ADVERTISEMENT

രണ്ട് വ്യാപാര ദിനങ്ങൾ നഷ്ടപ്പെട്ട കഴിഞ്ഞ ആഴ്ചയിലും സൂചിക മുൻ ആഴ്ചയെ അപേക്ഷിച്ച് നേട്ടത്തോടെ തന്നെയാണ് വ്യാപാരം അവസാനിപ്പിച്ചത്. താരതമ്യേനെ സ്ഥിരത കൈവരിച്ച ഡോളർ വിലയും കുതിപ്പ് അവസാനിപ്പിച്ച എണ്ണ വിലയും വിദേശ, സ്വദേശ ധനകാര്യ സ്ഥാപനങ്ങളുടെ ശക്തമായ സാന്നിധ്യവും പിന്തുണയും വിപണിക്ക് ശക്തി പകർന്നു. ഈ മാസത്തിന്റെ ആദ്യ പകുതി പിന്നിട്ടപ്പോൾതന്നെ വിദേശ ധന സ്ഥാപനങ്ങളുടെ വിപണി നിക്ഷേപം ഒന്നര ബില്യൺ ഡോളർ അഥവാ 10000 കോടി രൂപ പിന്നിട്ടു കഴിഞ്ഞു. ഓഹരി വിപണിയുടെ കയറ്റിയിറക്കങ്ങളും ഈ ആഴ്ചയുടെ സാധ്യതകളും വിലയിരുത്തുകയാണ് ബഡ്ഡിങ് പോർട്ഫോളിയോ ഇൻവെസ്റ്റ്മെന്റ് കൺസൽറ്റന്റ് അഭിലാഷ് പുറവൻതുരുത്തിൽ.

ഗോൾഡ്മാൻ സാക്സിന്റെയും സിറ്റി ഗ്രൂപ്പ് ബാങ്കിന്റെയും നിരാശ പടർത്തിയ ഫലങ്ങൾ അമേരിക്കൻ സൂചികകളെ, പ്രത്യേകിച്ച് ബാങ്കിങ് ഓഹരികളെ പിന്നോട്ട് വലിച്ചതിന് പിന്നാലെ ഹെൽത്ത് കെയർ ഓഹരികളുടെ ഫലങ്ങളും അമേരിക്കൻ വിപണിയെ കൈവിട്ടത്, രാജ്യാന്തര വിപണിക്ക് വൻ കുതിപ്പിനുള്ള അവസരം നഷ്ടമാക്കി. എങ്കിലും ചൈനയുടെയും അമേരിക്കയുടേയും മികച്ച സാമ്പത്തിക വിവര കണക്കുകളും മോർഗൻ സ്റ്റാൻലിയുടേതടക്കമുള്ള മികച്ച ഫലപ്രഖ്യാപനങ്ങളും അമേരിക്കൻ വിപണിക്കും അതിലൂടെ ആഗോള വിപണിക്കും ശക്തമായ താങ്ങായി.

ചൈനയിൽ നിന്നുള്ള ഇറക്കുമതി 20.2 % കുറഞ്ഞതിനെത്തുടർന്ന് അമേരിക്കയുടെ വ്യാപാരക്കമ്മി എട്ടു മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് കൈവരിച്ചപ്പോൾ ചൈനയുടെ ജിഡിപി നിരക്ക് ആദ്യ പാദത്തിൽ തന്നെ 6.4% ന് മുകളിൽ വാർഷിക വളർച്ചാ നിരക്ക് നേടിയതും വിപണിക്ക് കരുത്തായി.

മൺസൂൺ പ്രതീക്ഷകൾ 

ഇന്ത്യൻ ഗ്രാമങ്ങളിൽ അടുത്ത വർഷം സമൃദ്ധി പ്രവചിക്കപ്പെട്ടിരിക്കുന്നു. ഇത് എഫ്എംസിജി, അഗ്രോ, ഉപഭോക്തൃ ഓഹരികൾക്ക് ഗുണകരമാവും. കൂടാതെ, പണപ്പെരുപ്പ തോതും നിയന്ത്രിക്കപ്പെടും , പ്രത്യേകിച്ച് ഫുഡ് ഇൻഫ്‌ളേഷൻ.

