കസവുടുത്ത് മോദിയും രാഹുലും; പ്രതിരോധിച്ച് പിണറായി: സോഷ്യൽമീഡിയയിലെ കേരളപ്പോര്

HIGHLIGHTS
  • കേരളത്തിൽ ഫാക്ട് ചെക്കിങ്ങിനായി പ്രത്യേകം സംഘങ്ങളാണു പ്രവർത്തിച്ചത്
  • സിപിഎമ്മിനും കോൺഗ്രസിനും ബിജെപിക്കും അതിശക്തമായ സൈബർ വിങ്
modi-pinarayi-rahul
കസവുടുത്ത് വിഷുക്കണിക്കൊപ്പമിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി ഔദ്യോഗിക എഫ്ബി പേജിലൂടെ പങ്കുവച്ച ചിത്രം. മുഖ്യമന്ത്രി പിണറായി വിജയൻ, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി.
SHARE

പരസ്യപ്രചാരണത്തിന്റെ കൂട്ടപ്പൊരിച്ചിൽ ആവേശകരമായതിന്റെ സന്തോഷത്തിലാണു കേരളത്തിലെ പാർട്ടികൾ. ചൊവ്വാഴ്ച കേരളം പോളിങ് ബൂത്തിലേക്ക്. പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപിക്കു വേണ്ടിയും രാഹുൽ ഗാന്ധി കോൺഗ്രസിനു വേണ്ടിയും കേരളത്തിൽ നേരിട്ടെത്തി പ്രചാരണത്തിനു തുഴയെറിഞ്ഞു. പിണറായി വിജയന്റെ തോളിലേറിയായിരുന്നു സിപിഎമ്മിന്റെ പ്രചാരണം. കേരളത്തിൽ എൻഡിഎ അക്കൗണ്ട് തുറക്കില്ലെന്ന നിഗമനമാണ് എൽഡിഎഫ്, യുഡിഎഫ് മുന്നണികളുടേത്. അട്ടിമറിയും വോട്ടു വിഹിതത്തിലെ കുതിപ്പും ഉറപ്പിച്ചാണു ബിജെപി നീങ്ങുന്നത്.

സാക്ഷരതയാണു കേരളത്തിന്റെ കൊടിയടയാളം. തിരഞ്ഞെടുപ്പുകളിൽ രാഷ്ട്രീയ പാർട്ടികൾക്കു വിയർപ്പൊഴുക്കേണ്ടി വന്നതിനു പ്രധാന കാരണമാകട്ടെ രാഷ്ട്രീയ സാക്ഷരതയും. ഇതോടൊപ്പം ഡിജിറ്റൽ സാക്ഷരതയിലും സംസ്ഥാനം മുൻപന്തിയിലായതിനാൽ ആ നിലയ്ക്കും അരയുംതലയും മുറുക്കിയാണു പാർട്ടികളും നേതാക്കളും രംഗത്തിറങ്ങിയത്. വ്യാജവിവരങ്ങളും തെറ്റായ വാർത്തകളും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കപ്പെട്ടാൽ ഇരട്ടിവേഗത്തിൽ പൊളിച്ചടുക്കും എന്നതാണു കേരളത്തിന്റെ പ്രത്യേകത. ഫാക്ട് ചെക്കിങ്ങിനായി പ്രത്യേകം സംഘങ്ങളാണു പ്രവർത്തിച്ചത്. സിപിഎമ്മും കോൺഗ്രസും ബിജെപിയും അതിശക്തമായ സൈബർ വിങ്ങിനെയാണു പ്രചാരണത്തിനു നിയോഗിച്ചത്. 

