ADVERTISEMENT

വാരാണസി∙ കേരളത്തിൽ വോട്ട് ചെയ്യാൻ പോകുന്ന ബിജെപി പ്രവർത്തകർ ജീവനോടെ മടങ്ങുമെന്നുറപ്പില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജീവന്‍ പണയം വച്ചാണ് കേരളത്തിൽ ബിജെപി അംഗങ്ങൾ പ്രവർത്തിക്കുന്നത്. കേരളത്തിൽ നേരിടുന്ന വെല്ലുവിളി വാരാണസിയിലെ പ്രവർത്തകർക്കില്ലെന്നും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനു മുൻപ് ബിജെപി പരിപാടിയിൽ പ്രധാനമന്ത്രി പറഞ്ഞു.

കടുത്ത ചൂടിലും ജനങ്ങളുടെ അനുഗ്രഹം തേടി കാശിയിലെ ബിജെപി പ്രവർത്തകർ വീടുകൾ കയറിയിറങ്ങുകയാണ്. വാരാണസി ഇന്നലെ എന്നെ അനുഗ്രഹിച്ചു കഴിഞ്ഞു. ഞാന്‍‌ പാര്‍ട്ടിയുടെ താഴെക്കിടയിലുള്ള ഒരു പ്രവർത്തകനായിരുന്നു. ചുവരിൽ പോസ്റ്ററുകൾ ഒട്ടിച്ചു നടന്നിട്ടുണ്ട്. കാശ്മീർ മുതൽ കന്യാകുമാരി വരെ, കാശിഘട്ട് മുതൽ പോർബന്ദർ വരെ, രാജ്യത്തെ ജനങ്ങൾ പറയുകയാണ്, ഒരിക്കൽ കൂടി മോദി സർക്കാർ– പ്രധാനമന്ത്രി അവകാശപ്പെട്ടു.

എല്ലാ പോളിങ് ബൂത്തുകളിലും ബിജെപി വിജയിക്കണം. ഒരു പോളിങ് ബൂത്തിൽ പരാജയപ്പെട്ടാൽ പോലും എനിക്ക് വിജയം ആസ്വദിക്കാനാകില്ല. ഞാൻ ജയിക്കുന്നുണ്ടോയെന്ന കാര്യം പ്രധാനമല്ല, ജനാധിപത്യമാണു ജയിക്കേണ്ടത്. മേയിലെ ഈ കടുത്ത ചൂടിലും വോട്ടിങ് റെക്കോർഡുകളെല്ലാം മറികടന്ന് നമ്മൾ‌ ഈ ലോകത്തിനു കാണിച്ചുകൊടുക്കണം. ഒരിക്കൽ‌ നിങ്ങള്‍ ജനങ്ങളുടെ ഹൃദയത്തിൽ ജയിച്ചുകഴിഞ്ഞാല്‍, പാർട്ടിയും താനേ ജയിക്കുമെന്നാണ് അർഥമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ബിജെപി പ്രവർത്തകരോടൊപ്പമുള്ള പരിപാടിക്കു ശേഷം മോദി വാരാണസിയിലെ കാലഭൈരവ ക്ഷേത്രം സന്ദർശിക്കും. അതിനുശേഷം രാവിലെ 11.30 ഓടെ നാമനിർദേശ പത്രിക സമർപ്പിക്കും. ബിജെപിയുടെ സഖ്യകക്ഷി നേതാക്കളായ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ശിരോമണി ആകാലിദൾ നേതാവ് പ്രകാശ് സിങ് ബാദൽ, ശിവസേനാ മേധാവി ഉദ്ദവ് താക്കറെ എന്നിവരും നാമനിർദേശ പത്രിക സമര്‍പ്പിക്കുന്ന ചടങ്ങിൽ മോദിയോടൊപ്പമുണ്ടാകുമെന്നും ബിജെപി അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com