ADVERTISEMENT

ചെന്നൈ∙നാമക്കൽ ജില്ലയിലെ രാശിപുരത്ത്  30 വർഷമായി കുട്ടികളെ വിൽക്കുകയും വാങ്ങുകയും ചെയ്യുന്ന റാക്കറ്റ് പ്രവർത്തിക്കുന്നതായി വെളിപ്പെടുത്തൽ.

പ്രദേശത്തെ സർക്കാർ ആശുപത്രിയിൽ  നഴ്സായി ജോലി ചെയ്തിരുന്ന സ്ത്രീയുടെ ഫോൺ സംഭാഷണത്തിലൂടെയാണു നാടിനെ നടുക്കുന്ന വിവരങ്ങൾ പുറത്തായത്. സ്ത്രീയും കുട്ടികളെ വാങ്ങാൻ ആഗ്രഹിക്കുന്ന ആളും തമ്മിലുള്ള സംഭാഷണമാണു സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.മുൻ നഴ്സ് അമുദയെയും ഭർത്താവ് രവിചന്ദ്രനെയും  പൊലീസ് അറസ്റ്റ് ചെയ്തു. 

30 വർഷമായി കുട്ടികളെ വിൽക്കുകയും  വാങ്ങുകയും ചെയ്യുന്നുണ്ടെന്നാണു ഇവർ  ശബ്ദരേഖയിൽ പറയുന്നത്.മൂന്നു കുട്ടികളെ വിറ്റതായി ഇവർ പൊലീസിനോടു സമ്മതിച്ചു. സംസ്ഥാനത്താകെ കണ്ണികളുള്ള വൻ റാക്കറ്റാണ് ഇതിനു പിന്നിലെന്നു പൊലീസ് സംശയിക്കുന്നു.സംസ്ഥാന ആരോഗ്യ സെക്രട്ടറിയുടെ നിർദേശത്തെത്തുടർന്നു  ജില്ലാ കലക്ടർ പ്രത്യേക അന്വേഷണം പ്രഖ്യാപിച്ചു.  

നഴ്സായി ജോലി ചെയ്തിരുന്ന താൻ ബിസിനസ് നടത്താനായി സ്വയം വിരമിക്കുകയായിരുന്നുവെന്നു അമുദ ശബ്ദ രേഖയിൽ പറയുന്നുണ്ട്. കുട്ടികളുടെ ലിംഗം, നിറം, തൂക്കം എന്നിവയെല്ലാം നോക്കിയാണു വില നിർണയിക്കുന്നത്. കോർപറേഷനിൽ നിന്നു  ജനന സർട്ടിഫിക്കറ്റ് ശരിയാക്കി നൽകുന്നതിനു 75000 രൂപ വേറെ നൽകണമെന്നും പറയുന്നുണ്ട്. 

ഒന്നിലേറെ കുട്ടികളുള്ള പാവപ്പെട്ട കുടുംബങ്ങൾ,  ഭർത്താവ്  ഉപേക്ഷിച്ചു പോയ സ്ത്രീകൾ,ഗർഭിണികളായ അവിവാഹിതർ എന്നിവരെയാണു  അമുദയും സംഘവും നോട്ടമിടുന്നതെന്നു പൊലീസ് പറഞ്ഞു. 

സർക്കാരിന്റെ ദത്തെടുക്കൽ നിയമങ്ങൾ കർശനമായതിനാൽ കുട്ടികളെ ആവശ്യമുള്ള ദമ്പതികളെ കണ്ടെത്തി സമീപിക്കും.അമുദയ്ക്കു ഒറ്റയ്ക്ക് ഇതു ചെയ്യാനാവില്ലെന്നും സംസ്ഥാനത്തു പല ഭാഗത്തും ഇവർക്കു  ഏജന്റുമാരുണ്ടാകാമെന്നും പൊലീസ് സംശയിക്കുന്നു. അയൽ സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ ഇവർ കുട്ടികളെ തട്ടിക്കൊണ്ടുവരാറുണ്ടെന്ന പരാതിയും പൊലീസിനു ലഭിച്ചിട്ടുണ്ട്. 