ലക്ഷ്യം പുതുവോട്ടർമാർ

ചുറുചുറുക്കാണു ഡിജിറ്റൽ വാർ റൂമിന്റെ മുഖമുദ്ര. 10 വർഷം മുമ്പുതന്നെ കോൺഗ്രസ് കേരളത്തിൽ സൈബർ വിങ് തുടങ്ങിയിരുന്നെന്നു കെപിസിസി ഐടി സെൽ കൺവീനറായി ചുമതലയേറ്റ അനിൽ ആന്റണി പറയുന്നു. വളരെ സജീവമായിരുന്നു ഇത്തവണ കേരളത്തിലെ ഡിജിറ്റൽപ്പോര്. ഇന്ത്യയിലെ ഏതു സംസ്ഥാനത്തേക്കാളും കൂടുതലാണ‌് ഇവിടത്തെ ഇന്റർനെറ്റ് സാക്ഷരത. 65 ശതമാനം മലയാളികൾക്കും സ്മാർട് ഫോണുണ്ട്. ദേശീയ ശരാശരി 50ൽ താഴെയാണെന്ന് ഓർക്കണം.

ഇത്തവണ പുതുവോട്ടർമാരുടെ എണ്ണം നിർണായകമാണ്. കേരളത്തിലെ ഓരോ മണ്ഡലത്തിലും ഒന്നേകാൽ ലക്ഷത്തിനും രണ്ടു ലക്ഷത്തിനും ഇടയ്ക്കാണു പുതുവോട്ടർമാർ. കേരളത്തെ സംബന്ധിച്ചു ഇതു വലിയ സംഖ്യയാണ്. കാരണം, 14 മണ്ഡലങ്ങളിൽ കഴിഞ്ഞ തവണ 50,000–ൽ താഴെയായിരുന്നു ഭൂരിപക്ഷം. ടിവിയോ പത്രങ്ങളോ അല്ല. മൊബൈലിലൂടെയാണു പുതുവോട്ടർമാർ വിവരങ്ങൾ ശേഖരിക്കുന്നതും പങ്കുവയ്ക്കുന്നതും. യുവാക്കളിലേക്കും പുതുവോട്ടർമാരിലേക്കും കോൺഗ്രസിന്റെ സന്ദേശം എത്തിക്കുക എന്നതായിരുന്നു ഐടി സെല്ലിന്റെ പ്രധാന ലക്ഷ്യം.

ശശി തരൂർ ചെയർപഴ്സൺ ആയ സെല്ലിൽ 20 അംഗ കോർ ടീം ആണു പ്രവർത്തിക്കുന്നത്. ഓൺലൈൻ മീഡിയ പോലെയാണു പ്രവർത്തനം. 4–5 പേർ വീതമുള്ള പ്രൊഡക്‌ഷൻ, ബ്രോഡ്കാസ്റ്റിങ്, എഡിറ്റോറിയൽ, കണ്ടന്റ്, മാനേജ്മെന്റ് എന്നിങ്ങനെ 5 ടാസ്ക് ഗ്രൂപ്പുകളുണ്ട്. എല്ലാ ലോക്സഭാ, നിയമസഭാ മണ്ഡലങ്ങളിലും കോർഡിനേറ്റർമാർ. ബൂത്ത്, ബ്ലോക്ക് തലം മുതൽ വാട്സാപ്പ് ഗ്രൂപ്പുകൾ. തിരുവനന്തപുരത്തെ വാർ റൂം കൺട്രോൾ സെന്ററായാണു പ്രവർത്തിച്ചത്.

10 ലക്ഷം വാട്‌സാപ് അംഗങ്ങൾ

സദാസമയം സജീവമായിരുന്നു കോൺഗ്രസിന്റെ വാർ റൂം. 10 ലക്ഷത്തിലേറെ പേരെ ഉൾക്കൊള്ളുന്ന വാട്സാപ്പ് ഗ്രൂപ്പുകൾ കോൺഗ്രസിന്റെ ശക്തിയാണ്. ഫെയ്സ്ബുക്, വാട്സാപ് എന്നിവയ്ക്കാണു കൂടുതൽ പ്രാമുഖ്യം. പുതുതലമുറയ്ക്കു ഫെയ്സ്ബുക്കിനോടു പ്രിയം കുറവാണ്. 18–25 പ്രായക്കാർ സ്നാപ്ചാറ്റ്, ഷെയർചാറ്റ്, ടിക്ടോക്, ഇൻസ്റ്റഗ്രാം എന്നിവയിലാണു സജീവം. ഈ പ്ലാറ്റ്ഫോമുകളിലും രാഷ്ട്രീയ പോസ്റ്റുകൾ എത്തിച്ചു.

