ADVERTISEMENT

തിരഞ്ഞെടുപ്പു വാക്പോരിൽ എപ്പോഴും പ്രതിപക്ഷത്തിനാണു മേൽക്കൈ. ഭരണനേട്ടം ജനങ്ങളിലെത്തിക്കുന്നതു ഭരണകക്ഷിക്കു ബാലികേറാ മല. പ്രതിപക്ഷത്തിന് എന്തും പറയാം. അടിയും വെടിയും പാട്ടും പാരഡിയുമായി അരങ്ങു പിടിക്കാം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇതേ സ്വാതന്ത്ര്യമുപയോഗിച്ചു നരേന്ദ്ര മോദി കോൺഗ്രസിനെ വശംകെടുത്തുന്നതു നാം കണ്ടതാണ്. ‘ദില്ലി കി മാ–ബേഠാ സർക്കാർ ഗയാ’ (ഡൽഹിയിൽ അമ്മ–മകൻ സർക്കാരിന്റെ കാലം കഴിഞ്ഞു) എന്നായിരുന്നു പ്രചാരണ കാലത്ത് അദ്ദേഹം നടത്തിയ ഫലപ്രഖ്യാപനം. അത് അച്ചട്ടായി.

വാക്കും മറുവാക്കും അടിയും തിരിച്ചടിയും. നിഷ്കളങ്ക തമാശകൾ. കല്ലേപ്പിളർക്കുന്ന പരിഹാസം: തിരഞ്ഞെടുപ്പു പോരാട്ടം ഇത്തവണയും വിരസമാകുന്നില്ല. വാക്കും വഴക്കുമായി വനിതകൾ മുന്നിൽ തന്നെയുണ്ട്. പണ്ടൊരിക്കൽ സ്വയമെഴുതിയ പ്രേതകഥ വായിച്ചു ഭയപ്പെട്ടോടിയ കുട്ടിയെഴുത്തുകാരെപ്പോലെ, താൻ തയാറാക്കിയ പാരഡിയോർത്തു കഴിഞ്ഞ ദിവസം ചിരിച്ചു വശം കെട്ടു, (മുൻ) കോൺഗ്രസ് വക്താവ് പ്രിയങ്ക ചതുർവേദി. 

മുനവച്ച വാക്കുകൾക്കു പേരുകേട്ട മന്ത്രി സ്മൃതി ഇറാനിയെ, അവർ പണ്ടു തകർത്ത് അഭിനയിച്ച സീരിയലിന്റെ പേരിൽ കുത്തി നോവിച്ചപ്പോഴായിരുന്നു ഇത്. ‘ക്യോംകി സാസ് ഭി കഭി ബഹു ഥി’ (എന്തെന്നാൽ, അമ്മായിയമ്മയും ഒരിക്കൽ മരുമകളായിരുന്നു) എന്നു സീരിയൽ. ഡിഗ്രിക്കാരിയാണെന്നു 2014ലെ തിരഞ്ഞെടുപ്പു കാലത്ത് ഇറാനി അവകാശപ്പെടുകയും ഇപ്പോൾ വെറും പ്രീഡിഗ്രിയെന്നു സമ്മതിക്കുകയും ചെയ്ത സാഹചര്യത്തിൽ ‘ക്യോംകി മന്ത്രി ഭി കഭി ഗ്രാജ്വേറ്റ് ഥി’ (മന്ത്രിയും ഒരിക്കൽ ഗ്രാജ്വേറ്റ് ആയിരുന്നു) എന്നായിരുന്നു ചതുർവേദിയുടെ പാരഡി പ്രയോഗം. കോൺഗ്രസ് വിട്ട് എൻഡിഎ സഖ്യകക്ഷിയായ ശിവസേനയിലെത്തിയ സാഹചര്യത്തിൽ പ്രിയങ്ക ചതുർവേദി, പാരഡി ആവർത്തിക്കാനിടയില്ല.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത്തവണ കാവൽക്കാരന്റെ വേഷത്തിലാണ്. ‘ചൗക്കിദാർ ആരെയും വെറുതെ വിടില്ല’ എന്ന അദ്ദേഹത്തിന്റെ മുന്നറിയിപ്പു കനത്തപ്പോൾ ചൗക്കിദാർ ചോർ ഹെ (കാവൽക്കാരൻ കള്ളനാണ്) എന്നാണു കോൺഗ്രസ് തിരിച്ചടിച്ചത്. റഫാൽ ഇടപാടിൽ അഴിമതിയുണ്ടെന്നായിരുന്നു വ്യംഗ്യം. വൈകാതെ, ‘നമുംകിൻ അബ് മുംകിൻ ഹെ’ (അസാധ്യമായിരുന്നത് ഇന്നു സാധ്യം) എന്ന മുദ്രാവാക്യത്തിലേയ്ക്കു ബിജെപി ചുവടുവച്ചപ്പോൾ അതിൽ കൊളുത്തി വലിച്ചു, കോൺഗ്രസ്. മുൻപ് അസാധ്യമായിരുന്നതെല്ലാം മോദിയുടെ കാലത്തു സാധ്യമെന്നു വ്യാജകുറ്റസമ്മതത്തോടെയായിരുന്നു പ്രതികരണം. 

സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിക്കുന്നതു മുൻപ് അസാധ്യമായിരുന്നു. പൊതുജനങ്ങളിൽ നിന്നു 30,000 കോടി രൂപ മോഷ്ടിച്ചു വ്യവസായിക്കു കൊടുക്കുന്നത് അസാധ്യമായിരുന്നു. എന്നാൽ, ‘നികലാ, നമുംകിൻ അബ് മുംകിൻ ഹെ’! അതെല്ലാം സാധ്യമാകുന്ന കാലം വന്നിരിക്കുന്നു! എതിരാളികൾ കോടിക്കണക്കിനു രൂപ മുടക്കി പുറത്തിറക്കുന്ന പരസ്യവാചകം മുതൽമുടക്കില്ലാതെ പരിഷ്കരിച്ചു ബദലുണ്ടാക്കുന്നതു പ്രമുഖ ബ്രാൻഡുകളുടെ തന്ത്രമാണ്. ‘ഇന്ധനം നിറയ്ക്കുക, പിന്നെ മറന്നേക്കുക’ എന്നു പണ്ട് ഒരു ബൈക്ക് കമ്പനി പറഞ്ഞപ്പോൾ ‘അവർ പറയാത്ത കാര്യങ്ങൾ  മറക്കാനാകുമോ’ എന്ന് എതിരാളികൾ ചോദിച്ചതു പോലെ.

കോട്ടയത്തെ പോരാട്ടത്തിൽ ആര് വാഴും, ആര് വീഴും?, വോട്ട് ഓണ്‍ വീൽസ് വിഡിയോ കാണാം

രാഷ്ട്രീയ നിരീക്ഷണങ്ങളിൽ പിന്നിലല്ലെന്നു തെളിയിക്കുന്നു, കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും. ലോകമെങ്ങും കറങ്ങി നേതാക്കളെ ആലിംഗനം ചെയ്യുന്ന മോദി, സ്വന്തം മണ്ഡലത്തിലെ എത്ര ഗ്രാമീണരെ ആലിംഗനം ചെയ്തെന്നായിരുന്നു വാരാണസിയിലെത്തിയ പ്രിയങ്കയുടെ ചോദ്യം. കോൺഗ്രസിന്റെ പാക്കിസ്ഥാൻ ബന്ധത്തെക്കുറിച്ചു തുടർച്ചയായി ആരോപണമുന്നയിച്ച മോദിക്കുള്ള മറുപടിയും കുറിക്കു കൊള്ളുന്നതായി: പാക്കിസ്ഥാനിൽ പോയി ബിരിയാണി കഴിച്ചത് ആരാണെന്നു ജനങ്ങൾക്കറിയാം!

‘അലി നിങ്ങൾക്കൊപ്പം, ബജ്റങ് ബലി ഞങ്ങൾക്കൊപ്പവു’മെന്നു വർഗീയച്ചുവയോടെ പറഞ്ഞ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനു മറുപടി നൽകിയതു ബഹൻ മായാവതി. ബജ്റങ് ബലി ദലിതനാണെന്നു നേരത്തേ ബിജെപി കണ്ടെത്തിയതിന്റെ ചുവടുപിടിച്ചായിരുന്നു അത്. അലിയുടെ വോട്ടു നിങ്ങൾക്കു കിട്ടില്ല. ബജ്റങ് ബലിയുടെ വോട്ടു ഞങ്ങൾക്കും, അവർ ഓർമിപ്പിച്ചു. 

കഴിഞ്ഞ ദിവസം രാവിലെ കോൺഗ്രസ് ആസ്ഥാനത്തു മാധ്യമസമ്മേളനം വിളിച്ച രാഹുൽ ഗാന്ധി അതു പല വട്ടം മാറ്റിവച്ചു. ഒടുവിൽ മാധ്യമസമ്മേളനം നടത്തിയതാകട്ടെ, മുഖ്യ വക്താവ് രൺദീപ് സിങ് സുർജേവാലയും. ‘ഉറങ്ങിയെണീൽക്കാൻ വൈകിക്കാണും. എന്തായാലും  രാവിലെ തന്നെ നുണ കേൾക്കേണ്ടി വന്നില്ലല്ലോ’ എന്നു ബിജെപി ട്വിറ്റർ വഴി ആശ്വാസപ്രകടനം നടത്തി. രാഹുലിന്റെ ട്വിറ്റർ ടീമും വെറുതെയിരുന്നില്ല. ‘പ്രധാനമന്ത്രി മോദി ഒരു വട്ടമെങ്കിലും മാധ്യമങ്ങളെ കാണാനിടയാകട്ടെ’ എന്നായിരുന്നു മറുപടി. തിരഞ്ഞെടുപ്പു മൂന്നാം ഘട്ടത്തിലേയ്ക്കു കടന്നിട്ടേയുള്ളൂ. നാലു ഘട്ടങ്ങളും കൂടുതൽ വെടിക്കെട്ടുകളും വരാനിരിക്കുന്നു. 

മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിക്കെതിരെ സാനു; വോട്ട് ഓൺ വീൽസ് വിഡിയോ കാണാം
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com