ഇന്ത്യൻ മെറ്റീരിയോളോജിക്കൽ ഡിപ്പാർട്മെന്റ് ഏപ്രിൽ 15 ന് ഇറക്കിയ പ്രസ്താവനയിൽ 2019 ൽ തികച്ചും സാധാരണ നിലയിലുള്ള മൺസൂൺ പ്രവചിക്കുന്നു. സ്കൈമെറ്റിന്റെ പ്രവചനവും മറിച്ചായിരുന്നില്ല. ശക്തി കുറഞ്ഞ എൽനിനോ പ്രതിഭാസത്തോടെ ആരംഭിക്കുന്ന, ഇന്ത്യൻ ഉപഭൂഖണ്ഡം മുഴുവൻ വ്യാപ്തിയുള്ള ഒരു മഴക്കാലമാണ് ജൂൺ മുതൽ സെപ്റ്റംബർ വരെ പ്രവചിക്കപ്പെട്ടിട്ടുള്ളത്. ഇത് ധാന്യ വിളകളുടെയും മറ്റ് കാർഷിക ഉൽപന്നങ്ങളുടെയും വർധിച്ച വിളവിന് സഹായിച്ചേക്കാം. മികച്ച വേനൽ മഴയും പ്രവചിക്കപ്പെട്ടിട്ടുണ്ട്.

മൺസൂൺ ആരംഭിക്കാൻ ഇനിയും ഒന്നര മാസം കൂടി സമയമുണ്ടെന്നതും ഐഎംഡിയുടെ പ്രസ്താവനയിൽ ‘സാധാരണയ്ക്കടുത്ത്’ എന്ന് പരാമർശിച്ചിട്ടുള്ളതും ഇനിയും മഴക്കാല പ്രവചനങ്ങളിൽ മാറ്റത്തിന് സാധ്യതയുണ്ട് എന്നു തന്നെയാണ് സൂചിപ്പിക്കുന്നത്. ദീർഘകാല ശരാശരിയായ 96 ശതമാനം തന്നെയാണ് പ്രതീക്ഷിക്കുന്ന മഴ വീഴ്ച.  മാത്രമല്ല, ഈ പ്രവചനം ഇന്ത്യൻ മഹാ സമുദ്രത്തിലെ (ഇന്ത്യൻ ഓഷ്യൻ ഡൈപോൾ - ഐഓഡി) ഇപ്പോഴത്തെ സാധാരണ നില കണക്കാക്കിയുള്ളത് മാത്രമാണ്.

വായ്പ നയ പ്രതീക്ഷകൾ

റിസർവ് ബാങ്കിന്റെ ജൂൺ മാസത്തിലെ കട നയ യോഗത്തിൽ പലിശ നിരക്കുകൾ ഇനിയും കുറയും എന്ന പ്രതീക്ഷ വിപണി പുലർത്തുന്നു. കേന്ദ്രത്തിൽ പുതിയ സർക്കാർ അധികാരത്തിൽ വരുന്നതിന്റെയും ഇന്ത്യയുടെ വ്യാവസായിക വളർച്ചാ നിരക്ക് കുറയുന്നതിന്റെയും ഭക്ഷ്യ വിലക്കയറ്റം കുറയുന്നതിന്റെയും പശ്ചാത്തലത്തിലാണ് പുതിയ വിപണി വീക്ഷണങ്ങൾ. മാർച്ചിലെ മൊത്ത വിൽപന വില സൂചിക വിപണി പ്രതീക്ഷയായിരുന്ന 3.23 ശതമാനവും മറികടന്ന് 3.18 ശതമാനം നേടിയത് ഇനിയും മെച്ചപ്പെടാനാണ് സാധ്യത.

റീപോ നിരക്ക് ഇനിയും കുറയും എന്ന ഊഹം ബാങ്കിങ്, എൻബിഎഫ്സി ഓഹരികളെ ഇനിയും മുന്നോട്ട് നയിച്ചേക്കാം. എസ്ബിഐ, ബിഒബി, പിഎൻബി, ഐസിഐസിഐ, എച്ഡിഎഫ്സിബാങ്ക്, എം& എം ഫിനാൻസ്, ശ്രീ റാംട്രാൻസ്‌പോർട്ട് മുതലായ ഓഹരികൾ പലിശനിരക്കിളവിന് മുന്നേ തന്നെ നേട്ടം കൈവരിച്ചേക്കാം. 

