ADVERTISEMENT

കോഴിക്കോട്∙ കല്ലട ബസ് ജീവനക്കാരുടെ മോശം പെരുമാറ്റത്തിനു കൂടുതല്‍ തെളിവുകള്‍ പുറത്ത്. ബസിനെ മറികടന്നതിന് ബൈക്ക് യാത്രികനെ തടഞ്ഞുനിര്‍ത്തി മര്‍ദിച്ചെന്ന ആരോപണവുമായി കോഴിക്കോട് സ്വദേശിയായ യുവാവാണു രംഗത്തെത്തിയത്. പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ലെന്നും യുവാവ് മനോരമ ന്യൂസിനോടു പറഞ്ഞു.

സമ്മര്‍ദം ചെലുത്തി പൊലീസ് പരാതി പിന്‍വലിപ്പിക്കുകയായിരുന്നെന്നാണു യുവാവിന്റെ വാദം. കഴിഞ്ഞ നവംബര്‍ 21നുണ്ടായ മര്‍ദനത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. സംഭവത്തിൽ യുവാവ് പറയുന്നതിങ്ങനെ– കഴിഞ്ഞ നവംബർ 21ന് വീട്ടിൽനിന്നു ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്കു പോകുകയായിരുന്നു ഞാൻ‌. ബസ് സ്പീ‍ഡില്‍ മീൻചന്ത ഹൈവേ പാസ് ചെയ്തു, ഈ സമയം ബസ് ഒരു കാറിന്റെ മിറർ ഇടിച്ചു തകർത്തു. മാങ്കാവിലെ അവരുടെ ഓഫിസിന് മുന്നിൽ നിന്ന് സ്റ്റാഫിനെയും ബസിൽ കയറ്റി. ബസിൽ‌ യാത്രക്കാർ ഉണ്ടായില്ല.

വിഡിയോ കാണാം

എന്നെ ശല്യം ചെയ്തപ്പോൾ വാഹനം ഞാൻ മുന്നിൽ തന്നെയിട്ടു. മാക്സിമം ഓവർടേക് ചെയ്ത് കേറാൻ അവർ ശ്രമിച്ചു. ഞാൻ ഓഫിസിന്റെ മുന്നിലെത്തി വണ്ടി സൈഡ് ആക്കിയപ്പോൾ‌ ഡ്രൈവർ മോശമായി പെരുമാറി. ബസിലെ കിളി എന്റെ മുഖത്തടിച്ചു. ആൾക്കാർ കൂടുന്നതുകണ്ടപ്പോൾ കിളി പോയി ബസിൽ കയറി. മറ്റൊരാളും കൂടെ ഈ സമയം ബസിൽ ഉണ്ടായിരുന്നു. മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിൽ ഇതിനെക്കുറിച്ചു‌ പരാതി കൊടുത്തിരുന്നു. വിളിക്കാം എന്നായിരുന്നു മറുപടി.

എന്നാൽ കൃത്യമായ നടപടിയുണ്ടായില്ല. അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങളെല്ലാം എന്റെ കയ്യിലുണ്ടായിരുന്നു. സംസാരിച്ച സമയത്ത് ബസിൽ യാത്രക്കാർ ഉണ്ടായിരുന്നെന്നാണ് കല്ലട ജീവനക്കാർ പറഞ്ഞത്. കേസുമായി മുന്നോട്ടുപോയാൽ പുറത്തുപോകുന്നതിന് പാസ്പോർട്ടിൽ പ്രശ്നങ്ങളുണ്ടാകും. വിദേശത്തേക്കു പോകുന്നതിന് പ്രശ്നങ്ങളുണ്ടാകുമെന്നു പൊലീസും പറഞ്ഞു. ഞാന്‍ കൊടുത്തതിനേക്കാൾ ശക്തമായ കേസ് കല്ലടക്കാർ കൊടുക്കുമെന്നായിരുന്നു പൊലീസ് പറഞ്ഞതായും യുവാവ് അവകാശപ്പെട്ടു.

ബസിന്റെ ഡ്രൈവിങ് സീറ്റിൽ നിന്നും ഒരാളും മറ്റൊരാളും പുറത്തിറങ്ങി യുവാവിന്റെ നേരെ പോകുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇതിൽ ഒരാൾ യുവാവിനെ മർദിക്കുന്നതായും ദൃശ്യങ്ങളിലുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com