ADVERTISEMENT

കൊളംബോ ∙ ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയെ ഞെട്ടിച്ച സ്ഫോടനപരമ്പരകൾ കണ്ണീരിലാഴ്ത്തിയത് ലോകത്തിന്റെ പല കോണിലുള്ള കുടുംബങ്ങളെയാണ്. അവധി ആഘോഷിക്കാനെത്തിയ നിരവധി ചിരിമുഖങ്ങളാണ് അപ്രതീക്ഷിത സ്ഫോടനത്തിൽ ചാരമായിത്തീർന്നത്. വിവിധ പള്ളികളിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലുമായി നടന്ന സ്ഫോടനത്തിൽ 359 പേർ കൊല്ലപ്പെടുകയും 500ഓളം ആളുകൾക്ക് പരുക്കേൽക്കുകയും ചെയ്തു.

സ്ഫോടനത്തിൽ കൊല്ലപ്പെട്ട 80 ശതമാനത്തോളം ആളുകളും ശ്രീലങ്കൻ സ്വദേശികളാണ്. ബാക്കിയുള്ള 20 ശതമാനത്തോളം ആളുകൾ ബ്രിട്ടൻ, ഇന്ത്യ, ഡച്ച്, തുർക്കി, ഓസ്ട്രേലിയ, തുർക്കി എന്നീ രാജ്യക്കാരാണ്. ഏകദേശം 38 വിദേശികൾ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്.

ഷെഫ് ശാന്ത മയാദുനെയും മകൾ നിസംഗയും

മരണപ്പെട്ടവരിൽ ആദ്യം തിരിച്ചറിഞ്ഞവരിൽ ശ്രീലങ്കയിലെ പ്രശസ്ത ഷെഫ് ശാന്ത മയാദുനെയും മകൾ നിസംഗയും ഉൾപ്പെടുന്നു. സ്ഫോടനം നടക്കുന്നതിന് മിനിറ്റുകൾക്കു മുൻപാണ് പഞ്ചനക്ഷത്ര ഹോട്ടലായ ഷാങ്ഗ്രിലയിൽ കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കുന്ന ചിത്രം നിസംഗ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്. സ്ഫോടനത്തിന് ശേഷം ഇരുവരും മരിച്ചതായി സ്ഥിരീകരിച്ചുകൊണ്ട് ഇവരുടെ ബന്ധ‌ു ഈ ചിത്രം വീണ്ടും പോസ്റ്റ് ചെയ്യുകയും ചെയ്തു.

ഒരു കുടുംബത്തിലെ അഞ്ചു പേർ

കൊളംബോയുടെ വടക്കൻ പ്രദേശമായ നഗോംബോയിലെ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ നടന്ന സ്ഫോടനത്തിലാണ് രംഗാന ഫെർണാഡോയും ഭാര്യ ദനാദ്രിയും മൂന്നു കുട്ടികളും കൊല്ലപ്പെട്ടത്. ‘ദനാദ്രിയ്ക്കും കുടുംബത്തിനും വിട, എന്നും നിങ്ങൾ ഞങ്ങളുടെ പ്രാർഥനയിൽ ഉണ്ടാകും’– എന്നു തുടങ്ങി ഇവരുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയ നിരവധി പോസ്റ്റുകളാണ് സമൂഹമാധ്യമത്തിൽ പ്രത്യക്ഷപ്പെട്ടത്. യുനിസെഫിന്റെ കണക്കുകൾ പ്രകാരം 45 കുട്ടികളാണ് സ്ഫോടനങ്ങളിൽ മരിച്ചത്.

രമേശ്– നിരവധി പേരെ രക്ഷിച്ചു, ജീവൻ വെടിഞ്ഞു

ബാറ്റിക്കലോയിലെ ഈസ്റ്റർ ആരാധനയ്ക്ക് എത്തിയതായിരുന്നു രമേശ്. വലിയ ബാഗുമായി എത്തിയ അപരിചിതനോടു ബാഗുമായി പള്ളിയിലേക്ക് പ്രവേശിക്കാൻ സാധിക്കില്ലായെന്ന് രമേശ് പറഞ്ഞു. ഈസ്റ്റർ ശുശ്രൂഷ ഷൂട്ട് ചെയ്യണമെന്ന് അയാൾ പറഞ്ഞെങ്കിലും രമേശ് അയാളെ ബലം പ്രയോഗിച്ച് തടഞ്ഞു നിർത്തി. പെട്ടെന്നു തന്നെ വലിയൊരു ശബ്ദത്തിൽ പൊട്ടിത്തെറിയുണ്ടായി. രമേശിന്റെ ഭാര്യയും മക്കളും പള്ളിക്കുള്ളിൽ ആരാധനയിൽ സംബന്ധിക്കുന്നുണ്ടായിരുന്നു.