സിമന്റ് സെക്റ്റർ 

സിമന്റ് സെക്ടർ വരും പാദങ്ങളിൽ വൻ കുതിപ്പ് നടത്തും എന്ന് വിപണി കരുതുന്നു. ഇന്ത്യയുടെ പ്രധാന മുന്നണികളുടെ തിരെഞ്ഞെടുപ്പ് പ്രഖ്യാപനങ്ങളിൽ, പ്രത്യേകിച്ച് ഭരണ കക്ഷിയുടെ പ്രഖ്യാപനത്തിൽ ഭവന നിർമാണത്തിനും മറ്റ് ഇൻഫ്രാ സ്ട്രക്ചർ പദ്ധതികൾക്കും പ്രത്യേക ശ്രദ്ധ കൈവന്നത് സിമന്റ് സെക്ടറിൽ വളർച്ച നിലനിർത്തും എന്ന് കരുതുന്നു. ഭാരത് മാല പദ്ധതി, 60000 കിലോ മീറ്റർ ദേശീയ പാത പദ്ധതി എന്നിവയും സിമന്റ് സെക്ടറിന് കുതിപ്പ് നൽകും. 

തെക്കേ ഇന്ത്യയിലായിരിക്കും ആവശ്യകത കൂടുതൽ എന്നും കരുതുന്നു. കൂടാതെ സൗത്ത് ഇന്ത്യൻ കമ്പനികൾ സിമന്റ് വില വർധിപ്പിച്ചിരിക്കുന്നതും കമ്പനികൾക്ക് മികച്ച നേട്ടം നൽകും. അതിനാൽ തെക്കേ ഇന്ത്യൻ സിമന്റ് സെക്ടർ നിക്ഷേപ യോഗ്യമാണ് എന്ന് കരുതാം. എന്നാൽ, വടക്കേയിന്ത്യയിൽ രാജസ്ഥാനിലും മധ്യ ഇന്ത്യയിൽ മധ്യപ്രദേശിലും തിരെഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ സിമന്റ് വിപണി മാന്ദ്യത്തിലാണ് .

ഓഹരികളും സെക്ടറുകളും 

∙ ടിസിഎസ് ഇസ്രയേൽ സർക്കാരുമായി ചേർന്ന് ചെറുകിട ബാങ്കുകൾക്കായുള്ള സോഫ്റ്റ്‌വെയർ നിർമാണത്തിനുള്ള ധാരണാ പത്രം ഒപ്പിട്ടു. ഓഹരി  നേരത്തെ തന്നെ മികച്ച പ്രവർത്തന ഫലം പുറത്ത് വിട്ടിരുന്നു. മക്വിർ ഓഹരിക്ക് 2363 രൂപ ലക്ഷ്യത്തോടെ വാങ്ങൽ പ്രഖ്യാപിച്ചു. 

∙ ചൈനയിലേക്കുള്ള ചെമ്പിന്റെ ആവശ്യകത വർധിച്ചത് ചെമ്പിന്റെ വില വർധന സാധ്യമാക്കിയത് ഹിൻഡാൽകോ, ജിൻഡാൽ സ്റ്റീൽ എന്നിവയ്ക്ക് നേട്ടം നൽകിയേക്കാം.

∙ എസ്ബിഐ ലേലത്തിന് വച്ചിട്ടുള്ള ജെറ്റ് എയറിൽ എത്തിഹാദും, കെ എൽ എമ്മും അടക്കം ഏഴ് കമ്പനികൾ താൽപര്യം അറിയിച്ചത് ബാങ്കിനും വിമാന കമ്പനിക്കും ഗുണമാണ്. ജെറ്റ് അടച്ചുപൂട്ടൽ നേരിട്ടത് പുതിയ കമ്പനിക്ക് തൊഴിലാളികളുടെ കാര്യത്തിലടക്കം നേട്ടം നൽകും.

∙ ഗോൾഡ് മാൻ സാക്‌സ് ഐസിഐസി ബാങ്കിന് 492 രൂപ ലക്ഷ്യം കാണുന്നു.

∙ വൊഡാഫോൺ ഐഡിയ 20000 കോടി രൂപയുടെ അവകാശ ഓഹരി കൂടി  ഇറക്കുന്നു.

∙ ബ്ലൂസ്റ്റാർ പണവ്യാപ്തി കൂടുതലുള്ള മധ്യ കിഴക്കൻ വിപണികളിലേയ്ക്ക് കൂടി കാലൂന്നുന്നത് കമ്പനിക്ക് അറേബ്യൻ സമ്മർ കൂടി ലഭ്യമാക്കും . ഓഹരി ഇനിയും മുന്നോട്ട് പോയേക്കാം.