പ്രമുഖ പത്രങ്ങളിലും ചാനലുകളിലും വരുന്ന വാർത്തകൾ ഉൾപ്പെടുത്തിയുള്ള പോസ്റ്റുകൾക്കാണു കൂടുതൽ സ്വീകാര്യത. ആധികാരികതയാണ് ഇവയെ പ്രസക്തമാക്കുന്നത്. യുഡിഎഫിനു പൊതുവായും കോൺഗ്രസ് സ്ഥാനാർഥികൾക്കു വേണ്ടിയും ട്രോൾ, പോസ്റ്റ്, വിഡിയോ എന്നിവ തയാറാക്കും. ഡിസിസികൾ, നിയമസഭാ മണ്ഡലങ്ങൾ എന്നിവിടങ്ങളിൽ പ്രാദേശിക വിഷയങ്ങൾക്കാണു പ്രാധാന്യം. രാഷ്ട്രീയ നേതാക്കളെ വ്യക്തിപരമായി അധിക്ഷേപിക്കാറില്ല. പ്രശ്നാധിഷ്ഠിത പോസ്റ്റുകൾക്കാണു പ്രാമുഖ്യം.

കൂട്ടത്തോടെ മെൈബലുകളിലേക്ക് അയക്കുന്ന ടെക്സ്റ്റ്, ശബ്ദ സന്ദേശങ്ങളായിരുന്നു മറ്റൊരിനം. എട്ടു സെക്കൻഡിനുള്ളിൽ ആശയം വ്യക്തമാകുന്നതാണു ശബ്ദ സന്ദേശങ്ങൾ. പരമാവധി 30 സെക്കൻഡാണു ദൈർഘ്യം. ഇൻസ്റ്റഗ്രാമിലേക്കുള്ള ഷോർട് വിഡിയോകളും തയാറാക്കി. ഒരേ സമയം വാട്സാപ്, ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ വിഡിയോ പങ്കുവച്ചതു നേട്ടമായെന്നാണു കരുതുന്നത്. വയനാട്ടിലെത്തിയ രാഹുൽ ഗാന്ധി കസവുടുത്ത് തിരുനെല്ലി ക്ഷേത്രത്തിലെത്തിയ ചിത്രവും വിഡിയോയും സമൂഹമാധ്യമങ്ങളിൽ ഏറെ പങ്കുവയ്ക്കപ്പെട്ടു.

രാഹുൽ ഗാന്ധിയുടെ കേരള പ്രസംഗങ്ങൾ എഫ്ബി ലൈവ് നൽകി. പ്രസംഗത്തിലെ വാചകങ്ങൾ പോസ്റ്റുകളാക്കി പ്രചരിപ്പിച്ചു. കേന്ദ്രത്തിലെയും കേരളത്തിലെയും സർക്കാരുകളെ കണക്കിനു വിമർശിച്ചു. വാഗ്ദാന ലംഘനങ്ങൾ അവരെ ഓർമിപ്പിച്ചു. പ്രളയവും ഓഖിയും ശബരിമലയും പെരിയ ഇരട്ടക്കൊലയും പിണറായി സർക്കാരിനെ ആക്രമിക്കാൻ കരുവാക്കിയപ്പോൾ, നോട്ടുനിരോധനവും വിലക്കയറ്റവും സൈനികരെ രാഷ്ട്രീയവൽക്കരിക്കുന്നതും മോദി സർക്കാരിനെതിരായ ആയുധങ്ങളായി.

പ്രാദേശിക തലത്തിൽ തയാറാക്കുന്ന സോഷ്യൽമീഡിയ പ്രചാരണം പെരുമാറ്റച്ചട്ടങ്ങൾക്കുള്ളിൽ നിൽക്കുന്നതാകാൻ തിരുവനന്തപുരത്തെ വാർ റൂമിൽ ശ്രദ്ധിച്ചു. കോൺഗ്രസിനോട് അനുഭാവമുള്ള ട്രോൾ ഗ്രൂപ്പുകളുണ്ട്. എന്നാൽ പെരുമാറ്റച്ചട്ടങ്ങൾ പാലിച്ചുള്ള ട്രോളും മീമും മാത്രമെ പാർട്ടി തയാറാക്കുകയും പങ്കുവയ്ക്കുകയും ചെയ്തിരുന്നുള്ളൂ. ഇപ്പോൾ ഉപയോഗപ്പെടുത്തുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡേറ്റാ അനലറ്റിക്സ് എന്നിവ വരുംകാലത്തെ തിരഞ്ഞെടുപ്പുകളെ കൂടുതൽ സ്വാധീനിക്കുമെന്ന് അനിൽ ആന്റണി ചൂണ്ടിക്കാട്ടി.

