ADVERTISEMENT

തിരുവനന്തപുരം ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ശബരിമലയിലെ യുവതീപ്രവേശം പ്രധാന ചർച്ചാവിഷയമാക്കി മാറ്റാൻ ശ്രമിച്ച ബിജെപി അവാസനിമിഷം പ്രതിരോധത്തിൽ. വിശ്വാസസംരക്ഷണം ഉറപ്പാക്കാൻ ബിജെപിക്കുമാത്രമേ സാധിക്കുകയുള്ളൂവെന്ന വാദത്തിൽ ഊന്നിയായിരുന്നു ആദ്യഘട്ടംമുതൽ ബിജെപിയുടെ പ്രചാരണങ്ങൾ.

കേരളത്തിൽ ബിജെപിക്കു മുന്നേറ്റമുണ്ടാക്കാൻ ശബരിമല വിധി സഹായകരമാകുമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള നേതാക്കളുടെ പ്രതീക്ഷ. ഇക്കാര്യത്തിൽ ബിജെപിയും കേന്ദ്രസർക്കാരും രാഷ്ട്രീയമുതലെടുപ്പിനു ശ്രമിച്ചതല്ലാതെ പരിഹാരം കാണാൻ ഒന്നും ചെയ്തില്ലെന്ന യുഡിഎഫിന്റെ പ്രചാരണം ശക്തമായിരുന്നു. ശബരിമലയിൽ നിരോധനാജ്ഞ പുറപ്പെടുവിക്കാൻ നി‍ർദേശിച്ചുകൊണ്ടുള്ള കത്തു മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ പുറത്തുവിട്ടതോടെ ബിജെപി കൂടുതൽ സമ്മർദത്തിലായി. 

ബിജെപിക്കെതിരെ കൃത്യമായ ചോദ്യങ്ങൾ ഉന്നയിച്ചാണ് യുഡിഎഫ് നേതാക്കൾ വിശ്വാസികളെ സമീപിച്ചത്. ശബരിമല കേസിൽ സുപ്രീംകോടതിയിൽ വാദം നടന്നപ്പോൾ കേന്ദ്രസർക്കാരോ ബിജെപി നേതാക്കളോ ഇടപെട്ടോ? വിധി വന്നശേഷം പുനഃപരിശോധനാ ഹർജി നൽകാൻ ബിജെപി നേതാക്കൾ തയാറായോ? മുത്തലാഖ് വിഷയത്തിൽ നിയമം കൊണ്ടുവരാൻ ശ്രമിച്ച മോദി സർക്കാർ ശബരിമലയിൽ വിശ്വാസം സംരക്ഷിക്കാൻ ഓർഡിനൻസ് കൊണ്ടുവരാത്തതെന്തുകൊണ്ട്? ചോദ്യങ്ങൾക്കു മതിയായ മറുപടി നൽകാൻ ബിജെപിക്ക് ഇനിയും സാധിച്ചിട്ടില്ല. 

യുഡിഎഫ് തീരുമാനപ്രകാരം കോൺഗ്രസ് നേതാവും ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമായ പ്രയാർ ഗോപാലകൃഷ്ണൻ പുനഃപരിശോധനാഹർജി നൽകി. വിശ്വാസികൾക്കൊപ്പമാണെങ്കിൽ ബിജെപി ഹർജി നൽകാത്തതെന്തെന്ന ചോദ്യവുമായാണ് ഒടുവിൽ കോൺഗ്രസ് നേതാക്കൾ രംഗത്തിറങ്ങിയത്. ശബരിമല കേസിൽ സുപ്രീംകോടതിയെ ബോധ്യപ്പെടുത്തുമെന്നാണ് ബിജെപി പ്രകടനപത്രിക വാഗ്ദാനം ചെയ്യുന്നുണ്ട്.

സുപ്രീംകോടതിയിൽ പുനഃപരിശോധനാഹർജിയിൽ വാദം പൂർത്തിയായതിനാൽ ബിജെപി വാദ്ഗാനം പൊള്ളയാണെന്ന വിമർശനവും ബിജെപിക്കു തലവേദനയായി. കേന്ദ്രത്തിൽ അധികാരത്തിലെത്തിയാൽ വിശ്വാസസംരക്ഷണം ഉറപ്പാക്കുമെന്ന രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനത്തെ മറികടക്കാൻ രണ്ടുതവണ കേരളത്തിൽ പ്രചാരണത്തിനെത്തിയ മോദിക്കു സാധിച്ചിട്ടില്ലെന്നാണ് ബിജെപി നേതാക്കളുടെ വിലയിരുത്തൽ.

എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുടെ പ്രസ്താവന മുതൽ ശബരിമല വിഷയത്തിൽ ബിജെപിയുടെ ആത്മാർഥത ചോദ്യംചെയ്യപ്പെട്ടു തുടങ്ങിയിരുന്നു. യുവതീപ്രവേശത്തിനെതിരെ സുപ്രീംകോടതിയിൽ പോരാടിയ എൻഎസ്എസിന്റെ ചായ്‌വ് തങ്ങൾക്കൊപ്പമാണെന്നു വരുത്താൻ ബിജെപി പരമാവധി ശ്രമിച്ചു.

എന്നാൽ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചശേഷം എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പുറപ്പെടുവിച്ച പ്രസ്താവനയിൽ വിശ്വാസസംരക്ഷണത്തിനു കേന്ദ്രസർക്കാർ ഒന്നും ചെയ്തില്ലെന്ന എൻഎസ്എസ് വിമർശനം ബിജെപിക്കു കനത്ത ആഘാതമായി. യുഡിഎഫ് ഇതു താഴെത്തട്ടിൽ എത്തിച്ചതും ബിജെപി നേതാക്കൾ വോട്ടിനുവേണ്ടിമാത്രം വിശ്വാസികളെ ചൂഷണം ചെയ്യുന്നുവെന്ന ഇടതുമുന്നണി നേതാക്കളുടെ വിമർശനവും ഒരുമിച്ചുവന്നപ്പോഴാണ് ബിജെപി പ്രതിരോധത്തിലേക്കു നീങ്ങിയത്. 

വിധി വന്നപ്പോൾ തന്നെ കേന്ദ്രം ഓർഡിനൻസ് കൊണ്ടുവരണമെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. കേരളത്തിൽ നിന്നുള്ള എംപിമാരായ ശശി തരൂരും എൻ.കെ. പ്രേമചന്ദ്രനും ഉൾപ്പെടെയുള്ള എംപിമാർ പാർലമെന്റിൽ ഇതേ ആവശ്യം ഉന്നയിച്ചുവെങ്കിലും കേന്ദ്രം അനുകൂലമായി പ്രതികരിച്ചില്ല. കേരളത്തിൽ നിന്നുള്ള നാല് ബിജെപി എംപിമാരും പാർലമെന്റിൽ മൗനം അവലംബിച്ചു. ഈ വസ്തുതകളെല്ലാം താഴെത്തട്ടത്തിൽ ഏറെ ചർച്ചചെയ്യപ്പെട്ടിട്ടുണ്ടെന്നു തിരിച്ചറിയുന്ന ബിജെപി നേതാക്കൾ സമരത്തിലൂടെ മുറിവേറ്റവർ എന്ന പരിവേഷത്തിൽ വിശ്വാസികളുടെ വോട്ട് ലഭിക്കുമെന്നാണ് ഒടുവിൽ കണക്കുകൂട്ടുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com