∙ പുതിയ നിയമം വരുന്നതു വരെ ഗ്യാസ് അധിഷ്ഠിത യൂറിയ പ്ലാന്റുകൾക്ക് പ്രവർത്തനാനുമതി നൽകിയത് ആർസിഎഫ്, ജിഎസ്എഫ്സി, ജിഎൻഎഫ്സി മുതലായ ഫെർട്ടിലൈസേർ ഓഹരികൾക്ക് ഗുണകരമാണ് .

∙ ഭാരതി എയർടെൽ അമേരിക്കൻ ടെക് ഭീമനായ സിസ്കോയുമായി പങ്കാളിത്ത വ്യവസായത്തിൽ ഏർപ്പെടുന്നത് ഓഹരിക്ക് ഗുണകരമാണ്. ഓഹരി നിക്ഷേപാനുയോജ്യമാണ്.

∙ ഇൻഡോ – യുഎസ് ബയോ ടെക് , ടിടികെ പ്രസ്റ്റീജ് എന്നിവ യഥാക്രമം 1:4, 1:5 എന്നീ അനുപാതങ്ങളിൽ ബോണസ് പ്രഖ്യാപിച്ചു.

∙ ഇന്ത്യൻ മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾ അവരുടെ വളർച്ചാ ലക്ഷ്യം നേടുന്നതിനായി സെക്യൂരിറ്റൈസേഷൻ അവസരങ്ങൾ ഉപയോഗപ്പെടുത്തുന്നത് സെക്ടറിന് പുത്തൻ ഉണർവ് നൽകും. എൽ&ടി ഫിനാൻസ്, മുത്തൂറ്റ് ഫിനാൻസ്, മാസ് ഫിനാൻസ് എന്നിവ പരിഗണിക്കാം.

∙ മികച്ച അവസാന പാദ ഫല പ്രഖ്യാപനത്തെ തുടർന്ന് വിപ്രോ 15% നേട്ടം ഒറ്റ സെഷനിൽത്തന്നെ സ്വന്തമാക്കി. 2384 കോടിയുടെ അറ്റാദായം നേടിയ കമ്പനി മുൻവർഷത്തിൽ നിന്നു 1.1% ലാഭ വളർച്ച സ്വന്തമാക്കി. 15000 കോടിയുടെ വരുമാനം സ്വന്തമാക്കിയ കമ്പനി 325 രൂപനിരക്കിൽ 10500 കോടിയുടെ ഓഹരി തിരികെ വാങ്ങലും പ്രഖ്യാപിച്ചു വിപണിക്ക് കുതിപ്പ് നൽകി.

∙ ചൈനയുടെ പ്രതീക്ഷയിലും കവിഞ്ഞ ആദ്യപാദ ജിഡിപി വളർച്ചാ നിരക്ക് ലോഹ- വാഹന ഓഹരികൾക്ക് പ്രതീക്ഷ നൽകുന്നു, ജിൻഡാൽ സ്റ്റീൽ , ഹിൻഡാൽകോ, ജെഎസ് ഡബ്ലിയു സ്റ്റീൽ, ടാറ്റസ്റ്റീൽ എന്നിവ നേട്ടമുണ്ടാക്കും. ജെഎൽആർന്റെ 27 % വില്പന ചൈനയിലായതിനാൽ ടാറ്റ മോട്ടോഴ്സും നേട്ടമുണ്ടാക്കും.

∙ ജെറ്റ് താൽക്കാലികമായി പ്രവർത്തനമവസാനിപ്പിക്കുന്നത് സ്‌പൈസ്ജെറ്റിനും, ഇൻഡിഗോയ്ക്കും നേട്ടം സമ്മാനിക്കുന്നുണ്ട് . 