വ്യാജവാർത്ത പൊളിക്കാൻ വൻസംഘം

സംസ്ഥാന തലം മുതൽ ബൂത്തുതലം വരെ നീളുന്നതായിരുന്നു സിപിഎമ്മിന്റെ സമൂഹമാധ്യമ ചങ്ങല. പ്രധാന പ്രചാരണ വിഷയങ്ങൾ, എതിരാളികളുടെ പ്രചാരണങ്ങൾക്കുള്ള മറുപടികൾ, വ്യാജവാർത്തകളെ പൊളിക്കൽ തുടങ്ങി മേഖലകളായി തിരിച്ചായിരുന്നു സംസ്ഥാന തലത്തിൽ ഒാരോ ദിവസത്തെയും പ്രവർത്തനം. പാർട്ടിക്കുള്ളിലും പുറത്തുമുള്ള പ്രഗൽഭരാണു സംസ്ഥാന തലത്തിൽ പ്രചാരണം ഏകോപിപ്പിച്ചത്. ഫെയ്സ്ബുക്കും വാട്ട്സാപ്പുമാണു സിപിഎം പ്രധാനമായി ഉപയോഗിച്ചത്.

‘ഒരു കൂട്ടം കലാകാരന്മാരും ഐടി പ്രഫഷണലുകളും സ്വമേധയാ പാർട്ടിയുടെ സോഷ്യൽമീഡിയ പ്രചാരണം ഏറ്റെടുത്തു. മറ്റു പാർട്ടികളെപ്പോലെ വലിയ സന്നാഹമില്ലെങ്കിലും ഫലപ്രദമായിരുന്നു സൈബർ ഇടപെടൽ. വലിയ സ്വീകാര്യതയാണു ലഭിച്ചത്. വ്യാജവാർത്തകളെ പ്രതിരോധിക്കുന്നതിലായിരുന്നു ഊന്നൽ. ബിജെപിയും കോൺഗ്രസും നേരിട്ടോ അവരുടെ പിന്തുണയാലോ പ്രചരിക്കുന്ന വ്യാജവാർത്തകളെ തുറന്നുകാട്ടാനായിരുന്നു ശ്രമം. ഒന്നിനുപുറകെ ഒന്നായി നിരവധി വ്യാജൻ പ്രചരിക്കുന്നതിനാൽ വലിയ തോതിൽ സമയവും ഊർജവും ഇതിനായി ചെലവാകുന്നുണ്ട്’– സിപിഎം നവമാധ്യമ വിഭാഗം കൺവീനർ ഡോ. വി.ശിവദാസൻ പറഞ്ഞു.

‘സംസ്ഥാന സർക്കാരിന്റെ ഭരണനേട്ടങ്ങൾ നേരത്തേ തന്നെ ജനങ്ങൾക്കു മുന്നിലുണ്ട്. കേരളത്തെ ഇകഴ്ത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർ നടത്തുന്ന ശ്രമങ്ങൾക്കെതിരെ സമൂഹമാധ്യമങ്ങളിൽ ബഹുജനങ്ങൾ പ്രതിരോധം തീർ‌ക്കുന്നത് അഭിമാനകരമാണ്. കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ തുറന്നുകാട്ടാനും വാഗ്ദാന ലംഘനങ്ങൾ ഓർമിപ്പിക്കാനും പോസ്റ്റുകൾ ഉപയോഗിക്കുന്നു. പൊതുവെ കേരളത്തിലെ ജനങ്ങളെ കൂട്ടിയോജിപ്പിച്ചു കൊണ്ടുപോവുക എന്ന ദൗത്യമാണ് പാർട്ടിയുടെ സോഷ്യൽമീഡിയ സംഘം നിറവേറ്റുന്നത്. ഫെയ്സ്ബുക് ആണ് പാർട്ടി മുഖ്യമായും ആശ്രയിക്കുന്നത്. തിരഞ്ഞെടുപ്പിനു ശേഷവും ഈ ദൗത്യം തുടരും’– ശിവദാസൻ വ്യക്തമാക്കി.

