ADVERTISEMENT

കൊളംബോ∙ ശ്രീലങ്കയിലുണ്ടായ സ്ഫോടനങ്ങൾക്കു പിന്നിൽ പ്രവർത്തിച്ചതാരാണെന്ന അന്വേഷണത്തിനിടയിലും സ്ഫോടനം. ഡെമറ്റോഗോഡയിലെ ഹൗസിങ് കോംപ്ലക്സിൽ ഭീകരർക്കായുള്ള തിരച്ചിലിനിടെയാണ് സ്ഫോടനമുണ്ടായത്. ഈ വീട്ടിലാണ് ആക്രമണത്തിനുള്ള പദ്ധതി തയാറാക്കിയതെന്നാണു കരുതുന്നത്. ഇവിടെ ചാവേറാണു പൊട്ടിത്തെറിച്ചതെന്നും സൂചനയുണ്ട്. രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്നു തിരച്ചിൽ നടത്തുന്നതിനിടെ സ്ഫോടനമുണ്ടാവുകയായിരുന്നു.

സംഭവത്തിൽ മൂന്നു പൊലീസുകാർ കൊല്ലപ്പെട്ടു. ഇവിടെ നിന്നാണ് ഏഴു പേർ അറസ്റ്റിലായത്. നാലു പേരെ പൊലീസ് പിടികൂടി. മൂന്നു പേരെ ആശുപത്രിയിലേക്കു മാറ്റി. മരിച്ച മറ്റുള്ളവരുടെ മൃതദേഹം ഇപ്പോഴും കെട്ടിടത്തിനകത്തുണ്ടെന്നാണ് റിപ്പോർട്ട്. അതിനാൽത്തന്നെ മരണസംഖ്യ ഇനിയും ഉയരാനാണു സാധ്യത. അന്വേഷണം തീരുംവരെ ആക്രമണത്തിനു പിന്നിൽ ആരാണെന്നു പറയാനാകില്ലെന്നും പൊലീസ് വക്താവ് എസ്പി റുവാൻ ഗുണശേഖര വ്യക്തമാക്കി. 

അതിനിടെ, സ്ഫോടകവസ്തുക്കൾ കൊണ്ടു പോയ വാൻ പിടിച്ചെടുത്തതായി ലങ്കയിലെ ‘നവമണി’ പത്രം റിപ്പോർട്ട് ചെയ്തു. കൊളംബോയിൽ വിവിധയിടങ്ങളിലേക്ക് ബോബ് എത്തിച്ച വാനും ഡ്രൈവറും ഉൾപ്പെടെയാണ് വെല്ലവട്ടയിലെ രാമകൃഷ്ണ റോഡിൽ വച്ച് അറസ്റ്റിലായത്. സ്ഫോടനമുണ്ടായ പലയിടത്തും മൃതദേഹങ്ങളുടെ ശരീരഭാഗങ്ങൾ ചിതറിത്തെറിച്ച നിലയിലായിരുന്നു.

ബോംബ് സ്ഫോടനത്തെത്തുടർന്ന് ജനങ്ങളോട് വീട്ടിൽ നിന്നു പുറത്തിറങ്ങാതിരിക്കാൻ സര്‍ക്കാർ നിർദേശിച്ചിട്ടുണ്ട്. സ്ഫോടനമുണ്ടായ സ്ഥലങ്ങളിൽ കൂട്ടം കൂടി നിൽക്കരുത്. ആശുപത്രികൾക്കു പുറത്തും കൂട്ടം കൂടി നിൽക്കരുതെന്നും നിർദേശമുണ്ട്. കർഫ്യൂവിനെത്തുടർന്ന് രാജ്യത്തെ തെരുവുകളിലെല്ലാം വൈകിട്ട് ആറോടെ ആളനക്കങ്ങളില്ലാതായി. ഭണ്ഡാരനായകെ രാജ്യാന്തര വിമാനത്താവളത്തിലും സുരക്ഷ ശക്തമാക്കി. ഇവിടെ നിന്നു പുറപ്പെടുന്നവർ കുറഞ്ഞതു നാലു മണിക്കൂർ മുൻപെങ്കിലും സുരക്ഷാപരിശോധനയ്ക്കു ഹാജരാകണം. കൊളംബോയ്ക്കു വടക്ക് സ്ഫോടനമുണ്ടായ നെഗോമ്പോയ്ക്കു സമീപമാണു വിമാനത്താവളം.