∙ റിലയൻസ് ഇൻഡസ്ട്രീസ് അവസാന പാദത്തിൽ 9.89 % വളർച്ചയോടെ 10362 കോടി രൂപയുടെ ലാഭം സ്വന്തമാക്കി. ജിയോ മുൻ പാദത്തിൽ നിന്നു 300% വളർച്ചയോടെ 2965 കൊടിയും റിലയൻസ് റീട്ടെയ്ൽ 51.6 % വരുമാന വർധനവും സ്വന്തമാക്കി. കമ്പനിയുടെ മൊത്ത വരുമാനം 2018 മാർച്ചിലെ 1.29 ലക്ഷം കോടിയിൽ നിന്നു 19.4 % വളർച്ചയോടെ 1.54 ലക്ഷം കോടി രൂപയായി. വിപണി പ്രതീക്ഷ 1 .48 ലക്ഷം കോടിയായിരുന്നു. എങ്കിലും ഇതൊരു മികച്ച ഫലം എന്നതിലുപരി സാധാരണ ഗതിയിലുള്ള ഫലം മാത്രമായേ പരിഗണിക്കപ്പെടൂ. ഇത് തുടർച്ചയായ രണ്ടാം  തവണയാണ് റിലയൻസ് ഒരു പാദത്തിൽ 10000 കോടിയിലധികം ലാഭം സ്വന്തമാക്കുന്നത് .

∙ ഡിസിബി ബാങ്ക് മികച്ച നാലാം  പാദ പ്രവർത്തന ഫലം സ്വന്തമാക്കി. 827 കോടിയുടെ വരുമാനവും , 96 .33 കോടിയുടെ അറ്റാദായവും ബാങ്ക് നേടി.. കഴിഞ്ഞ പാദത്തെ അപേക്ഷിച്ച് 10 കോടിയുടെ വർധന . ഓഹരി നിക്ഷേപ യോഗ്യമാണ് . 

∙ ആർബിഎൽ ബാങ്കും മികച്ച നാലാം പാദ ഫലം നേടി. 247.18 കോടി രൂപയുടെ അറ്റാദായം മാർച്ചിൽ അവസാനിച്ച പാദത്തിൽ സ്വന്തമാക്കി. 225 കോടിയായിരുന്നു മുൻ പാദ ലാഭം.

∙ ജിൻഡാൽ സ്റ്റീലിന് കഴിഞ്ഞ പാദത്തിൽ ഉൽപാദനത്തിൽ 23% വർധനവോടെ 1.41 ദശ ലക്ഷം ടണ്ണും  21% വർധനവോടെ 1.45 ദശ ലക്ഷം റണ്ണിന്റെ വിൽപനയും നേടി. മികച്ച ഉല്പാദന- വിപണന നേട്ടം ഓഹരിക്ക് മികച്ച ക്യാപിറ്റൽ റിട്ടേൺ ലഭ്യമാക്കിയേക്കും. ഓഹരി ലോഹ സെക്ടറിൽ ഏറ്റവും നല്ല അവസരമാണ്.

ഈയാഴ്ച വിപണിയിൽ 

ആഗോള വിപണി ചലനങ്ങളുടെയും വിദേശ സ്വദേശ ധനകാര്യ സ്ഥാപനങ്ങളുടെ വർധിച്ച വാങ്ങലിന്റെയും അടിസ്ഥാനത്തിൽ വിപണി കുതിപ്പ് തുടരും എന്ന് തന്നെ അനുമാനിക്കുന്നു. ബാരലിന് 71 ഡോളർ വിലയിൽ ചുറ്റിപ്പറ്റി നിൽക്കുന്ന ക്രൂഡ് ഓയിൽ വില തന്നെയാണ് വിപണിയുടെ മുന്നിലെ പ്രധാന വെല്ലുവിളി. ഇടയ്ക്കുണ്ടായേക്കാവുന്ന ലാഭമെടുക്കൽ അവസരമാക്കാൻ നിക്ഷേപകർ ശ്രദ്ധിക്കണം. കുതിപ്പിനിടയിലെ ‘സ്റ്റോപ്പ് ഓവർ’ കണ്ട് ഭയന്നാൽ നഷ്ടമായിരിക്കും ഫലം. ദീർഘ കാലാടിസ്ഥാനത്തിൽ വിപണി നഷ്ടങ്ങളെ നേരിടാൻ കെൽപുള്ള ഓഹരികളിൽ നിക്ഷേപിക്കുക, നിക്ഷേപ വിലയും ലക്ഷ്യ വിലയും മറക്കാതിരിക്കുക. എയർ ലൈൻ, ലോഹം, ബാങ്കിങ്,, എൻബിഎഫ്സി, ടെക് ഓഹരികൾ ശ്രദ്ധിക്കുക. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com