ADVERTISEMENT

കൊച്ചി/ബെംഗളൂരു ∙ തിരുവനന്തപുരത്തുനിന്ന് ബെംഗളൂരുവിലേക്കുള്ള യാത്രയ്ക്കിടെ അർധരാത്രി നടുറോഡിൽ കേടായ സ്വകാര്യ ബസിനു പകരം സംവിധാനമൊരുക്കാന്‍ ആവശ്യപ്പെട്ട യുവാക്കളെ ജീവനക്കാർ ബസിനുള്ളിൽ ക്രൂരമായി മർദിച്ചു. ബെംഗളൂരുവിൽ വിദ്യാർഥികളായ 3 പേരെയാണ് സംസ്ഥാനാന്തര സർവീസ് ‘സുരേഷ് കല്ലട’യിലെ ജീവനക്കാരും മറ്റും സംഘം ചേർന്ന് മർദിച്ചത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള ബസ് തടഞ്ഞ് ഇരച്ചു കയറിയ സംഘം യുവാക്കളെ വലിച്ചിഴച്ച് പുറത്തിറക്കിയും മർദനം തുടർന്നു. യാത്രക്കാരിലൊരാൾ മർദനത്തിന്റെ വിഡിയോ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തതോടെയാണ് വിവരം പുറത്തറിഞ്ഞത്.

തിരുവനന്തപുരത്തു നിന്ന് ശനിയാഴ്ച രാത്രി പത്തോടെ പുറപ്പെട്ട മൾട്ടി ആക്സിൽ എസി ബസ് ഹരിപ്പാടിനു സമീപം കരുവാറ്റയിൽ കേടായി. തുടർന്നു ഡ്രൈവറും ക്ലീനറും ബസിൽ നിന്ന് ഇറങ്ങിപ്പോയി. ഇവർ ഒരു വിവരവും തന്നില്ലെന്നും ഫോണുകൾ ഓഫ് ചെയ്തെന്നും യാത്രക്കാർ പറയുന്നു. വെളിച്ചമില്ലാത്ത സ്ഥലത്ത് മണിക്കൂറുകളോളം പെരുവഴിയിലായ യാത്രക്കാർ ജീവനക്കാരുമായി തർക്കമായി.

തുടർന്ന് ഹരിപ്പാട് പൊലീസ് ഇടപെട്ട് പകരം ബസ് എത്തിച്ച് യാത്ര തുടർന്നു. പുലർച്ചെ നാലരയോട‌െ ബസ് കൊച്ചി വൈറ്റിലയിലെ കല്ലട ഓഫിസ് പരിസരത്ത് എത്തിയപ്പോഴായിരുന്നു ആക്രമണം. ഹരിപ്പാട്ടെ തർക്കത്തിനു പകരം ചോദിക്കാൻ ജീവനക്കാർ കൂട്ടത്തോടെ ബസിനുള്ളിലേക്കു കയറി യുവാക്കളെ തിരഞ്ഞു പിടിച്ച് ആക്രമിച്ചു. യുവാക്കൾ പ്രത്യാക്രമണത്തിനും ശ്രമിച്ചു. തുടർന്ന് ജീവനക്കാർ ഇവരെ ബലമായി വലിച്ചിഴച്ച് ബസിനു പുറത്താക്കി. ബസ് ബെംഗളൂരുവിലേക്കു യാത്ര തുടർന്നു. ഉറക്കത്തിലായിരുന്ന സ്ത്രീകളും കുട്ടികളും അടക്കം ഞെട്ടിയുണർന്നെങ്കിലും ജീവനക്കാരുടെ കയ്യൂക്കിന് മുന്നിൽ ആരും പ്രതികരിച്ചില്ല.

kallada-bus-passengers-attacked

സംഭവം മൊബൈൽ ഫോണിൽ ഷൂട്ട് ചെയ്ത ജേക്കബ് ഫിലിപ്പ് എന്ന യാത്രക്കാരൻ യാത്രയ്ക്കിടെ തന്നെ വിഡിയോ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. ബസിനു പുറത്ത് പതിനഞ്ചോളം പേർ ചേർന്ന് യുവാക്കളെ മർദിക്കുന്നത് വിൻഡോ ഗ്ലാസിലൂടെ കണ്ടെന്നും ജേക്കബ് ഫിലിപ് പറഞ്ഞു. ഫെയ്സ്ബുക്ക് പോസ്റ്റ് പ്രചരിച്ചതോടെ, സുരേഷ് കല്ലട ഓഫിസിൽനിന്ന് ഭീഷണി കോളുകൾ വരുന്നുണ്ടെന്നും അറിയിച്ചു. ഈസ്റ്റർ ദിനമായ ഇന്നലെ ഉച്ചയ്ക്ക് 12ന് എത്തേണ്ടിയിരുന്ന ബസ് വൈകിട്ട് 4.20നാണ് മടിവാളയിലെത്തിയത്.

മർദനമേറ്റ അജയഘോഷ് എന്ന യുവാവ് ഫോണിൽ വിളിച്ചതായും മൊഴിയുടെ അടിസ്ഥാനത്തിൽ ബസ് ജീവനക്കാർക്കെതിരെ കേസെടുത്തതായും മരട് എസ്ഐ ബൈജു പി. ബാബു പറഞ്ഞു. വിവരമറിഞ്ഞു പുലർച്ചെ വൈറ്റിലയിൽ എത്തിയ പൊലീസ് സംഘം അവശരായ 3 യുവാക്കളെയും കണ്ടെത്തി. ഇവർ വൈറ്റില മസ്ജിദിനു സമീപത്തെ രാത്രികാല ചായക്കടയിൽ വിശ്രമിക്കുകയായിരുന്നു. ചികിത്സയ്ക്കായി ഇവരെ ഓട്ടോറിക്ഷയിൽ തൃപ്പൂണിത്തുറ താലൂക്ക് ആശൂപത്രിയിലേക്ക് അയയ്ക്കുകയായിരുന്നെന്നും എന്നാൽ ഇവർ പരിസരത്തെ ഒരു ആശുപത്രിയിലും എത്തിയിട്ടില്ലെന്നും എസ്ഐ അറിയിച്ചു.

അതേസമയം സംഭവത്തിൽ ഉൾപ്പെട്ട യുവാക്കൾ, ബസിന്റെ ക്ലീനറെ ആക്രമിച്ചെന്ന് ബസ് ഉടമയായ കെ.ആർ സുരേഷ് കുമാർ പറഞ്ഞു. ക്ലീനറുടെ തലയിൽ 5 തുന്നിക്കെട്ടുണ്ടെന്നും വൈറ്റിലയിലെ ഓഫിസ് ജീവനക്കാരെയും യുവാക്കൾ കയ്യേറ്റം ചെയ്തെന്നും ആരോപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com