വിദേശ രാജ്യങ്ങളിൽ നിന്നുള്ള 35 പേർ ഉൾപ്പെടെ ആകെ 207 ആണ് ഇപ്പോൾ മരണസംഖ്യ. ഇന്ത്യക്കാരായ നാലു പേർ മരിച്ചു. ഇവരിൽ ഒരാൾ കാസർകോട് മോഗ്രാൽപുത്തൂർ സ്വദേശിനി പി.എസ്.റസീന(58)യാണ്. കൊല്ലപ്പെട്ടവരിൽ ഒരു ഡച്ചുകാരനുണ്ടെന്ന് നെതർലൻഡ്സ് വിദേശകാര്യമന്ത്രി സ്റ്റെഫ് ബ്ലോക് അറിയിച്ചു. യുകെയില്‍ നിന്നുള്ള അഞ്ചു പേർ മരിച്ചു. ഇവരിൽ രണ്ടു പേർക്ക് യുഎസ്–യുകെ പൗരത്വമുണ്ട്.

മരിച്ചവരിൽ ഒരു ചൈന സ്വദേശിയുള്ളതായി പീപ്പിൾസ് ഡെയ്‌ലി റിപ്പോർട്ടു ചെയ്തു. പരുക്കേറ്റ നാലു ചൈനക്കാർ ആശുപത്രിയിലുണ്ട്. പോർച്ചുഗലിൽ നിന്നുള്ള ഒരു വ്യക്തിയും കൊല്ലപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണമുണ്ട്. തുർക്കിക്കാരായ രണ്ടു പേരും മരിച്ചതായി സ്ഥിരീകരിച്ചു. ശ്രീലങ്കയിൽ എൻജിനീയർമാരായി പ്രവര്‍ത്തിച്ചിരുന്നവരാണു മരിച്ചത്. യുഎസ്, ഡെന്മാർക്ക്, ജപ്പാൻ, പാക്കിസ്ഥാൻ, മൊറോക്കോ, ബംഗ്ലദേശ് എന്നിവിടങ്ങളിൽ നിന്നുള്ളവരും മരിച്ചു.

തിരിച്ചറിയപ്പെടാതെ കിടക്കുന്ന 25 മൃതദേഹങ്ങളും വിദേശികളുടേതാണെന്നാണു സൂചന. ഇത് കൊളംബോ ജുഡിഷ്യൽ മെഡിക്കൽ ഓഫിസേഴ്സ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 19 വിദേശികൾ നിലവിൽ ചികിത്സയിലാണ്. വിദേശത്തു നിന്നുള്ളവരുടെ വിവരം തേടുന്നതിന് ഹെൽപ്‌ലൈൻ നമ്പർ +94 112323015. 

നാഷനൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച 66 പേരാണു മരിച്ചത്. ഇവിടെ 260 പേർക്കു പരുക്കുണ്ട്. നെഗോമ്പോ ആശുപത്രിയിൽ 104 പേരാണു മരിച്ചത്. നൂറോളം പേർക്കാണ് ഇവിടെ പരുക്ക്. കലുബോവില ആശുപത്രിയിൽ രണ്ടു പേര്‍ മരിച്ചു, ആറു പേർ പരുക്കേറ്റുണ്ട്. ബട്ടി ആശുപത്രിയിൽ 28 പേർ മരിച്ചു, പരുക്കേറ്റവർ 51. രാഗമ ഹോസ്പിറ്റലിൽ ഏഴു പേർ മരിച്ചു, 32 പേർക്ക് പരുക്ക്.

സംഭവത്തിൽ അന്വേഷണം നടത്തി തീരുമാനമാകും വരെ ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം, വാട്സാപ് എന്നിവയ്ക്കുള്ള വിലക്ക് ശ്രീലങ്കയിൽ തുടരാനാണു തീരുമാനം. ആക്രമണങ്ങളെപ്പറ്റി തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ പടരുന്നത് തടയാനാണ് വിലക്കെന്നും സർക്കാർ വ്യക്തമാക്കി.

Summary in English: At least 207 people have been killed and 450 injured in a series of explosions in Sri Lanka, 7 Arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com