ദത്തെടുക്കൽ സങ്കീർണം

∙ നിയമപരമായി ദത്തെടുക്കൽ അതി സങ്കീർണമായ നടപടിയാണെന്നു പറഞ്ഞാണു അമുദ കുഞ്ഞിനെ വാങ്ങാൻ ഫോൺ വിളിച്ചയാളെ പ്രലോഭിക്കുന്നത്. അപേക്ഷ നൽകി ആറു മാസമെങ്കിലും കാത്തിരിക്കണം. 

‘അമുൽ ബേബിക്ക് ’ വില കൂടും

(അമുദയും കുട്ടിയെ വാങ്ങാൻ ആഗ്രഹിക്കുന്ന ആളും തമ്മിലുള്ള ഫോൺ സംഭാഷണത്തിൽ നിന്ന്. ധർമപുരി സ്വദേശിയായ  ഇയാൾ വിവാഹം കഴിഞ്ഞ് ഏഴു വർഷമായിട്ടും കുഞ്ഞുങ്ങളില്ലെന്നു പറഞ്ഞാണു സംഭാഷണം തുടങ്ങുന്നത്

അമുദ : നിങ്ങൾക്ക് ഏതു കുഞ്ഞിനെയാണു വേണ്ടത്.ആൺ കുഞ്ഞോ, പെൺകുഞ്ഞോ?

വാങ്ങാൻ എത്തുന്ന ആൾ: എന്താണു വില?

അമുദ : പെൺകുട്ടിയാണെങ്കിൽ 2.5, മൂന്നു കിലോയാണെങ്കിൽ 3. കറുത്ത ആൺകുട്ടികളാണെങ്കിൽ 3.50-3.75, നല്ല കളറൊക്കെയുള്ള കുട്ടികളാണെങ്കിൽ 4.5.വരെയാകും

വാങ്ങാൻ എത്തുന്ന ആൾ: മുഴുവൻ തുകയും ഇപ്പോൾ തന്നെ നൽകണോ?

അമുദ :അതു വേണ്ട . നിങ്ങൾ കുഞ്ഞിനെ കാണൂ. അഡ്വാൻസ് തന്നാൽ മതി. പിന്നീട് കുട്ടിയെ കൈമാറുമ്പോൾ മുഴുവൻ പണം നൽകിയാൽ മതി

വാങ്ങാൻ എത്തുന്ന ആൾ : കുട്ടിയുടെ മാതാപിതാക്കളുടെ അനുമതി കിട്ടുമോ? മറ്റു പ്രശ്നങ്ങളുണ്ടാകുമോ?

അമുധ : 30 വർഷമായി ഞാൻ ഈ ബിസിനസ് ചെയ്യുന്നു.ഇതുവരെ ഒരു പ്രശ്നവുമുണ്ടായിട്ടില്ല. മുനിസിപ്പാലിറ്റിയിൽ നിന്ന് ഒറിജിനൽ ജനന സർട്ടിഫിക്കറ്റ് ഉൾപ്പെടെ ലഭിക്കും.അതിനു 70000 രൂപ വേറെ നൽകണം. 

വാങ്ങാൻ എത്തുന്ന ആൾ : സർട്ടിഫിക്കറ്റ് ഒറിജിനൽ ആയിരിക്കുമല്ലോ?

അമുദ : മുനിസിപ്പാലിറ്റിയിൽ നിന്നുള്ള ഒറിജിനൽ സർട്ടിഫിക്കറ്റ്.  നിങ്ങൾക്കു കുട്ടിയെ വിദേശത്തേക്കു വരെ കൊണ്ടുപോകാം. 

മാതാപിതാക്കളുടെ പ്രായം, സാമ്പത്തിക പശ്ചാത്തലം ഉൾപ്പെടെയുള്ള മാനദണ്ഡങ്ങളെല്ലാം കർശനമായി പരിശോധിച്ച ശേഷമാണു അനുമതി നൽകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com