ADVERTISEMENT

തിരുവനന്തപുരം∙ 2019 ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപെട്ടു കേരള സംസ്ഥാന ഐടി മിഷന്റെ നേതൃത്വത്തിൽ ലൈവ് വെബ് കാസ്റ്റിങ് നടപ്പിലാക്കുന്നു. സംസ്ഥാനത്തു പ്രശ്നബാധിതമെന്നു കണ്ടെത്തിയ 3622 പോളിങ് ബൂത്തുകളിലാണ് ലൈവ് വെബ് കാസ്റ്റിങ് സംവിധാനം നടപ്പാക്കുന്നത്. കെൽട്രോൺ, ബിഎസ്എൻഎൽ, അക്ഷയ, കെഎസ്ഇബി തുടങ്ങിയ സ്ഥാപനങ്ങളുടെ സംയുക്ത സഹകരണത്തോടുകൂടിയാണു പദ്ധതി.

തിരഞ്ഞെടുപ്പ് പ്രക്രിയ സുഗമമായി പൂർത്തീകരിക്കുന്നതിനു സർക്കാരിനും രാഷ്ട്രീയ പാർട്ടികൾക്കും സ്ഥാനാർഥികൾക്കും പൊതുജനങ്ങൾക്കും പ്രസ്തുത സംവിധാനം വളരെ ഏറെ പ്രയോജനപ്പെടുകയും അവർ പൂർണ സംതൃപ്തി മുൻ വർഷങ്ങളിൽ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ലൈവ് വെബ് കാസ്റ്റിങ് നടപ്പാക്കുന്നത്. ബിഎസ്എൻഎൽ ഇതിനു വേണ്ട വിപുലമായ കണക്റ്റിവിറ്റി സംവിധാനം ഒരുക്കുകയും സംസ്ഥാന വൈദ്യുതി  ബോർഡ് തടസ്സമില്ലാത്ത വൈദ്യുതി വിതരണം ഒരുക്കുകയും ചെയ്യും.

വിവിധ പോളിങ് സ്റ്റേഷനുകളെ അതാതു ജില്ലകളിലെ കളക്ടറേറ്റുമായി ബന്ധിപ്പിക്കുകയും അതുവഴി തത്സമയ വിവരങ്ങൾ കൺട്രോൾ റൂമിൽ നിന്നും നിയന്ത്രിക്കപ്പെടുകയും ചെയ്യുന്നു. സംസ്ഥാന ഐടി മിഷൻ ആണ് ലൈവ് വെബ് കാസ്റ്റിങ്ങിനു വേണ്ട എല്ലാ സാങ്കേതിക സഹായങ്ങളും ഒരുക്കുന്നത്. വെബ് കാസ്റ്റിങ് സംവിധാനം നിരീക്ഷിക്കുന്നതിനു ഐടി മിഷൻ ഡയറക്ടറുടെ കീഴിൽ ഐടി മിഷൻ ജീവനക്കാരുടെ ഒരു സാങ്കേതിക സമിതി രൂപീകരിച്ചിട്ടുണ്ട്. ഇതിനു വേണ്ടി ഐടി മിഷൻ ഓഫിസിൽ പ്രത്യേക കൺട്രോൾ റൂം സജ്ജമാക്കി.

അതാതു ജില്ലകളിൽ വെബ് കാസ്റ്റിങ് ടീം, കൺട്രോൾ റൂം സ്റ്റാഫ്, റിസർവ് ടീം എന്നിങ്ങനെ സജ്ജമാക്കുകയും ചെയ്തു. സംസ്ഥാന ഐടി മിഷനിൽ ക്രമീകരിച്ചിട്ടുള്ള നിരീക്ഷണ സംവിധാനം തുടർച്ചയായി തത്സമയ വെബ്കാസ്റ്റിങ് നിരീക്ഷിക്കുകയും സാങ്കേതിക തകരാറുകൾ യഥാസമയം പരിഹരിക്കുകയും ചെയ്യുന്നു. ഇതിനോടകം തന്നെ ഇതിനാവശ്യമായ ട്രയൽ റൺ വിജയകരമായി നടത്തുകയും ചെയ്തിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com