സിപിഎം കേരള, എല്‍ഡിഎഫ് കേരള എന്നീ ഫെയ്സ്ബുക് പേജുകളും സിപിഎം കേരള എന്ന ട്വിറ്റര്‍ അക്കൗണ്ടും സിപിഎം കേരള എന്നപേരില്‍ മലയാളത്തിലും ഇംഗ്ലിഷിലും വെബ്സൈറ്റുകളുമുണ്ട്. ബൂത്ത്, ബ്രാഞ്ച്, ലോക്കൽ, ഏരിയ, ജില്ല, സംസ്ഥാന തലങ്ങളിൽ പ്രത്യേക വാട്ട്സാപ് ഗ്രൂപ്പുകൾ. ബൂത്ത് തലത്തിലെ ഗ്രൂപ്പുകളുടെ അഡ്മിൻ‌മാർക്ക് ബ്രാഞ്ച് തലത്തിൽനിന്ന് വിവരങ്ങൾ കൈമാറും. ബ്രാഞ്ചിലെ അഡ്മിൻ ലോക്കലിലും, ലോക്കൽ അഡ്മിൻ ഏരിയയിലും, ഏരിയ അഡ്മിൻ ജില്ലയിലും, ജില്ല അഡ്മിൻ സംസ്ഥാനത്തു നിന്നും വിവരങ്ങൾ അറിയുകയും കൈമാറുകയും ചെയ്യുന്നു. ചങ്ങല കണക്കെ വിവരങ്ങൾ കൈമാറുമ്പോൾ ഒാരോ പ്രദേശത്തെയും പ്രശ്നങ്ങൾ അറിയാനും സ്രോതസ്സിൽ തന്നെ പ്രതിരോധിക്കാനും സാധിക്കും.

സ്ഥാനാർഥിക്ക് ആപ്, ക്യുആർ പോസ്റ്റർ

സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും നവമാധ്യമങ്ങൾ കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക സംഘങ്ങളുണ്ട് സിപിഎമ്മിന്. ഈ സംഘത്തിലെ രണ്ട് അംഗങ്ങളെങ്കിലും മുഴുവൻ സമയം സ്ഥാനാർഥികൾക്കൊപ്പം പര്യടനത്തിലുണ്ടായിരുന്നു. പര്യടനത്തിന്റെ ചിത്രങ്ങൾ, വിഡിയോകൾ, മറ്റു വിശേഷങ്ങൾ എന്നിവ ഇവർ അതതു ജില്ലകളുടെ പ്രത്യേക ഫെയ്സ്ബുക് പേജുകൾ വഴിയും വാട്ട്സാപ് ഗ്രൂപ്പുകൾ വഴിയും ജനങ്ങളിലെത്തിച്ചു. കോട്ടയത്തെ വീ വിത്ത് വാസവൻ, പത്തനംതിട്ടയിലെ വിഷൻ പത്തനംതിട്ട എന്നിങ്ങനെയുള്ള ഫെയ്സ്ബുക് പേജുകൾ ഉദാഹരണം. ജില്ലാ കമ്മിറ്റിയുടെ ഫെയ്സ്ബുക് പേജുകളിലും വാർത്തകളും ചിത്രങ്ങളും പ്രത്യക്ഷപ്പെട്ടു.

