിൽ പൊതുവെ വ്യക്ത്യധിഷ്ഠിത കാര്യങ്ങൾക്കാണു പ്രാമുഖ്യം ലഭിക്കുക. ഇതാണു ലോകത്തെല്ലായിടത്തും. മോദി തുടർന്നാലാണു രാജ്യം ശക്തി നേടുക, രാഹുൽ വന്നാലേ ഇന്ത്യ മുന്നേറൂ എന്നിങ്ങനെ പ്രചാരണം നടത്തുന്നതു സൈബർസേനയ്ക്കും എളുപ്പം. അതിനാണു കൂടുതൽ ലൈക്കും ഷെയറും കിട്ടുക.

‘വ്യക്തിവാദങ്ങളെ അധികം പ്രോൽസാഹിപ്പിക്കാത്ത, വ്യാജവാർത്തകളെ എതിർക്കുന്ന, യഥാർഥ പ്രശ്നങ്ങളും പ്രകടനപത്രികയിലെ വാഗ്ദാനങ്ങളും ചർച്ചയാക്കുന്ന പോസിറ്റീവ് സമീപനമാണു കോൺഗ്രസ് സ്വീകരിച്ചിട്ടുള്ളത്’– ഇന്ത്യൻ യൂത്ത് കോൺഗ്രസിന്റെ സോഷ്യൽമീഡിയ നാഷനൽ ഇൻചാർജ് വൈഭവ് വാലിയ പറഞ്ഞു. ബിജെപിയുടേതു നിഷേധാത്മക പ്രചാരണമാണെന്നു വാലിയ ആരോപിച്ചു. 

എന്നാൽ ഭരണനേട്ടങ്ങൾ ഉയർത്തിക്കാട്ടിയാണു സോഷ്യൽമീഡിയ പ്രചാരണമെന്നു ബിജെപി പറയുന്നു. മോദിക്കു ബദലായി രാഹുൽ ഗാന്ധിയെ ഉയർത്തിക്കാട്ടുന്ന ക്യാംപെയ്നും കോൺഗ്രസിനുണ്ട്. നമോ ആപ്പിനു പുറമേ നമോ ടിവി, നമോ മെർക്കന്റൈസ് എന്നിവയും ബിജെപി തിരഞ്ഞെടുപ്പു ലക്ഷ്യമിട്ടു കൊണ്ടുവന്നു.

പുതുവോട്ടർമാരുടെ മനസ്സിലെന്ത്?

തിരഞ്ഞെടുപ്പു കമ്മിഷന്റെ കണക്കനുസരിച്ച് 84 ദശലക്ഷം പുതിയ വോട്ടർമാരാണുള്ളത്. ആകെ സമ്മതിദായകരുടെ 9 ശതമാനം. ഓരോ മണ്ഡലത്തിലും ശരാശരി 1.54 ലക്ഷം പേർ. മണ്ഡലങ്ങളിൽ 70% പോളിങ് രേഖപ്പെടുത്തിയാൽ പുതിയ വോട്ടർമാരിലെ 1.08 ലക്ഷം പേർ വോട്ട് ചെയ്തെന്നർഥം. 2014ലെ തിരഞ്ഞെടുപ്പിൽ 188 സീറ്റുകളിൽ ഒരു ലക്ഷത്തിൽ താഴെ വോട്ടാണു ജയിച്ചവരുടെ ഭൂരിപക്ഷം. ഈ ഞെട്ടിക്കുന്ന യാഥാർഥ്യമാണു പുതുവോട്ടർമാരെ നോട്ടമിടാൻ പാർട്ടികളെ പ്രേരിപ്പിക്കുന്നത്.

ഡൽഹി ആസ്ഥാനമായുള്ള സെന്റർ ഫോർ ദ് സ്റ്റഡി ഓഫ് ഡവലപ്പിങ് സൊസൈറ്റീസ് (സിഎസ്ഡിഎസ്) സർവേ അനുസരിച്ച് 2014ലെ തിരഞ്ഞെടുപ്പിൽ ബിജെപിയെ ആണു പുതുവോട്ടർമാർ കൂടുതൽ പിന്തുണച്ചത്. 18–22 പ്രായക്കാരിൽനിന്നു കോൺഗ്രസിനു കിട്ടിയതിനേക്കാൾ ഇരട്ടി വോട്ടാണു ബിജെപി സ്വന്തമാക്കിയത്. വലിയ വിജയത്തിനു ബിജെപിയെ സഹായിച്ചത് പുതുവോട്ടർമാരെ ആകർഷിക്കാനായതാണെന്നു ലണ്ടൻ ആസ്ഥാനമായ പൊളിറ്റിക്കൽ സയന്റിസ്റ്റ് ഒലിവർ ഹീത്തും ചൂണ്ടിക്കാട്ടുന്നു.