ഒരു ശ്രീലങ്കൻ മാതാവ്

ന്യൂയോർക് ടൈംസ് റിപ്പോർട്ട് പ്രകാരം കൊളംബോയിലെ സെന്റ് ആന്റണീസ് പള്ളിയിലെ സ്ഫോടനത്തിലാണ് മേരി ഓട്രിക്കാ ജോൺസൺ കൊല്ലപ്പെടുന്നത്. അവരുടെ മൂത്തമകൾ കുഞ്ഞിനെ പള്ളിക്കു മുൻപിലുള്ള മീൻകുളം കാണിക്കാൻ കൊണ്ടുപോയ സമയത്താണ് സ്ഫോടനം നടക്കുന്നത്. അതിനാൽ അവർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.

രണ്ടു കൂടപിറപ്പുകൾ

പന്ത്രണ്ടു വയസുകാരൻ ഷാരോൺ ശാന്തകുമാറിന്റെയും അനിയത്തി സാറാ ശാന്തകുമാറിന്റെയും ചിരിമായുന്നത് ബാറ്റിക്കലോയിലെ സിയോൺ പള്ളിയിൽ നടന്ന സ്ഫോടനത്തിലാണ്. ഷാരോണിനെയും പതിനൊന്നുകാരി സാറയേയും സംസ്കരിച്ചതും അടുത്തടുത്ത് തന്നെ.

വിവാഹം കഴിഞ്ഞു പതിനൊന്നാം മാസം

വിവാഹം കഴിഞ്ഞ് പതിനൊന്നു മാസങ്ങൾ ശേഷം നടന്ന അപകടത്തിൽ ഭാര്യയെയും കൈക്കുഞ്ഞിനെയും തനിച്ചാക്കി സുബ്രമണി ക്രിസ്റ്റഫർ യാത്രയായി. ഇരുപത്തെട്ടുകാരനായ ക്രിസ്റ്റഫർ കൊളംബോയിലെ സെന്റ് ആന്റണീസ് പള്ളിയിലുണ്ടായ സ്ഫോടനത്തിലാണ് കൊല്ലപ്പെട്ടത്.

അകുറേസ്യ സ്വദേശിയായ സുബ്രമണി ജോലി സംബന്ധമായ ആവശ്യങ്ങൾക്കായി ഭാര്യയ്ക്കും കു‍ഞ്ഞിനുമൊപ്പം കൊളംബോയിൽ ഒരു വാടകവീട്ടിൽ താമസിച്ച് വരികയായിരുന്നു. അദ്ദേഹത്തിന്റെ മരണം അയൽവാസികൾ ഇതുവരെ ഭാര്യയെ അറിയിച്ചിട്ടില്ല.

മാമോദീസയും പിറന്നാളും

ബെനിങ്ടൺ ജോസഫും ഭാര്യ സുബ്രമണ്യം അറുമുഖം ചന്ദ്രികയും അവരുടെ മൂന്ന് ആൺമക്കളും കൊല്ലപ്പെടുന്നത് സെന്റ് ആന്റണീസ് പള്ളിയിലെ സ്ഫോടനത്തിലാണ്. ഇവരുടെ ഇളയ മകൻ അവോന്റെ ആദ്യ ജന്മദിനം മെയ് 5ന് ആഘോഷിക്കാനിരിക്കെയാണ് കുടുംബം തന്നെ ഇല്ലാതാകുന്നത്. " ഞങ്ങൾ അവോന്റെ ആദ്യ പിറന്നാളും മാമോദീസയും ഒരു ദിവസം ആഘോഷിക്കാനിരിക്കുകയായിരുന്നു", ബെനിങ്ടണിന്റെ അച്ഛൻ പറഞ്ഞു.

