ADVERTISEMENT

സോൾ/ മോസ്കോ∙ കൊറിയൻ ഉപഭൂഖണ്ഡത്തെ ആണവായുധ വിമുക്തമാക്കാനുളള യുഎസ് ശ്രമങ്ങൾ പാളുന്നതിനിടെ റഷ്യയും ഉത്തര കൊറിയയും തമ്മിൽ അടുക്കുന്നു. ഉത്തര കൊറിയൻ പരമാധികാരി കിം ജോങ് ഉന്നിനെ റഷ്യൻ മണ്ണിലേക്ക് ക്ഷണിച്ച് പ്രസിഡന്റ് വ്ളാഡിമിർ പുടിൻ നടത്തിയ നീക്കം ഈ മേഖലയിലെ വിദഗ്ധരെ ഞെട്ടിച്ചു. ഈ മാസം അവസാനം ചൈനീസ് സന്ദർശന വേളയിൽ കിമ്മുമായി വ്ളാഡിമിർ പുടിൻ ചൈനീസ് മണ്ണിൽ വച്ചു കൂടിക്കാഴ്ച നടത്തുമെന്ന സൂചനകളായിരുന്നു ഇതുവരെ പുറത്തുവന്നത്.

പുടിനെ കാണാൻ തന്റെ പ്രത്യേക ട്രെയിനിൽ കിം പ്യോങ്ങ്യാങ്ങിൽനിന്നു യാത്ര തിരിച്ചതായാണ് റിപ്പോർട്ടുകൾ. റഷ്യയിലെ വ്ലാഡിവോസ്റ്റോക്കില്‍ വച്ചാകും കൂടിക്കാഴ്ചയെന്നാണ് ഉത്തരകൊറിയന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്. ഈ മാസം അവസാന വാരമാകും കൂടിക്കാഴ്ച. ‌കിമ്മുമായി ഒരു കൂടിക്കാഴ്ച നടത്താനുള്ള ആഗ്രഹം പുടിൻ ദീര്‍ഘനാളുകളായി പ്രകടിപ്പിച്ചുവരികയായിരുന്നു.

യുഎസുമായുള്ള സന്ധി സംഭാഷണങ്ങള്‍ ഫലം കാണാതെ പിരിയുകയും രാജ്യാന്തര തലത്തില്‍ നേരിടുന്ന ഉപരോധവും ഒറ്റപ്പെടലും രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ തകിടം മറിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് റഷ്യയുമായുള്ള സഹകരണം മെച്ചപ്പെടുത്താനുള്ള ഉത്തര കൊറിയയുടെ നീക്കം. ആണവ നിയന്ത്രണം സംബന്ധിച്ചു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള സമാധാന ഉച്ചകോടി പരാജയപ്പെട്ടശേഷം പുതിയതും ശക്തവുമായ ഒരു ആയുധം പരീക്ഷിച്ചതായി കഴിഞ്ഞ ദിവസം ഉത്തര കൊറിയ അവകാശപ്പെട്ടിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് കിമ്മിനെ റഷ്യയിലേക്കു പുടിൻ ക്ഷണിച്ചത്.

Vladimir-Putin-JPG

നിലവില്‍ റഷ്യയും ഉത്തര കൊറിയയുമായി വ്യാപാര ബന്ധങ്ങളുണ്ട്. കൂടാതെ 8000ല്‍ പരം ഉത്തര കൊറിയന്‍ തൊഴിലാളികള്‍ റഷ്യയില്‍ ജോലിചെയ്യുന്നുമുണ്ട്. യുഎന്‍ ഉപരോധങ്ങളുടെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം അവസാനം ഇവർ സ്വദേശത്തേക്കു മടങ്ങേണ്ടി വരും. ഈ സവിശേഷ സാഹചര്യത്തിനിടെയാണു കിം പുടിനെ സന്ദര്‍ശിക്കാനെത്തുന്നത്.

ഉപരോധം മറികടക്കുക ലക്ഷ്യം

റഷ്യയും ഉത്തരകൊറിയയുമായി അവസാനമായി ഒരു ഉച്ചകോടി നടന്നത് 2011ലാണ്. അന്ന് കിമ്മിന്റെ പിതാവ് കിം ജോങ് ഇൽ സൈബീരിയയിലെത്തി റഷ്യൻ പ്രസിഡന്റായിരുന്ന ദിമിത്രി മെദ്‍വദേവുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു.

കിമ്മിനോട് ഒരു തവണ കൂടി ആണവകരാർ സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാൻ ഒരുക്കമാണെന്ന് ട്രംപ് കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. എന്നാൽ സ്വന്തം മനോഭാവവും പിടിവാശികളും മാറ്റി വച്ചശേഷം മാത്രം ട്രംപ് കൂടിക്കാഴ്ചയ്ക്കു വന്നാൽ മതിയെന്നും അതിനായി ഈ വർഷം അവസാനം വരെ സമയം അനുവദിക്കാമെന്നുമായിരുന്നു ഉത്തര കൊറിയൻ മാധ്യമങ്ങളോട് കിം പറഞ്ഞത്. ഒരിക്കലും നടപ്പാക്കാൻ സാധിക്കാത്ത ചില പദ്ധതികളുമായാണു ട്രംപ് ഹാനോയിലെത്തിയതെന്നായിരുന്നു കിമ്മിന്റെ പരിഹാസം. ഉത്തര കൊറിയയ്ക്കുമേൽ യുഎസ് വല്ലാതെ സമ്മർദ്ദം ചെലുത്തുകയായിരുന്നുവെന്നും കിം പരാതി പറഞ്ഞു.

1990 മുതൽ ഉത്തര കൊറിയയ്ക്കുമേൽ ചുമത്തിയ സാമ്പത്തിക ഉപരോധം അവസാനിപ്പിക്കുകയെന്നതാണ് കിമ്മിന്റെ പ്രധാനലക്ഷ്യം. ഒരു സാമ്പത്തിക ശക്തിയായി ഉയരാൻ ഉത്തര കൊറിയയെ പിന്നോട്ടു വലിക്കുന്നതും ഈ ഉപരോധങ്ങളാണ്. റഷ്യയുമായുളള കൂട്ടുകെട്ട് ഈ ലക്ഷ്യത്തിലേക്കുളള ചവിട്ടുപടിയായാണ് കിം കാണുന്നതും. ലോകത്തെ പ്രധാന ശക്തികളിൽ ഒരാൾ പിന്തുണയ്ക്കുന്നുവെന്ന ചിന്ത പോലും ഉത്തര കൊറിയയ്ക്കു വല്ലാതെ ആവേശം നൽകുന്നതാണ്. റഷ്യയുടെ പിന്തുണ ചൈന, യുഎസ് എന്നിവർക്കെതിരെ പുറത്തെടുക്കാവുന്ന ശക്തമായ കാർഡ് ആണെന്നു കിം തിരിച്ചറിഞ്ഞു കഴിഞ്ഞു.

ഫെബ്രുവരിയിലെ ഹനോയി ഉച്ചകോടി പരാജയപ്പെടാനുളള പ്രധാന കാരണമായി ഉത്തര കൊറിയ ചൂണ്ടിക്കാട്ടുന്നത് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോയുടെ നിലപാടുകളാണ്. ‘അസംബന്ധം പുലമ്പുന്നവൻ’ എന്നാണ് മൈക്ക് പോംപെയോയെ കിം വിശേഷിപ്പിച്ചതും. ഈ അവസരത്തിൽ റഷ്യമായുളള ചങ്ങാത്തം നിലപാടുകൾ ശക്തമായി അവതരിപ്പിക്കാനുളള വേദിയായി ഉത്തര കൊറിയ നോക്കിക്കാണുന്നുവെന്നു വേണം കരുതാൻ. യുഎസിന്റെ മനോഭാവത്തിന് ഏതു തരത്തിലുള്ള മാറ്റമാണു വേണ്ടതെന്ന ചോദ്യത്തിനു യുഎസ് ആണവകരാർ സംബന്ധിച്ച അവരുടെ കണക്കുകൂട്ടലുകളെല്ലാം മാറ്റിവയ്ക്കണമെന്നായിരുന്നു സുപ്രീം പീപ്പിൾസ് അസംബ്ലിക്കു മുൻപിൽ കിമ്മിന്റെ മറുപടി.

Donald Trump, Kim Jong Un

ഒരു തവണ കൂടി ആണവകരാർ സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാൻ ഒരുക്കമാണെന്ന് ട്രംപ് പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയായിരുന്നു കിമ്മിന്റെ പരസ്യ പ്രതികരണം. കൃത്യമായ ഒരു കരാറുണ്ടാക്കുന്നതിൽ പരാജയപ്പെട്ടത് ഉത്തര കൊറിയയുമായുള്ള സൗഹൃദം തകർത്തേക്കുമെന്നും ഇരുരാജ്യങ്ങളും അകൽച്ചയിലായിരുന്ന പഴയകാലത്തിലേക്കു മടങ്ങേണ്ട സ്ഥിതിയുണ്ടാക്കുമെന്നും ട്രംപ് ഭയക്കുന്നതായി വിദഗ്ധർ പറയുന്നു.

ഹനോയി ഉച്ചകോടിയുടെ പരാജയം വീണു കിട്ടിയ അവസരം തന്നെയാണു റഷ്യയ്ക്ക്. ചൈനയെയും യുഎസിനെയും പോലെ തന്നെ ഉത്തര കൊറിയയുടെ ആണവ പരീക്ഷണങ്ങളിൽ റഷ്യയും അസ്വസ്ഥയാണെങ്കിലും ഉത്തര കൊറിയയെ ചർച്ചയ്ക്കായി മേശയ്ക്കു മുന്നിലെത്തിച്ചാൽ മികച്ച നേട്ടമാകും. ഈ കൂടിക്കാഴ്ചയിൽ വൻ പ്രഖ്യാപനങ്ങളോ കരാറുകളോ ഉണ്ടാകാനിടയില്ല. പ്രധാന ആണവ പരീക്ഷണം ഒഴിവാക്കാൻ തയാറായിട്ടും സാമ്പത്തിക ഉപരോധം നീക്കാൻ തയാറാകാത്ത യുഎസിനോടുളള രോഷമാണു റഷ്യയുമായി കൈകോർക്കാൻ കിമ്മിനെ പ്രേരിപ്പിക്കുന്നത്. ചൈനയുടെയും യുഎസിന്റെയും കുതിപ്പിനിടെ ശക്തി പ്രകടമാക്കാൻ റഷ്യയ്ക്കു ലഭിക്കുന്ന സുവർണാവസരവുമാണ് ഈ കൂടിക്കാഴ്ച.

English Summary: North Korea's Kim Jong Un Will Meet Vladimir Putin in Russia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com