ഇന്റർനെറ്റും സ്മാർട്ട്ഫോണും ഉപയോഗിക്കുന്നവരാണ് പുതുവോട്ടർമാരിൽ മിക്കവരും. ഫെയ്സ്ബുക്കിന്റെ 23 ശതമാനം ഉപയോക്താക്കൾ 18–23 പ്രായത്തിലുള്ളവരാണ്. ഇവരെ കണ്ടാണു പാർട്ടികൾ സോഷ്യൽമീഡിയ പ്രചാരണം നടത്തുന്നത്. 2009 ലെ തിരഞ്ഞെടുപ്പിൽ 18–25 പ്രായക്കാരുടെ വോട്ടിങ് ശതമാനം 54 ആയിരുന്നു. 2014ൽ ഇതു 68 ശതമാനമായി വർധിച്ചു. ഇക്കുറി ബിജെപിയെപ്പോലെ മറ്റു പാർട്ടികളും പുതുതലമുറ വോട്ടർമാരെ ചേർത്തുപിടിക്കാൻ പദ്ധതികൾ ഒരുക്കിയിട്ടുണ്ട്.

സർവസജ്ജം ഡിജിറ്റൽ വാർ റൂം

തിരഞ്ഞെടുപ്പുചൂട് മൂർധന്യത്തിൽ എത്തിയതോടെ അടവുംചുവടും മാറ്റി ഉഷാറായിരിക്കുകയാണു പാർട്ടികൾ. ബിജെപിയുടെ സംസ്ഥാന ഐടി സെല്ലുകളിൽ കുറഞ്ഞത് 20–30 പേരാണു ജീവനക്കാരായി പ്രവർത്തിക്കുന്നത്. കോൺഗ്രസിന്റെ സംസ്ഥാന ഡിജിറ്റൽ വാർ റൂമിൽ 15–25 പേരും. ആം ആദ്മി പാർട്ടിക്ക് (എഎപി) ഓഫിസ് ഇല്ല. 20 പേരുടെ കോർ ഗ്രൂപ്പിനാണു വാട്സാപ്, ഫെയ്സ്ബുക് ഗ്രൂപ്പുകളുടെ നിയന്ത്രണം. രാജ്യമൊട്ടാകെ 200 പേർ ആശയരൂപീകരണത്തിനും 5,000 പേർ പ്രചാരണസഹായത്തിനുമുണ്ട്. സിപിഎമ്മും ഡിജിറ്റൽ സ്ട്രാറ്റജിയുമായി സജ്‍ജം.

ദിവസവും ക്യാംപെയ്ൻ തന്ത്രം മാറും. നേതാക്കളുടെ കമന്റുകൾ ഉൾപ്പെടുത്തി ട്രെൻഡിങ് പോസ്റ്റുകൾ, എതിരാളിയെ ഉന്നംവച്ചുള്ള വിമർശനങ്ങൾ എന്നിവയിലാണു ബിജെപി ശ്രദ്ധിക്കുന്നത്. പ്രശ്നാധിഷ്ഠിത പോസ്റ്റുകൾ, പാർട്ടി മഹാത്മ്യം, താരതമ്യങ്ങൾ, തെറ്റായ വിവരങ്ങളെ പൊളിച്ചടുക്കൽ എന്നിവയിലാണു കോൺഗ്രസിന്റെ ഊന്നൽ. ഡൽഹി, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽ കേന്ദ്രീകരിച്ച എഎപി, ഡൽഹിയിലെ ഭരണനേട്ടങ്ങളും കേജ്‍രിവാളിന്റെ നേതൃപാടവവും പ്രചരിപ്പിക്കുന്നു.

‘എല്ലാ വിഭാഗം നേതാക്കളും പ്രവർത്തകരും സമൂഹമാധ്യമത്തിൽ സജീവമാണ്. ദിവസവും വോട്ടർമാരെ എൻഗേജ് ചെയ്യിപ്പിക്കാനാണു ശ്രമം. ബോട്ടുകളോ ഏജൻസികളോ ഇല്ലാതെയാണു പ്രവർത്തനം’– കോൺഗ്രസ് സോഷ്യൽമീഡിയ ഹെഡ് ദിവ്യ സ്പന്ദന പറഞ്ഞു. ഷെയർചാറ്റ്, ഇൻസ്റ്റഗ്രാം, ടെലഗ്രാം പ്ലാറ്റ്ഫോമുകളിലും രാഷ്ട്രീയക്കാർ സജീവമാകുന്നതായി എഎപി സോഷ്യൽമീഡിയ–ഐടി സ്ട്രാറ്റജിസ്റ്റ് അങ്കിത് ലാൽ ചൂണ്ടിക്കാട്ടി.

എത്ര പൊടിയും പ്രചാരണത്തിന്?

തിരഞ്ഞെടുപ്പ് കമ്മിഷനു കൊടുക്കുന്ന കണക്കും യാഥാർഥ്യവും തമ്മിൽ കപ്പും കപ്പലും പോലെ വ്യത്യാസമുണ്ടാകുമത്രേ. ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിക്ക് 70 ലക്ഷം വരെ പരമാവധി ചെലവഴിക്കാം. എന്നാൽ മൽസരം കടുക്കുമ്പോൾ മൂന്നുനാലു കോടി രൂപ കവിയുമെന്നാണു തിരഞ്ഞെടുപ്പു മാനേജർമാർ രഹസ്യമായി പറയുന്നത്.

50,000 പേർ പങ്കെടുക്കുന്ന പൊതുസമ്മേളനം നടത്തണമെങ്കിൽ പോലും പാർട്ടികൾക്ക് 2–3 കോടി ചെലവാകും. പങ്കെടുക്കുന്നവരുടെ എണ്ണം ഒരു ലക്ഷം ആണെങ്കിൽ 4–5 കോടി കവിയുമെന്നാണു റിപ്പോർട്ട്. സ്ഥലവാടക, വേദിയുടെയും സദസ്സിന്റെയും ക്രമീകരണം, ഗതാഗത സൗകര്യം, ഭക്ഷണം, വരുന്നവർക്കു മദ്യമോ മറ്റുള്ള സമ്മാനങ്ങളോ എല്ലാം ഉൾപ്പെടെയുള്ള കണക്കാണിത്.

ഇതെല്ലാം ഊഹക്കണക്കാണെങ്കിൽ സോഷ്യൽമീഡിയയിലെ പ്രചാരണച്ചെലവ് കുറെയൊക്കെ യാഥാർഥ്യമാണ്. ഗൂഗിൾ, യുട്യൂബ് ഉൾപ്പെടെയുള്ള വേദികളിലായി ഫെബ്രുവരി 19 മുതൽ ഏപ്രിൽ 13 വരെ പാർട്ടികളും അനുയായികളും നൽകിയത് 2,444 പരസ്യങ്ങൾ; ചെലവാക്കിയത് 86,311,600 രൂപ.

വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ പോരാട്ടം, വോട്ട് ഓൺ വീല്‍സ് വിഡിയോ കാണാം...

ഫെയ്സ്ബുക്കിന്റെ കണക്ക് ഇതിനേക്കാൾ വലുതാണ്. 61,248 പരസ്യങ്ങൾക്കായി ചെലവഴിച്ചത് 121,845,456 രൂപ. ബിജെപിയും അവരെ സഹായിക്കുന്നവരും തന്നെയാണു പരസ്യം നൽകുന്നതിൽ മുമ്പിൽ. ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ ഔദ്യോഗിക എഫ്ബി പേജ് ഫെബ്രുവരി മുതൽ ഏപ്രിൽ 6 വരെ പരസ്യത്തിനായി 26,76,487 രൂപ ചെലവിട്ടു. ഇതേ കാലയളവിൽ ബിജെപി ഉപയോഗിച്ചത് 37,83,482 രൂപ. അതേസമയം, മാർച്ച് 31 – ഏപ്രിൽ 6 വാരത്തിലെ കണക്കിൽ കോൺഗ്രസാണു മുന്നിൽ– 19,83,759 രൂപ. 8,39,560 രൂപയുമായി തെലുങ്കുദേശം പാർട്ടിയാണ് രണ്ടാമത്.

വ്യാജവിവരങ്ങൾ പ്രചരിക്കുന്നതിന്റെ ഇരട്ടിവേഗത്തിൽ പൊളിച്ചടുക്കുന്ന നാട്. കേരളത്തിലെ സൈബർപ്പോരിന്റെ അണിയറയിൽ എന്തെല്ലാം? അതേപ്പറ്റി അടുത്തദിവസം

English Summary: How social Media affects Lok Sabha Elections 2019

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA