ADVERTISEMENT

കൊളംബോ∙ ‘പാവപ്പെട്ടവരെയും ദുരിതം അനുഭവിക്കുന്നവരെയും സഹായിക്കുന്നതിൽ അദ്ദേഹം മുൻപന്തിയിലായിരുന്നു. അദ്ദേഹത്തിന്റെ മക്കൾ ഇങ്ങനെ ചെയ്തെന്നു വിശ്വസിക്കാനാവുന്നില്ല’– ശ്രീലങ്കയിലെ സ്ഫോടനപരമ്പരയിൽ ചാവേറുകളായവരിൽ രാജ്യത്തെ പ്രമുഖ സമ്പന്ന കുടുംബത്തിലെ സഹോദരന്മാരും ഉൾപ്പെട്ടതിന്റെ ഞെട്ടൽ ഇവരുടെ അയൽവാസിയായ വീട്ടമ്മ ഫാത്തിമ ഫസ്‌ലയുടെ വാക്കുകളിലുണ്ട്. ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലുണ്ടായ സ്ഫോടനപരമ്പരയിൽ ചാവേറുകളായ ഒമ്പതുപേരിൽ എട്ടുപേരെ കഴിഞ്ഞ ദിവസം തിരിച്ചറിഞ്ഞിരുന്നു. ഇവരിൽ പലരും സമ്പന്ന കുടുംബത്തിൽപ്പെട്ടവരും ബിസിനസ് പശ്ചാത്തലം ഉള്ളവരുമാണെന്ന് അന്വേഷണസംഘം വെളിപ്പെടുത്തിയിരുന്നു.

കൊളംബോയിലെ ഷാങ്ഗ്രില പഞ്ചനക്ഷത്രഹോട്ടലിലും വടക്കൻമേഖലയിലെ ഒരു വീട്ടിലും ഉണ്ടായ സ്ഫോടനങ്ങളിൽ ചാവേറുകളായത് കൊളംബോയിലെ സുഗന്ധവ്യഞ്ജന വ്യാപാരിയും രാഷ്ട്രീയക്കാരുമായി അടുത്ത ബന്ധമുള്ളയാളുമായ മുഹമ്മദ് ഇബ്രാഹിമിന്റെ മക്കളായ ഇൻഷാഫ് ഇബ്രാഹിം, ഇൽഹാം ഇബ്രാബിം എന്നിവരാണ്. ഇവരുടെ പേരുവിവരങ്ങൾ ശ്രീലങ്കൻ സർക്കാർ വെളിപ്പെടുത്തിയിരുന്നില്ലെങ്കിലും പ്രാദേശിക മാധ്യമങ്ങൾ ഉൾപ്പെടെ ഇവ പുറത്തുവിട്ടു.

sri-lanka
ശ്രീലങ്കയിലെ നെഗുംബോ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ ചാവേർ സ്ഫോടനത്തിൽ കൊല്ലപ്പെട്ട ഭർത്താവിന്റെയും രണ്ടു മക്കളുടെയും ശവസംസ്കാരച്ചടങ്ങുകൾക്കിടെ കല്ലറയിലേക്കു ചൂണ്ടി അലമുറയിടുന്ന യുവതി. സ്ഫോടനത്തിൽ ഇവർക്കും ഗുരുതരമായി പരുക്കേറ്റു.

മഹാവേല ഗാർഡൻസിലെ മൂന്നുനിലകളുള്ള ഇവരുടെ ആഡംബര വീടിനു സമീപം താമസിക്കുന്നവർക്കും ഇവരുമായി അടുത്ത ബന്ധം സൂക്ഷിക്കുന്നവർക്കും ഈ സഹോദരങ്ങൾ ഇത്തരത്തിലൊരു പ്രവ‌‌‌ൃത്തിയിൽ ഏർപ്പെട്ടെന്ന വിവരം ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. മുപ്പത്തിമൂന്നുകാരനായ ഇൻഷാഫിനു സ്വന്തമായി ചെമ്പ് ഫാക്ടറിയുണ്ട്. നഗരത്തിലെ പ്രമുഖ സ്വർണവ്യാപാരിയുടെ മകളാണ് ഇൻഷാഫിന്റെ ഭാര്യ.

കമ്പനിയിൽ ജോലി ചെയ്യുന്ന എല്ലാ ആളുകളുടെയും ഏതൊരു ആവശ്യത്തിലും സഹായിക്കുന്നതിൽ ഇൻഷാഫ് യാതൊരു മടിയും കാണിച്ചിരുന്നില്ല. സാമ്പത്തികമായി ബുന്ധിമുട്ടുകളുമില്ലാത്ത, ശാന്തസ്വഭാവക്കാരനായ ഒരാൾ എങ്ങനെ ഇതിലേക്ക് എത്തിപ്പെട്ടതെന്ന ചോദ്യമാണ് ഇൻഷാഫിനെ അടുത്തറിയുന്നവരെ അലട്ടുന്നത്. ഷാങ്ഗ്രില ഹോട്ടലിൽ പ്രഭാതഭക്ഷണ ബുഫേയ്ക്കു ഹോട്ടലിലെ മറ്റ് അതിഥികൾക്കൊപ്പം നിരയിൽ കാത്തുനിൽക്കുമ്പോഴാണ് ഇൻഷാഫ് ചാവേറായത്.

Suicide-bomber-srilankan-minister
ഇൻഷാഫ് ഇബ്രാഹിം (വലത്ത്) ശ്രീലങ്കൻ മന്ത്രി സുജീവ സേനാസിംഗയോടൊപ്പം. നടുവിൽ മുഹമ്മദ് ഇബ്രാഹിം (2016–ൽ എടുത്ത ചിത്രം). ചിത്രം: ഫെയ്സ്ബുക്ക്

ഇൻഷാഫിന്റെ ഇളയസഹോദരനായ ഇൽഹാം വിദേശത്തു നിന്നു വിദ്യാഭ്യാസം നേടിയ ആളാണ്. സ്ഫോടനങ്ങൾക്കു പിന്നാലെ ഇവരുടെ വീട്ടിൽ പൊലീസ് പരിശോധനയ്ക്ക് എത്തിയപ്പോഴാണ് ഇൽഹാം പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിൽ ഇൽഹാമിന്റെ ഭാര്യയും മൂന്നു കുട്ടികളും മരിച്ചു. 4 പൊലീസുകാരും ഒപ്പം കൊല്ലപ്പെട്ടു. ആക്രമണത്തിൽ സംശയിക്കപ്പെടുന്ന സംഘടനയായ നാഷനൽ തൗഹീദ് ജമാഅത്തിനോട് ഇൽഹാം ആഭിമുഖ്യം കാണിച്ചിരുന്നതായി ഇൽഹാമിനോട് അടുത്തവൃത്തങ്ങൾ പറയുന്നു. എങ്കിലും ഇത്തരത്തിലൊരു ക്രൂരകൃത്യം ചെയ്യാൻ മാത്രം അതു വളർന്നിരുന്നെന്ന് അവരിൽ പലർക്കും അറിയില്ലായിരുന്നു.

ഇരുവരുടെയും പിതാവ് മുഹമ്മദ് ഇബ്രാഹിം ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. ഇവരുടെ ആഡംബര വീട് പൊലീസ് വളഞ്ഞിരിക്കുന്നു. ഒരു പതിറ്റാണ്ടിലധികമായ ശാന്തതയ്ക്കുശേഷം ബുദ്ധമത ഭൂരിപക്ഷമായ ശ്രീലങ്കയെ ഈ ‘രക്ത സഹോദരമന്മാർ’ ഒരു ചോരക്കളമാക്കിയപ്പോഴും, ‌ഇവരെ ആശ്രയിച്ചു കഴിഞ്ഞവര്‍ അത് സത്യമാണെന്ന് വിശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്.

‌English Summary: Blood brothers: The wealthy family behind Sri Lanka's suicide attacks 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com