ഡാനിഷ് കോടിപതിയുടെ മക്കൾ

ഡെൻമാർക്കിലെ ശതകോടീശ്വരൻ ആൻഡേഴ്സ് ഹോൽച് പോവ്ൽസന്റെ മൂന്നു മക്കൾ സ്ഫോടനത്തിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. പോവ്ൽസന്റെ മക്കളിൽ ഒരാൾ കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രം ശ്രീലങ്കയിൽ നിന്നാണ് പോസ്റ്റു ചെയ്തരിക്കുന്നത്. എന്നാൽ ഇവരുടെ മരണത്തെ കുറിച്ച് പ്രതികരിക്കാൻ പോവ്ൽസന്റെ അടുത്തവൃത്തങ്ങൾ തയാറായിട്ടില്ല. ലോകത്താകമാനം പടർന്നു കിടക്കുന്ന ഓൺലൈൻ വസ്ത്രവ്യാപാര ശൃംഖലയായ അസോസിന്റെ മേധാവിയാണ് പോവ്ൽസൻ

എട്ട് ബ്രിട്ടിഷ് പൗരന്മാർ

മൂന്നു കുടുംബത്തിൽ നിന്നുള്ള എട്ട് ബ്രിട്ടൻ പൗരന്മാരുടെ മരണം ബ്രിട്ടിഷ് ഹൈക്കമ്മിഷണർ സ്ഥിരീകരിച്ചിട്ടുണ്ട്. അനിറ്റ നികോൾസണും അവരുടെ 14 വയസ്സുള്ള മകൻ അലക്സും പതിനൊന്നുകാരി അന്നാബെല്ലും ഷാങ്ഗ്രില ഹോട്ടലിലെ സ്ഫോടനത്തിലാണ് കൊല്ലപ്പെട്ടത്. സഹോദരങ്ങളായ ‍ഡാനിയലും അമേലി ലിൻസെയും ബിൽ ഹാരോപും ഭാര്യ ഡോ. സാലി ബ്രാഡ്ലിയും അവധി ആഘോഷിക്കാനെത്തയവരായിരുന്നു.

australian-mother-daughter-srilanka

ഓസ്ട്രേലിയൻ അമ്മയും മകളും

‘ഞാൻ വലിയൊരു ശബ്ദം കേട്ടു...നോക്കിയപ്പോൾ എന്റെ മകൾ തറയിൽ കിടക്കുന്നു, ഞാൻ അവളെ കൈകളിൽ എടുക്കാൻ നോക്കി,എന്നാൽ അവൾ അപ്പോഴേയ്ക്കും മരിച്ചിരുന്നു..അടുത്ത് എന്റെ ഭാര്യയും കിടപ്പുണ്ടായിരുന്നു" , നഗോംബോയിലെ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിലെ സ്ഫോടനത്തിൽ ഭാര്യയും മകളും കൊല്ലപ്പെട്ടത് വിശദീകരിക്കുകയാണ് ഓസ്ട്രേലിയക്കാരനായ സുധേഷ് കൊളോനെ. 2014–ലാണ് കൊളോനെയും കുടുംബവും ബിസിനസ് തുടങ്ങുന്നതിനായി മെൽബണിൽ നിന്ന് ശ്രീലങ്കയിലെത്തുന്നത്.

മോണിക്ക അലൻ, ഡച്ച് സ്വദേശി

മോണിക്ക അലനും ഭർത്താവ് ലെവിസും ‌മൂന്നു മക്കളും ശ്രീലങ്കയിൽ അവധി ആഘോഷിക്കാൻ എത്തിയതാണ്. ഇവർ താമസിച്ച സിനമൺ ഗ്രാൻഡ് ഹോട്ടലിന്റെ ആദ്യ നിലയിൽ മോണിക്കയും മകനും ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെയാണ് സ്ഫോടനമുണ്ടാകുന്നത്. ഭർത്താവും രണ്ടു കുട്ടികളും മുകളിലത്തെ നിലയിലെ മുറിയിലായിരുന്നു. സ്ഫോടനത്തിൽ പരുക്കുകളോടെ മകൻ രക്ഷപ്പെട്ടു.

English Summary : Sri Lanka attacks: Who are the victims?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com