കാസർകോട്ടെ പോരാട്ടത്തിൽ ജയം ആർക്കൊപ്പം, വോട്ട് ഓൺ വീൽസ് വിഡിയോ കാണാം

തെക്കൻ കേരളത്തിലും മധ്യതിരുവിതാംകൂറിലുമാണ് സിപിഎം പ്രധാനമായും നവമാധ്യമ പ്രചാരണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. വടക്കൻ കേരളത്തിലും സമൂഹമാധ്യമ കൂട്ടായ്മകളുണ്ടെങ്കിലും ഇവിടെ പാരമ്പര്യ രീതികൾ തന്നെയാണു ഫലപ്രദമെന്നാണു പാർട്ടിയുടെ വിലയിരുത്തൽ. എറണാകുളം മണ്ഡലത്തിലാണു ഡിജിറ്റൽ പ്രചാരണം മികച്ച രീതിയിൽ നടപ്പാക്കിയിരിക്കുന്നത്. സ്ഥാനാർഥി പി.രാജീവിനായി ആപ്പും ക്യുആർ കോഡ് ഉൾപ്പെട്ട പോസ്റ്ററുകളും വിഡിയോകളും തയാറാക്കിയിരുന്നു. എൻ‌ഡിഎയും യുഡിഎഫും തൊടുക്കുന്ന വിമർശന ശരങ്ങളെ പ്രതിരോധിച്ച പിണറായി വിജയന്റെ പ്രസംഗങ്ങൾ അണികൾക്കിടയിൽ വ്യാപകമായി പ്രചരിക്കപ്പെട്ടു.

മോദിയെ ഉയർത്തിക്കാട്ടി ബിജെപി

നരേന്ദ്ര മോദി സർക്കാരിന്റെ ഭരണനേട്ടങ്ങളായിരുന്നു കേരളത്തിലും ബിജെപിയുടെ പ്രചരണായുധം. ‘അസാധ്യമായത് സാധ്യം’ എന്ന മുദ്രാവാക്യത്തിന്റെ ചുവടുപിടിച്ച്, മുൻ സർക്കാരുകളുടെ കാലത്തേക്കാൾ മോദിക്കു ചെയ്യാനായെന്നാണു പ്രചാരണത്തിന്റെ കാതൽ. പോസ്റ്റുകളും ഗ്രാഫിക്സും ഇതിനായി ഉപയോഗിച്ചു. ഔദ്യോഗിക അംഗീകാരമുള്ളതു കൂടാതെ അനുഭാവികൾ നയിക്കുന്ന പേജുകളും ഗ്രൂപ്പുകളും സജീവം.

‘ഓർമയുണ്ടോ? സഹായിക്കാനാളില്ലാതെ വിദേശങ്ങളിൽ കഷ്ടപ്പെട്ട കാലം’, ‘ഓർമയുണ്ടോ? ബാങ്ക് അക്കൗണ്ട് ഇല്ലാതെ പാവങ്ങൾക്ക് ആനുകൂല്യങ്ങൾ കിട്ടാതെ ഇടനിലക്കാർ പറ്റിച്ച കാലം’ തുടങ്ങിയ പോസ്റ്റുകൾ പാർട്ടി തയാറാക്കി. ‘മോദി വന്നു, കാലം മാറി’ എന്നാണു പോസ്റ്ററുകളിലെ പൊതുവാചകം. വിഷുവിന്, കസവു മുണ്ടുടുത്ത് കണിയോടൊപ്പം ഇരിക്കുന്ന നരേന്ദ്ര മോദിയെ കാരിക്കേച്ചർ ചെയ്തു തയാറാക്കിയ ഫോട്ടോ പോസ്റ്റർ വൻതോതിൽ ശ്രദ്ധിക്കപ്പെട്ടു.

ആര് പിടിക്കും കോട്ടയം, വോട്ട് ഓൺ വീൽസ് വിഡിയോ കാണാം

മോദിയും മറ്റു ദേശീയ നേതാക്കളും കേരളത്തിൽ വരുമ്പോൾ എഫ്ബി ലൈവ് കൊടുത്തു. മോദിയുടെ പ്രസംഗങ്ങളുടെ ചുരുക്കം ഡിജിറ്റൽ പോസ്റ്ററുകളാക്കി. കോൺഗ്രസിനും സിപിഎമ്മിനുമെതിരെയും എതിർ സ്ഥാനാർഥികൾക്ക് എതിരെയും കനത്ത ആക്രമണമാണു നടത്തിയത്. പ്രകടനപത്രികയിൽ പിടിച്ചു രാഹുൽ ഗാന്ധിയെയും പ്രളയത്തിന്റെയും ഓഖിയുടെയും പേരിൽ മുഖ്യമന്ത്രി പിണറായി വിജയനെയും ആക്രമിച്ചു. 25,000ൽ ഏറെ വാട്സാപ് ഗ്രൂപ്പുകളാണു ബിജെപിക്കായി നിലകൊണ്ടത്.

‘ഫെയ്സ്ബുക്, വാട്സാപ്പ് പ്ലാറ്റ്ഫോമുകളിലാണു കൂടുതൽ ശ്രദ്ധിച്ചത്. മുഴുവൻ സമയവും ഡിജിറ്റൽ പ്രചാരണത്തിന് ആളുണ്ട്. സന്നദ്ധ പ്രവർത്തനമാണ് ഏവരുടെയും. ഓരോ ലോക്സഭാ മണ്ഡലങ്ങളിലും ഐടി സെല്ലുകളുണ്ട്. ഇവരാണ് അതതു സ്ഥാനാർഥിക്കു വേണ്ടിയുള്ള ഉള്ളടക്കവും പ്രചാരണ തന്ത്രങ്ങളും തയാറാക്കിയത്. വിഡിയോ, ഗ്രാഫിക് പോസ്റ്റുകളിൽ ആളുകൾ ഏറെ സമയം ചെലവഴിക്കുന്നുണ്ട് എന്നു മനസ്സിലായതിനാൽ ഇവ രണ്ടിലും കൂടുതൽ ശ്രദ്ധിക്കുന്നു. തിരുവനന്തപുരത്തെ കേന്ദ്ര ഓഫീസിൽ എല്ലാ ഉള്ളടക്കങ്ങളും പരിശോധിച്ചിരുന്നു’– ബിജെപി ഐടി വിഭാഗ് കൺവീനർ കൃഷ്ണകുമാർ പറഞ്ഞു.

കണ്ണൂരിൽ കടുത്ത മത്സരം; വോട്ട് ഓൺ വീൽസ് വിഡിയോ കാണാം

ഇതുവരെ കാണാത്ത സൈബർ കാഹളത്തിനാണ് ഈ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളം സാക്ഷിയായത്. ഇനി അൽപം ഇടവേളയാണു ട്രോളന്മാർക്ക്. സ്ഥാനാർഥിയും നേതാക്കളും വെയിലേറ്റു വാടുമ്പോൾ, എസി മുറിയിലിരുന്ന് തല പുകച്ച് വോട്ടർമാരുടെ മനസ്സിളക്കുകയായിരുന്നു സൈബർ ആർമിയുടെ ജോലി. എയ്യുന്ന അമ്പുകളിൽ എത്രയെണ്ണം ലക്ഷ്യത്തിൽ കൊള്ളുമെന്നു നേരത്തേ അറിയാമെന്നതായിരുന്നു, മണ്ണിൽ പണിയെടുക്കുന്നവരേക്കാൾ കീബോർഡിൽ പണിയുന്നവരുടെ കേമത്തം. തീക്കനലാണു വാരിയിടുന്നത്, ആളിക്കത്താതെ നോക്കണം എന്നു നേതൃത്വം ഓർമിപ്പിച്ചു കൊണ്ടേയിരുന്നു. അക്കങ്ങളുടെ പെരുക്കപ്പട്ടികയിൽ പുലരുന്ന ജനാധിപത്യത്തെ വഴി നടത്തുമോ, മാന്ത്രികസംഖ്യകളുടെ ഉറുമി വീശുന്ന സോഷ്യൽമീഡിയ? അതിനു മേയ് 23 വരെ കാത്തിരിക്കണം.

(‘സമൂഹമാധ്യമങ്ങളും തിരഞ്ഞെടുപ്പും’ എന്ന വിഷയത്തിൽ അഞ്ചു ഭാഗങ്ങളിലായി പ്രസിദ്ധീകരിച്ച പരമ്പര അവസാനിച്ചു)

English Summary: How social media affects Lok Sabha Elections 2019

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA