ADVERTISEMENT

കൊളംബോ∙ ശ്രീലങ്കയിൽ ഭീകരാക്രമണം നടക്കാന്‍ സാധ്യതയുണ്ടെന്ന വിവരം നേരത്തേ വന്നിരുന്നുവെന്നതു സമ്മതിച്ചു പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ. എന്നാൽ ഇക്കാര്യത്തിൽ തനിക്കു കൂടുതൽ വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല, ആരും അറിയിച്ചതുമില്ല. അത്തരത്തിൽ മുന്നറിയിപ്പു ലഭിച്ചിരുന്നെങ്കിൽ അതു പരിശോധിക്കേണ്ടതാണ്. എന്തുകൊണ്ട് വേണ്ടത്ര മുൻകരുതലെടുത്തില്ല എന്നും അന്വേഷിക്കണം. നിലവിൽ ഭീകരരെ പിടികൂടുന്നതിനാണു മുൻഗണനയെന്നും വിക്രമസിംഗെ പറഞ്ഞു.

ഇപ്പോൾ അറസ്റ്റിലായ എട്ടു പേരും പ്രദേശവാസികളാണ്. എന്നാൽ ഇവർക്ക് വിദേശ ബന്ധമുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. ശ്രീലങ്കയിൽ ഭീകരവാദം തലപൊക്കുന്നില്ലെന്ന് ഉറപ്പാക്കാനുള്ള നടപടികളാണ് ഇപ്പോൾ സ്വീകരിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ജനങ്ങളോട് ശാന്തരായിരിക്കാനും അദ്ദേഹം അഭ്യർഥിച്ചു. സമാധാനത്തിനു ലംഘനമുണ്ടാക്കുന്ന എന്തു സംഭവമുണ്ടായാലും സുരക്ഷാവിഭാഗത്തിന്റെ ശ്രദ്ധ മാറാൻ കാരണമാകും. ഇതു ഭീകരാക്രമണത്തിനു പിന്നിലുള്ളവരെ രക്ഷപ്പെടാൻ സഹായിക്കുമെന്നും വിക്രമസിംഗെ വ്യക്തമാക്കി.

പിടിയിലായവരുടെ പേര് പുറത്തുവിടരുതെന്ന് മാധ്യമങ്ങൾക്കു നിർദേശമുണ്ട്. ഈ പേരുകൾ ഉപയോഗിച്ച് മറ്റ് തീവ്രവാദ സംഘടനകൾ അവസരം മുതലെടുക്കാനിടയുണ്ട്. കലാപത്തിനുള്ള ശ്രമം വരെയുണ്ടാകുമെന്നും അതു തടയേണ്ടതുണ്ടെന്നും പ്രതിരോധ മന്ത്രി റുവാൻ വിജെവർധനെ പറഞ്ഞു.

SRI-LANKA-BLAST

13 പേർ അറസ്റ്റിലായതായാണു ബിബിസി റിപ്പോർട്ട്. പനദുരയിൽ ഭീകരർക്കു താവളമൊരുക്കിയ കെട്ടിടത്തിൽ നടത്തിയ തിരച്ചിലിനിടെയാണ് അഞ്ചു പേർ അറസ്റ്റിലായതെന്നാണു വിവരം. ശ്രീലങ്കയിലെ രാഷ്ട്രീയ നേതാക്കളെ ലക്ഷ്യമിട്ട് രണ്ട് ചാവേറുകൾ കൊളംബോയിലെത്തിയതായി ഒരാഴ്ച മുൻപേ മുന്നറിയിപ്പു ലഭിച്ചിരുന്ന് ദേശീയോദ്ഗ്രഥന വകുപ്പുമന്ത്രി മനോ ഗണേശനും ട്വീറ്റ് ചെയ്തു. മന്ത്രിയുടെ സുരക്ഷാ വിഭാഗത്തിനാണ് ഇതു സംബന്ധിച്ച അറിയിപ്പു ലഭിച്ചത്.

SRI-LANKA-BLAST

ഇന്റലിജൻസ് റിപ്പോർട്ടിന്റെ പകർപ്പ് ട്വീറ്റ് ചെയ്തായിരുന്നു ടെലികമ്യൂണിക്കേഷൻസ് വകുപ്പ് മന്ത്രി ഹാരിൻ ഫെർണാണ്ടോയുടെ പ്രതികരണം. മുന്നറിയിപ്പ് അവഗണിക്കപ്പെട്ടതാണെങ്കിൽ അവർക്കെതിരെ കർശന നടപടിയുണ്ടാകണമെന്നും മന്ത്രി പറഞ്ഞു.

പിന്നിൽ എൻടിജെ?

ഒരു വിദേശ ഇന്റലിജൻസ് ഏജൻസിയാണ് എൻടിജെ എന്നറിയപ്പെടുന്ന നാഷനൽ തൗഹീത്ത് ജമാഅത്തിന്റെ നേതൃത്വത്തിൽ ചാവേറാക്രമണം നടക്കുമെന്ന മുന്നറിയിപ്പ് ശ്രീലങ്കയ്ക്കു നൽകിയത്. രാജ്യത്തെ പ്രമുഖ പള്ളികളും കൊളംബോയിലെ ഇന്ത്യൻ ഹൈകമ്മിഷണറുടെ ഓഫിസും ആക്രമിക്കപ്പെടും എന്നായിരുന്നു വിവരം. വാർത്താ ഏജൻസിയായ എഎഫ്പിയാണ് ഈ വാർത്ത പുറത്തുവിട്ടത്. ലങ്കയുടെ പൊലീസ് മേധാവി പുജത്ത് ജയസുന്ദര ഏപ്രിൽ 11ന് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർക്ക് ഇന്റലിജൻസ് സന്ദേശം കൈമാറുകയും ചെയ്തു. തുടർന്ന് ദേശീയ തലത്തിൽ മുന്നറിയിപ്പും നൽകി.

സ്ഫോടനം നടന്ന കൊളംബോ കൊച്ചിക്കാടെ സെന്റ് ആന്റണീസ് ചർച്ചിനു മുന്നിൽ സുരക്ഷാഭടന്മാർ കാവൽ നിൽക്കുന്നു. ചിത്രം: എഎഫ്പി
കൊളംബോയിൽ സ്ഫോടനം നടന്ന പള്ളിയുടെ മുന്നിൽ സൈന്യം.

രാജ്യത്തെ ബുദ്ധമത ആരാധനാകേന്ദ്രങ്ങളിലെ പ്രതിമകൾ വ്യാപകമായി നശിപ്പിച്ചു ശ്രദ്ധാകേന്ദ്രമായ സംഘടനയാണ് എൻടിജെ. കഴിഞ്ഞ വർഷമാണ് ഇവരുടെ നേതൃത്വത്തിൽ അക്രമങ്ങൾ അരങ്ങേറിയത്. എന്നാൽ ശ്രീലങ്കയെ വിറപ്പിച്ച ബോംബ് സ്ഫോടനത്തിനു പിന്നിൽ ഇവരാണെന്നു വ്യക്തമായിട്ടില്ല. പൊലീസ് അന്വേഷണം തുടരുകയാണ്.

കൊളംബോയിൽ സ്ഫോടക വസ്തുക്കൾ കൊണ്ടുപോയ വാനും ഡ്രൈവറും കസ്റ്റഡിയിലെടുത്തതായും വിവരമുണ്ട്. ഒരു ഭീകരസംഘടനയും ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. എട്ടിടത്തു നടന്ന സ്ഫോടനങ്ങളിൽ ഞായറാഴ്ച രാത്രി വരെയുള്ള കണക്കു പ്രകാരം 207 പേർ മരിച്ചു, അഞ്ഞൂറിലേറെ പേർക്ക് പരുക്കുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com